ധനകാര്യ മന്ത്രാലയം
ഒരു കോടി വീടുകള്‍ക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പുരപ്പുറ സൗരോർജവൽക്കരണം
പേയ്‌മെന്റ് സെക്യൂരിറ്റി സംവിധാനത്തിലൂടെ പൊതുഗതാഗതത്തിനായി ഇ-ബസുകള്‍ കൂടുതലായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും: ധനമന്ത്രി
പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കാനായി ബയോ-മാനുഫാക്ചറിംഗിന്റെ (ജൈവ നിര്‍മ്മാണം)യും ബയോ ഫൗണ്ടറിയുടെയും പുതിയ പദ്ധതി
Posted On:
01 FEB 2024 12:47PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01
സര്‍വതോന്മുഖവും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിനായുള്ള ഗവണ്‍മെന്റിന്റെ സമീപനം വ്യക്തമാക്കികൊണ്ട്, 2024-2025 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ ഹരിത വളര്‍ച്ചയും പുനരുപയോഗ ഊര്‍ജവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ പ്രഖ്യാപിച്ചു.
പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ സൗജന്യ വൈദ്യുതിയും (മുഫ്ത്ത് ബിജിലി)
പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഒരു കോടി കുടുംബങ്ങളെ സജ്ജമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രതിജ്ഞയെ തുടര്‍ന്നാണ് ഈ പദ്ധതി വന്നിട്ടുള്ളത്. ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇപ്രകാരമാണ്:
എ. സൗജന്യ സൗരോര്‍ജ്ജ വൈദ്യുതി വഴിയും മിച്ചം വിതരണ കമ്പനികള്‍ക്ക് വില്‍ക്കുന്നതിലൂടെയും കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം പതിനഞ്ച് മുതല്‍ പതിനെട്ടായിരം രൂപ വരെ ലാഭിക്കാം;
ബി. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ്;
സി. വ്യാപാരികള്‍ക്ക് വിതരണത്തിനും ഇന്‍സ്റ്റലേഷനുമായി ധാരാളം സംരംഭകത്വ അവസരങ്ങള്‍;
ഡി. സാങ്കേതിക വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ക്ക് നിര്‍മ്മാണം, ഇന്‍സ്റ്റലേഷന്‍, പരിപാലനം എന്നിവയില്‍ തൊഴില്‍ അവസരങ്ങള്‍;
ഹരിത ഊര്‍ജ്ജം
2070-ഓടെ നെറ്റ്-സീറോ എന്ന പ്രതിബദ്ധത നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ, 2024-25 ലെ ഇടക്കാല ബജറ്റില്‍ ശ്രീമതി. സീതാരാമന്‍ ഇനിപ്പറയുന്ന നടപടികള്‍ നിര്‍ദ്ദേശിച്ചു:
എ. ഒരു ഗിഗാ വാട്ടിന്റെ പ്രാരംഭ ശേഷിക്കായി ഓഫ്‌ഷോര്‍ പവനോര്‍ജ്ജ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കും.
ബി. 2030-ഓടെ 100 മെട്രിക് ടണ്ണിന്റെ കല്‍ക്കരി വാതകവല്‍ക്കരണ ദ്രവ്യവല്‍ക്കരണ ശേഷി സ്ഥാപിക്കും. പ്രകൃതിവാതകം, മെഥനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായിക്കും.
സി. ഗതാഗതത്തിനായി കംപ്രസ്ഡ് പ്രകൃതി വാതകത്തില്‍ (സി.എന്‍.ജി) കംപ്രസ്ഡ് ജൈവവാതകവും (സി.ബി.ജി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പൈപ്പ്ഡ് പ്രകൃതി വാതകവും (പി.എന്‍.ജി) കലര്‍ത്തുന്നത് ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കും.
ഡി. ശേഖരണത്തെ പിന്തുണയ്ക്കുന്നതിനായി ബയോമാസ് അഗ്രഗേഷന്‍ മെഷിനറികള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കും.
ഇലക്ട്രിക്ക് വെഹിക്കിള്‍ ഇക്കോസിസ്റ്റം (വൈദ്യുത വാഹന പരിസ്ഥിതി)
''നിര്‍മ്മാണം, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ നമ്മുടെ ഗവണ്‍മെന്റ് ഇ-വാഹന പരിസ്ഥിതിയെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും'', പേയ്‌മെന്റ് സുരക്ഷാ സംവിധാനത്തിലൂടെ പൊതുഗതാഗത ശൃംഖലകള്‍ക്കായി ഇ-ബസുകള്‍ കൂടുതലായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു.
ബയോ നിര്‍മ്മാണവും ബയോ ഫൗണ്ടറിയും
ഹരിത വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന്, ജൈവവിഘടന (ബയോ ഡീഗ്രേഡബിള്‍) പോളിമറുകള്‍, ബയോ-പ്ലാസ്റ്റിക്കുകള്‍, ബയോ ഫാര്‍മസ്യൂട്ടിക്കലുകള്‍, ബയോ-അഗ്രി-ഇന്‍പുട്ടുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കുന്ന ബയോ-മാനുഫാക്ചറിംഗ്, ബയോ ഫൗണ്ടറി എന്ന ഒരു പുതിയ പദ്ധതി ശ്രീമതി. സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ''ഇന്നത്തെ ഉപഭോഗ ഉല്‍പ്പാദന മാതൃകയെ പുനരുല്‍പ്പാദന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാക്കി മാറ്റുന്നതിനും ഈ പദ്ധതി സഹായിക്കും'', അവര്‍ കൂട്ടിച്ചേര്‍ത്തു.
--NS--
(Release ID: 2001366)
Visitor Counter : 149
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada