പ്രധാനമന്ത്രിയുടെ ഓഫീസ്‌

"റേമൽ" ചുഴലിക്കാറ്റിൻ്റെ ആഘാതങ്ങൾ അവലോകനംചെയ്ത് പ്രധാനമന്ത്രി



ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിൽ ചെലുത്തിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു

ദുരിതബാധിത സംസ്ഥാനങ്ങൾക്ക് ഗവണ്മെന്റ് തുടർന്നും പൂർണ പിന്തുണ നൽകുമെന്നു പ്രധാനമന്ത്രി

ആവശ്യാനുസരണം NDRF സംഘങ്ങെള വിന്യസിച്ചിട്ടുണ്ട്; ജനങ്ങളെ ഒഴിപ്പിക്കൽ, എയർലിഫ്റ്റിങ്, റോഡിലെ തടസങ്ങൾ നീക്കൽ പ്രവർത്തനങ്ങൾ നടത്തി

സ്ഥിതിഗതികൾ നിരീക്ഷിക്കാനും പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നൽകാൻ വിഷയം പതിവായി അവലോകനം ചെയ്യാനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി

Posted On: 02 JUN 2024 2:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഇന്ന് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലെ വസതിയിൽ ചേർന്ന യോഗത്തിൽ "റേമൽ" ചുഴലിക്കാറ്റിൻ്റെ ആഘാതങ്ങൾ അവലോകനം ചെയ്തു.

ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിലെ ആഘാതത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു യോഗത്തിൽ വിശദീകരിച്ചു. മിസോറം, അസം, മണിപ്പുർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടായതും ചർച്ച ചെയ്തു. ആവശ്യാനുസരണം എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ ഒഴിപ്പിക്കൽ, എയർലിഫ്റ്റിംഗ്, റോഡിലെ തടസം നീക്കൽ പ്രവർത്തനങ്ങൾ നടത്തി. ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യോഗത്തിൽ പരാമർശിച്ചു.

ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തിന് ഇന്ത്യാ ഗവൺമെൻ്റ് തുടർന്നും പൂർണപിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നൽകുന്നതിന് സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിഷയം പതിവായി അവലോകനം ചെയ്യാനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി, എൻഡിആർഎഫ് ഡയറക്ടർ ജനറൽ, എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവർക്കു പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

--SK--



(Release ID: 2022525) Visitor Counter : 57