രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേദിയൊരുങ്ങി; പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ  നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,800 ഓളം ആളുകളെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രത്യേക അതിഥികളായി ക്ഷണിച്ചു

Posted On: 13 AUG 2023 11:01AM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഓഗസ്റ്റ് 13, 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തിന്റെ   77-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും ചരിത്ര സ്മാരകത്തിന്റെ കൊത്തളത്തിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2021 മാർച്ച് 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും. ഇത്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ശ്രീ നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നവ ഊർജ്ജം കരസ്ഥമാക്കി കൊണ്ട് രാജ്യത്തെ 'അമൃത് കാലത്തിലേക്ക്' നയിക്കും. 77 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ സംരംഭങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിരവധി അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

പ്രത്യേക അതിഥികൾ

വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള 1,800 ഓളം പേരെ അവരുടെ പങ്കാളിയോടൊപ്പം, പ്രത്യേക അതിഥികളായി ചുവപ്പ് കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ, ജനപങ്കാളിത്തം അഥവാ  'ജൻ ഭാഗിദാരി' എന്ന  കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഈ പ്രത്യേക അതിഥികളിൽ 660-ലധികം ഊർജസ്വല ഗ്രാമങ്ങളിലെ 400-ലധികം പഞ്ചായത്ത് പ്രസിഡന്റ് മാർ അഥവാ സർപ്പഞ്ചുകൾ ഉൾപ്പെടുന്നു; കാർഷിക ഉത്പാദന സംഘടനകളിൽ  നിന്ന് 250; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും ഉള്ള 50 പേർ വീതം; പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുടെ 50 ശ്രമ യോഗികൾ (നിർമ്മാണ തൊഴിലാളികൾ); 50 വീതം ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണ തോഴികളികൾ, അമൃത് സരോവർ തൊഴിലാളികൾ, ഹർഘർ ജൽ യോജന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ; കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നു. ഈ പ്രത്യേക അതിഥികളിൽ ചിലർക്ക് ഡൽഹിയിൽ താമസിക്കുന്ന സമയത്ത് ദേശീയ യുദ്ധസ്മാരകം സന്ദർശിക്കാനും രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ടിനെ സന്ദർശിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

ഓരോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തുനിന്നും, അവരുടെ പരമ്പരാഗത വേഷം ധരിച്ച എഴുപത്തിയഞ്ച്  ദമ്പതികളെ ചുവപ്പ് കോട്ടയിൽ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

സെൽഫി പോയിന്റുകൾ

ഗവൺമെന്റിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും അടയാളപ്പെടുത്തുന്ന സെൽഫി പോയിന്റുകൾ ദേശീയ യുദ്ധ സ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാനം, രാജ് ഘട്ട്, ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷൻ, ഐടിഒ മെട്രോ ഗേറ്റ്, നൗബത്ത് ഖാന, ഷീഷ് ഗഞ്ച് ഗുരുദ്വാര എന്നിവ ഉൾപ്പെടുന്ന 12 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതികൾ / സംരംഭങ്ങളിൽ ആഗോള പ്രതീക്ഷകളായ വാക്സിൻ & യോഗ; ഉജ്ജ്വല യോജന; ബഹിരാകാശ ശക്തി; ഡിജിറ്റൽ ഇന്ത്യ; സ്കിൽ ഇന്ത്യ; സ്റ്റാർട്ട് അപ്പ് ഇന്ത്യ; സ്വച്ഛ് ഭാരത്; സശക്ത് ഭാരത്, നയ ഭാരത്; പവറിങ് ഇന്ത്യ; പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ ദൗത്യം എന്നിവയും ഉൾപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 മുതൽ 20 വരെ MyGov പോർട്ടലിൽ പ്രതിരോധ മന്ത്രാലയം ഓൺലൈൻ സെൽഫി മത്സരം നടത്തും. മത്സരത്തിൽ പങ്കെടുക്കുന്നതിന് 12 ഇൻസ്റ്റലേഷനുകളിൽ, ഒന്നോ അതിലധികമോ ഇടങ്ങളിൽ നിന്നും സെൽഫികൾ എടുത്ത് MyGov പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ സെൽഫി മത്സരത്തിൽ ഓരോ ഇൻസ്റ്റലേഷനിൽ നിന്നും ഒരാൾ വീതം പന്ത്രണ്ട് വിജയികളെ  തിരഞ്ഞെടുക്കും. വിജയികൾക്ക് 10,000 രൂപ വീതം സമ്മാനത്തുക നൽകും

ഇ-ക്ഷണക്കത്ത്

എല്ലാ ഔദ്യോഗിക ക്ഷണങ്ങളും ആമന്ത്രൻ പോർട്ടൽ വഴി ഓൺലൈനായി അയച്ചിട്ടുണ്ട്. പോർട്ടൽ വഴി 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.

ചടങ്ങ്

ചുവപ്പു കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമനെ എന്നിവർ ചേർന്ന് സ്വീകരിക്കും. പ്രതിരോധ സെക്രട്ടറി, ജനറൽ ഓഫീസർ കമാൻഡിംഗ് (GoC) - ഡൽഹി ഏരിയ - ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. തുടർന്ന്  ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ്, ശ്രീ നരേന്ദ്ര മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിക്കും. അവിടെ വിവിധ സേന വിഭാഗങ്ങളും ഡൽഹി പോലീസ് ഗാർഡും സംയുക്തമായി പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.

പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫീസറും 25 ഉദ്യോഗസ്ഥർ വീതവും, നാവികസേനയിൽ നിന്നുള്ള ഒരു ഓഫീസറും 24 ഉദ്യോഗസ്ഥരും ഉൾപ്പെടും. ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് കരസേനയാണ്. മേജർ വികാസ് സാങ്‌വാനാണ് ഗാർഡ് ഓഫ് ഓണർ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ഇന്ദ്രജീത് സച്ചിനും നാവിക സംഘത്തെ ലഫ്റ്റനന്റ് കമാൻഡർ എംവി രാഹുൽ രാമനും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ആകാശ് ഗംഗാസും നയിക്കും. അഡീഷണൽ ഡിസിപി സന്ധ്യ സ്വാമിയുടെ നേതൃത്വത്തിലായിരിക്കും ഡൽഹി പൊലീസ് സംഘം.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിലേക്ക് പോകും. അവിടെ അദ്ദേഹത്തെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, രക്ഷ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവർ അഭിവാദ്യം ചെയ്യും. ദേശീയ പതാക ഉയർത്തുന്നതിനായി, ഡൽഹി ഏരിയ ജി ഓ സി, പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.

ഉയർത്തിയ ശേഷം, ത്രിവർണപതാകയ്ക്ക് ‘രാഷ്ട്രീയ സല്യൂട്ട്’ നൽകും. ഒരു ജെസിഒയും 20 മറ്റ് റാങ്കുകളും അടങ്ങുന്ന സേനാബാൻഡ് ദേശീയ പതാക ഉയർത്തുമ്പോഴും 'രാഷ്ട്രീയ സല്യൂട്ട്' നൽകുമ്പോഴും ദേശീയ ഗാനം ആലപിക്കും. നായിബ് സുബേദാർ ജതീന്ദർ സിംഗ് ബാൻഡ് നയിക്കും .

മേജർ നികിത നായരും മേജർ ജാസ്മിൻ കൗറും ദേശീയ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. എലൈറ്റ് 8711 ഫീൽഡ് ബാറ്ററിയുടെ (സെറിമോണിയൽ) സംഘം ഇതിന് അതേസമയം 21 ഗൺ സല്യൂട്ട് നൽകും. ഈ സെറിമോണിയൽ ബാറ്ററി കമാൻഡ് ചെയ്യുന്നത് ലെഫ്റ്റനന്റ് കേണൽ വികാസ് കുമാറിനും, ഗൺ പൊസിഷൻ ഓഫീസർ നായിബ് സുബേദാർ (എഐജി) അനൂപ് സിംഗും ആയിരിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന വേളയിൽ കര, നാവിക, വ്യോമസേന , ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഓഫീസർമാരും മറ്റു റാങ്കിലുള്ള 128 പേരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് സംഘം രാഷ്ട്രീയ സല്യൂട്ട് നൽകും. കരസേനയിൽ നിന്നുള്ള മേജർ അഭിനവ് ദേതയാണ് ഈ സംയുക്ത സേന ഗാർഡിന്റെയും പോലീസ് ഗാർഡിന്റെയും കമാൻഡർ.

ദേശീയ പതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ മുകേഷ് കുമാർ സിംഗ്, നാവിക സേന വിഭാഗത്തെ  ലെഫ്റ്റനന്റ് കമാൻഡർ ഹർപ്രീത് മാൻ, വ്യോമസേന വിഭാഗത്തെ സ്ക്വാഡ്രൺ ലീഡർ ശ്രേയ് ചൗധരി എന്നിവർ നയിക്കുക. അഡീഷണൽ ഡിസിപി ശശാങ്ക് ജയ്‌സ്വാളിന്റെ നേതൃത്വത്തിലായിരിക്കും ഡൽഹി പൊലീസ് സംഘം.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ, ലൈൻ ആസ്റ്റേൺ ഫോർമേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അത്യാധുനിക മാർക്ക്-III ധ്രുവ് ലൈറ്റ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പദളങ്ങൾ വർഷിക്കും. വിങ് കമാൻഡർ ആംബർ അഗർവാളും സ്ക്വാഡ്രൺ ലീഡർ ഹിമാൻഷു ശർമ്മയുമായിരിക്കും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റൻമാർ.

പുഷ്പദളങ്ങൾ വർഷിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം സമാപിക്കുമ്പോൾ നാഷണൽ കേഡറ്റ് കോറിന്റെ (എൻസിസി) കേഡറ്റുകൾ ദേശീയ ഗാനം ആലപിക്കും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആയിരത്തി നൂറ് (1,100) എൻസിസി കേഡറ്റുകൾ (കര, നാവിക, വ്യോമസേന) ഈ ദേശീയ ഉത്സവത്തിൽ പങ്കെടുക്കും. ഔദ്യോഗിക വെള്ള വസ്ത്രത്തിലുള്ള കേഡറ്റുകൾക്ക്  ഇരിക്കുന്നതിന് ഗ്യാൻപഥിൽ താൽക്കാലിക ഇരിപ്പിടങ്ങൾ (Bleachers) സജ്ജമാക്കിയിട്ടുണ്ട്.

പുഷ്പ അലങ്കാരങ്ങളുടെ ഭാഗമായ ജി-20 ലോഗോയാണ് ചുവപ്പ് കോട്ടയിലെ മറ്റൊരു ആകർഷണീയത.

*****

(Release ID: 1948275) Visitor Counter : 283