ധനകാര്യ മന്ത്രാലയം

2023-24 സാമ്പത്തിക വർഷത്തിൽ അനുവദിച്ച പേറ്റൻ്റുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

Posted On: 22 JUL 2024 2:33PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 22, 2024  

പേറ്റൻ്റുകളുടെയും സ്റ്റാർട്ടപ്പുകളുടെയും ദ്രുതഗതിയിലുള്ള വർധന, രാജ്യത്തെ വൈജ്ഞാനിക-നൂതനാശയ അധിഷ്ഠിത സാമ്പത്തിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്തു വെച്ച സാമ്പത്തിക സർവേ 2023-24,  നൂതന ആശയ പ്രേരിതമായ സമഗ്രമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥ അവതരിപ്പിക്കുന്നു.

ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ സ്ഥിരമായ ഉയർച്ച, സമീപ വർഷങ്ങളിൽ രാജ്യത്ത് വ്യാവസായിക ഗവേഷണത്തിൻ്റെയും വികസനത്തിൻ്റെയും പുരോഗതിയുണ്ടെന്നതിന്റെ തെളിവ് ആണെന്ന്  സർവേ സൂചിപ്പിക്കുന്നു. ഇതിൽ ആഭ്യന്തര വിപണി നിരക്ക് എന്ന സൂചകത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. അനുവദിച്ച പേറ്റൻ്റുകളുടെ എണ്ണം 2014-15ൽ 5,978 ആയിരുന്നത് 2023-24ൽ 1,03,057 ആയി പതിനേഴു മടങ്ങ് വർധിച്ചതായി സർവേ പറയുന്നു. രജിസ്റ്റർ ചെയ്ത ഡിസൈനുകൾ 2014-15ൽ 7,147 ആയിരുന്നത് 2023-24ൽ 30,672 ആയി ഉയർന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. 2023-28 കാലയളവിൽ 50,000 കോടി രൂപ ചെലവ് കണക്കാക്കി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) സ്ഥാപിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു. ഇത് ഇന്ത്യൻ വ്യവസായ മേഖലയിൽ ശാസ്ത്ര ഗവേഷണത്തിന് തന്ത്രപരമായ ദിശാബോധം നൽകുന്നതിനുള്ള  ഒരു ഉന്നത സ്ഥാപനമായി പ്രവർത്തിക്കും

ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയെ എടുത്തുകാട്ടുന്ന സർവേ, 45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നാണെന്നും ഡിപിഐഐടി-അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016ലെ 300-ൽ നിന്ന് 2024-മാർച്ചോടെ 1.25 ലക്ഷത്തിലേറെയായി വർധിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിൽ 13,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ നിർമിത ബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, നാനോ ടെക്‌നോളജി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സർവേ പറയുന്നു. രാജ്യത്ത് നൂതനാശയങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾ 2016 മുതൽ 2024 മാർച്ച് വരെ 12,000-ലധികം പേറ്റൻ്റ് അപേക്ഷകൾ സമർപ്പിച്ചതായും സാമ്പത്തിക സർവേ പരാമർശിക്കുന്നു. സർവേ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ 135 ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടുകൾ സ്റ്റാർട്ടപ്പുകളിൽ ₹18,000 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് മേഖലയിലെ വൈവിധ്യമാർന്ന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഭാരത് സ്റ്റാർട്ടപ്പ് നോളജ് ആക്‌സസ് രജിസ്‌ട്രി നിർണായക പങ്കു വഹിക്കുന്നു.

****



(Release ID: 2035118) Visitor Counter : 13