പ്രധാനമന്ത്രിയുടെ ഓഫീസ്
തൊഴിൽ മേളയ്ക്ക് കീഴിൽ 51,000-ലധികം നിയമനപത്രങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു
“നിങ്ങൾ ഈ ‘അമൃതകാല’ത്തിന്റെ ‘അമൃതരക്ഷകരാ’ണ്”
“കഴിഞ്ഞ കുറച്ചു വർഷങ്ങളായി, അർധസൈനിക വിഭാഗങ്ങളിലേക്കുള്ള നിയമന പ്രക്രിയയിൽ ഞങ്ങൾ നിരവധി പ്രധാന മാറ്റങ്ങൾ വരുത്തി”
“നിയമവാഴ്ചയുടെ സുരക്ഷിതമായ അന്തരീക്ഷം വികസനത്തിന്റെ വേഗത വർധിപ്പിക്കുന്നു”
“കഴിഞ്ഞ 9 വർഷങ്ങളിൽ മാറ്റത്തിന്റെ പുതിയ ഘട്ടം കാണാൻ കഴിയും”
“9 വർഷം മുമ്പ് ഈ ദിവസം ആരംഭിച്ച ജൻ ധൻ യോജന, ‘ഗാവ് ഔർ ഗരീബി’ന്റെ സാമ്പത്തിക ശാക്തീകരണത്തിൽ വലിയ പങ്കുവഹിച്ചു”
“രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ജൻധൻ യോജന വഹിച്ച പങ്ക് തീർച്ചയായും പഠനവിഷയമാണ്”
“ഗവൺമെന്റിലും ഭരണത്തിലും മാറ്റം കൊണ്ടുവരാനുള്ള ദൗത്യത്തിലെ എന്റെ ഏറ്റവും വലിയ ശക്തിയാണ് നിങ്ങൾ യുവാക്കൾ”
Posted On:
28 AUG 2023 11:58AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പുതുതായി നിയമിതരായ 51,000-ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് തൊഴിൽ മേള നടന്നത്. ഈ തൊഴിൽ മേള പരിപാടിയിലൂടെ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സിഎപിഎഫ്) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്നവർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി), നോൺ-ജനറൽ ഡ്യൂട്ടി കേഡർ തസ്തികകളിൽ പ്രവേശിക്കും.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, അമൃതകാലത്ത് ‘അമൃതരക്ഷകരാ’യി തിരഞ്ഞെടുക്കപ്പെട്ടതിന് പുതുതായി നിയമിക്കപ്പെട്ടവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പുതുതായി നിയമിക്കപ്പെട്ടവർ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുകയും ചെയ്യും എന്നതിനാൽ അദ്ദേഹം അവരെ ‘അമൃതരക്ഷകർ’ എന്ന് വിശേഷിപ്പിച്ചു. “നിങ്ങൾ ഈ ‘അമൃതകാലത്തി’ന്റെ ‘അമൃതരക്ഷകരാ’ണ്”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് അഭിമാനവും ആത്മവിശ്വാസവും നിറഞ്ഞിരിക്കുന്ന വേളയിലാണ് തൊഴിൽ മേളയുടെ ഈ പതിപ്പ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ 3ഉം പ്രജ്ഞാൻ റോവറും ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നിരന്തരം കൈമാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനകരമായ ഈ നിമിഷത്തിൽ, പുതുതായി നിയമിതരായവർ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയ്ക്ക് തുടക്കമിടുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പുതുതായി നിയമിതരായ എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിച്ചു.
പ്രതിരോധത്തിലോ സുരക്ഷയിലോ പൊലീസ് സേനയിലോ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന ഉത്തരവാദിത്വത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സേനകളുടെ ആവശ്യങ്ങളിൽ ഗവണ്മെന്റ് വളരെ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും പറഞ്ഞു. അർധസൈനിക വിഭാഗങ്ങളുടെ നിയമനത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അപേക്ഷ മുതൽ അന്തിമ തിരഞ്ഞെടുപ്പ് വരെയുള്ള നിയമന പ്രക്രിയ വേഗത്തിലാക്കി. മുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയിരുന്ന പരീക്ഷകൾ ഇപ്പോൾ 13 പ്രാദേശിക ഭാഷകളിൽ നടത്തുന്നു. ഛത്തീസ്ഗഢിലെ നക്സൽബാധിത പ്രദേശങ്ങളിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നൂറുകണക്കിന് ഗോത്രവർഗ യുവാക്കളെ നിയമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതിർത്തി പ്രദേശങ്ങളിലെയും തീവ്രവാദ ബാധിത പ്രദേശങ്ങളിലെയും യുവാക്കൾക്കുള്ള പ്രത്യേക ക്വാട്ടയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ വികസനം ഉറപ്പാക്കുന്നതിൽ പുതുതായി നിയമിക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, നിയമവാഴ്ചയുടെ സുരക്ഷിതമായ അന്തരീക്ഷം വികസനത്തിന്റെ വേഗത വർധിപ്പിക്കുമെന്ന് പറഞ്ഞു. ഉത്തർപ്രദേശിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാനം ഒരുകാലത്ത് വികസനത്തിൽ പിന്നിലായിരുന്നുവെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻനിര സംസ്ഥാനങ്ങളിലൊന്നായിരുന്നുവെന്നും പരാമർശിച്ചു. ഉത്തർപ്രദേശിൽ നിയമവാഴ്ച നിലവിൽ വന്നതോടെ സംസ്ഥാനത്തിന് വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടാൻ കഴിയുന്നുണ്ടെന്നും നിർഭയമായ പുതിയ സമൂഹം സ്ഥാപിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ക്രമസമാധാനപാലനത്തിന്റെ അത്തരമൊരു ക്രമീകരണം ജനങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതിനനുസരിച്ച് സംസ്ഥാനത്ത് നിക്ഷേപങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങൾ വളരെ കുറഞ്ഞ നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും അവിടെ തൊഴിലവസരങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്ഥിതി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ദശകത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ആവർത്തിച്ചു. “അങ്ങേയറ്റം ഉത്തരവാദിത്വത്തോടെയാണ് മോദി അത്തരമൊരു ഉറപ്പ് നൽകുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരിൽ ചെലുത്തുന്ന സ്വാധീനം തുടർന്നുകൊണ്ട്, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ഉറപ്പാക്കാൻ ഓരോ മേഖലയും വളരേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്തെ ഔഷധ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ന്, ഇന്ത്യയുടെ ഔഷധ വ്യവസായത്തിന്റെ മൂല്യം ഏകദേശം 4 ലക്ഷം കോടി രൂപയാണ്. 2030 ആകുമ്പോഴേക്കും ഈ വ്യവസായം ഏകദേശം 10 ലക്ഷം കോടി രൂപ മൂല്യമുള്ളതായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വളർച്ച, ഔഷധ വ്യവസായത്തിന് വരുംവർഷങ്ങളിൽ കൂടുതൽ യുവാക്കളുടെ ആവശ്യകത സൃഷ്ടിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓട്ടോമൊബൈൽ - വാഹന ഘടക വ്യവസായം എന്നിവയുടെ വിപുലീകരണത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, രണ്ട് വ്യവസായങ്ങൾക്കും 12 ലക്ഷം കോടിയിലധികം രൂപ മൂല്യമുണ്ടെന്നും വരും വർഷങ്ങളിൽ ഇത് കൂടുതൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ വളർച്ചാ നിരക്ക് നിലനിർത്താൻ ഓട്ടോമൊബൈൽ വ്യവസായത്തിന് കൂടുതൽ യുവാക്കളെ ആവശ്യമാണെന്നും അതുവഴി രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. കഴിഞ്ഞ വർഷം ഏകദേശം 26 ലക്ഷം കോടി രൂപ മൂല്യമുള്ള ഭക്ഷ്യ സംസ്‌കരണ വ്യവസായത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം അടുത്ത മൂന്നര വർഷത്തിനുള്ളിൽ ഇത് 35 ലക്ഷം കോടി രൂപയായി ഉയരുമെന്നു പറഞ്ഞു. വിപുലീകരണത്തിനൊപ്പം തൊഴിലവസരങ്ങളും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാനസൗകര്യ വികസനത്തിനായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്ര ഗവണ്മെന്റ് 30 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് സമ്പർക്കസൗകര്യങ്ങൾക്കും വിനോദസഞ്ചാരത്തിനും അതിഥിസൽക്കാരത്തിനും ഉത്തേജനം നൽകുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
2030-ഓടെ വിനോദസഞ്ചാര മേഖല സമ്പദ്‌വ്യവസ്ഥയിലേക്ക് 20 ലക്ഷം കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും 13-14 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവ വെറും സംഖ്യകളല്ല; ഈ സംഭവവികാസങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും വരുമാനം വർധിപ്പിക്കുന്നതിലൂടെയും സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
“ഗവൺമെന്റിന്റെ കഴിഞ്ഞ 9 വർഷത്തെ പരിശ്രമത്തിന്റെ ഫലമായി പരിവർത്തനത്തിന്റെ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു”- പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ റെക്കോർഡ് കയറ്റുമതി നടത്തിയത് ആഗോള വിപണിയിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളുടെ ആവശ്യകത വർധിച്ചതിന്റെ സൂചനയാണെന്ന് അദ്ദേഹം അറിയിച്ചു. തൽഫലമായി, ഉൽപ്പാദനം വർധിച്ചുവെന്നും തൊഴിൽ വർധിച്ചുവെന്നും അതുവഴി കുടുംബത്തിന്റെ വരുമാനത്തിൽ വർധനയുണ്ടായെന്നും ശ്രീ മോദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ ഉൽപ്പാദന രാജ്യമായി ഇന്ത്യ മാറിയെന്നും ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ ആവശ്യവും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മൊബൈൽ ഫോൺ നിർമാണം പലമടങ്ങ് വർധിപ്പിക്കുന്നതിന് ഗവണ്മെന്റ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യം ഇപ്പോൾ മറ്റ് ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സൂചിപ്പിച്ച ശ്രീ മോദി, ഐടി-ഹാർഡ്‌വെയർ നിർമാണ മേഖലയിൽ മൊബൈൽ ഫോൺ നിർമാണ മേഖലയുടെ വിജയം ഇന്ത്യ ആവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “‘മെയ്ഡ് ഇൻ ഇന്ത്യ’ ലാപ്‌ടോപ്പുകളും പേഴ്‌സണൽ കമ്പ്യൂട്ടറുകളും നമുക്ക് അഭിമാനമാകുന്ന ദിവസം വിദൂരമല്ല” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത് ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന സന്ദേശത്തെ പരാമർശിക്കുന്നു. ഇന്ത്യൻ നിർമിത ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും വാങ്ങുന്നതിന് ഗവണ്മെന്റ് ഊന്നൽ നൽകുന്നുണ്ടെന്നും അതിന്റെ ഫലമായി ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നടക്കുന്ന സാമ്പത്തിക വികസനത്തിന് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്വം പുതുതായി നിയമിക്കപ്പട്ടവരുടെ ചുമലിൽ നിക്ഷിപ്തമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
9 വർഷം മുമ്പ് ഈ ദിവസമാണ് പ്രധാനമന്ത്രി ജൻ ധൻ യോജന ആരംഭിച്ചതെന്ന കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. “ഗ്രാമങ്ങളുടെയും ദരിദ്രരുടെയും (ഗാവ് ഔർ ഗരീബ്) സാമ്പത്തിക ശാക്തീകരണത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ പദ്ധതി വലിയ പങ്കുവഹിച്ചിട്ടുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം കഴിഞ്ഞ 9 വർഷത്തിനിടെ 50 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി അദ്ദേഹം അറിയിച്ചു. ദരിദ്രർക്കും നിരാലംബർക്കും ആനുകൂല്യങ്ങൾ നേരിട്ട് എത്തിക്കുന്നതിനും ഗോത്രവർഗക്കാർ, സ്ത്രീകൾ, ദളിതർ, അവശതയനുഭവിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവരുടെ തൊഴിലിനും സ്വയംതൊഴിലിനും ഈ പദ്ധതി സഹായിച്ചു. നിരവധി യുവാക്കൾക്ക് ബാങ്കിങ് കറസ്‌പോൻഡന്റുമാരായും ബാങ്ക് മിത്രമാരായും ജോലി ലഭിച്ചു. 21 ലക്ഷത്തിലധികം യുവാക്കൾ ബാങ്ക് മിത്രമാരായോ ബാങ്ക് സഖികളായോ ജോലി ചെയ്യുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുദ്ര യോജനയെയും ജൻ ധൻ യോജന ശക്തിപ്പെടുത്തി- അദ്ദേഹം പറഞ്ഞു. മുദ്ര യോജനയ്ക്ക് കീഴിൽ ഇതുവരെ 24 ലക്ഷം കോടിയിലധികം രൂപയുടെ ഈടുരഹിത വായ്പകൾ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഗുണഭോക്താക്കളിൽ 8 കോടി പേർ ഇതാദ്യമായി സംരംഭകരായി. പിഎം സ്വനിധിക്കു കീഴിൽ 45 ലക്ഷം തെരുവോര കച്ചവടക്കാർക്ക് ഇതാദ്യമായി ഈടുരഹിത വായ്പ അനുവദിച്ചു. ഈ പദ്ധതികളുടെ ഗുണഭോക്താക്കളിൽ സ്ത്രീകളും ദളിതരും പിന്നോക്കക്കാരും ഗോത്രവർഗക്കാരുമായ നിരവധി യുവാക്കൾ ഉണ്ട്. ജൻധൻ അക്കൗണ്ടുകൾ ഗ്രാമങ്ങളിലെ വനിതാ സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ജൻ ധൻ യോജന വഹിച്ച പങ്ക് തീർച്ചയായും പഠന വിഷയമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി തൊഴിൽ മേളകളിലൂടെ ലക്ഷക്കണക്കിന് യുവാക്കളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അവർക്ക് പൊതുസേവനത്തിലോ മറ്റ് മേഖലകളിലോ തൊഴിൽ ലഭിച്ചുവെന്ന് വ്യക്തമാക്കി. “ഗവൺമെന്റിലും ഭരണത്തിലും മാറ്റം കൊണ്ടുവരാനുള്ള ദൗത്യത്തിലെ എന്റെ ഏറ്റവും വലിയ ശക്തിയാണ് നിങ്ങൾ യുവാക്കൾ”- പ്രധാനമന്ത്രി പറഞ്ഞു. എല്ലാം ഒരു ക്ലിക്ക് മാത്രം അകലെയുള്ള തലമുറയിൽ നിന്നാണ് ഇന്നത്തെ യുവാക്കൾ വരുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വേഗത്തിലുള്ള വിതരണത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. ഇന്നത്തെ തലമുറ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് തേടുന്നതെന്നും താൽക്കാലിക പ്രതിവിധിയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുസേവകർ എന്ന നിലയിൽ, ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങളാണ് പുതുതായി നിയമിക്കപ്പെടുന്നവർ കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഉൾപ്പെടുന്ന തലമുറ എന്തെങ്കിലും നേടാനുള്ള ദൃഢനിശ്ചയത്തിലാണ്. ഈ തലമുറ ആരുടേയും പ്രീതി ആഗ്രഹിക്കുന്നില്ല, തങ്ങളുടെ വഴിയിൽ ആരും തടസ്സമാകരുതെന്ന് മാത്രമാണ് അവർ ആഗ്രഹിക്കുന്നത്”- പൊതുസേവകർ എന്ന നിലയിൽ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ ധാരണയോടെ പ്രവർത്തിച്ചാൽ ക്രമസമാധാനപാലനത്തിന് വളരെയധികം സഹായം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗം ഉപസംഹരിക്കവേ, അർധസൈനിക വിഭാഗമെന്ന നിലയിൽ പഠിക്കാനുള്ള മനോഭാവം നിലനിർത്തുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകുകയും iGOT കർമയോഗി പോർട്ടലിൽ ലഭ്യമായ 600-ലധികം കോഴ്‌സുകളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. “20 ലക്ഷത്തിലധികം ഗവണ്മെന്റ് ജീവനക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ പോർട്ടലിൽ ചേരണമെന്നും അതിന്റെ പ്രയോജനം നേടണമെന്നും ഞാൻ അഭ്യർഥിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. പുതുതായി നിയമിതരായവരുടെ ജീവിതത്തിൽ ശാരീരിക ക്ഷമതയുടെയും ദൈനംദിന പരിശീലനമായി യോഗ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി.
പശ്ചാത്തലം
ആഭ്യന്തര സുരക്ഷയില്‍ സഹായിക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം, സായുധകലാപത്തെയും ഇടതു തീവ്രവാദത്തെയും ചെറുക്കൽ, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കൽ തുടങ്ങി ബഹുമുഖ പങ്ക് കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ സിഎപിഎഫുകളെയും അതോടൊപ്പം ഡല്‍ഹി പോലീസിനെയും ശക്തിപ്പെടുത്തുന്നത് ഈ സേനകളെ സഹായിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് തൊഴില്‍മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളികളാകുന്നതിനും അർഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമുള്ള ഉള്‍പ്രേരകമായി തൊഴില്‍മേള പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷ.
പുതുതായി നിയമിതരായവര്‍ക്ക് iGOT കർമയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കർമയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും. ‘എവിടെയും ഏത് ഉപകരണത്തിലും’ പഠിക്കാന്‍ കഴിയുന്ന രൂപത്തില്‍ 673-ലധികം ഇ-പഠന കോഴ്‌സുകളും അവിടെ ലഭ്യമാക്കിയിട്ടുണ്ട്.
*****
ND
(Release ID: 1952879)
Visitor Counter : 137
Read this release in:
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada