പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12ന് നടക്കുന്ന വികസിത ഭാരത യുവ നേതൃസംവാദം 2025ൽ പ്രധാനമന്ത്രി പങ്കെടുക്കും
30 ലക്ഷത്തിലധികം പേരിൽ നിന്ന് നിരവധി തലത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ, കഴിവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 3000 യുവ പ്രതിഭകളുമായി പ്രധാനമന്ത്രി സംവദിക്കും
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന ആശയങ്ങളും പരിഹാരങ്ങളും യുവാക്കൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും
ഒരു സവിശേഷ സംരംഭത്തിൽ, പ്രധാനമന്ത്രിയോട് നേരിട്ട് അവരുടെ ആശയങ്ങൾ, അനുഭവങ്ങൾ, അഭിലാഷങ്ങൾ എന്നിവ പങ്കിടാൻ യുവാക്കൾക്ക് ഉച്ചഭക്ഷണ സമയത്ത് അവസരം ലഭിക്കും
Posted On:
10 JAN 2025 9:21PM by PIB Thiruvananthpuram
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12 ന് രാവിലെ 10ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത ഭാരത യുവ നേതൃ സംവാദം 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ഊർജ്ജസ്വലരായ 3,000 യുവ നേതാക്കളുമായി അദ്ദേഹം സംവദിക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പരമ്പരാഗത രീതിയിൽ ദേശീയ യുവജനോത്സവം നടത്തുന്ന 25 വർഷം പഴക്കമുള്ള പാരമ്പര്യത്തെ ഭേദിക്കുന്നതാണ് വികസിത് ഭാരത് യുവ നേതൃ സംവാദം. രാഷ്ട്രീയ ബന്ധങ്ങളില്ലാതെ ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്താനും വികസിത ഭാരതത്തിനായുള്ള അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് അവർക്ക് ദേശീയ വേദി നൽകാനുമുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന ആഹ്വാനവുമായി യോജിക്കുന്നതാണിത്. ഇതിനനുസൃതമായി, ഈ ദേശീയ യുവജന ദിനത്തിൽ, രാജ്യത്തിന്റെ ഭാവി നേതാക്കളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമായി തയ്യാറാക്കിയിട്ടുള്ള വിവിധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയുടെ വികസനത്തിന് നിർണായകമായ പത്ത് വിഷയ മേഖലകളെ അടിസ്ഥാനമാക്കി യുവ നേതാക്കൾ പത്ത് പവർപോയിന്റ് അവതരണങ്ങൾ പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികളെ നേരിടുന്നതിനായി യുവ നേതാക്കൾ മുന്നോട്ടുവച്ച നൂതന ആശയങ്ങളും പരിഹാരങ്ങളും ഈ അവതരണങ്ങളിൽ പ്രതിഫലിക്കും.
പത്ത് വിഷയങ്ങളെക്കുറിച്ച്, ഈ പരിപാടിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തവർ എഴുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരവും പ്രധാനമന്ത്രി പുറത്തിറക്കും. സാങ്കേതികവിദ്യ, സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ഉൽപ്പാദനം, കൃഷി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകൾ ഈ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
സവിശേഷമായ അവസരം യുവാക്കൾക്ക് നൽകിക്കൊണ്ട് പ്രധാനമന്ത്രി, ഉച്ചഭക്ഷണ സമയത്ത് യുവാക്കളോടൊപ്പം ചേരും. ആശയങ്ങൾ, അനുഭവങ്ങൾ, അഭിലാഷങ്ങൾ എന്നിവ നേരിട്ട് പ്രധാനമന്ത്രിയോട് പങ്കിടാൻ യുവാക്കൾക്ക് ഈ സമയം അവസരം നൽകും. നേരിട്ടുള്ള വ്യക്തിപരമായ ഈ ഇടപെടൽ ഭരണസംവിധാനത്തിനും യുവാക്കളുടെ അഭിലാഷങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തും. പങ്കെടുക്കുന്നവരിൽ ഉടമസ്ഥതയെയും ഉത്തരവാദിത്വത്തെയും കുറിച്ചു ആഴത്തിലുള്ള അവബോധം വളർത്തുന്നതിന് ഇതു വഴിയൊരുക്കും.
ജനുവരി 11 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ, യുവ നേതാക്കൾ മത്സരങ്ങൾ, വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ, സാംസ്കാരിക- ആശയ അധിഷ്ഠിത അവതരണങ്ങൾ എന്നിവയിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിലെ വിദഗ്ധർ നയിക്കുന്ന ചർച്ചകളും ഇതിൽ ഉൾപ്പെടും. ഇന്ത്യയുടെ കലാപരമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ആധുനിക പുരോഗതിയെ പ്രതീകപ്പെടുത്തുന്ന സാംസ്കാരിക കലാപരിപാടികളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
ഊർജ്ജസ്വലരും പ്രചോദിതരുമായ 3,000 യുവാക്കളെയാണ് വികസിത ഭാരത യുവ നേതൃസംവാദത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഏറ്റവും പ്രചോദിതരും പ്രതിഭാ ശേഷിയുള്ളവരുമായ യുവാക്കളെ കണ്ടെത്തുന്നതിന്, കഴിവ് അടിസ്ഥാനമാക്കി വിവിധ തലങ്ങളിലായി നടത്തിയ 'വിക്‌സിത് ഭാരത് ചലഞ്ച് ' മത്സരപ്രക്രിയയിലൂടെയാണ് ഈ യുവാക്കളെ തെരഞ്ഞെടുത്തത്. 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർക്കായി മൂന്ന് ഘട്ടങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കളെ ഉൾപ്പെടുത്തി 12 ഭാഷകളിലായി നടത്തിയ ആദ്യ ഘട്ടമായ വിക്‌സിത് ഭാരത് പ്രശ്നോത്തരിയിൽ ഏകദേശം 30 ലക്ഷം യുവാക്കൾ പങ്കെടുത്തു. ഈ മത്സരത്തിൽ യോഗ്യത നേടിയവർ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ടാം ഘട്ടമായ ഉപന്യാസ റൗണ്ടിൽ "വിക്‌സിത് ഭാരത്" എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന് നിർണായകമായ പത്ത് സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ യുവാക്കൾ ഉപന്യാസ രൂപത്തിൽ അവതരിപ്പിച്ചു. അതിൽ 2 ലക്ഷത്തിലധികം ഉപന്യാസങ്ങൾ സമർപ്പിക്കപ്പെട്ടു. സംസ്ഥാനതലത്തിൽ നടന്ന മൂന്നാം ഘട്ടത്തിൽ, ഓരോ വിഷയത്തിൽ നിന്നും 25 യുവാക്കളെ വീതം വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തു. ഓരോ സംസ്ഥാനവും ഓരോ മേഖലയിൽ നിന്നും മികച്ച മൂന്ന് യുവാക്കളെ കണ്ടെത്തി, ഡൽഹിയിൽ നടക്കുന്ന ദേശീയ പരിപാടിക്കായി ഊർജസ്വലമായ ടീമുകളെ രൂപീകരിച്ചു.
വിക്സിത് ഭാരത് ചലഞ്ച് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലെ മികച്ച 500 ടീമുകളിൽ നിന്നായി 1500 പേർ ; സംസ്ഥാനതല യുവജനോത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനാശയങ്ങളെക്കുറിച്ചുള്ള പ്രദർശനങ്ങൾ തുടങ്ങി പരമ്പരാഗത രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1000 പേർ; വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ 500 പേർ എന്നിങ്ങനെ 3000 യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
-SK-
(Release ID: 2092010)
Visitor Counter : 15