പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജൂൺ 20നും 21നും ജമ്മു കശ്മീർ സന്ദർശിക്കും


ജമ്മു കശ്മീരിൽ 1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

1800 കോടി രൂപ മൂല്യമുള്ള കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ (ജെകെസിഐപി) പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും

"വ്യക്തിക്കും സമൂഹത്തിനും യോഗ" എന്നതാണ് പത്താം അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം

Posted On: 19 JUN 2024 4:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂൺ 20നും 21നും ജമ്മു കശ്മീർ സന്ദർശിക്കും.

ജൂൺ 20നു വൈകിട്ട് ആറിന് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) നടക്കുന്ന ‘യുവജന ശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിക്കും (ജെകെസിഐപി) അദ്ദേഹം തുടക്കം കുറിക്കും.

ജൂൺ 21നു രാവിലെ 6.30നു ശ്രീനഗറിലെ എസ്‌കെഐസിസിയിൽ നടാക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും. തുടർന്ന് സിവൈപി യോഗ സെഷനിൽ പങ്കെടുക്കും.

യുവജന ശാക്തീകരണം; ജമ്മു കശ്മീരിന്റെ പരിവർത്തനം

“യുവജന ശാക്തീകരണം; ജമ്മു കശ്മീരിന്റെ പരിവർത്തനം” എന്ന പരിപാടി ഈ മേഖലയെ സംബന്ധിച്ച് സുപ്രധാനമാണ്. ഇതു ​മേഖലയുടെ പുരോഗതി പ്രദർശിപ്പിക്കുകയും യുവാക്കൾക്കു പ്രചോദനമേകുകയും ചെയ്യുന്നു. തദവസരത്തിൽ, പ്രധാനമന്ത്രി സ്റ്റാളുകൾ സന്ദർശിക്കുകയും നേട്ടങ്ങൾ ​കൊയ്ത ജമ്മു കശ്മീരിലെ യുവാക്കളുമായി സംവദിക്കുകയും ചെയ്യും.

1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. റോഡ് അടിസ്ഥാനസൗകര്യം, ജലവിതരണ പദ്ധതികൾ, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കൂടാതെ, ചെനാനി-പത്നിടോപ്പ്-നാശ്രീ ഭാഗം മെച്ചപ്പെടുത്തൽ, വ്യാവസായിക എസ്റ്റേറ്റുകളുടെ വികസനം, 6 ഗവണ്മെന്റ് ബിരുദ കോളേജുകളുടെ നിർമാണം തുടങ്ങിയ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തലി(ജെകെസിഐപി)നുള്ള 1800 കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജമ്മു കശ്മീരിലെ 20 ജില്ലകളിലായി 90 ബ്ലോക്കുകളിൽ പദ്ധതി നടപ്പാക്കും. 15 ലക്ഷം ഗുണഭോക്താക്കളെ ഉൾക്കൊള്ളുന്ന 3,00,000 വീടുകളിൽ പദ്ധതി വ്യാപിപ്പിക്കും.

ഗവണ്മെന്റ് സർവീസിൽ നിയമിതരായ 2000-ലധികം പേർക്കുള്ള നിയമനപത്രങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.

ഈ പദ്ധതികളുടെ തറക്കല്ലിടലും/ഉദ്ഘാടനവും സമാരംഭവും യുവാക്കളെ ശാക്തീകരിക്കുകയും ജമ്മു കശ്മീരിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യും.

അന്താരാഷ്ട്ര യോഗാദിനം

2024 ജൂൺ 21ന് 10-ാമത് അന്താരാഷ്ട്ര യോഗാദിനത്തിൽ (IDY) പ്രധാനമന്ത്രി ശ്രീനഗറിലെ SKICC-യിൽ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകും. ഈ വർഷത്തെ പരിപാടി യുവമനസ്സുകളിലും ശരീരത്തിലും യോഗയുടെ ആഴത്തിലുള്ള സ്വാധീനത്തെ അടിവരയിടുന്നതാണ്. ആഗോളതലത്തിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന യോഗാ പരിശീലനത്തിൽ ആയിരങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം.

2015 മുതൽ, ഡൽഹിയിലെ കർത്തവ്യപഥം, ചണ്ഡീഗഢ്, ഡെറാഡൂൺ, റാഞ്ചി, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗാ ദിന (ഐഡിവൈ) ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകിയിട്ടുണ്ട്.

"യോഗ വ്യക്തിക്കും സമൂഹത്തിനും" എന്ന പ്രമേയം വ്യക്തിപരവും സാമൂഹികവുമായ ക്ഷേമം പരിപോഷിപ്പിക്കുന്നതിലെ ദ്വന്ദ്വഭാവം എടുത്തുകാട്ടുന്നു. ഗ്രാമീണ മേഖലകളിൽ യോഗയുടെ വ്യാപനത്തിനും താഴേത്തട്ടിലുള്ള പങ്കാളിത്തത്തിനും ഈ പരിപാടി പ്രോത്സാഹനമേകും.

--SK--



(Release ID: 2026683) Visitor Counter : 34