പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ‘പരീക്ഷാ പേ ചർച്ച 2024’ൽ വിദ്യാർഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടും സംവദിച്ചു


"നമ്മുടെ കുട്ടികളിൽ അതിജീവനശേഷി വളർത്തുകയും സമ്മർദങ്ങളെ നേരിടാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്"

"വിദ്യാർഥികളുടെ വെല്ലുവിളികൾ രക്ഷിതാക്കളും അധ്യാപകരും കൂട്ടായി അഭിസംബോധന ചെയ്യണം"

"ആരോഗ്യകരമായ മത്സരം വിദ്യാർഥികളുടെ വളർച്ചയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നു"

"അധ്യാപകർ ജോലിയെന്ന ചുമതല മാത്രമല്ല നിർവഹിക്കുന്നത്; മറിച്ച് വിദ്യാർഥികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുന്നു"

"രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ റിപ്പോർട്ട് കാർഡുകൾ അവരുടെ വിസിറ്റിങ് കാർഡാക്കരുത്"

"വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം പാഠക്രമത്തിനും പാഠ്യപദ്ധതിക്കും അതീതമാകണം"

“ഒരിക്കലും നിങ്ങളുടെ കുട്ടികൾക്കിടയിൽ മത്സരത്തിന്റെയും ശത്രുതയുടെയും വിത്തുകൾ വിതയ്ക്കരുത്. മറിച്ച്, സഹോദരങ്ങൾ പരസ്പരം പ്രചോദനം ആകണം"

"നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയിലും പഠനത്തിലും പ്രതിബദ്ധത പുലർത്തുകയും സമ്പൂർണമാക്കാൻ ശ്രമിക്കുകയും ചെയ്യണം"

"കഴിയുന്നത്ര ഉത്തരങ്ങൾ എഴുതാൻ പരിശീലിക്കുക. നിങ്ങൾക്ക് ആ പരിശീലനം ഉണ്ടെങ്കിൽ, പരീക്ഷാ ഹാളിലെ സമ്മർദത്തിന്റെ ഭൂരിഭാഗവും ഇല്ലാതാകും"

"സാങ്കേതികവിദ്യ ഭാരമായി മാറരുത്. അത് വിവേകത്തോടെ ഉപയോഗിക്കുക"

"‘ശരിയായ’ സമയം എന്നതില്ല. അതിനാൽ അതിനായി കാത്തിരിക്കരുത്. വെല്ലുവിളികൾ വന്നുകൊണ്ടേയിരിക്കും, നിങ്ങൾ ആ വെല്ലുവിളികളെ വെല്ലുവിളിക്കണം"

"ദശലക്ഷക്കണക്കിന് വെല്ലുവിളികൾ ഉണ്ടെങ്കിൽ, കോടിക്കണക്കിന് പ്രതിവിധികളും ഉണ്ട്"

“പരാജയങ്ങൾ നിരാശ ഉണ്ടാക്കരുത്. ഓരോ തെറ്റും പുതിയ പാഠമാണ്"

"എന്റെ നാട്ടുകാരുടെ കഴിവുകൾ ഞാൻ എത്രത്തോളം വർധിപ്പിക്കുന്നുവോ, വെല്ലുവിളികളെ വെല്ലുവിളിക്കാനുള്ള എന്റെ കഴിവ് അത്രത്തോളം മെച്ചപ്പെടുന്നു"

"ശരിയായ ഭരണത്തിന്, താഴെ നിന്ന് മുകളിലേക്കു വിവരങ്ങൾ ലഭ്യമാകുന്ന മികച്ച സംവിധാനവും മുകളിൽ നിന്ന് താഴേക്കുള്ള മാർഗനിർദേശത്തിന്റെ മികച്ച സംവിധാനവും ഉണ്ടായിരിക്കണം"

"എന്റെ ജീവിതത്തിലെ നിരാശയുടെ എല്ലാ വാതിലുകളും ജനലുകളും ഞാൻ അടച്ചു"

"സ്വാർഥലക്ഷ്യങ്ങൾ ഇല്ലെങ്കിൽ, തീരുമാനത്തിൽ ആശയക്കുഴപ്പം ഉണ്ടാകില്ല"

Posted On: 29 JAN 2024 1:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പരീക്ഷാ പേ ചർച്ചയുടെ (പിപിസി) ഏഴാം പതിപ്പിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിച്ചു. ചടങ്ങിൽ പ്രദർശിപ്പിച്ച കലാ-കരകൗശല പ്രദർശനവും വീക്ഷിച്ചു. ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂർണമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രമങ്ങളാൽ നയിക്കപ്പെടുന്ന പ്രസ്ഥാനമാണ് പിപിസി.

വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, വിദ്യാർഥികൾ വിവിധ രൂപങ്ങളിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം പോലെയുള്ള അഭിലാഷങ്ങളും ആശയങ്ങളും പ്രകടിപ്പിച്ച പ്രദർശനത്തിലെ സൃഷ്ടികൾ പരാമർശിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് പുതിയ തലമുറകൾ എന്താണ് ചിന്തിക്കുന്നതെന്നും ഈ പ്രശ്‌നങ്ങൾക്ക് അവർക്ക് എന്തെല്ലാം പരിഹാരങ്ങളുണ്ടെന്നും ഈ പ്രദർശനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ആശയവിനിമയം ആരംഭിച്ച പ്രധാനമന്ത്രി, വേദിയുടെ, അതായത്, ഭാരത് മണ്ഡപത്തിന്റെ പ്രാധാന്യം വിദ്യാർഥികളോട് വിശദീകരിച്ചു. ലോകത്തിലെ എല്ലാ പ്രമുഖ നേതാക്കളും ഒത്തുചേരുകയും ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്ത ജി 20 ഉച്ചകോടിയെക്കുറിച്ച് അവരോട് പറഞ്ഞു.

ബാഹ്യസമ്മർദവും സമ്മർദവും

ഒമാനിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ ഡാനിയ ഷാബുവും ഡൽഹിയിലെ ബുരാരി സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ എംഡി ആർഷും വിദ്യാർഥികളുടെ മേൽ സമ്മർദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന സാംസ്കാരികവും സാമൂഹികവുമായ പ്രതീക്ഷകൾ പോലുള്ള ബാഹ്യ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്ന വിഷയം ഉന്നയിച്ചു. ഏഴാം പതിപ്പാണെങ്കിലും സാംസ്കാരികവും സാമൂഹികവുമായ പ്രതീക്ഷകളെ സംബന്ധിച്ച ചോദ്യങ്ങൾ പിപിസിയിൽ എപ്പോഴും ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാർഥികളിൽ ബാഹ്യഘടകങ്ങളിൽ നിന്നുള്ള അധിക സമ്മർദത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിൽ അധ്യാപകരുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു, കൂടാതെ മാതാപിതാക്കൾ ഇത് കാലാകാലങ്ങളിൽ അനുഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സമ്മർദത്തെ നേരിടാൻ കഴിവുള്ളവരാക്കാനും ജീവിതത്തിന്റെ ഭാഗമായി അതിനുള്ള തയ്യാറെടുപ്പുകൾ നടത്താനും അദ്ദേഹം നിർദേശിച്ചു. ഒരു തീവ്ര കാലാവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ അതികഠിനമായ കാലാവസ്ഥയെ നേരിടാന്‍ മനസ്സ് തയ്യാറെടുക്കുന്നു എന്ന ഉദാഹരണം പറഞ്ഞ്, മാനസികമായി തയ്യാറെടുക്കാന്‍ വിദ്യാർഥികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമ്മര്‍ദനിലകള്‍ വിലയിരുത്താനും വിദ്യാർഥിയുടെ കഴിവിനെ തടസ്സപ്പെടുത്താതിരിക്കാന്‍ ക്രമേണ വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകാനും അദ്ദേഹം നിർദേശിച്ചു. വ്യവസ്ഥാപിതമായ സിദ്ധാന്തം നടപ്പാക്കുന്നതിനുപകരം ഈ പ്രക്രിയ വികസിപ്പിക്കുമ്പോള്‍ ബാഹ്യ സമ്മര്‍ദത്തിന്റെ പ്രശ്നത്തെ കൂട്ടായി പരിഹരിക്കണമെന്ന് ശ്രീ മോദി വിദ്യാർഥികളോടും കുടുംബങ്ങളോടും അധ്യാപകരോടും അഭ്യർഥിച്ചു. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യത്യസ്ത മാര്‍ഗങ്ങള്‍ വിദ്യാർഥികളുടെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

സമപ്രായക്കാരുടെ സമ്മര്‍ദവും സുഹൃത്തുക്കള്‍ക്കിടയിലെ മത്സരവും

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഗവണ്‍മെന്റ് ഡെമോണ്‍സ്ട്രേഷന്‍ മള്‍ട്ടിപര്‍പ്പസ് സ്‌കൂളിലെ ഭാഗ്യലക്ഷ്മി, ഗുജറാത്തിലെ ജെഎന്‍വി പഞ്ച്മഹലില്‍ നിന്നുള്ള ദൃഷ്ടി ചൗഹാന്‍, കേരളത്തിലെ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നുള്ള സ്വാതി ദിലീപ് എന്നിവര്‍ ഉന്നയിച്ച സമപ്രായക്കാരുടെ സമ്മര്‍ദത്തിന്റെയും സുഹൃത്തുക്കള്‍ക്കിടയിലെ മത്സരത്തിന്റെയും പ്രശ്‌നത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മത്സരത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും എന്നാല്‍ മത്സരം ആരോഗ്യകരമായിരിക്കണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. കുടുംബസാഹചര്യങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ മത്സരത്തിന്റെ വിത്ത് പാകുന്നത് സഹോദരങ്ങള്‍ക്കിടയില്‍ വഴിവിട്ട മത്സരത്തിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ആരോഗ്യകരമായ രീതിയില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ പരസ്പരം സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ഒരു വീഡിയോയുടെ ഉദാഹരണം പ്രധാനമന്ത്രി നല്‍കി. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് സീറോ-സം കളിയല്ലെന്നും ഒരു സുഹൃത്തിന്റെ  മികച്ച പ്രകടനം ഫീൽഡിൽ മികച്ച പ്രകടനം നടത്താൻ പരിമിതപ്പെടുത്താത്തതിനാൽ മത്സരം അവനവനോട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത പ്രചോദനാത്മകമായ കമ്പനിയാകാത്തവരുമായി ചങ്ങാത്തം കൂടാനുള്ള പ്രവണതയ്ക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ നേട്ടം അവരുടെ വിസിറ്റിങ് കാർഡാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ സുഹൃത്തുക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ പ്രധാനമന്ത്രി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. “സൗഹൃദം ഇടപാടുകളുമായി ബന്ധപ്പെട്ട വികാരമല്ല” - പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്

വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശിയ പ്രധാനമന്ത്രി, ആന്ധ്രാപ്രദേശിലെ ഉപ്പരപ്പള്ളിയിലെ ജില്ലാപഞ്ചായത്ത് ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായ ശ്രീ കൊണ്ടകാഞ്ചി സമ്പത്ത റാവു, ശിവസാഗർ അസമിൽ നിന്നുള്ള അധ്യാപകനായ ബണ്ടി മെഡി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഒരു ക്ലാസിൽ മാത്രമല്ല, മുഴുവൻ സ്‌കൂളിലെയും വിദ്യാർഥികളുടെ സമ്മർദം ഒഴിവാക്കാനുള്ള കഴിവ് സംഗീതത്തിനുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ക്ലാസ്സിന്റെ ആദ്യ ദിവസം മുതൽ പരീക്ഷാ സമയം വരെ വിദ്യാർഥി-അധ്യാപക കൂട്ടായ്മ ക്രമേണ വിപുലീകരിക്കുന്നതിന് ഊന്നൽ നൽകിയ ശ്രീ മോദി അത് പരീക്ഷാ സമയത്തെ സമ്മർദം പൂർണമായും ഇല്ലാതാക്കുമെന്നും പറഞ്ഞു. പഠിപ്പിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുമായി സഹവസിക്കുന്നതിനേക്കാൾ കൂടുതൽ പ്രാപ്യരാകണമെന്നും അധ്യാപകരോട് അദ്ദേഹം അഭ്യർഥിച്ചു. രോഗികളുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഡോക്ടർമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അത്തരമൊരു ബന്ധം പകുതി ചികിത്സയായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാനും വിദ്യാർഥികൾക്ക് മുന്നിലുള്ള നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കാനും അദ്ദേഹം നിർദേശിച്ചു. "അധ്യാപകർ ജോലിയെന്ന ചുമതല മാത്രമല്ല നിർവഹിക്കുന്നത്; മറിച്ച് വിദ്യാർഥികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുന്നു" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പരീക്ഷയുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നു

പടിഞ്ഞാറന്‍ ത്രിപുരയിലെ പ്രണവന്ദ ബിദ്യ മന്ദിറിലെ അദ്രിത ചക്രവര്‍ത്തി, ഛത്തീസ്ഗഢിലെ ബസ്തര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ഷെയ്ഖ് തൈഫൂര്‍ റഹ്‌മാന്‍, ഒഡീഷയിലെ കട്ടക്ക് ആദര്‍ശ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ രാജ്യലക്ഷ്മി ആചാര്യ എന്നിവര്‍ പ്രധാനമന്ത്രിയോട് പരീക്ഷാ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചു. മാതാപിതാക്കളുടെ അമിത ഉത്സാഹം മൂലമോ വിദ്യാര്‍ത്ഥികളുടെ അമിത ആത്മാര്‍ത്ഥത മൂലമോ ഉണ്ടാകുന്ന തെറ്റുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പുതുവസ്ത്രങ്ങള്‍, ആചാരങ്ങള്‍, സ്റ്റേഷനറികള്‍ എന്നിവ മൂലം പരീക്ഷാ ദിവസം അമിതമായി ആവേശഭരിതരാകരുത് എന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അവസാന നിമിഷം വരെ തയ്യാറെടുപ്പ് നടത്തരുതെന്നും സ്വസ്ഥമായ മാനസികാവസ്ഥയോടെ പരീക്ഷകളെ സമീപിക്കണമെന്നും അനാവശ്യമായ പിരിമുറുക്കത്തിന് കാരണമാകുന്ന ബാഹ്യമായ ബുദ്ധിമുട്ടിക്കലുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ വായിച്ച് അവസാന നിമിഷം പരിഭ്രാന്തരാകാതിരിക്കാന്‍ ഓരോന്നിനും വിനിയോഗിക്കേണ്ട സമയ വിഹിതം സഹിതം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി അവരെ ഉപദേശിച്ചു. മിക്ക പരീക്ഷകളും ഇപ്പോഴും എഴുത്താണെന്നും കമ്പ്യൂട്ടറും ഫോണും കാരണം എഴുതുന്ന ശീലം കുറയുകയാണെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. എഴുതുന്ന ശീലം നിലനിര്‍ത്താന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അവരുടെ വായന/പഠന സമയത്തിന്റെ 50 ശതമാനം എഴുത്തിനായി നീക്കിവയ്ക്കണം. നിങ്ങള്‍ എന്തെങ്കിലും എഴുതുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അത് ശരിക്കും മനസ്സിലാകൂ എന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥികളുടെ വേഗത കണ്ട് പരിഭ്രാന്തരാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തല്‍

പരീക്ഷാ തയ്യാറെടുപ്പും ആരോഗ്യകരമായ ജീവിതശൈലിയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ പ്രശ്‌നം ഉന്നയിച്ചുകൊണ്ട്, രാജസ്ഥാനില്‍ നിന്നുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ധീരജ് സുഭാസ്, കാര്‍ഗില്‍, ലഡാക്കിലെ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി നജ്മ ഖാത്തൂണ്‍, അഭിഷേക് കുമാര്‍ തിവാരി, അദ്ധ്യാപിക. അരുണാചല്‍ പ്രദേശിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറിയായ തോബി ലഹ്‌മെ എന്നിവര്‍ വ്യായാമത്തോടൊപ്പം പഠനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചു. ശാരീരിക ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാന്‍ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പരാമര്‍ശിച്ചു. സന്തുലിതമായ ജീവിതശൈലി നിലനിര്‍ത്താനും എന്തും അമിതമാകുന്നത് ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു. ആരോഗ്യവാനായിരിക്കാന്‍ ചില ദിനചര്യകള്‍ ആവശ്യമാണെന്നും സൂര്യവെളിച്ചത്തില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ക്രമമായതും പൂര്‍ണ്ണവുമായ ഉറക്കം ലഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മൊബൈൽ ഫോണിലും മറ്റും ചിലവഴിക്കുന്ന സമയം ഉറങ്ങേണ്ട സമയത്തെ കുറയ്‌ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആധുനിക ആരോഗ്യ ശാസ്ത്രം വളരെ പ്രധാനമായി കണക്കാക്കുന്നു. ഉറങ്ങാന്‍ കിടന്ന് 30 സെക്കന്റിനുള്ളില്‍ ഗാഢനിദ്രയിലേക്ക് പോകാനുള്ള സംവിധാനം തന്റെ വ്യക്തിജീവിതത്തിലും നിലനിര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഉണര്‍ന്നിരിക്കുമ്പോള്‍ പൂര്‍ണ്ണമായി ഉണര്‍ന്നിരിക്കാനും ഉറങ്ങുമ്പോള്‍ നല്ല ഉറക്കവും കൈവരിക്കാന്‍ കഴിയുന്ന ഒരു സന്തുലിതാവസ്ഥ', അദ്ദേഹം പറഞ്ഞു. പോഷകാഹാരത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി സമീകൃതാഹാരത്തിന് ഊന്നല്‍ നല്‍കി. ശാരീരികക്ഷമതയ്ക്കായി ചിട്ടയായ വ്യായാമത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തൊഴില്‍മേഖലയിലെ പുരോഗതി

പശ്ചിമ ബംഗാളിലെ ബാരക്പൂര്‍ നോര്‍ത്ത് 24 പര്‍ഗാന കേന്ദ്രീയ വിദ്യാലയത്തിലെ മധുമിത മല്ലിക്കും ഹരിയാനയിലെ പാനിപ്പട്ട് ദ മില്ലേനിയം സ്‌കൂളിലെ അദിതി തന്‍വാറും ഉന്നയിച്ച വിഷയത്തില്‍ കരിയര്‍ പുരോഗതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കി, കരിയര്‍ പാതയുടെ കാര്യത്തില്‍ വ്യക്തത കൈവരിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ശുചിത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉദാഹരണം ചൂണ്ടിക്കാട്ടി, 'ശുചിത്വം' രാജ്യത്ത് മുന്‍ഗണനാ മേഖലയായി മാറുകയാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കലാ സാംസ്്കാരിക മേഖലയിലെ ഇന്ത്യയുടെ വിപണി 250 മടങ്ങ് വളര്‍ന്നതായി അദ്ദേഹം അറിയിച്ചു. 'നമുക്ക് കഴിവുണ്ടെങ്കില്‍, നമുക്ക് എന്തും അതിജീവിക്കാന്‍ കഴിയും', സ്വയം വിലകുറച്ച് കാണരുതെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി മോദി പറഞ്ഞു. പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ പോകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കവെ, ഒരൊറ്റ സ്ട്രീമില്‍ ബന്ധിതരാകാതെ വ്യത്യസ്ത കോഴ്‌സുകള്‍ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രദര്‍ശനത്തിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെയും വൈദഗ്ധ്യത്തെയും അര്‍പ്പണബോധത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ഗവണ്‍മെന്റ് പദ്ധതികള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ, സംപ്രേഷണ മന്ത്രാലയവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ചതാണെന്ന് അടിവരയിട്ടു പറഞ്ഞു. 'ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ നമ്മള്‍ നിശ്ചയമുള്ളവരായിരിക്കണം', എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്റെ ഉദാഹരണം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. എടുക്കേണ്ട തീരുമാനങ്ങളുടെ ഗുണവും ദോഷവും വിലയിരുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മാതാപിതാക്കളുടെ പങ്ക്

ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പരിപാടിയില്‍ പങ്കെടുത്ത പുതുച്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ദീപശ്രീ, രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ വിശ്വാസം വളര്‍ത്തിയെടുക്കാമെന്നും പ്രധാനമന്ത്രിയോട് ചോദിച്ചു. കുടുംബങ്ങളിലെ വിശ്വാസക്കുറവിനെ പ്രധാനമന്ത്രി സ്പര്‍ശിക്കുകയും ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ മാതാപിതാക്കളോടും അധ്യാപകരോടും ആവശ്യപ്പെടുകയും ചെയ്തു. ഈ കുറവ് പെട്ടെന്നുണ്ടായതല്ല; ദീര്‍ഘകാലമായുള്ള ഒരു പ്രക്രിയയുടെ ഫലമാണ്. അധ്യാപകരായാലും മാതാപിതാക്കളായാലും വിദ്യാര്‍ത്ഥികളായാലും എല്ലാവരുടെയും പെരുമാറ്റത്തെക്കുറിച്ച് ആഴത്തിലുള്ള സ്വയം വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ആശയവിനിമയത്തിന് വിശ്വാസക്കുറവിന്റെ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ ഇടപാടുകളില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തണം. അതുപോലെ, മാതാപിതാക്കളും കുട്ടികളില്‍ സംശയത്തിന് പകരം അവരുടെ ആത്മവിശ്വാസം അറിയിക്കണം. വിശ്വാസക്കുറവ് സൃഷ്ടിക്കുന്ന അകലം കുട്ടികളെ വിഷാദത്തിലേക്ക് തള്ളിവിടും.
വിദ്യാര്‍ത്ഥികളുമായി ആശയവിനിമയത്തിനുള്ള വഴികള്‍ തുറന്നിടാനും പ്രീണനം ഒഴിവാക്കാനും പ്രധാനമന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു. അദ്ദേഹം ഒരു പരീക്ഷണം ആവശ്യപ്പെടുകയും കുട്ടികളെ സഹായിക്കാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ പതിവായി കാണാനും ചര്‍ച്ച ചെയ്യാനും  സുഹൃത്തുക്കളുടെ കുടുംബങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സാങ്കേതികവിദ്യയുടെ കടന്നുകയറ്റം

മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള രക്ഷിതാവ് ചന്ദ്രേഷ് ജെയിന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഉന്നയിക്കുകയും ജാര്‍ഖണ്ഡിലെ രാംഗഢില്‍ നിന്നുള്ള രക്ഷിതാവ് കുമാരി പൂജ ശ്രീവാസ്തവ വളരെയധികം സാമൂഹിക മാധ്യമങ്ങൾ  ഉള്ളപ്പോൾ  പഠനത്തെ  എങ്ങനെ നിയന്ത്രിക്കാം എന്നും ചോദിച്ചു. പരീക്ഷാ സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മൊബൈല്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ പഠനത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂരിലുള്ള ടി.ആര്‍ ഡാവ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ അഭിനവ് റാണ ഉയര്‍ത്തി. ''എന്തും അധികമായാല്‍ ദോഷമാണ്'', അമിതമായി കഴിക്കുന്ന ഭക്ഷണം, പോഷകങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും വയറിലെ വിഷമതകള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന്, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തോട് സാമ്യപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനങ്ങള്‍ നിർണയിച്ച്  എടുക്കുന്നതിനായി  സാങ്കേതികവിദ്യയും മൊബൈല്‍ ഫോണുകളും ഫലപ്രദമായി ഉപയോഗിക്കണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ''എല്ലാ രക്ഷിതാക്കളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു'', സ്വകാര്യതയുടെയും രഹസ്യത്മകതയുടെയും വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തില്‍ ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തണമെന്നും അത്താഴ സമയത്ത് ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍ പാടില്ലെന്നും വീട്ടില്‍ ഗാഡ്‌ജെറ്റ് സോണുകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''ഇന്നത്തെ ലോകത്ത്, ഒരാള്‍ക്ക് സാങ്കേതികവിദ്യയില്‍ നിന്ന് ഓടിപ്പോകാനാവില്ല'', പ്രധാനമന്ത്രി പറഞ്ഞു. അതിനെ ഒരു ഭാരമായി കണക്കാക്കേണ്ടതില്ലെന്നും എന്നാല്‍ അതിന്റെ ഫലപ്രദമായ ഉപയോഗം പഠിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ഒരു വിദ്യാഭ്യാസ സ്രോതസ്സാണ് എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളെ ബോധവത്കരിക്കണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, സുതാര്യത സ്ഥാപിക്കുന്നതിന് അവരുടെ വീടുകളിലെ ഓരോ മൊബൈല്‍ ഫോണിന്റെയും പാസ്‌കോഡുകള്‍ ഓരോ അംഗവുമായും പങ്കിടാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ''ഇത് ഒരുപാട് തിന്മകളെ തടയും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമര്‍പ്പിത മൊബൈല്‍ ആപ്ലിക്കേഷനുകളും ടൂളുകളും ഉപയോഗിച്ച് സ്‌ക്രീന്‍ സമയം നിരീക്ഷിക്കുന്നതിലും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു. ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണിന്റെ വിഭവസമൃദ്ധിയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

എങ്ങനെയാണ് പ്രധാനമന്ത്രി സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതും സകാരാത്മകമായി തുടരുന്നതും?

പ്രധാനമന്ത്രിയുടെ സ്ഥാനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും സമ്മര്‍ദ്ദവും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് തമിഴ്‌നാട്ടിലെ ചെന്നൈ മോഡേണ്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എം വാഗേഷ് പ്രധാനമന്ത്രിയോട് ചോദിച്ചു. '' താങ്കളെപ്പോലെ ഞങ്ങള്‍ എങ്ങനെയാണ് പോസിറ്റീവാകാനാകുക? എന്നായിരുന്നു ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗറിലെ ഡൈനാസ്റ്റി മോഡേണ്‍ ഗുരുകുല്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയായ സ്‌നേഹ ത്യാഗി പ്രധാനമന്ത്രിയോട് ചോദിച്ചത്. കുട്ടികള്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ സമ്മര്‍ദങ്ങള്‍ മനസിലാക്കുന്നുവെന്ന്  അറിയുന്നത് നല്ലതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവഗണിച്ചുകൊണ്ട് ഒരാള്‍ക്ക് അവയോട് പ്രതികരിക്കാം, എന്നാല്‍ അത്തരക്കാര്‍ക്ക് ജീവിതത്തില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. '' 'എല്ലാ വെല്ലുവിളികളെയും ഞാന്‍ വെല്ലുവിളിക്കുന്നു' എന്നതാണ് എനിക്ക് ഉപയോഗപ്രദമെന്ന് തോന്നിയ എന്റെ സമീപനം. വെല്ലുവിളി കടന്നുപോകുന്നതിന് നിഷ്‌ക്രിയമായി ഞാന്‍ കാത്തിരിക്കില്ല. ഇത് എപ്പോഴും പഠിക്കാനുള്ള അവസരം എനിക്ക് നല്‍കുന്നു. പുതിയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നെ സമ്പന്നനാക്കുന്നു''. ''140 കോടി രാജ്യവാസികള്‍ എനിക്കൊപ്പം ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. 100 ദശലക്ഷം വെല്ലുവിളികള്‍ ഉണ്ടെങ്കില്‍, കോടിക്കണക്കിന് പരിഹാരങ്ങളുമുണ്ട്. ഞാന്‍ ഒരിക്കലും എന്നെ ഏകനായി കാണുന്നില്ല, എല്ലാം എന്നിലുണ്ട്, എന്റെ രാജ്യത്തിന്റെയും നാട്ടുകാരുടെയും കഴിവുകളെക്കുറിച്ച് എനിക്ക് എപ്പോഴും ബോദ്ധ്യമുണ്ട്. ഇതാണ് എന്റെ ചിന്തയുടെ അടിസ്ഥാനപരമായ കാതല്‍'' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. താന്‍ മുന്നില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ തെറ്റുകള്‍ തന്റേതായിരിക്കുമെന്നും എന്നാല്‍ രാജ്യത്തിന്റെ കാര്യശേഷികള്‍ കരുത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ''എന്റെ നാട്ടുകാരുടെ കഴിവുകളെ ഞാന്‍ എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നുവോ, വെല്ലുവിളികളെ വെല്ലുവിളിക്കാനുള്ള എന്റെ കഴിവും മെച്ചപ്പെടും'',, അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ തന്നെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ തീരുമാനിക്കുമ്പോള്‍ ദാരിദ്ര്യം ഇല്ലാതാകുമെന്ന്, ദാരിദ്ര്യ പ്രശ്‌നത്തിന് ഉദാഹരണമായി പ്രധാനമന്ത്രി പറഞ്ഞു. ''ഉറപ്പുള്ള  വീട്, ശൗചാലയം, വിദ്യാഭ്യാസം, ആയുഷ്മാന്‍, പൈപ്പ് വെള്ളം തുടങ്ങി സ്വപ്‌നങ്ങള്‍ കാണാനുള്ള ഉപകരണങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ദൈനം ദിന അവഹേളനങ്ങളില്‍ നിന്ന് മുക്തനായാല്‍, ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്ന് അവർക്ക് ഉറപ്പുമുണ്ടാകും'', പ്രധാനമന്ത്രി പറഞ്ഞു. തന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി അദ്ദേഹം പറഞ്ഞു.
അതിനുപുറമെ, കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള വിവേകം ഒരാള്‍ക്കുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുഭവത്തില്‍ നിന്നും എല്ലാം വിശകലനം ചെയ്യുന്നതില്‍ നിന്നുമാണ് ഇതുണ്ടാകുന്നത്. തന്റെ തെറ്റുകളെ താന്‍ പാഠങ്ങളായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വെറുതെ ഇരിക്കുന്നതിനുപകരം, ജനങ്ങളെ അണിനിരത്തി അവരുടെ കൂട്ടായശക്തി ഉയര്‍ത്താന്‍ ദീപം അല്ലെങ്കില്‍ 'താലി'ക്കായുള്ള ആഹ്വാനം താന്‍ തിരഞ്ഞെടുത്തുവെന്ന് കോവിഡ് മഹാമാരിയുടെ ഒരു ദൃഷ്ടാന്തം നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞു. അതുപോലെയാണ് കായിക വിജയവും ശരിയായ തന്ത്രവും, ദിശാബോധവും നേതൃത്വവും അന്താരാഷ്ട്ര മത്സരങ്ങളില്‍ വലിയതോതിലുള്ള മെഡല്‍ വേട്ടയ്ക്ക് കാരണമായി.
ശരിയായ ഭരണത്തിന്, താഴെ നിന്ന് മുകളിലേക്ക് ഒരു കുറ്റമറ്റ വിവര സംവിധാനവും മുകളില്‍ നിന്ന് താഴേവരെ കുറ്റമറ്റ മാര്‍ഗ്ഗനിര്‍ദേശ സംവിധാനവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ നിരാശപ്പെടേണ്ടെതില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരിക്കല്‍ ഈ തീരുമാനമെടുത്താല്‍ സകാരാത്മകത മാത്രമേ അവശേഷിക്കുള്ളൂവെന്നും പറഞ്ഞു. ''എന്റെ ജീവിതത്തിലെ നിരാശയുടെ എല്ലാ വാതിലുകളേയും ജനലുകളേയും ഞാന്‍ കൊട്ടിയടച്ചു'', പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യാനുള്ള ദൃഢനിശ്ചയം ശക്തമാകുമ്പോള്‍ തീരുമാനമെടുക്കല്‍ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''സ്വാര്‍ത്ഥ ലക്ഷ്യമില്ലാത്തപ്പോള്‍, തീരുമാനത്തില്‍ ആശയക്കുഴപ്പം ഉണ്ടാകില്ല'', അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറയുടെ ജീവിതം സുഗമമാക്കുന്നതിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഇന്നത്തെ തലമുറ അവരുടെ മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേിവരില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ''ഇന്നത്തെ മാത്രമല്ല, ഭാവി തലമുറകള്‍ക്കും തിളങ്ങുന്നതിനും അവരുടെ കാര്യശേഷികള്‍ പ്രകടമാക്കാനും അവസരമുള്ള ഒരു രാഷ്ട്രമാക്കി മാറ്റാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്'', അത് രാജ്യത്തിന്റെയാകെ കൂട്ടായ പ്രതിജ്ഞയായിരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സകാരാത്മകത ചിന്തയുടെ ശക്തിയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും നല്ല ഫലങ്ങള്‍ക്ക് വേണ്ടി ഉറ്റുനോക്കാനുള്ള ശക്തി അത് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടും അവരുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആശംസകള്‍ അറിയിച്ചുകൊണ്ടും പ്രധാനമന്ത്രി തന്റെ ആശയവിനിമയം അവസാനിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Previous versions of Pariksha Pe Charcha can be found below:

Pariksha Pe Charcha 2023

Pariksha Pe Charcha 2022

Pariksha Pe Charcha 2021

Pariksha Pe Charcha 2020

Pariksha Pe Charcha 2019

Pariksha Pe Charcha 2018

NS

(Release ID: 2000396) Visitor Counter : 88