വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

എം സി മേരി കോം, അവനി ലേഖറ, സുഹാസ് യതിരാജ് എന്നിവര്‍ പരീക്ഷ പേ ചര്‍ച്ച 2025ന്റെ ഏഴാം അദ്ധ്യായത്തിൽ പങ്കെടുത്തു

Posted On: 17 FEB 2025 3:57PM by PIB Thiruvananthpuram
പരീക്ഷാ പേ ചര്‍ച്ച 2025ന്റെ ഉദ്ഘാടന അദ്ധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടങ്ങിവച്ച ഉൾക്കാഴ്ചയുള്ള ചർച്ചകൾ, പ്രമുഖ കായിക താരങ്ങളായ എം സി മേരി കോം, അവനി ലേഖറ, സുഹാസ് യതിരാജ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്,  ഇന്നു സംപ്രേഷണം ചെയ്ത ഏഴാം അദ്ധ്യായത്തിലും തുടര്‍ന്നു. അച്ചടക്കത്തിലൂടെ ലക്ഷ്യബോധം, സഹിഷ്ണുത, സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ നേടിയെടുക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. സ്വന്തം ജീവിതാനുഭവങ്ങളും സ്വന്തം ജീവിതത്തില്‍ സ്‌പോര്‍ട്‌സില്‍ നിന്നും പകര്‍ത്തിയ കാര്യങ്ങളും അവര്‍ പങ്കുവച്ചു.

ബോക്‌സിംഗ് സ്ത്രീകളുടെ ഒരു കായികവിനോദമല്ലെന്ന പരക്കെയുള്ള വിശ്വാസത്തെ താന്‍ എങ്ങനെ വെല്ലുവിളിച്ചുവെന്നു വിശദീകരിച്ച മേരി കോം,  തനിക്കു വേണ്ടി മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ക്കു വേണ്ടിയാണ് താന്‍ ഈ സാമൂഹിക ധാരണകളെ വെല്ലുവിളിച്ചതെന്നു പറഞ്ഞു. സ്വയം അടിത്തറ പാകുകയെന്ന  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉപദേശത്തെ എടുത്തു പറഞ്ഞ്, അമ്മ, ഭാര്യ, മകള്‍ എന്നീ നിലകളിലുള്ള തന്റെ 20 വര്‍ഷത്തെ യാത്രാനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു. കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അവര്‍ അര്‍പ്പണബോധവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ യഥാർത്ഥ ചാലകങ്ങളെന്ന്  എടുത്തുപറഞ്ഞു.

 
വിജയത്തിലേക്കുള്ള പ്രധാന തടസമായ ഭയം പോലുള്ള പ്രതിലോമ വികാരങ്ങളെ  മനഃശക്തി ഉപയോഗിച്ച് മറികടക്കാന്‍ സുഹാസ് യതിരാജ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഭയത്തെ മറികടക്കുക എന്നതാണ് സ്വാഭാവിക പ്രകടനത്തിനും മികവിനുമുള്ള ഒരേയൊരു വഴിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.' സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ, സൂര്യനെപ്പോലെ ജ്വലിക്കാൻ തയ്യാറായിരിക്കണം' എന്ന് ഉദ്ധരിച്ചുകൊണ്ട്് വെല്ലുവിളികളെ സഹിഷ്ണുതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി സ്വീകരിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. പോസിറ്റീവ് എനര്‍ജി ലഭ്യമാകാൻ  മ്യൂസിക് തെറാപ്പി അദ്ദേഹം അവര്‍ക്കു പരിചയപ്പെടുത്തുകയും ചിന്തകള്‍ ഒരാളുടെ ഭാഗധേയം നിശ്ചയിക്കുന്നതിനാല്‍ ഏകാഗ്രതയോടെയുള്ള ചിന്തയുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

ശരിയായ വൈദഗ്ധ്യം നേടുന്നത് എങ്ങനെ ആത്മവിശ്വാസം വളര്‍ത്തുകയും ഭയം കുറയ്ക്കുകയും ചെയ്യും എന്നു വിശദീകരിച്ചുകൊണ്ട് നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം അവനി ലേഖറ അടിവരയിട്ടു. സ്‌പോര്‍ട്‌സില്‍ നിന്നുള്ള സമാനതകള്‍ വരച്ചുകാട്ടിക്കൊണ്ട് പഠനത്തില്‍ വിശ്രമത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു, മികച്ച പ്രകടനം ഉറപ്പാക്കാന്‍ പരീക്ഷകള്‍ക്കു മുമ്പ് മതിയായ ഉറക്കം വേണമെന്ന് അവര്‍ പറഞ്ഞു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും അവര്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തി.

കരിയര്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം വളര്‍ത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ സെഷനില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.  ദുബായിയില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികൾ  തങ്ങളുടെ സംശങ്ങള്‍ അതിഥികളുമായി പങ്കുവച്ചു.

കഠിനാധ്വാനമാണു വിജയത്തിന്റെ താക്കോലെന്നും കുറുക്കുവഴികളിലൂടെ ഒന്നും നേടാനാകില്ലെന്നും അതിഥികള്‍ ഒരേസ്വരത്തില്‍ ഊന്നിപ്പറഞ്ഞു.

വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍-കായിക താരങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, വിനോദ വ്യവസായ പ്രൊഫഷണലുകള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവര്‍-പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പാക്കുകയും ചെയ്യുന്നു. മൂന്ന് എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്യാനിരിക്കെ ഓരോ സെഷനും വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികവും വ്യക്തിപരവുമായ മികവു പുലര്‍ത്തുന്നതിനാവശ്യമായ വിഭവങ്ങളും ആശയങ്ങളും നല്‍കുന്നതു തുടരും. ഷോയ്ക്കു ശേഷം വിദ്യാര്‍ത്ഥികള്‍ സെഷനില്‍ നിന്നും തങ്ങള്‍ മനസിലാക്കിയ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യും.

നവീകരിച്ചതും സംവേദനാത്മകവുമായ ഈ വര്‍ഷത്തെ പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പിനെ രാജ്യമെങ്ങുമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും  വലിയതോതില്‍ പ്രശംസിച്ചു.  പരമ്പരാഗത പൊതുവേദിയുടെ രീതിയില്‍ നിന്ന്  മാറി 2025 ഫെബ്രുവരി 10 ന് ന്യൂഡൽഹിയിലെ മനോഹരമായ സുന്ദർ നഴ്‌സറിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്ത ആകർഷകമായ പതിപ്പോടെയാണ് ഈ വർഷത്തെ പരീക്ഷാ പേ ചര്‍ച്ച ആരംഭിച്ചത്.


ഉദ്ഘാടന പതിപ്പില്‍ രാജ്യമെങ്ങുമുള്ള 36 വിദ്യാർത്ഥികളുമായി സംവദിച്ച പ്രധാനമന്ത്രി  പോഷകാഹാരവും ആരോഗ്യവും, സമ്മർദത്തിൽ പ്രാവീണ്യം നേടൽ, സ്വയം വെല്ലുവിളിക്കൽ, നേതൃത്വ കല, പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച, നല്ല സമീപനങ്ങള്‍ കണ്ടെത്തൽ തുടങ്ങിയ ഉൾക്കാഴ്ചയേറിയ വിഷയങ്ങൾ ചർച്ച ചെയ്തു. വളർച്ചാ മനോഭാവവും സമഗ്ര പഠനവും സാധ്യമാക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട മാർഗനിർദ്ദേശങ്ങളിലൂടെ പാഠ്യരംഗത്തെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ  നേരിടുന്നതിന് പ്രായോഗിക തന്ത്രങ്ങളും വിദ്യാർത്ഥികൾ സ്വായത്തമാക്കി.
 
ഒന്നാം എപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക് : https://www.youtube.com/watch?v=G5UhdwmEEls

രണ്ടാം എപ്പിസോഡ് കാണുന്നതിനുള്‌ല ലിങ്ക്: https://www.youtube.com/watch?v=DrW4c_ttmew

മൂന്നാം എുപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/watch?v=wgMzmDYShXw

നാലാം എപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/watch?v=3CfR4-5v5mk

അഞ്ചാം എപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/watch?v=3GD_SrxsAx8

ആറാം എപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/watch?v=uhI6UbZJgEQ

ഏഴാം എപ്പിസോഡ് കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/watch?v=y9Zg7B_o8So
 
SKY
 
**********************

(Release ID: 2104156) Visitor Counter : 34