ആഭ്യന്തരകാര്യ മന്ത്രാലയം
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള അംഗീകാരം തേടിക്കൊണ്ടുള്ള നിയമപരമായ പ്രമേയം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു
മണിപ്പൂരിലെ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരവും അഗാധമായ ദുഃഖവും സഭ രേഖപ്പെടുത്തി
Posted On:
03 APR 2025 4:21PM by PIB Thiruvananthpuram
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്‌സഭയിൽ നിയമ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് പ്രമേയം അധോസഭ പാസാക്കി. മണിപ്പൂരിലെ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരവും സഹാനുഭൂതിയും അഗാധമായ ദുഃഖവും സഭ രേഖപ്പെടുത്തി.
സംവരണവുമായി ബന്ധപ്പെട്ട തർക്കം സംബന്ധിച്ച മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് മണിപ്പൂരിലെ രണ്ട് സമുദായങ്ങൾ തമ്മിലുള്ള വംശീയ അക്രമം ആരംഭിച്ചതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇവ കലാപങ്ങളോ ഭീകരപ്രവർത്തനമോ അല്ലെന്നും ഹൈക്കോടതി ഉത്തരവിന്റെ വ്യാഖ്യാനത്തിന്റെ ഫലമായി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വംശീയ അക്രമമാണെന്നും അദ്ദേഹം പരാമർശിച്ചു. ഡിസംബർ മുതൽ മാർച്ച് വരെയുള്ള നാല് മാസമായി മണിപ്പൂരിൽ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്യാമ്പുകളിൽ ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഓൺലൈൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രാഥമിക വിദ്യാഭ്യാസത്തിനായി ക്യാമ്പുകൾക്കുള്ളിൽ ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പഠനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകരുതെന്നും വംശീയ അക്രമത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധിപ്പിക്കരുതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഞങ്ങളുടെ ഭരണകാലത്ത് വംശീയ അക്രമം നടന്നതായി പ്രതിപക്ഷം ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പരാമർശിച്ചു. 1993 നും 1998 നും ഇടയിൽ മണിപ്പൂരിൽ അഞ്ച് വർഷത്തോളം നാഗ-കുക്കി സംഘർഷം ഉണ്ടായിരുന്നുവെന്നും അത് 750 പേരുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.ഒരു ദശാബ്ദക്കാലം ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ തുടർന്നുവെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഞങ്ങളുടെ ഭരണത്തിൻ കീഴിൽ ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകരുതെന്ന് ഞങ്ങൾ കരുതിയിരുന്നെങ്കിലും, നിർഭാഗ്യകരമായ ഒരു തീരുമാനം അക്രമത്തിലേക്ക് നയിച്ചുവെന്നും എന്നാൽ അത് ഉടനടി നിയന്ത്രണവിധേയമാക്കിയെന്നും ശ്രീ ഷാ വ്യക്തമാക്കി. അക്രമത്തിൽ സംഭവിച്ച 260 മരണങ്ങളിൽ 80 ശതമാനവും ആദ്യ മാസത്തിലായിരുന്നുവെന്നും ശേഷിയ്ക്കുന്ന മരണങ്ങൾ തുടർന്നുള്ള മാസങ്ങളിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 1997-98 ലെ കുക്കി-പൈറ്റ് സംഘർഷത്തിൽ 50 ലധികം ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു, 40,000 ആളുകൾ കുടിയിറക്കപ്പെട്ടു, 352 പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരിക്കേറ്റു, 5,000 വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടന്നും അദ്ദേഹം പരാമർശിച്ചു. 1993-ൽ ആറ് മാസം നീണ്ടുനിന്ന മെയ്തി-പംഗൽ സംഘർഷത്തിൽ 100-ലധികം പേർക്ക് ജീവഹാനി ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ ആദ്യത്തെ അക്രമമാണിതെന്നും ഞങ്ങളുടെ ഭരണം പരാജയപ്പെട്ടുവെന്നും ചിത്രീകരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മുൻ ഗവൺമെന്റിന്റെ ഭരണകാലത്ത് 10 വർഷം, 3 വർഷം, 6 മാസം എന്നിങ്ങനെയുള്ള കാലദൈർഘ്യത്തിൽ മൂന്ന് പ്രധാന അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഈ അക്രമ സംഭവങ്ങൾക്ക് ശേഷം, ആഭ്യന്തര മന്ത്രി ഉൾപ്പെടെ അന്നത്തെ ഗവൺമെന്റിൽ നിന്നുള്ള ആരും ഈ മേഖല സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ലാണ് ബിജെപി അധികാരത്തിൽ വന്നതെന്നും, അതിനു മുൻപുള്ള അഞ്ച് വർഷങ്ങളിൽ, വംശീയ അക്രമങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും മണിപ്പൂർ വർഷത്തിൽ ശരാശരി 212 ദിവസം അടച്ചിട്ടിരുന്നതായി ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെടുക്കേണ്ട 1,000-ത്തിലധികം ഏറ്റുമുട്ടലുകൾ ഉണ്ടായതായും അദ്ദേഹം പരാമർശിച്ചു. ഹൈക്കോടതി ഉത്തരവിന് മുമ്പ്, 2017 മുതലുള്ള ആറ് വർഷത്തെ ബിജെപി ഭരണത്തിനിടയിൽ മണിപ്പൂരിൽ ഒരു ദിവസം പോലും ബന്ദോ ഉപരോധമോ അക്രമമോ ഉണ്ടായിട്ടില്ലെന്ന് ശ്രീ ഷാ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിൽഒരു ഹൈക്കോടതി വിധി, രണ്ട് സമുദായങ്ങൾ തങ്ങൾക്കെതിരായി വ്യാഖ്യാനിച്ചപ്പോൾ, വെറും രണ്ട് ദിവസത്തിനുള്ളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ അക്രമത്തെ ഗവൺമെന്റ് അവഗണിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ദിവസം തന്നെ, വ്യോമസേനാ വിമാനങ്ങൾ വഴി സുരക്ഷാ സേനയുടെ കമ്പനികളെ മേഖലയിലേക്ക് അയച്ചതായി അദ്ദേഹം സഭയെ അറിയിച്ചു. ഈ വിഷയത്തിൽ എല്ലാവർക്കും ഒരേപോലെയുള്ള ആശങ്കയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആഭ്യന്തരമന്ത്രി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു. ഈ അക്രമത്തിൽ നഷ്ടപ്പെടുന്ന ഓരോ ജീവനും സഭ ആദരവും സഹാനുഭൂതിയും ദുഃഖവും മനസ്സിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനുശേഷം ഇരു സമുദായങ്ങളുമായും ചർച്ചകൾ നടത്തി. ഇരു സമുദായങ്ങളിലെയും എല്ലാ സംഘടനകളുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയതായും ശ്രീ അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ഒരു സംയുക്ത യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സമാധാനം സ്ഥാപിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ നാല് മാസമായി മണിപ്പൂരിൽ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് പേർക്ക് മാത്രം പരിക്കേറ്റതായും സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണത്തിലാണെന്നും ശ്രീ ഷാ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, കുടിയിറക്കപ്പെട്ടവർ ക്യാമ്പുകളിൽ താമസിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ സ്ഥിതി തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിയിറക്കപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ മുഖ്യമന്ത്രി രാജിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു
തുടർന്ന് ഗവർണർ 37 ബിജെപി അംഗങ്ങളുമായും, എൻപിപിയിൽ നിന്നുള്ള 6 പേരും, എൻപിഎഫിൽ നിന്നുള്ള 5 പേരും, ജെഡിയുവിൽ നിന്നുള്ള ഒരാളും, കോൺഗ്രസിൽ നിന്നുള്ള 5 പേരുമായി ചർച്ച നടത്തി. ഗവണ്മെന്റ് രൂപീകരിക്കാൻ കഴിയില്ലെന്ന് മിക്ക അംഗങ്ങളും പറഞ്ഞപ്പോൾ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മന്ത്രിസഭ ശുപാർശ ചെയ്തുവെന്നും അത് രാഷ്ട്രപതി അംഗീകരിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കും ദുരിതബാധിതരുടെ മുറിവുകൾ ഉണങ്ങുന്നതിനുള്ള ശ്രമങ്ങൾക്കും ഊന്നൽ നൽകുന്നതിനൊപ്പം മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നതായി ശ്രീ ഷാ പറഞ്ഞു.
********************
(Release ID: 2118555)
Visitor Counter : 17
Read this release in:
Assamese
,
Punjabi
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali-TR
,
Gujarati
,
Tamil
,
Telugu