പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലാവോസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 11 OCT 2024 1:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി (LPRP) കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയും ലാവോസ് പ്രസിഡന്റുമായ  തോംഗ്‌ലുൻ സീസുലിത്തുമായി ഇന്നു വിയന്റിയാനിൽ കൂടിക്കാഴ്ച നടത്തി. ആസിയാൻ ഉച്ചകോടിക്കും കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രസിഡന്റ് സീസുലിത്തിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

ഉഭയകക്ഷിബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്യുകയും വളരെ അടുത്ത പങ്കാളിത്തത്തിനു കൂടുതൽ കരുത്തകേുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു. ഇന്ത്യ-ലാവോസ് സമകാലിക പങ്കാളിത്തം പുരാതന നാഗരിക ബന്ധങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. വികസനപങ്കാളിത്തം, പൈതൃകപുനരുദ്ധാരണം, സാംസ്കാരികവിനിമയം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. 2024 ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ദശാബ്ദത്തെ അടയാളപ്പെടുത്തുന്നുവെന്ന് എടുത്തുകാട്ടിയ പ്രധാനമന്ത്രി, ലാവോസുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു കൂടുതൽ ആക്കം കൊണ്ടുവരുന്നതിൽ അതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരികബന്ധത്തെക്കുറിച്ചു പരാമർശിക്കവേ, പുതിയ നാളന്ദ സർവകലാശാല നൽകുന്ന അവസരങ്ങളിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനു കരുത്തേകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യാഗി ചുഴലിക്കാറ്റു കാരണമുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ലാവോസിന് ഇന്ത്യ നൽകിയ മാനുഷികസഹായത്തിനു പ്രസിഡന്റ് സീസുലിത്ത് പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു.

ഇന്ത്യ-ആസിയാൻ ബന്ധത്തിനു കരുത്തേകാൻ ലാവോസ് നൽകിയ പിന്തുണയ്ക്കു ശ്രീ മോദി, പ്രസിഡന്റ് സീസുലിത്തിനു നന്ദി പറഞ്ഞു. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

***

NK



(Release ID: 2064132) Visitor Counter : 29