രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ അഭിസംബോധന

Posted On: 31 JAN 2024 12:35PM by PIB Thiruvananthpuram

ആദരണീയരായ അംഗങ്ങളേ,

1.   ഈ പുതിയ പാർലമെന്റ് മന്ദിരത്തിലെ എന്റെ ആദ്യ അഭിസംബോധനയാണിത്. “ആസാദി കാ അമൃത് കാലി”ന്റെ തുടക്കത്തിലാണ് ഈ മനോഹരമായ കെട്ടിടം നിർമിച്ചിരിക്കുന്നത്.

 ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ സുഗന്ധം നിറഞ്ഞിരിക്കുന്ന ഇവിടം, ഇന്ത്യയുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും സാക്ഷ്യമാണ്.

നമ്മുടെ ജനാധിപത്യ-പാർലമെന്ററി പാരമ്പര്യങ്ങളെ ബഹുമാനിക്കാനുള്ള ദൃഢനിശ്ചയവും ഇവിടെ പ്രതിധ്വനിക്കുന്നു.

മാത്രമല്ല, 21-ാംനൂറ്റാണ്ടിലെ പുതിയ ഇന്ത്യക്കായി പുതിയ പാരമ്പര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയും ഇതുൾക്കൊള്ളുന്നു.

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തു ‘വികസിത ഭാരത’ത്തിന്റെ വികസനത്തിനു രൂപം നൽകുന്ന നയങ്ങളെക്കുറിച്ചുള്ള ഫലപ്രദമായ സംവാദത്തിന് ഈ പുതിയ കെട്ടിടം സാക്ഷ്യം വഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.

നിങ്ങൾക്കേവർക്കും ഞാൻ ആശംസകൾ നേരുന്നു.

 

ആദരണീയരായ അംഗങ്ങളേ,

2.         ഈ വർഷം നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വർഷം കൂടിയാണ്.

ഈ കാലയളവിൽ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ അമൃതമഹോത്സവം പൂർത്തിയായി.

ഈ കാലയളവിൽ രാജ്യത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളെ രാജ്യം അനുസ്മരിച്ചു.

75 വർഷങ്ങൾക്കുശേഷം യുവതലമുറ സ്വാതന്ത്ര്യസമരത്തിന്റെ ആ കാലഘട്ടം പുനഃസ്ഥാപിച്ചു.

 

3.  ഈ പ്രചാരണവേളയിൽ:

  • ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിനു കീഴിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽനിന്നുമുള്ള മണ്ണ് അടങ്ങിയ അമൃതകലശങ്ങൾ ഡൽഹിയിലെത്തിച്ചു.
  • 2 ലക്ഷത്തിലധികം ഫലകങ്ങൾ സ്ഥാപിച്ചു.
  • മൂന്നുകോടിയിലധികംപേർ ‘പഞ്ച്പ്രൺ’ പ്രതിജ്ഞയെടുത്തു.
  • 70,000ത്തിലധികം അമൃതസരോവരങ്ങൾ നിർമിച്ചു.
  • രണ്ടുലക്ഷത്തിലധികം “അമൃതവാടിക”കളുടെ നിർമാണം പൂർത്തിയായി.
  • രണ്ടുകോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
  • 16 കോടിയിലധികംപേർ ത്രിവർണപതാകയ്‌ക്കൊപ്പമുള്ള സെൽഫികൾ അപ്‌ലോഡ് ചെയ്തു.

4.         അമൃതമഹോത്സവവേളയിലാണ്,

  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ “കർത്തവ്യപഥ”ത്തിൽ സ്ഥാപിച്ചത്.
  • രാജ്യതലസ്ഥാനമായ ഡൽഹിയിൽ രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാർക്കുമായി സമർപ്പിക്കപ്പെട്ട മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
  • ശാന്തിനികേതനും ഹൊയ്‌സള ക്ഷേത്രവും ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടത്.
  • “സാഹിബ്‌സാദേ”യുടെ സ്മരണയ്ക്കായി വീർ ബാൽ ദിവസ് പ്രഖ്യാപിച്ചത്.
  • ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനം “ജൻജാതീയ ഗൗരവ് ദിവസ്” ആയി പ്രഖ്യാപിച്ചത്.
  • വിഭജനത്തിന്റെ ഭീകരതയുടെ സ്മരണയ്ക്കായി ഓഗസ്റ്റ് 14 “വിഭജൻ വിഭീഷിക സ്മൃതി ദിവസ്” ആയി പ്രഖ്യാപിച്ചത്.

 

ആദരണീയരായ അംഗങ്ങളേ,

5.     കഴിഞ്ഞ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടങ്ങൾ നിറഞ്ഞതായിരുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ നാട്ടുകാരുടെ അഭിമാനം വർധിപ്പിച്ച നിരവധി മുഹൂർത്തങ്ങളുണ്ടായി.

  • ഗുരുതരമായ ആഗോളപ്രതിസന്ധികൾക്കിടയിൽ, തുടർച്ചയായ രണ്ടു പാദങ്ങളിൽ 7.5 ശതമാനത്തിലധികം സ്ഥിരമായ വളർച്ചാനിരക്കു നിലനിർത്തി അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നു.
  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പതാക ഉയർത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറി.
  • ഇന്ത്യ ആദിത്യ ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും അതിന്റെ ഉപഗ്രഹം ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ എത്തുകയും ചെയ്തു.
  • ചരിത്രപരമായ ജി-20 ഉച്ചകോടിയുടെ വിജയം ഇന്ത്യയുടെ ആഗോളനിലവാരത്തിനു കരുത്തുകൂട്ടി.
  • ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതാദ്യമായി നൂറിലധികം മെഡലുകൾ നേടി.
  • പാരാ ഏഷ്യൻ ഗെയിംസിലും നാം നൂറിലധികം മെഡലുകൾ നേടി.
  • ഇന്ത്യക്ക് ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു ലഭിച്ചു.
  • ഇന്ത്യക്ക് ആദ്യത്തെ നമോ ഭാരത് ട്രെയിനും ആദ്യത്തെ അമൃത് ഭാരത് ട്രെയിനും ലഭിച്ചു.
  • ലോകത്ത് ഏറ്റവും വേഗത്തിൽ 5ജി സംവിധാനം നടപ്പാക്കുന്ന രാജ്യമായി ഇന്ത്യ മാറി.
  • ഒരു ഇന്ത്യൻ വ്യോമയാനകമ്പനി ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടു നടത്തി.
  • കഴിഞ്ഞ വർഷം എന്റെ ഗവണ്മെന്റ് ദൗത്യമെന്ന നിലയിൽ ലക്ഷക്കണക്കിനു യുവാക്കൾക്കു ഗവണ്മെന്റ് ജോലി നൽകി.

 

ആദരണീയരായ അംഗങ്ങളേ,

6.    കഴിഞ്ഞ 12 മാസത്തിനിടെ, എന്റെ സർക്കാർ നിരവധി സുപ്രധാന നിയമനിർമാണങ്ങൾ കൊണ്ടുവന്നു.

എല്ലാ പാർലമെന്റ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഈ നിയമങ്ങൾ നടപ്പാക്കിയത്.

‘വികസിതഭാരതം’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തിനു ശക്തമായ അടിത്തറ പാകുന്ന നിയമങ്ങളാണിവ.

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം നാരീശക്തി വന്ദൻ അധീനിയം അവതരിപ്പിച്ചതിനു നിങ്ങളെ ഏവരെയും ഞാൻ അഭിനന്ദിക്കുന്നു.

ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഇതു വഴിയൊരുക്കി.

ഇതു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുള്ള എന്റെ ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തിനു കരുത്തുപകരുന്നു.

പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയോടുള്ള പ്രതിബദ്ധത എന്റെ ഗവണ്മെന്റ് തുടർച്ചയായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

അടിമത്തത്തിന്റെ കാലഘട്ടത്തിൽ വേരൂന്നിയ കുറ്റകൃത്യ ക്രിമിനൽ നീതിന്യായവ്യവസ്ഥ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. ഇപ്പോൾ, ശിക്ഷയെക്കാൾ നീതിക്കാണു മുൻഗണന. ‘നീതി ആദ്യം’ എന്ന തത്വത്തിൽ അധിഷ്‌ഠിതമായ പുതിയ ന്യായസംഹിത രാജ്യത്തിനു ലഭിച്ചു.

ഡിജിറ്റൽ വ്യക്തിപര വിവര സംരക്ഷണ നിയമം ഡിജിറ്റൽ ഇടത്തെ കൂടുതൽ സുരക്ഷിതമാക്കും.

“അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ നി‌യമം” രാജ്യത്തെ ഗവേഷണത്തെയും നവീകരണത്തെയും ശക്തിപ്പെടുത്തും.

ജമ്മു കശ്മീർ സംവരണ നിയമം അവിടെയുള്ള ഗോത്രവർഗക്കാർക്കു പ്രാതിനിധ്യത്തിനുള്ള അവകാശം ഉറപ്പാക്കും.

ഇക്കാലയളവിൽ കേന്ദ്ര സർവകലാശാല നിയമം ഭേദഗതി ചെയ്തു. ഇതു തെലങ്കാനയിൽ സമ്മക്ക സാരക്ക കേന്ദ്ര ഗോത്ര സർവകലാശാല സ്ഥാപിക്കുന്നതിനു വഴിയൊരുക്കി.

കഴിഞ്ഞ വർഷം 76 പഴയ മറ്റു നിയമങ്ങളും റദ്ദാക്കിയിരുന്നു.

പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു യുവാക്കൾക്കുള്ള ആശങ്കകൾ എന്റെ ഗവണ്മെന്റിനറിയാം.

അതിനാൽ ഇത്തരം തെറ്റായ പ്രവൃത്തികൾ കർശനമായി നേരിടാൻ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.

 

ആദരണീയരായ അംഗങ്ങളേ,

7. മുൻകാല വെല്ലുവിളികളെ അതിജീവിച്ചു ഭാവിയിൽ പരമാവധി ഊർജം നിക്ഷേപിക്കുമ്പോൾ മാത്രമേ ഏതൊരു രാജ്യത്തിനും അതിവേഗം പുരോഗതി കൈവരിക്കാൻ കഴിയൂ.

കഴിഞ്ഞ 10 വർഷത്തിനിടയിൽ, ദേശീയ താൽപ്പര്യങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന നിരവധി ദൗത്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യ സാക്ഷ്യം വഹിച്ചു.

രാമക്ഷേത്രം നിർമിക്കണമെന്ന ആഗ്രഹം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. ഇന്ന് അതു യാഥാർഥ്യമാണ്.

ജമ്മു കശ്മീരിൽനിന്ന് അനുച്ഛേദം 370 എടുത്തുകളയുന്നതു സംബന്ധിച്ചു സംശയങ്ങളുണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.

മുത്തലാഖിനെതിരെ ഈ പാർലമെന്റ് കർശനമായ നിയമവും കൊണ്ടുവന്നു.

നമ്മുടെ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനുള്ള നിയമവും ഈ പാർലമെന്റ് പാസാക്കി.

നാലു പതിറ്റാണ്ടായി കാത്തിരുന്ന ‘ഒരു റാങ്ക് ഒരേ പെൻഷനും’ എന്റെ ഗവണ്മെന്റ് നടപ്പാക്കി. OROP നടപ്പാക്കിയശേഷം, വിമുക്തഭടന്മാർക്ക് ഇതുവരെ ഏകദേശം ഒരുലക്ഷംകോടി രൂപ ലഭിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഇന്ത്യയുടെ പ്രതിരോധ സേനയ്ക്കായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കുന്നത്.

 

ആദരണീയരായ അംഗങ്ങളേ,

8.  ഉത്കൽമണി പണ്ഡിത് ഗോപബന്ധു ദാസിന്റെ അനശ്വരമായ വരികൾ അതിരുകളില്ലാത്ത രാജ്യസ്നേഹമെന്ന വികാരത്തെ പ്രചോദിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

മിഷു മോർ ദേഹ് ഏ ദേശ് മാട്ടിരേ,

ദേശ്‌ബാസി ചാലി ജാആന്തു പിഠിരേ.

ദേശർ സ്വരാജ്യ-പഥേ ജേതേ ഗാഡ്,

പൂരു തഹിം പഡി മോർ മാംസ് ഹാഡ്.

 

അതായത്,

എന്റെ ശരീരം ഈ നാടിന്റെ മണ്ണിൽ അലിഞ്ഞു ചേരട്ടെ.

നാട്ടുകാർ എന്റെ തോളേറിപ്പോകട്ടെ.

സ്വാതന്ത്ര്യത്തിലേക്കുള്ള രാജ്യത്തിന്റെ പാതയിലെ കുഴികളെല്ലാം,

അവയെല്ലാം എന്റെ മാംസവും അസ്ഥിയും കൊണ്ടു നിറയട്ടെ.

ഈ വരികളിൽ നാം കടമയുടെ പരകോടിയും ‘രാഷ്ട്രം-ആദ്യം’ എന്ന ആദർശവും കാണുന്നു.

 

9.   കഴിഞ്ഞ 10 വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്നു ദൃശ്യമാകുന്ന നേട്ടങ്ങൾ.

കുട്ടിക്കാലം മുതൽ നാം ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കേൾക്കുന്നു. ഇപ്പോൾ, നമ്മുടെ ജീവിതത്തിൽ ഇതാദ്യമായി, വലിയ തോതിൽ ദാരിദ്ര്യനിർമാർജനത്തിനു നാം സാക്ഷ്യം വഹിക്കുന്നു.

നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം, എന്റെ ഗവൺമെന്റിന്റെ കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ ഏകദേശം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി.

ഇതു പാവപ്പെട്ടവരിൽ വലിയ ആത്മവിശ്വാസം ഉളവാക്കുന്ന കാര്യമാണ്.

25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞാൽ അവളുടെ ദാരിദ്ര്യവും ഇല്ലാതാക്കാം.

10.    നാം ഇന്നു സമ്പദ്‌വ്യവസ്ഥയുടെ വിവിധ തലങ്ങളിലേക്കു നോക്കുകയാണെങ്കിൽ, ശരിയായ തീരുമാനങ്ങൾ കൈക്കൊണ്ട്, ശരിയായ ദിശയിൽ ഇന്ത്യ മുന്നേറുകയാണെന്നതു നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

 

  • കഴിഞ്ഞ 10 വർഷങ്ങളിൽ:
  •  “ദുർബലമായ അഞ്ച്” എന്നതിൽനിന്നു “മികച്ച അഞ്ച്” സമ്പദ്‌വ്യവസ്ഥകളിലൊന്നിലേക്ക് ഇന്ത്യ മാറുന്നതു നാം കണ്ടു.
  • ഇന്ത്യയുടെ കയറ്റുമതി 450 ബില്യൺ ഡോളറിൽനിന്ന് ഏകദേശം 775 ബില്യൺ ഡോളറായി ഉയർന്നു.
  • നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി.
  • ഖാദി-ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ വിൽപ്പന നാലിരട്ടിയിലേറെ വർധിച്ചു.
  • ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം ഏകദേശം 3.25 കോടിയിൽനിന്ന് ഇരട്ടിയിലധികം എന്ന നിലയിൽ ഏകദേശം 8.25 കോടിയായി വർധിച്ചു.
  • ഒരു ദശാബ്ദം മുമ്പ്:
  • രാജ്യത്ത് നൂറുകണക്കിനു സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്നത് ഒരുലക്ഷത്തിലേറെയായി വളർന്നു.
  • ഒരു വർഷം 94,000 കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴിത് 1,60,000 ആയി ഉയർന്നു.
  • 2017 ഡിസംബറിൽ 98 ലക്ഷം പേരാണു ജിഎസ്‌ടി അടച്ചിരുന്നതെങ്കിൽ, ഇന്ന് അവരുടെ എണ്ണം 1.4 കോടിയാണ്.
  • 2014നു മുമ്പുള്ള 10 വർഷത്തിനിടെ 13 കോടി വാഹനങ്ങളാണു വിറ്റഴിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ 21 കോടിയിലധികം വാഹനങ്ങൾ ഇന്ത്യക്കാർ വാങ്ങി.
  • 2014-15ൽ രണ്ടായിരത്തോളം വൈദ്യുതവാഹനങ്ങളാണു വിറ്റത്. അതേസമയം, 2023-24 വർഷം ഡിസംബർവരെ ഏകദേശം 12 ലക്ഷം വൈദ്യുതവാഹനങ്ങൾ വിറ്റഴിച്ചു.

 

ആദരണീയരായ അംഗങ്ങളേ,

11.   കഴിഞ്ഞ ദശകത്തിൽ, എന്റെ ഗവണ്മെന്റ് സദ്ഭരണവും സുതാര്യതയും എല്ലാ സ്ഥാപനങ്ങളുടെയും പ്രധാന അടിത്തറയാക്കി.

ഇതിന്റെ ഫലമായി വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കു നാം സാക്ഷ്യം വഹിച്ചു.

  • ഈ കാലയളവിലാണു രാജ്യത്തു പാപ്പരത്തനിയമം നിലവിൽ വന്നത്.
  • രാജ്യത്തിപ്പോൾ ജിഎസ്‌ടിയുടെ രൂപത്തിൽ ‘ഒരു രാജ്യം ഒരു നികുതി’ നിയമമുണ്ട്.
  • എന്റെ ഗവണ്മെന്റ് സ്ഥൂല-സാമ്പത്തികസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്.
  • 10 വർഷംകൊണ്ടു പദ്ധതിച്ചെലവ് 5 മടങ്ങു വർധിച്ച് 10 ലക്ഷം കോടി രൂപയായി. ധനക്കമ്മിയും നിയന്ത്രണത്തിലാണ്.
  • ഇന്നു നമ്മുടെ ഫോറെക്സ് കരുതൽ ശേഖരം 600 ബില്യൺ യുഎസ് ഡോളറിലധികമാണ്.
  • മുമ്പു പരിതാപകരമായിരുന്ന നമ്മുടെ ബാങ്കിങ് സംവിധാനം ഇന്നു ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിങ് സംവിധാനങ്ങളിലൊന്നായി മാറി.
  • മുമ്പ് ഇരട്ട അക്കത്തിലായിരുന്ന ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഇന്നു നാലുശതമാനം മാത്രമാണ്.
  • ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ യജ്ഞങ്ങൾ നമ്മുടെ കരുത്തായി മാറി.
  • ഇന്ന്, മൊബൈൽ ഫോൺ ഉൽപ്പാദനത്തിൽ ലോകത്തു രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
  • കഴിഞ്ഞ ദശകത്തിൽ മൊബൈൽ ഫോൺ ഉൽപ്പാദനത്തിൽ അഞ്ചിരട്ടി വർധനയുണ്ടായി.
  • കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇന്ത്യ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്തിരുന്നു; ഇന്ന് ഇന്ത്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യുന്നു.
  • ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം ഒരുലക്ഷം കോടി രൂപ കവിഞ്ഞു.
  • ഇന്ന്, രാജ്യത്തിന്റെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു.
  • ‘തേജസ്’ എന്ന യുദ്ധവിമാനം നമ്മുടെ വ്യോമസേനയുടെ ശക്തിയായി മാറുകയാണ്.
  • സി-295 ഗതാഗത വിമാനങ്ങളുടെ നിർമാണം ഇന്ത്യയിൽ നടക്കും.
  • ആധുനിക വിമാന എൻജിനുകളും ഇന്ത്യയിൽ നിർമിക്കും.
  • ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പ്രതിരോധ ഇടനാഴികൾ വികസിപ്പിക്കുകയാണ്.
  • പ്രതിരോധ മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം എന്റെ ഗവണ്മെന്റ് ഉറപ്പാക്കിയിട്ടുണ്ട്.
  • യുവ സ്റ്റാർട്ടപ്പുകൾക്കായി ബഹിരാകാശ മേഖലയും നമ്മുടെ ഗവണ്മെന്റ് തുറന്നുകൊടുത്തു.

 

ആദരണീയരായ അംഗങ്ങളേ,

12.  എന്റെ ഗവണ്‍മെന്റ് സമ്പത്ത് സൃഷ്ടിക്കുന്നവരുടെ സംഭാവനയെ അംഗീകരിക്കുകയും ഇന്ത്യയുടെ സ്വകാര്യമേഖലയുടെ കഴിവുകളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ വ്യവസായം നടത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഗവണ്‍മെന്റ് ഈ ലക്ഷ്യത്തിനായി സുസ്ഥിരമായി പ്രവര്‍ത്തിക്കുന്നു.

  • വ്യവസായാനുകൂല അന്തരീക്ഷമുണ്ടാക്കുന്നതില്‍ സുസ്ഥിര പുരോഗതി ഉണ്ടായിട്ടുണ്ട്.
  • കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 40,000-ലധികം നടപടിക്രമങ്ങള്‍ നീക്കം ചെയ്യുകയോ ലളിതമാക്കുകയോ ചെയ്തിട്ടുണ്ട്.
  • കമ്പനി നിയമത്തിലെയും പരിമിത ബാധ്യത പങ്കാളിത്ത നിയമത്തിലെയും 63 വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.
  • വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള 183 ഇനങ്ങള്‍ ജനവിശ്വാസ നിയമം  കുറ്റവിമുക്തമാക്കിയിട്ടുണ്ട്.
  • കോടതിക്ക് പുറത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് ഒരു മധ്യസ്ഥ നിയമം നിലവില്‍ വന്നു.
  • വനം, പരിസ്ഥിതി അനുമതികള്‍ക്ക് നേരത്തെ 600 ദിവസമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 75 ദിവസത്തില്‍ താഴെ മാത്രമേ എടുക്കുന്നുള്ളു.
  • മുഖം നോക്കാതെ വിലയിരുത്തുന്ന പദ്ധതി നികുതി ഭരണത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

13. നമ്മുടെ എംഎസ്എംഇ മേഖലയും പരിഷ്‌കാരങ്ങളില്‍ നിന്ന് വളരെയധികം പ്രയോജനം നേടുന്നുണ്ട്.

           നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഇന്ന് കോടിക്കണക്കിന് പൗരന്മാര്‍ എംഎസ്എംഇകളില്‍ ജോലി ചെയ്യുന്നു.

എംഎസ്എംഇകളെയും ചെറുകിട സംരംഭകരെയും ശാക്തീകരിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പൂര്‍ണ്ണ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

  • എംഎസ്എംഇ കളുടെ നിര്‍വചനം വിപുലീകരിച്ചു.
  • പുതിയ നിര്‍വചനത്തില്‍ നിക്ഷേപവും വിറ്റുവരവും ചേര്‍ത്തിട്ടുണ്ട്.
  • നിലവില്‍, ഏകദേശം 3.5 കോടി എംഎസ്എംഇകള്‍ ഉദ്യം, ഉദ്യം അസിസ്റ്റ് പോര്‍ട്ടല്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  • എംഎസ്എംഇകള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദേശം 5 ലക്ഷം കോടി രൂപയുടെ ഗ്യാരണ്ടികള്‍ അനുവദിച്ചിട്ടുണ്ട്.
  • 2014-ന് മുമ്പുള്ള ദശകത്തില്‍ നല്‍കിയ തുകയേക്കാള്‍ ആറിരട്ടി കൂടുതലാണിത്.
  •  

ബഹുമാനപ്പെട്ട അംഗങ്ങളേ,

14. എന്റെ ഗവണ്‍മെന്റിന്റെ മറ്റൊരു സുപ്രധാന പരിഷ്‌കാരം ഡിജിറ്റല്‍ ഇന്ത്യയുടെ സൃഷ്ടിയാണ്. ഡിജിറ്റല്‍ ഇന്ത്യ ഇന്ത്യയിലെ ജീവിതവും വ്യവസായവും വളരെ എളുപ്പമാക്കി.

           ഇന്ന് ലോകം മുഴുവന്‍ ഇത് ഇന്ത്യയുടെ മഹത്തായ നേട്ടമായി അംഗീകരിക്കുന്നു. വികസിത രാജ്യങ്ങളില്‍ പോലും ഇന്ത്യയിലേതുപോലെ ഡിജിറ്റല്‍ സംവിധാനമില്ല.

           ഗ്രാമങ്ങളില്‍ പോലും ഡിജിറ്റലായി ക്രയവിക്രയം നടത്തുമെന്നത് ചിലരുടെ ഭാവനയ്ക്ക് അപ്പുറമായിരുന്നു.

  • ഇന്ന് ലോകത്തെ മൊത്തം തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.
  • കഴിഞ്ഞ മാസം യുപിഐ വഴി 1200 കോടി ഇടപാടുകളാണ് നടന്നത്.
  • 18 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇടപാടാണിത്.
  • ലോകത്തിലെ മറ്റ് രാജ്യങ്ങളും ഇപ്പോള്‍ യുപിഐ വഴി ഇടപാടുകള്‍ നടത്താനുള്ള സൗകര്യം നല്‍കുന്നുണ്ട്.
  • ഡിജിറ്റല്‍ ഇന്ത്യ ബാങ്കിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കുകയും വായ്പ വിതരണം എളുപ്പമാക്കുകയും ചെയ്തു.
  • ജന്‍ധന്‍ ആധാര്‍ മൊബൈലിന്റെ (ജാം) ത്രിത്വമാണ് അഴിമതി തടയാന്‍ സഹായിച്ചത്.
  • എന്റെ ഗവണ്‍മെന്റ് ഇതുവരെ 34 ലക്ഷം കോടി രൂപ ഡിബിടി ( നേരിട്ടു ബാങ്ക് അക്കൗണ്ട് വഴിയുള്ള കൈമാറ്റം) വഴി നല്‍കി,
  • ജന്‍ ധന്‍ ആധാര്‍ മൊബൈലിന്  നന്ദി, ഏകദേശം 10 കോടി വ്യാജ ഗുണഭോക്താക്കള്‍ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
  •  2.75 ലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് തടയാന്‍ ഇത് സഹായിച്ചു.
  • ഡിജിലോക്കറിന്റെ സൗകര്യവും ജീവിതം എളുപ്പമാക്കുന്നു. ഇതുവരെ 600 കോടിയിലധികം രേഖകള്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കി.
  • ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ടിന് കീഴില്‍ ഏകദേശം 53 കോടി ആളുകളുടെ ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

15. ഡിജിറ്റലിനൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും റെക്കോര്‍ഡ് നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഓരോ ഇന്ത്യക്കാരും സ്വപ്നം കണ്ടിരുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍:

  • ഗ്രാമങ്ങളില്‍ 3.75 ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു.
  • ദേശീയപാതകളുടെ ദൈര്‍ഘ്യം 90,000 കിലോമീറ്ററില്‍ നിന്ന് 1,46,000 കിലോമീറ്ററായി ഉയര്‍ന്നു.
  • നാലുവരി ദേശീയ പാതകളുടെ നീളം 2.5 മടങ്ങ് വര്‍ധിച്ചു.
  • അതിവേഗ ഇടനാഴിയുടെ നീളം മുമ്പ് 500 കിലോമീറ്ററായിരുന്നു, ഇപ്പോള്‍ 4000 കിലോമീറ്ററാണ്.
  • വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 149 ആയി ഇരട്ടിയായി.
  • രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയായി.
  • ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 14 മടങ്ങ് വര്‍ദ്ധിച്ചു.
  • രാജ്യത്തെ 2 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
  • ഗ്രാമങ്ങളില്‍ 4 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇവ ഒരു പ്രധാന തൊഴില്‍ സ്രോതസ്സായി മാറിയിരിക്കുന്നു.
  • രാജ്യത്ത് 10,000 കിലോമീറ്റര്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചു.
  • ഒരു രാജ്യം, ഒരു പവര്‍ ഗ്രിഡ് രാജ്യത്ത് വൈദ്യുതി പ്രസരണം മെച്ചപ്പെടുത്തി.
  • ഒരു രാജ്യം, ഒരു ഗ്യാസ് ഗ്രിഡ് വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.
  • 5 നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന മെട്രോ സൗകര്യം ഇപ്പോള്‍ 20 നഗരങ്ങളിലാണ്.
  • 25000 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിച്ചു. ഇത് പല വികസിത രാജ്യങ്ങളിലെയും റെയില്‍വേ ട്രാക്കുകളുടെ ആകെ നീളത്തേക്കാള്‍ കൂടുതലാണ്.
  • റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിന് വളരെ അടുത്താണ് ഇന്ത്യ.
  • ഈ കാലയളവില്‍ ഇന്ത്യയില്‍ ആദ്യമായി സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ആരംഭിക്കുന്നു.
  • ഇന്ന് 39 ലധികം റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത്.
  • അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 1300-ലധികം റെയില്‍വേ സ്റ്റേഷനുകള്‍ പുതിയ രൂപത്തിലാകുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

16.       ശക്തമായ 4 തൂണുകളില്‍ 'വികസിത ഭാരതം' എന്ന മഹത്തായ മന്ദിരം സ്ഥാപിക്കപ്പെടുമെന്ന് എന്റെ ഗവണ്‍മെന്റ് വിശ്വസിക്കുന്നു.

           ഈ തൂണുകള്‍ - യുവശക്തി, സ്ത്രീശക്തി, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവരാണ്.

           രാജ്യത്തെ എല്ലാ സമൂഹത്തിലും എല്ലാ വിഭാഗങ്ങളിലും അവരുടെ അവസ്ഥയും സ്വപ്നങ്ങളും സമാനമാണ്.

അതിനാല്‍, ഈ നാല് തൂണുകള്‍ ശാക്തീകരിക്കാന്‍ എന്റെ ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിക്കുകയാണ്.

           ഈ സ്തംഭങ്ങളെ ശാക്തീകരിക്കുന്നതിനായി എന്റെ ഗവണ്‍മെന്റ് നികുതി വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം ചെലവഴിച്ചു.

  • 4.1 കോടി  പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വന്തമായി കെട്ടുറപ്പുള്ള വീടുകള്‍ ലഭിച്ചു. ഏകദേശം 6 ലക്ഷം കോടി രൂപയാണ് ഈ സംരംഭത്തിനായി ചെലവഴിച്ചത്.
  • 11 കോടിയോളം ഗ്രാമീണ കുടുംബങ്ങളില്‍ ആദ്യമായി പൈപ്പ് വെള്ളം എത്തി.
  • ഏകദേശം 4 ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
  • 10 കോടി ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
  • ഈ ഗുണഭോക്താക്കളായ സഹോദരിമാര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ പാചക വാതകവും നല്‍കുന്നുണ്ട്.
  • 2.5 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി ഗവണ്‍മെന്റ് ചെലവഴിച്ചത്.
  • കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു.
  • ഈ സൗകര്യം ഇപ്പോള്‍ 5 വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
  • ഇതിനായി 11 ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കും.
  • എല്ലാ സ്‌കീമുകളിലും വേഗത്തിലുള്ള പൂര്‍ത്തീകരണം ഉറപ്പാക്കുകയാണ് എന്റെ ഗവണ്‍മെന്റിന്റെ ശ്രമം. അര്‍ഹതയുള്ള ഒരു വ്യക്തിയും അവഗണനയില്‍ തുടരരുത്.
  • ഈ ലക്ഷ്യത്തോടെ നവംബര്‍ 15 മുതല്‍ വികസിത ഭാരത സങ്കല്‍പ യാത്ര ആരംഭിച്ചു. ഇതുവരെ 19 കോടിയോളം പൗരന്മാര്‍ ഈ യാത്രയില്‍ പങ്കെടുത്തിട്ടുണ്ട്.


ബഹുമാനപ്പെട്ട അംഗങ്ങളെ,

17.     കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍, ലോകം രണ്ട് വലിയ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും കൊറോണ പോലുള്ള ആഗോള മഹാമാരിയെ അഭിമുഖീകരിക്കുകയും ചെയ്തു.

അത്തരം ആഗോള പ്രതിസന്ധികള്‍ക്കിടയിലും, നമ്മുടെ നാട്ടുകാരുടെ മേലുള്ള അധിക ഭാരം തടഞ്ഞുകൊണ്ട് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ എന്റെ ഗവണ്‍മെന്റിന് കഴിഞ്ഞു .
2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ ശരാശരി പണപ്പെരുപ്പ നിരക്ക് 8 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ ശരാശരി പണപ്പെരുപ്പ നിരക്ക് 5 ശതമാനമായി നിലനിര്‍ത്തി.
സാധാരണ പൗരന്മാരുടെ കൈകളിലെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ ശ്രമം.

  • മുന്‍പ്, 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളവരിലാണ് ഇന്ത്യയില്‍ ആദായനികുതി ചുമത്തിയിരുന്നത്.
  • ഇന്ത്യയില്‍ ഇന്ന് ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല.
  • നികുതി ഇളവുകളും പരിഷ്‌കാരങ്ങളും കാരണം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ നികുതിദായകര്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കാനായി.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പുറമെ കേന്ദ്രസര്‍ക്കാര്‍ വിവിധ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇത് ഏകദേശം മൂന്നര ലക്ഷം കോടി രൂപ ലാഭിക്കാന്‍ രാജ്യത്തെ പൗരന്മാരെ സഹായിച്ചു.
  • മരുന്ന് വാങ്ങുമ്പോള്‍ ഏകദേശം 28,000 കോടി രൂപ ലാഭിക്കാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ സഹായിച്ചിട്ടുണ്ട്.
  • കൊറോണറി സ്‌റ്റെന്റുകള്‍, കാല്‍മുട്ട് ഇംപ്ലാന്റുകള്‍, കാന്‍സര്‍ എന്നിവയുടെ മരുന്നുകളുടെ വിലയും കുറച്ചിട്ടുണ്ട്. ഇതുമൂലം പ്രതിവര്‍ഷം ഏകദേശം 27,000 കോടി രൂപയുടെ ലാഭമാണ് രോഗികള്‍ക്കുണ്ടാകുന്നത്.
  • വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനുള്ള പദ്ധതിയും ഒരു എന്റെ ഗവണ്‍മെന്റ് നടത്തിവരുന്നുണ്ട്. പ്രതിവര്‍ഷം 21 ലക്ഷത്തിലധികം രോഗികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ഇത് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലാഭിക്കാന്‍ രോഗികളെ സഹായിക്കുന്നു.
  • എന്റെ ഗവണ്‍മെന്റ് ഏകദേശം 20 ലക്ഷം കോടി രൂപ ചെലവഴിക്കുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി റേഷന്‍ തുടര്‍ന്നും ലഭിക്കുന്നു.
  • ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാര്‍ക്കും റെയില്‍വേ 50 ശതമാനം കിഴിവ് നല്‍കുന്നു. ഇതുമൂലം പാവപ്പെട്ടവരും ഇടത്തരക്കാരുമായ യാത്രക്കാര്‍ പ്രതിവര്‍ഷം 60,000 കോടി രൂപ ലാഭിക്കുന്നു.
  • പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നു. ഉഡാന്‍ പദ്ധതി പ്രകാരം പാവപ്പെട്ടവരും ഇടത്തരക്കാരും വിമാന ടിക്കറ്റില്‍ മൂവായിരം കോടിയിലധികം രൂപ ലാഭിച്ചു.
  • വൈദ്യുതി ബില്ലില്‍ 20,000 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കിയ എല്‍.ഇ.ഡി ബള്‍ബ് പദ്ധതിക്ക് നന്ദി.
  • ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന എന്നിവയ്ക്ക് കീഴില്‍ 16,000 കോടിയിലധികം രൂപ ക്ലെയിം ഇനത്തില്‍ പാവപ്പെട്ടവര്‍ക്ക് ലഭിച്ചു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

18.     നാരീ ശക്തിയെ ശക്തിപ്പെടുത്തുന്നതിനായി എന്റെ ഗവണ്‍മെന്റ് എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡും സ്ത്രീ ശാക്തീകരണത്തിനായാണ് സമര്‍പ്പിച്ചിരുന്നത്.
ഈ പരേഡില്‍, നമ്മുടെ പെണ്‍മക്കളുടെ കഴിവിന് ലോകം ഒരിക്കല്‍ കൂടി സാക്ഷ്യം വഹിച്ചു.
ജലം, ഭൂമി, ആകാശം, ബഹിരാകാശം എന്നിങ്ങനെ എല്ലായിടത്തും പെണ്‍മക്കളുടെ പങ്ക് എന്റെ ഗവണ്‍മെന്റ് വിപുലീകരിച്ചു.
സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ എന്റെ ഗവണ്‍മെന്റ് അശ്രാന്ത പരിശ്രമം നടത്തി.

  • ഇന്ന് ഏകദേശം 10 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • 8 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പയും 40,000 കോടി രൂപയുടെ സാമ്പത്തിക സഹായവും ഈ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
  • 2 കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കാനുള്ള ഒരു സംഘടിതപ്രവര്‍ത്തനമാണ് ഗവണ്‍മെന്റ് നടപ്പാക്കുന്നത്.
  • നമോ ഡ്രോണ്‍ ദീദി പദ്ധതിക്ക് കീഴില്‍ ഗ്രൂപ്പുകള്‍ക്ക് 15,000 ഡ്രോണുകള്‍ നല്‍കുന്നു.
  • പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചത് രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
  • നമ്മുടെ ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് സായുധ സേനയില്‍ ആദ്യമായി സ്ഥിരം കമ്മീഷന്‍ അനുവദിച്ചു.
  • വനിതാ കേഡറ്റുകള്‍ക്ക് സൈനിക് സ്‌കൂളുകളിലും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ആദ്യമായി പ്രവേശനം നല്‍കി.
  • ഇന്ന്, സ്ത്രീകള്‍ യുദ്ധവിമാന പൈലറ്റുമാര്‍ കൂടിയാണ്, മാത്രമല്ല, ആദ്യമായി നാവിക കപ്പലുകളുടെ കമാന്‍ഡര്‍ കൂടിയാണ്.
  • മുദ്ര യോജന പ്രകാരം 46 കോടിയിലധികം വായ്പകള്‍ നല്‍കിയതില്‍ 31 കോടിയിലധികം വായ്പകള്‍ നല്‍കത് സ്ത്രീകള്‍ക്കാണ്.
  • ഈ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി കോടിക്കണക്കിന് സ്ത്രീകള്‍ സ്വയം തൊഴില്‍ ചെയ്തു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

19. കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിന് എന്റെ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. ലാഭം കൂട്ടുന്നതിനൊപ്പം കൃഷിച്ചെലവ് കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
രാജ്യത്തെ കാര്‍ഷിക നയത്തിലും പദ്ധതികളിലും എന്റെ ഗവണ്‍മെന്റ് ആദ്യമായി 10 കോടിയിലധികം ചെറുകിട കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കി.

  • പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് ഇതുവരെ 2,80,000 കോടി രൂപയാണ് ലഭിച്ചത്.
  • കഴിഞ്ഞ 10 വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടായി.
  • പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം കര്‍ഷകര്‍ 30,000 കോടി രൂപ പ്രീമിയം അടച്ചു. അതിന് പ്രത്യുപകാരമായി അവര്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ ക്ലെയിം ലഭിച്ചു.
  • കഴിഞ്ഞ 10 വര്‍ഷത്തിനിടെ നെല്ല്, ഗോതമ്പ് വിളകള്‍ക്ക് കര്‍ഷകര്‍ക്ക് 8 ലക്ഷം കോടി രൂപ എം.എസ്.പിയായി (മിനിമം താങ്ങുവില) ലഭിച്ചു. 2014ന് മുമ്പുള്ള 10 വര്‍ഷത്തേക്കാള്‍ 2.5 മടങ്ങ് കൂടുതലാണിത്.
  • മുന്‍പ്, എണ്ണക്കുരുകളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും ഗവണ്‍മെന്റ് സംഭരണം തുച്ഛമായിരുന്നു.
  • എണ്ണക്കുരുക്കളും പയറുവര്‍ഗ്ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കഴിഞ്ഞ ദശകത്തില്‍ 1.25 ലക്ഷം കോടി രൂപ എം.എസ്.പിയായി ലഭിച്ചു.
  • രാജ്യത്ത് ആദ്യമായി കാര്‍ഷിക കയറ്റുമതി നയം രൂപീകരിച്ചത് ഞങ്ങളുടെ ഗവണ്‍മെന്റാണ്.
  • ഇത് കാര്‍ഷിക കയറ്റുമതി 4 ലക്ഷം കോടി രൂപ വരെ എത്തിച്ചു.
  • കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ വളം നല്‍കാന്‍ 10 വര്‍ഷം കൊണ്ട് 11 ലക്ഷം കോടി രൂപ ചെലവഴിച്ചു.
  • എന്റെ ഗവണ്‍മെന്റ് 1.75 ലക്ഷത്തിലധികം പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം സ്ഥാപിച്ചു.
  • ഇതുവരെ, ഏകദേശം 8,000 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും (എഫ്.പി.ഒകള്‍) രൂപീകരിച്ചിട്ടുണ്ട്.
  • എന്റെ ഗവണ്‍മെന്റ് കൃഷിയില്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, രാജ്യത്ത് ആദ്യമായി ഒരു സഹകരണ മന്ത്രാലയം സ്ഥാപിതമായി.
  • ലോകത്തിലെ ഏറ്റവും വലിയ ധാന്യസംഭരണ പദ്ധതി സഹകരണ മേഖലയില്‍ ആരംഭിച്ചു.
  • സഹകരണ സംഘങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ 2 ലക്ഷം സംഘങ്ങള്‍ സ്ഥാപിച്ചു.
  • മത്സ്യമേഖലയില്‍ 38,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയതുമൂലം, മത്സ്യോല്‍പ്പാദനം 95 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 175 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു, അതായത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏകദേശം ഇരട്ടിയായി.
  • ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം 61 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 131 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു.
  • മത്സ്യമേഖലയിലെ കയറ്റുമതി ഇരട്ടിയിലധികം വര്‍ദ്ധിച്ചു, അതായത് 30,000 കോടി രൂപയില്‍ നിന്ന് 64,000 കോടി രൂപയായി.
  • രാജ്യത്ത് ആദ്യമായി കന്നുകാലി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം നല്‍കി.
  • കഴിഞ്ഞ ദശകത്തില്‍ പ്രതിശീര്‍ഷ പാല്‍ ലഭ്യത 40 ശതമാനം വര്‍ദ്ധിച്ചു.
  • കുളമ്പുരോഗങ്ങളില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യത്തെ സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍ നടക്കുന്നു.
  • ഇതുവരെ നാല് ഘട്ടങ്ങളിലായി 50 കോടിയിലധികം ഡോസുകളാണ് മൃഗങ്ങള്‍ക്ക് നല്‍കിയത്.

ബഹുമാന്യ അംഗങ്ങളെ,
 

20.       ഈ പൊതുക്ഷേമ പദ്ധതികളെല്ലാം സേവനങ്ങൾ മാത്രമല്ല. രാജ്യത്തെ പൗരന്മാരുടെ ജീവിത ചക്രത്തിൽ ഇവയ്ക്ക് ശുഭകരമായ സ്വാധീനമുണ്ട്.

എൻ്റെ ഗവൺമെൻ്റിൻ്റെ പദ്ധതികളുടെ ഫലങ്ങൾ വിവിധ ഗവൺമെന്റ്, ഗവൺമെന്റ് ഇതര സംഘടനകളുടെ പഠന വിഷയമാണ്.

ഈ പദ്ധതികളുടെ ഫലങ്ങൾ സ്വാധീനം ചെലുത്തുന്നവയും ദാരിദ്ര്യത്തിനെതിരെ പോരാടുന്ന എല്ലാ രാജ്യങ്ങൾക്കും പ്രചോദനാത്മകമായ ഉദാഹരണങ്ങളായി വർത്തിക്കുകയും ചെയ്യും.

സമീപ വർഷങ്ങളിൽ വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ ഇവ കണ്ടെത്തി:


11 കോടി ശുചിമുറികളുടെ നിർമ്മാണവും വെളിയിട വിസർജനം ഉന്മൂലനം ചെയ്തതും നിരവധി രോഗങ്ങളെ തടയുന്നു.
തൽഫലമായി, നഗരപ്രദേശത്തെ ഓരോ പാവപ്പെട്ട കുടുംബവും പ്രതിവർഷം 60,000 രൂപ വരെ ചികിത്സാ ചെലവ് ലാഭിക്കുന്നു
 പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം പ്രതിവർഷം ലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കുന്നു
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഉറപ്പുള്ള വീടുകളുടെ നിർമ്മാണം ഗുണഭോക്തൃ കുടുംബങ്ങളുടെ സാമൂഹിക നിലയും അന്തസ്സും വർദ്ധിപ്പിച്ചു
'പക്ക' വീടുകളുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുകയും വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് കുറയുകയും ചെയ്തു.
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് കീഴിൽ, രാജ്യത്ത് ഇന്ന് സ്ഥാപനപരമായ പ്രസവം 100% ആയി. ഇത് മാതൃമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കി.
മറ്റൊരു പഠനമനുസരിച്ച്, ഉജ്ജ്വല ഗുണഭോക്തൃ കുടുംബങ്ങളിൽ ഗുരുതരമായ രോഗങ്ങൾ ബാധിക്കുന്നത് കുറഞ്ഞു.

ബഹുമാന്യ അംഗങ്ങളെ,

21. എൻ്റെ ഗവൺമെൻ്റ് മനുഷ്യ കേന്ദ്രീകൃത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓരോ പൗരൻ്റെയും അന്തസ്സ് ഞങ്ങൾക്ക് പരമപ്രധാനമാണ്. ഇതാണ് ഞങ്ങളുടെ സാമൂഹിക നീതിയുടെ ആശയം. ഇന്ത്യൻ ഭരണഘടനയിലെ ഓരോ അനുച്ഛേദത്തിൻ്റെയും ആത്മാവും ഇതുതന്നെയാണ്.

ഏറെക്കാലമായി അവകാശങ്ങളെപ്പറ്റി മാത്രമായിരുന്നു ചർച്ച. ഗവൺമെന്റിന്റെ കടമകളെക്കുറിച്ചും ഞങ്ങൾ ഊന്നിപ്പറഞ്ഞു. ഇത് പൗരന്മാരിലും കർത്തവ്യബോധം ഉണർത്തി. ഇന്ന്, ഒരാളുടെ കടമകളുടെ നിർവഹണം, അയാളുടെ അവകാശങ്ങൾക്ക് കൃത്യമായ ഉറപ്പുനൽകുന്നു എന്ന തോന്നൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വികസന ധാരയിൽ നിന്ന് ഇതുവരെ അകന്നു നിന്നവർക്കും എൻ്റെ ഗവൺമെന്റ് കരുതൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ആയിരക്കണക്കിന് ഗോത്ര ഗ്രാമങ്ങൾക്ക് ആദ്യമായി വൈദ്യുതിയും റോഡ് ഗതാഗത സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഗോത്ര കുടുംബങ്ങൾക്ക് ഇപ്പോൾ പൈപ്പ് വഴി ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക പരിപാടിക്ക് കീഴിൽ, ഗോത്ര ജനത കൂടുതലായി അധിവസിക്കുന്ന ആയിരക്കണക്കിന് ഗ്രാമങ്ങൾക്ക് 4ജി ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും എൻ്റെ ഗവൺമെന്റ് നൽകുന്നുണ്ട്. വൻധൻ കേന്ദ്രങ്ങളും, 90-ലധികം വനവിഭവങ്ങൾക്ക് എംഎസ്പി ലഭ്യമാക്കിയതും ഗോത്ര ജനതയ്ക്ക് വളരെയധികം പ്രയോജനം ചെയ്തു.

ആദ്യമായി, പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗങ്ങളുടെ വികസനത്തിൽ എൻ്റെ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വിഭാഗങ്ങൾക്കായി ഏകദേശം 24,000 കോടി രൂപ അടങ്കലുള്ള പ്രധാനമന്ത്രി ജന്മൻ യോജന ആരംഭിച്ചു. ഗോത്ര കുടുംബങ്ങളിലെ തലമുറകൾക്ക് അരിവാൾ രോഗം ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ ആദ്യമായി ഒരു ദേശീയ ദൗത്യം ആരംഭിച്ചു. ഇതുവരെ ഏകദേശം ഒരു കോടി നാൽപ്പത് ലക്ഷം പേരെ ഈ ദൗത്യത്തിന് കീഴിൽ പരിശോധിച്ചു.

എൻ്റെ ഗവൺമെൻ്റ്  "ദിവ്യംഗങ്ങൾ"ക്കായി 'സുഗമ്യ ഭാരത് അഭിയാൻ' ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ആംഗ്യഭാഷയിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

സമൂഹത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മാന്യമായ സ്ഥാനം നൽകുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒരു നിയമവും നിലവിൽ വന്നിട്ടുണ്ട്.

ബഹുമാന്യ അംഗങ്ങളെ,

22. വിശ്വകർമ കുടുംബങ്ങളില്ലാത്ത ദൈനംദിന ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണ്. ഈ കുടുംബങ്ങൾ അവരുടെ കഴിവുകൾ തലമുറകളിലേക്ക് കൈമാറുന്നു. എന്നിരുന്നാലും, ഗവൺമെന്റ് പിന്തുണയില്ലാത്തതിനാൽ, ഞങ്ങളുടെ വിശ്വകർമ സഹയാത്രികർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. അത്തരം വിശ്വകർമ കുടുംബങ്ങളുടെ സംരക്ഷണവും എൻ്റെ ഗവൺമെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ 84 ലക്ഷത്തിലധികം ആളുകൾ പ്രധാനമന്ത്രി വിശ്വകർമ യോജനയുമായി ബന്ധപ്പെട്ടു.

നിരവധി പതിറ്റാണ്ടുകളായി, വഴിയോരക്കച്ചവടക്കാരായി ജോലി ചെയ്യുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ അവഗണിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്വനിധി യോജനയിലൂടെ എൻ്റെ ഗവൺമെന്റ് അവർക്ക് ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രവേശനം നൽകി. ഇതുവരെ 10,000 കോടിയിലധികം രൂപ വായ്പയായി നൽകിയിട്ടുണ്ട്. അവരിൽ വിശ്വാസം അർപ്പിച്ച് ഗവൺമെന്റ് ഈട് രഹിത വായ്പകൾ നൽകി. ഈ വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് ഭൂരിഭാഗം ആളുകളും വായ്പ തിരിച്ചടയ്ക്കുക മാത്രമല്ല, അടുത്ത ഗഡുവും പ്രയോജനപ്പെടുത്തി. ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ദളിതരും പിന്നാക്കക്കാരും ഗോത്ര വിഭാഗത്തിൽ പെട്ടവരും സ്ത്രീകളുമാണ്.

ബഹുമാന്യ അംഗങ്ങളെ,

23. "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" എന്ന മന്ത്രത്താൽ നയിക്കപ്പെടുന്ന എൻ്റെ ഗവൺമെന്റ്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ന്യായമായ അവസരങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്.


പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആദ്യമായി സംവരണത്തിൻ്റെ ആനുകൂല്യം അനുവദിച്ചു.
ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിൽ ഒബിസിക്കാർക്ക് കേന്ദ്ര ക്വാട്ടയിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മിഷന് ഭരണഘടനാ പദവി അനുവദിച്ചു.
ബാബാ സാഹിബ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങൾ പഞ്ചതീർത്ഥമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികൾക്കായി സമർപ്പിച്ച 10 മ്യൂസിയങ്ങൾ രാജ്യത്തുടനീളം നിർമ്മിക്കുന്നു.

ബഹുമാന്യ അംഗങ്ങളെ,

24. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന മേഖലകളിലേക്ക് എൻ്റെ ഗവൺമെന്റ് ആദ്യമായി വികസനം കൊണ്ടുവന്നു. നമ്മുടെ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങൾ രാജ്യത്തിൻ്റെ അവസാന ഗ്രാമങ്ങളായാണ് കണ്ടിരുന്നത്. രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി ഞങ്ങൾ അവയെ കരുതുന്നു. ഈ ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനായി വൈബ്രൻ്റ് വില്ലേജ് പദ്ധതി ആരംഭിച്ചു.

ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ നമ്മുടെ വിദൂരമായ ദ്വീപുകളിലും വികസനം നിഷേധിക്കപ്പെട്ടു. ഈ ദ്വീപുകളിലും എൻ്റെ ഗവൺമെന്റ് ആധുനിക സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. അവിടെ റോഡുകളും വ്യോമ കണക്റ്റിവിറ്റിയും അതിവേഗ ഇൻ്റർനെറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലക്ഷദ്വീപിനെ വെള്ളത്തിനടിയിലുള്ള ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചു. ഇത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടും.

അഭിലാഷ ജില്ലാ പദ്ധതിയ്ക്ക് കീഴിൽ, രാജ്യത്തെ നൂറിലധികം ജില്ലകളുടെ വികസനത്തിന് ഞങ്ങളുടെ ഗവൺമെന്റ് ഊന്നൽ നൽകിയിട്ടുണ്ട്. ഇതിൻ്റെ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ അഭിലാഷ ബ്ലോക്ക് പദ്ധതിക്കും ഗവൺമെന്റ് തുടക്കം കുറിച്ചു. രാജ്യത്ത് പിന്നാക്കാവസ്ഥയിലായിരുന്ന ഈ ബ്ലോക്കുകളുടെ വികസനത്തിനാണ് ഇപ്പോൾ പ്രത്യേക ശ്രദ്ധ നൽകുന്നത്.

ബഹുമാന്യ അംഗങ്ങളെ,

25. ഇന്ന് എൻ്റെ ഗവൺമെന്റ് മുഴുവൻ അതിർത്തിയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണ്. ഈ ജോലി മുൻഗണനാടിസ്ഥാനത്തിൽ വളരെ മുമ്പുതന്നെ നടത്തേണ്ടതായിരുന്നു. അത് തീവ്രവാദമോ അധിനിവേശമോ ആകട്ടെ, നമ്മുടെ സേനകൾ ഇന്ന് തക്കതായ മറുപടിയാണ് നൽകുന്നത്.

ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനുള്ള എൻ്റെ ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ വളരെ വ്യക്തമായ ഫലങ്ങൾ നമുക്ക് ദൃശ്യമാണ്.

ജമ്മു കശ്മീരിൽ ഇന്ന് സുരക്ഷിതത്വ ബോധമുണ്ട്.
പണിമുടക്ക് കാരണം നേരത്തെ ആൾ ഒഴിഞ്ഞു കാണപ്പെട്ട വിപണികൾ ഇപ്പോൾ തിരക്കേറിയവയായി.
വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
പല സംഘടനകളും ശാശ്വത സമാധാനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ധിത പ്രദേശങ്ങളുടെ വ്യാപ്തി കുറയുകയും നക്‌സൽ അക്രമങ്ങളിൽ കുത്തനെ ഇടിവ് സംഭവിക്കുകയും ചെയ്തു.നക്‌സൽ ബാ

ബഹുമാന്യ അംഗങ്ങളെ,

26. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന നൂറ്റാണ്ടുകളിലേക്കുള്ള ഭാവി എഴുതാനുള്ള സമയമാണിത്. നമ്മുടെ പൂർവ്വികർ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം നമുക്ക് സമ്മാനിച്ചു. ഇന്നും നമ്മുടെ പൂർവ്വികരുടെ അസാധാരണമായ നേട്ടങ്ങളെ നാം അഭിമാനത്തോടെ ഓർക്കുന്നു. ഇന്നത്തെ തലമുറയും നൂറ്റാണ്ടുകളോളം ഓർത്തിരിക്കുന്ന ഒരു ശാശ്വത പാരമ്പര്യം കെട്ടിപ്പടുക്കണം.

അതിനാൽ, എൻ്റെ ഗവൺമെൻ്റ് ഇപ്പോൾ ഒരു മഹത്തായ കാഴ്ചപ്പാടിലാണ് പ്രവർത്തിക്കുന്നത്.

ഈ കാഴ്ചപ്പാടിൽ അടുത്ത അഞ്ചുവർഷത്തേക്കുള്ള പരിപാടിയും അടുത്ത 25 വർഷത്തേക്കുള്ള മാർഗരേഖയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസിത ഭാരതത്തിൻ്റെ കാഴ്ചപ്പാട് സാമ്പത്തിക അഭിവൃദ്ധിയിൽ മാത്രം ഒതുങ്ങുന്നില്ല. സാമൂഹികവും സാംസ്കാരികവും തന്ത്രപരവുമായ ശക്തികൾക്ക് ഞങ്ങൾ തുല്യ പ്രാധാന്യം നൽകുന്നു. അവയില്ലാതെ വികസനവും സാമ്പത്തിക അഭിവൃദ്ധിയും ശാശ്വതമായിരിക്കില്ല. കഴിഞ്ഞ ദശകത്തിലെ തീരുമാനങ്ങളും ഈ ലക്ഷ്യം മുൻനിർത്തിയാണ് എടുത്തിട്ടുള്ളത്. ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് ഇനിയും നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്.

ബഹുമാന്യ അംഗങ്ങളെ,

27. ഇന്ന് ലോകത്തിലെ എല്ലാ ഏജൻസികൾക്കും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് ഉറപ്പുണ്ട്. ഇന്ത്യയുടെ നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ-അന്തർദേശീയ ഏജൻസികളുടെ വിലയിരുത്തലുകൾ. അടിസ്ഥാന സൗകര്യങ്ങളിലെ റെക്കോർഡ് നിക്ഷേപങ്ങളും നയ പരിഷ്കാരങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. പൂർണ്ണ ഭൂരിപക്ഷത്തോടെ സുസ്ഥിരവും ശക്തവുമായ ഒരു ഗവൺമെന്റിനുള്ള ഇന്ത്യക്കാരുടെ മുൻഗണനയും ലോകത്തിൻ്റെ ആത്മവിശ്വാസം പുതുക്കി.

ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്നാണ് ഇന്ന് ലോകം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയും ഇന്ന് ഈ ദിശയിൽ വലിയ ചുവടുവെപ്പുകൾ നടത്തുന്നത്. രാജ്യത്ത് എംഎസ്എംഇകളുടെ ശക്തമായ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എൻ്റെ ഗവൺമെന്റ് 14 മേഖലകൾക്കായി പിഎൽഐ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 9 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം ഇതുവരെ നടന്നിട്ടുണ്ട്. ഇത് രാജ്യത്ത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.

ഇലക്‌ട്രോണിക്, ഫാർമ, ഭക്ഷ്യ സംസ്‌കരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകൾക്കും പിഎൽഐ ഗുണം ചെയ്യുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളിൽ ഉത്പാദനം ആരംഭിച്ചു. എൻ്റെ ഗവൺമെന്റ് രാജ്യത്ത് 3 ബൾക്ക് ഡ്രഗ് പാർക്കുകളും വികസിപ്പിച്ചിട്ടുണ്ട്.

ബഹുമാന്യ അംഗങ്ങളെ,

28. മെയ്ഡ് ഇന്‍ ഇന്ത്യ ഇന്ന് ഒരു ആഗോള ബ്രാന്‍ഡായി മാറിയിരിക്കുന്നു. നമ്മുടെ മേക്ക് ഇന്‍ ഇന്ത്യാ നയത്തെ ലോകം ആവേശത്തോടെയാണു കാണുന്നത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ ലക്ഷ്യങ്ങളെ ലോകം അഭിനന്ദിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ ഇന്ത്യയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന മേഖലകളോട് ആവേശം കാട്ടുന്നു. സെമികണ്ടക്ടര്‍ മേഖലയിലെ നിക്ഷേപം ഇതിനു തെളിവാണ്. സെമികണ്ടക്ടര്‍ മേഖലയില്‍ നിന്നും ഇലക്ട്രോണിക്‌സ്, ഓട്ടോ മൊബൈല്‍ മേഖലകള്‍ക്കും പ്രയോജനം ലഭിക്കും.

എന്റെ ഗവണ്മെന്റ് 'ഗ്രീന്‍ മൊബിലിറ്റി' വലിയ രീതിയില്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം ലക്ഷക്കണക്കിന് ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നടപടികളും ഇപ്പോള്‍ നമ്മള്‍ സ്വീകരിച്ചുവരുന്നു. വരുംനാളുകളില്‍ ഉത്പാദന മേഖലയില്‍ കോടിക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളാണു സൃഷ്ടിക്കപ്പെടുന്നത്.

ബഹുമാന്യ അംഗങ്ങളെ,

29. ഇന്നു ലോകമമെമ്പാടും പരിസ്ഥിതി സൗഹൃ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടാണ് എന്റെ സര്‍ക്കാര്‍ 'Zero Effect Zero Defect' എന്നതിന് ഊന്നല്‍ നല്‍കുന്നത്. ഹരിത ഊര്‍ജ്ജത്തിന് നമ്മള്‍ ഇന്നു വളരെ ശ്രദ്ധ നല്‍കുന്നുണ്ട്.

പത്തു വര്‍ഷത്തിനകം ഫോസില്‍ ഇതര ഊര്‍ജ്ജ ശേഷി 81 ഗിഗാവാട്ടില്‍ നിന്നും 188 ഗിഗാവാട്ടായി ഉയര്‍ത്തും.

ഈ കാലയളവില്‍, സൗരോജ്ജ ശേഷി 26 മടങ്ങ് വര്‍ദ്ധിപ്പിച്ചു.

അതുപോലെ, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉത്പാദന ശേഷി ഇരട്ടിയാക്കി.

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷിയുടെ കാര്യത്തില്‍ നാം ഇന്ന് ലോകത്ത് നാലാം സ്ഥാനത്താണ്.

കാറ്റല്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ ശേഷിയെടുത്താല്‍ നാം നാലാം സ്ഥാനത്താണ്.

സൗരോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ നാം അഞ്ചാം സ്ഥാനത്താണ്.

2030 ആകുമ്പേഴേക്കും ഫോസില്‍ ഇതര ഇന്ധനങ്ങള്‍ നിന്നും 50 ശതമാനം വൈദ്യുതോര്‍ജ്ജ സ്ഥാപിത ശേഷി കൈവരിക്കുകയെന്നതാണു ലക്ഷ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ, 11 പുതിയ സൗരോര്‍ജ്ജ പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. 9 സൗരോര്‍ജ്ജ പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

ഏതാനം ദിവസങ്ങള്‍ക്കു മുമ്പ്, സൗരോര്‍ജ്ജ മേല്‍ക്കൂര സ്ഥാപിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതിക്കു തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ കീഴില്‍ ഒരു കോടി കുടുംബങ്ങള്‍ക്കു സഹായം നല്‍കും. ഇത് ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുകയും അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജ്ജ വിപണിയിൽ  വാങ്ങുകയും ചെയ്യാം.

ആണവോര്‍ജ്ജ മേഖലയിലും വളരെയധികം വേഗത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്റെ ഗവണ്‍മെന്റ് 10 പുതിയ ആണവോര്‍ജ്ജ നിലയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഹൈഡ്രജന്‍ ഊര്‍ജ്ജ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഇതുവരെ, നമ്മള്‍ ലഡാക്കിലും ദാമന്‍-ദിയുവിലുമായി രണ്ടു പദ്ധതികള്‍ ആരംഭിച്ചു.

എഥനോള്‍ മേഖലയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനമാണ് എന്റെ ഗവണ്മെന്റ് നടത്തിയത്. 12 ശതമാനം എഥനോള്‍ മിശ്രിതം എന്ന ലക്ഷ്യം രാജ്യം കൈവരിച്ചു. 20 ശതമാനം എഥനോള്‍ മിശ്രിതം എന്ന ലക്ഷ്യവും ഉടന്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നു. ഇത് നമ്മുടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ഇതുവരെ  ഗവണ്മെന്റ് കമ്പനികള്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ എഥനോള്‍ സംഭരിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളെല്ലാം നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ബ്ലോക്കില്‍ എണ്ണ ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. ഇത് രാജ്യത്തിന് വലിയ നേട്ടമാണ്.

ബഹുമാന്യ അംഗങ്ങളെ,

30. പ്രധാനപ്പെട്ട ധാതുക്കളുടെ അളവ് ഭൂമിയില്‍ പരിമിതമാണ്. അതു കൊണ്ടാണ് എന്റെ ഗവണ്മെന്റ് ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനാണ് ഇന്ത്യയുടെ പ്രഥമ 'വാഹന പൊളിക്കല്‍ നയം' ശ്രമിക്കുന്നത്.

ആഴക്കടല്‍ ഖനനത്തിലൂടെ ധാതുക്കളുടെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യേണ്ടതും പ്രധാനമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 'ഡീപ് ഓഷ്യന്‍' ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഈ ദൗത്യം സമുദ്രജീവികളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും മെച്ചപ്പെടുത്തും. ഇന്ത്യയുടെ 'സമുദ്രയാന്‍' ഇതിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയാക്കി മാറ്റുന്നതില്‍ എന്റെ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജന ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണിത്. കൂടാതെ, ബഹിരാകാശ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വിപുലീകരിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് നിരവധി പുതിയ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ രൂപീകരണത്തിന് കാരണമായി. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശത്തെത്തുന്ന ദിവസം വിദൂരമല്ല.

ബഹുമാന്യ അംഗങ്ങളെ,

31. എന്റെ സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റി. ഇത് കോടിക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി.

നാലാം വ്യാവസായിക വിപ്ലവത്തില്‍ ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്താനാണ് ഞങ്ങളുടെ ശ്രമം.


എന്റെ സര്‍ക്കാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷനില്‍ പ്രവര്‍ത്തനം നടത്തുകയാണ്. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. ഇത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴി തുറക്കും. ഇത് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും.

ദേശീയ ക്വാണ്ടം മിഷനും എന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ക്വാണ്ടം കമ്പ്യൂട്ടിംഗ് ഒരു പുതിയ കാലത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കും. ഇതില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ബഹുമാന്യ അംഗങ്ങളെ,

32. ഇന്ത്യയിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി എന്റെ സര്‍ക്കാര്‍ നിരന്തരം പുതിയ സംരംഭങ്ങള്‍ കൊണ്ടു വരുന്നു. ഇതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിവേഗം നടപ്പാക്കി വരികയാണ്.

മാതൃഭാഷയിലും ഇന്ത്യന്‍ ഭാഷകളിലും വിദ്യാഭ്യാസത്തിന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ ഭാഷകളിലും അധ്യയനം തുടങ്ങി.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനി എന്റെ സര്‍ക്കാര്‍ 14000 ലധികം 'പിഎം ശ്രി വിദ്യാലയങ്ങള്‍' ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതില്‍ 6000 ലധികം സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

എന്റെ സര്‍ക്കാരിന്റെ ശ്രമഫലമായി രാജ്യത്ത് കൊഴിഞ്ഞുപോക്കിന്റെ തോതു കുറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പെണ്‍കുട്ടികളുടെ പ്രവേശനം വര്‍ദ്ധിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഏകദേശം 44% വര്‍ദ്ധിച്ചു, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടേത് 65%-ലധികവും ഒബിസിയുടെ 44%-ലധികവും.

അടല്‍ ഇന്നൊവേഷന്‍ മിഷന്റെ കീഴില്‍, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കോടിയിലധികം വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2014 വരെ രാജ്യത്ത് 7 എയിംസുകളും 390-ല്‍ താഴെ മെഡിക്കല്‍ കോളേജുകളും ഉണ്ടായിരുന്നുള്ളൂ , കഴിഞ്ഞ ദശകത്തില്‍ 16 എയിംസും 315 മെഡിക്കല്‍ കോളേജുകളും സ്ഥാപിക്കപ്പെട്ടു.

157 നഴ്‌സിംഗ് കോളേജുകളും സ്ഥാപിക്കുന്നുണ്ട്.

കഴിഞ്ഞ ദശകത്തില്‍ എംബിബിഎസ് സീറ്റുകളുടെ എണ്ണം ഇരട്ടിയിലധികമായി.

ബഹുമാന്യ അംഗങ്ങളെ,

33. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വലിയ മേഖലയാണ് വിനോദസഞ്ചാരം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിനോദസഞ്ചാര മേഖലയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് എന്റെ സര്‍ക്കാര്‍ നടത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിനൊപ്പം ഇന്ത്യയിലേക്ക് വരുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണം ഇന്ത്യയുടെ വളര്‍ച്ചയാണ്. ഇന്ന് ലോകം ഇന്ത്യയെ കാണാനും അറിയാനും ആഗ്രഹിക്കുന്നു. ഇതുകൂടാതെ, മികച്ച കണക്ടിവിറ്റി കാരണം ടൂറിസത്തിന്റെ വ്യാപ്തിയും വര്‍ദ്ധിച്ചു. വിവിധ സ്ഥലങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതും പ്രയോജനകരമാണ്. ഇപ്പോള്‍, വടക്കു കിഴക്കന്‍ മേഖല റെക്കോഡ് ടൂറിസ്റ്റ് വരവിന് സാക്ഷ്യം വഹിക്കുന്നു. ഇപ്പോള്‍ ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപുകളെക്കുറിച്ചുള്ള താത്പര്യവും വര്‍ധിച്ചിരിക്കുകയാണ്.

രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും വികസനത്തിന് എന്റെ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇത് ഇപ്പോള്‍ ഇന്ത്യയിലെ തീര്‍ത്ഥാടനം എളുപ്പമാക്കി. അതേസമയം, ഇന്ത്യയിലെ  പൈതൃക വിനോദസഞ്ചാരത്തോടുള്ള താല്‍പര്യം ലോകമെമ്പാടും വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8.5 കോടി ആളുകള്‍ കാശി സന്ദര്‍ശിച്ചു. 5 കോടിയിലധികം ആളുകള്‍ മഹാകാല്‍ സന്ദര്‍ശിച്ചു. 19 ലക്ഷത്തിലധികം ആളുകള്‍ കേദാര്‍ധാം സന്ദര്‍ശിച്ചു. 'പ്രാണ്‍ പ്രതിഷ്ഠ'യുടെ 5 ദിവസങ്ങളില്‍ 13 ലക്ഷം ഭക്തര്‍ അയോധ്യ ധാം സന്ദര്‍ശിച്ചു. കിഴക്ക്-പടിഞ്ഞാറ്-വടക്ക്-തെക്ക് എന്നിങ്ങനെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ സൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്.

മീറ്റിംഗുകള്‍ക്കും എക്സിബിഷനുകള്‍ക്കുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്ത്യയെ ഒരു മുന്‍നിര ലക്ഷ്യസ്ഥാനമാക്കി മാറ്റാനും എന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതിനായി ഭാരത് മണ്ഡപം, യശോഭൂമി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമീപഭാവിയില്‍, ടൂറിസം ഒരു പ്രധാന തൊഴില്‍ സ്രോതസ്സായി മാറും.

ബഹുമാന്യ അംഗങ്ങളെ,

34. രാജ്യത്തെ യുവാക്കളെ നൈപുണ്യവും തൊഴിലുമായി ബന്ധിപ്പിക്കുന്നതിന് ഞങ്ങള്‍ കായിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. എന്റെ സര്‍ക്കാര്‍ കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കും അഭൂതപൂര്‍വമായ പിന്തുണ നല്‍കി. ഇന്ന് ഇന്ത്യ ഒരു വലിയ കായിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്.

കളിക്കാര്‍ക്കൊപ്പം, ഇന്ന് ഞങ്ങൾ  കായികവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും ഊന്നല്‍ നല്‍കുന്നു. ഇന്ന് ദേശീയ കായിക സര്‍വകലാശാല സ്ഥാപിതമായി. ഞങ്ങള്‍ രാജ്യത്ത് ഡസന്‍ കണക്കിന് മികവിന്റെ കേന്ദ്രങ്ങൾ  വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്പോര്‍ട്സ് ഒരു തൊഴിലായി തെരഞ്ഞെടുക്കാന്‍ ഇത് യുവാക്കള്‍ക്ക് അവസരം നല്‍കും. കായിക സാമഗ്രികളുമായി ബന്ധപ്പെട്ട വ്യവസായത്തിനും എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ, നിരവധി കായിക ഇനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ ഇന്ത്യ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.

'വികസിത് ഭാരത്' കെട്ടിപ്പടുക്കാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാനും അവരില്‍ കടമയും സേവന മനോഭാവവും വളര്‍ത്താനും 'മേരാ യുവ ഭാരത്' രൂപീകരിച്ചു. ഇതുവരെ ഏകദേശം 1 കോടി യുവാക്കള്‍ ഈ സംരംഭത്തില്‍ ചേര്‍ന്നു.

ബഹുമാന്യ അംഗങ്ങളെ,

35. പ്രശ്നസങ്കിർണമായ  കാലഘട്ടത്തിൽ ശക്തമായ ഒരു ഗവൺമെൻ്റ് ഉണ്ടായിരിക്കുന്നതിൻ്റെ ഗുണം നമ്മൾ കണ്ടു. കഴിഞ്ഞ 3 വർഷമായി ലോകം ഒരു പ്രക്ഷുബ്ധാവസ്ഥയിലാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഈ ദുഷ്‌കരമായ സമയങ്ങളിൽ എൻ്റെ സർക്കാർ ഇന്ത്യയെ ഒരു വിശ്വമിത്രമായി നിലനിർത്തി. വിശ്വമിത്ര എന്ന നിലയിലുള്ള  ഇന്ത്യയുടെ പങ്ക് കൊണ്ടാണ് നമ്മൾ ഇന്ന് ഗ്ലോബൽ സൗത്തിൻ്റെ ശബ്ദമായി മാറിയത്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, മറ്റൊരു പരമ്പരാഗത ചിന്താരീതി കൂടി  മാറിയിരിക്കുന്നു. നേരത്തെ, നയതന്ത്രവുമായി ബന്ധപ്പെട്ട പരിപാടികൾ ഡൽഹിയുടെ ഇടനാഴികളിൽമാത്രം  ഒതുങ്ങിയിരുന്നു.  പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഈ കാര്യത്തിൽ എൻ്റെ സർക്കാർ ഉറപ്പു വരുത്തി . ഇന്ത്യ  ജി-20 യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത   കാലത്ത് ഇതിൻ്റെ മഹത്തായ ഒരു ഉദാഹരണം നാം കണ്ടു. ഇന്ത്യ ജി-20യെ പൊതുജനങ്ങളുമായി ബന്ധിപ്പിച്ച രീതി ഇതുവരെ കാണാത്തതായിരുന്നു. രാജ്യത്തുടനീളം നടന്ന പരിപാടികളിലൂടെ ഇന്ത്യയുടെ യഥാർത്ഥ സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തി. ജമ്മു കശ്മീരും, വടക്കു കിഴക്കൻ  സംസ്ഥാനങ്ങളും ഇതാദ്യമായാണ് ഇത്രയും വലിയ അന്താരാഷ്ട്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

ഇന്ത്യയിൽ നടന്ന ചരിത്രപരമായ ജി-20 ഉച്ചകോടിയെ ലോകം മുഴുവൻ അഭിനന്ദിച്ചു. ചില അഭിപ്രായ വ്യത്യാസങ്ങളുടെ  അന്തരീക്ഷത്തിലും ഡൽഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചത് ചരിത്രപരമാണ്. 'സ്ത്രീകൾ നയിക്കുന്ന വികസനം ' എന്നതു മുതൽ   പരിസ്ഥിതി പ്രശ്‌നങ്ങൾ  വരെയുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണ് പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനം.

ജി-20-യി ൽ ആഫ്രിക്കൻ യൂണിയൻ്റെ സ്ഥിരാംഗത്വം ഉറപ്പാക്കാനുള്ള നമ്മുടെ  ശ്രമങ്ങളും അഭിനന്ദനം പിടിച്ചുപറ്റി . ഈ സമ്മേളനത്തിൽ ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇടനാഴിയുടെ വികസനം പ്രഖ്യാപിച്ചു. ഈ ഇടനാഴി ഇന്ത്യയുടെ സമുദ്ര ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും. ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ തുടക്കവും  ഒരു വലിയ സംഭവമാണ്. ഇത്തരം നടപടികൾ ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വിപുലപ്പെടുത്തുകയാണ്.

ബഹുമാന്യ അംഗങ്ങളെ,

36. ആഗോള തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും  ഈ കാലഘട്ടത്തിൽ പോലും, എൻ്റെ സർക്കാർ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ലോകത്തിന് മുന്നിൽ ഉറപ്പിച്ചുനിർത്തുന്നതിൽ ശ്രദ്ധിക്കുന്നു. ഇന്നത്തെ ഇന്ത്യയുടെ വിദേശനയത്തിൻ്റെ വ്യാപ്തി മുൻകാല നിയന്ത്രണങ്ങളെ  ഭേദിച്ച്  മുന്നോട്ടു  പോയിരിക്കുന്നു.. ഇന്ന് ഇന്ത്യ പല ആഗോള സംഘടനകളിലും ബഹുമാനിക്കപ്പെടുന്ന അംഗമാണ്. ഇന്ന് ഇന്ത്യ ഭീകരതയ്‌ക്കെതിരായ  ലോകത്തെ പ്രമുഖ ശബ്ദമാണ്.

ഇന്ന് ഇന്ത്യ പ്രതിസന്ധികളിൽ അകപ്പെട്ട മനുഷ്യരാശിക്ക് വേണ്ടി മുൻകൈ എടുക്കുകയും , ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ന് ലോകത്ത് എവിടെ പ്രതിസന്ധി ഉണ്ടായാലും ഉടനടി പ്രതികരിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് എൻ്റെ സർക്കാർ പുതിയ ആത്മവിശ്വാസം പകർന്നു.  പ്രതിസന്ധിയുണ്ടായഘട്ടങ്ങളിൽ എല്ലാം , ഓപ്പറേഷൻ ഗംഗ, ഓപ്പറേഷൻ കാവേരി, വന്ദേ ഭാരത് തുടങ്ങിയ കാമ്പെയ്‌നുകൾ വഴിനമ്മൾ ഓരോ ഇന്ത്യക്കാരനെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ വിജയിച്ചു.

ഭാരതീയ പാരമ്പര്യങ്ങളായ യോഗ, പ്രാണായാമം, ആയുർവേദം എന്നിവ ലോകമെമ്പാടും പ്രചരിപ്പിക്കാൻ എൻ്റെ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തി. കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് 135 രാജ്യങ്ങളുടെ പ്രതിനിധികൾ ഒരുമിച്ച് യോഗയിൽ പങ്കെടുത്തു. ഇത് തന്നെ ഒരു റെക്കോർഡാണ്. ആയുഷ് വികസനത്തിനായി എൻ്റെ സർക്കാർ ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചു. ലോകാരോഗ്യ സംഘടനയുടെആഭിമുഖ്യത്തിൽ  പരമ്പരാഗത വൈദ്യത്തിനുള്ള ആദ്യ  ആഗോള കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കപ്പെടുകയാണ്.

ബഹുമാന്യ അംഗങ്ങളെ,

37. വരും നൂറ്റാണ്ടുകളിലെ  ഭാവിയെ രൂപപ്പെടുത്തുന്നചില ഘട്ടങ്ങൾ  നാഗരികതയുടെ ചരിത്രത്തിൽ  സംഭവിക്കാറുണ്ട്.  ഇന്ത്യയുടെ ചരിത്രത്തിലും ഇത്തരം നിർണായക  മുഹൂർത്തങ്ങൾ  നിരവധി ഉണ്ടായിട്ടുണ്ട്.

ഈ വർഷം ജനുവരി 22 ന് സമാനമായ ഒരു യുഗ മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാം ലല്ലയെ ഇപ്പോൾ അയോധ്യയിലെ  മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.

ഇത് നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അഭിലാഷത്തിൻ്റെയും വിശ്വാസത്തിൻ്റെയും വിഷയമായിരുന്നു, ഈകാര്യം  ഏറ്റവും സൗഹാർദ്ദപരമായ രീതിയിലാണ്  നാം   പൂർത്തീകരിച്ചത് .

ബഹുമാന്യ അംഗങ്ങളെ,

38. നിങ്ങൾ എല്ലാവരും കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ന് സ്കൂളുകളിലും കോളേജുകളിലുംപഠിക്കുന്ന  യുവാക്കളുടെ സ്വപ്നങ്ങൾ തികച്ചും വ്യത്യസ്തമാണ്. അമൃത്കാല  തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചെയ്യാവുന്നതെല്ലാം ചെയുക എന്നത്    നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വികസിത  ഭാരത് നമ്മുടെ അമൃത് തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ഇതിനായി, ഈ ഉദ്യമത്തിൽ വിജയം കൈവരിക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

ബഹുമാന്യ അംഗങ്ങളെ,

39. ബഹുമാനപ്പെട്ട അടൽ ജി പറഞ്ഞിരുന്നു

 अपनी ध्येय-यात्रा में,

हम कभी रुके नहीं हैं।

किसी चुनौती के सम्मुख

कभी झुके नहीं हैं।

140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമെന്ന ഉറപ്പുമായാണ് എൻ്റെ സർക്കാർ മുന്നോട്ട് പോകുന്നത്.

ഈ പുതിയ പാർലമെൻ്റ് മന്ദിരം ഇന്ത്യയുടെ അഭിലാഷ യാത്രയ്ക്ക് കരുത്ത് പകരുകയും പുതിയതും ആരോഗ്യകരവുമായ പാരമ്പര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.
ഇപ്പോൾ ഈ മന്ദിരത്തിലുള്ള  പല സുഹൃത്തുക്കളും  2047 എന്ന വർഷത്തിന് സാക്ഷ്യം വഹിക്കാൻ ഇവിടെ  ഉണ്ടാകണമെന്നില്ല . എന്നാൽ നമ്മുടെ പൈതൃകം വരും തലമുറകൾ നമ്മെ ഓർക്കുന്ന തരത്തിലായിരിക്കണം.

നിങ്ങൾക്കെല്ലാവർക്കും ആശംസകൾ!

നന്ദി!

ജയ് ഹിന്ദ്!

ജയ് ഭാരത്!
NS/RRTN

*****

 

 



(Release ID: 2000933) Visitor Counter : 106