പ്രധാനമന്ത്രിയുടെ ഓഫീസ്
വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കു യാത്രയയപ്പേകി പ്രധാനമന്ത്രി
“നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും ഡോ. മൻമോഹൻ സിങ് ഉൾപ്പെടും”
“അനുഭവങ്ങളാൽ രൂപപ്പെടുത്തിയ ആറുവർഷത്തെ വൈവിധ്യമാർന്ന സർവകലാശാലയാണ് ഈ സഭ”
Posted On:
08 FEB 2024 12:06PM by PIB Thiruvananthpuram
വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു യാത്രയയപ്പേകി.
രാജ്യസഭയിൽ നടന്ന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഓരോ അഞ്ചു വർഷത്തിലും ലോക്‌സഭ മാറുമ്പോൾ, രാജ്യസഭയ്ക്കു രണ്ടു വർഷം കൂടുമ്പോഴാണു പുതിയ ജീവശക്തി ലഭിക്കുമെന്നതെന്നു ചൂണ്ടിക്കാട്ടി. അതുപോലെ, ദ്വിവത്സര വിടവാങ്ങൽ മായാത്ത ഓർമകളും പുതിയ അംഗങ്ങൾക്കായി അമൂല്യമായ പാരമ്പര്യവും അവശേഷിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡോ. മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, “സഭയെയും രാഷ്ട്രത്തെയും നയിച്ച അദ്ദേഹത്തിന്റെ ദീർഘകാലസേവനത്താൽ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും അദ്ദേഹം ഇടംപിടിക്കും” എന്നു വ്യക്തമാക്കി. എല്ലാ പാർലമെന്റ് അംഗങ്ങളും വഴികാട്ടിയായ ഇത്തരം വിശിഷ്ടാംഗങ്ങളുടെ പെരുമാറ്റത്തിൽനിന്നു പാഠം ഉൾക്കൊള്ളാൻ ശ്രമിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. മുൻ പ്രധാനമന്ത്രി സഭയിൽ വോട്ടുചെയ്യാൻ വീൽചെയറിൽ വന്നത് ഒരംഗത്തിന്റെ കടമകളോടുള്ള സമർപ്പണത്തിന്റെ പ്രചോദനാത്മകമായ ഉദാഹരണമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ജനാധിപത്യത്തിനു കരുത്തു പകരാനാണ് അദ്ദേഹം വന്നതെന്നു ഞാൻ വിശ്വസിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
പൊതുജനങ്ങൾക്കരികിലേക്കു കൂടുതൽ ഇടപെടലുകൾക്കായി പോകുന്ന അംഗങ്ങൾക്കു രാജ്യസഭയിലെ അനുഭവം വളരെയധികം പ്രയോജനം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “അനുഭവങ്ങളാൽ രൂപപ്പെടുത്തിയ ആറുവർഷത്തെ വൈവിധ്യമാർന്ന സർവകലാശാലയാണ് ഈ സഭ. ഇവിടെനിന്നു പുറത്തേക്കു പോകുന്ന ഏതൊരാളും സമ്പുഷ്ടമായ അറിവിനുടമകളാകുകയും രാഷ്ട്രനിർമാണപ്രവർത്തനങ്ങൾക്കു കരുത്തേകുകയും ചെയ്യുന്നു” - അദ്ദേഹം പറഞ്ഞു.
ഈ സമയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്നു വിടചൊല്ലുന്ന അംഗങ്ങൾക്കു പഴയ കെട്ടിടത്തിലും പുതിയ കെട്ടിടത്തിലും സന്നിഹിതരാകാൻ അവസരം ലഭിച്ചെന്നും അമൃതകാലത്തിനും ഭരണഘടനയുടെ 75-ാം വർഷത്തിനും സാക്ഷ്യംവഹിച്ചാണ് അവർ പോകുന്നതെന്നും പറഞ്ഞു.
അനിശ്ചിതത്വങ്ങൾ രൂക്ഷമാക്കിയ കോവിഡ് മഹാമാരിയെ അനുസ്മരിച്ച പ്രധാനമന്ത്രി, സഭയുടെ പ്രവർത്തനത്തിൽ തടസമേതും വരാതിരിക്കാൻ പ്രയത്നിച്ച അംഗങ്ങളുടെ പ്രതിബദ്ധതയെ പ്രശംസിച്ചു. പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി ഏറ്റെടുക്കുന്ന വലിയ അപകടസാധ്യതകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്നു ജീവൻ നഷ്ടപ്പെട്ട അംഗങ്ങളുടെ കാര്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സഭ അവർക്ക് ആദരമേകി മുന്നോട്ടു പോകുകയാണെന്നു പറഞ്ഞു.
പ്രതിപക്ഷം കറുത്ത വസ്ത്രം ധരിക്കുന്ന സംഭവം അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യം സമൃദ്ധിയുടെ പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയാണെന്നും, രാജ്യത്തിന്റെ പുരോഗതിയുടെ യാത്രയ്ക്കായി ‘കാലാ ടീക്ക’ വഴി ദോഷൈകദൃക്കുകളെ അകറ്റാനുള്ള ശ്രമമായി ഈ സംഭവത്തെ കാണാമെന്നും അഭിപ്രായപ്പെട്ടു.
പുരാതനഗ്രന്ഥങ്ങൾ ഉദ്ധരിച്ച്, മികച്ച കൂട്ടുകെട്ടു നിലനിർത്തുന്നവർ സമാനമായ ഗുണങ്ങൾ വളർത്തിയെടുക്കുന്നുവെന്നും മോശമായ ചുറ്റുപാടിൽ വന്നുചേരുന്നവർ പിഴവുള്ളവരായിത്തീരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നദിയൊഴുകുമ്പോൾ മാത്രമേ നദിയിൽനിന്നുള്ള വെള്ളം കുടിക്കാൻ യോഗ്യമാകൂ എന്നും കടലിൽ ചേരുമ്പോൾത്തന്നെ അത് ഉപ്പുരസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിശ്വാസത്തോടെ, വിരമിക്കുന്ന അംഗങ്ങളുടെ അനുഭവം തുടർന്നും എല്ലാവർക്കും പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു. അദ്ദേഹം അവരെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
*****
--NK--
(Release ID: 2003864)
Visitor Counter : 126
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada