ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ജലദീപാവലി – “ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം” യജ്ഞം ഒരുങ്ങുന്നു


ലക്ഷ്യമിടുന്നതു ജലപരിപാലനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള വേദിയൊരുക്കൽ

യജ്ഞത്തിനു കീഴിൽ വനിതാ സ്വയംസഹായസംഘങ്ങൾ 550ലധികം ജലശുദ്ധീകരണ പ്ലാന്റുകൾ സന്ദർശിക്കും



Posted On: 06 NOV 2023 11:57AM by PIB Thiruvananthpuram

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയ(MoHUA)ത്തിന്റെ സുപ്രധാന പദ്ധതിയായ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) ​പ്രകാരം “ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം” എന്ന പേരിൽ പടിപടിയായി മുന്നേറുന്ന ഉദ്യമത്തിനു തുടക്കം കുറിക്കുന്നു. മന്ത്രാലയത്തിന്റെ നഗര ഉപജീവന ദൗത്യവുമായി (NULM) സഹകരിച്ചാണു പദ്ധതി. ഒഡിഷ അർബൻ അക്കാദമിയാണു വിജ്ഞാന പങ്കാളി. “ജലദീപാവലി” ആഘോഷിക്കുന്ന ഈ യജ്ഞത്തിന് 2023 നവംബർ 7നു തിരിതെളിയും. 2023 നവംബർ 9 വരെ യജ്ഞം തുടരും.

 

 

ജലപരിപാലനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള വേദി ഒരുക്കുന്നതിനാണു യജ്ഞം ലക്ഷ്യമിടുന്നത്. അതതു നഗരങ്ങളിലെ ജലപരിപാലന പ്ലാന്റുകൾ (ഡബ്ല്യുടിപി) സന്ദർശിക്കാൻ അവസരമൊരുക്കി, ജലശുദ്ധീകരണ പ്രക്രിയകളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവു സ്​ത്രീകൾക്കു നൽകും. വീടുകളിൽ സംശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എത്തിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സുപ്രധാന നടപടിക്രമങ്ങൾ ഈ സന്ദർശനങ്ങളി‌ലൂടെ വ്യക്തമാകും. കൂടാതെ, പൗരന്മാർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധനാ മാർഗനിർദേശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച സ്ത്രീകൾക്കു ലഭിക്കും. ജല അടിസ്ഥാനസൗകര്യങ്ങൾക്കായി സ്ത്രീകളിൽ ഉടമസ്ഥാവകാശബോധവും സ്വത്വബോധവും വളർത്തിയെടുക്കുക എന്നതാണു യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം.

65,000 എംഎൽഡിയിൽ കൂടുതൽ ജലശുദ്ധീകരണശേഷിയും 55,000 എംൽഡിയിൽ കൂടുതൽ പ്രവർത്തനശേഷിയുമുള്ള 3000ലധികം ജലശുദ്ധീകരണ പ്ലാന്റുകൾ ഇന്ത്യയിലുണ്ട്. യജ്ഞത്തിന്റെ സമയത്ത്, 20,000 എംഎൽഡിയിൽ കൂടുതൽ (രാജ്യത്തിന്റെ മൊത്തം 35 ശതമാനത്തിലധികം) സംയോജിത പ്രവർത്തനശേഷിയുള്ള 550ലധികം ജലശുദ്ധീകരണ പ്ലാന്റുകൾ വനിതാ സ്വയംസഹായസംഘങ്ങൾ (എസ്എച്ച്ജി) സന്ദർശിക്കും.

ഗാർഹിക ജലപരിപാലനത്തിൽ സ്ത്രീകൾ പ്രധാന പങ്കാണു വഹിക്കുന്നത്. ജലശുദ്ധീകരണ പ്രക്രിയകളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുമുള്ള അറിവുപയോഗിച്ചു സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ, അവരുടെ വീടുകളിൽ സുരക്ഷിതവും സംശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള അവരുടെ കഴിവു വർധിപ്പിക്കാനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന മേഖലകളിൽ ഉൾച്ചേർക്കലും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വത്തിന്റെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുക എന്നതും യജ്ഞത്തിന്റെ ലക്ഷ്യമാണ്.

“ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം”, “ജലദീപാവലി” എന്നിവയുടെ ആദ്യഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും/ കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും (മാതൃകാപെരുമാറ്റച്ചട്ടത്തിനു കീഴിലുള്ള 5 സംസ്ഥാനങ്ങൾ ഒഴികെ), സ്വയംസഹായസംഘങ്ങളിലെ 15,000ലധികം സ്ത്രീകളുടെ പങ്കാളിത്തം രാജ്യവ്യാപകമായി പ്രതീക്ഷിക്കുന്നു. യജ്ഞം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ ഇനിപ്പറയുന്നവയാണ്:

1.       ജലശുദ്ധീകരണ പ്ലാന്റുകളുടെയും ജലപരിശോധനാസൗകര്യങ്ങളുടെയും പ്രവർത്തനത്തെക്കുറിച്ചു സ്ത്രീകളെ പരിചയപ്പെടുത്തുക

2.     വനിതാ സ്വയംസഹായസംഘങ്ങൾ സൃഷ്ടിച്ച സ്മരണികകളിലൂടെയും ലേഖനങ്ങളിലൂടെയും ഉൾക്കൊള്ളലും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക

3.     അമൃത് പദ്ധതിയെക്കുറിച്ചും ജല അടിസ്ഥാനസൗകര്യങ്ങളിലുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചും സ്ത്രീകളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക

ജലശുദ്ധീകരണത്തെക്കുറിച്ചുള്ള വർധിച്ച അവബോധവും അറിവും, ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും, ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കൽ, സ്വയംസഹായസംഘങ്ങളുടെ ശാക്തീകരണം, സമൂഹത്തിനുള്ള ഗുണപരമായ സ്വാധീനം, ഭാവിസംരംഭങ്ങൾക്കുള്ള മാതൃക എന്നിവ യജ്ഞത്തിന്റെ പ്രതീക്ഷിതഫലങ്ങളിൽ ഉൾപ്പെടുന്നു.

അമൃത്, എൻയുഎൽഎം എന്നിവയിൽനിന്നുള്ള സംസ്ഥാന-നഗര ഉദ്യോഗസ്ഥർ ജലശുദ്ധീകരണ പ്ലാന്റുകൾ കണ്ടെത്തി ഈ സന്ദർശനങ്ങൾ സുഗമമാക്കും. അമൃതിനു കീഴിലുള്ള ജല അടിസ്ഥാനസൗകര്യങ്ങളുടെ സുപ്രധാന മേഖലകളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തി, ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കാനും പിന്തുണയ്ക്കാനും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം എല്ലാ സംസ്ഥാന-നഗര ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.

--NS--

 



(Release ID: 1975096) Visitor Counter : 96