പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
Posted On:
21 JUL 2023 1:40PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രസിഡന്റ് റനിൽ വിക്രമസിംഗെ,
ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
ഹലോ!
ആയുബൊവൻ!
വണക്കം!
പ്രസിഡന്റ് വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ സ്നേഹപൂർവം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് വിക്രമസിംഗെ അധികാരമേറ്റിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ, നമുക്കെല്ലാവർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിനു ഹൃദയംഗമമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഒരുവർഷം ശ്രീലങ്കയിലെ ജനങ്ങൾക്കു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉറ്റസുഹൃത്തെന്ന നിലയിൽ, എല്ലായ്പോഴുമെന്നപോലെ, ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തുകാട്ടിയ ശ്രീലങ്കയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ബന്ധങ്ങൾ നമ്മുടെ നാഗരികതകൾ പോലെ പുരാതനവും വിപുലവുമാണ്. ഇന്ത്യയുടെ “അയൽപക്കക്കാർ ആദ്യം” നയത്തിലും “സാഗർ” കാഴ്ചപ്പാടിലും ശ്രീലങ്കയ്ക്കു പ്രധാനസ്ഥാനമുണ്ട്. ഉഭയകക്ഷി - പ്രാദേശിക - അന്തർദേശീയ വിഷയങ്ങളിൽ ഇന്നു നാം നമ്മുടെ കാഴ്ചപ്പാടുകൾ പങ്കിട്ടു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാ താൽപ്പര്യങ്ങളും വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, പരസ്പരസുരക്ഷയും സംവേദനക്ഷമതയും കണക്കിലെടുത്തു നാം കൂട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
സുഹൃത്തുക്കളേ,
ഇന്നു നാം നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിനായുള്ള മാർഗദർശകരേഖ അംഗീകരിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമുദ്ര-വ്യോമ-ഊർജ സമ്പർക്കസംവിധാനങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുക എന്നതാണു കാഴ്ചപ്പാട്. വിനോദസഞ്ചാരം, ഊർജം, വ്യാപാരം, ഉന്നതവിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ മേഖലകളിൽ പരസ്പരസഹകരണം ത്വരിതപ്പെടുത്തുക എന്നതാണ് ഈ കാഴ്ചപ്പാട്. ശ്രീലങ്കയോടുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിബദ്ധതയുടെ കാഴ്ചപ്പാടാണിത്.
സുഹൃത്തുക്കളേ,
സാമ്പത്തിക-സാങ്കേതിക സഹകരണ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഇരുരാജ്യങ്ങൾക്കും വാണിജ്യ-സാമ്പത്തിക സഹകരണത്തിന്റെ പുതിയ സാധ്യതകൾ തുറക്കും.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വ്യോമഗതാഗതസൗകര്യം വർധിപ്പിക്കാൻ ഞങ്ങൾ ധാരണയായി. വ്യവസായവും ജനങ്ങളുടെ സഞ്ചാരവും വർധിപ്പിക്കുന്നതിന്, തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശൻതുറൈയ്ക്കും ഇടയിൽ യാത്രക്കാർക്കായി ഫെറി സേവനം തുടങ്ങാനും തീരുമാനിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വൈദ്യുതശൃംഖലകളെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ പെട്രോളിയം പൈപ്പ്‌ലൈനിനുള്ള സാധ്യതാപഠനം നടത്തും. ഇതിനുപുറമേ കരപ്പാലത്തിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. ശ്രീലങ്കയിൽ യുപിഐ ആരംഭിക്കാൻ ഇന്ന് ഒപ്പുവച്ച കരാറോടെ സാമ്പത്തികമേഖലയിലെ സാങ്കേതിക സമ്പർക്കസൗകര്യങ്ങളും വർധിക്കും.
സുഹൃത്തുക്കളേ,
മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്നു ഞങ്ങൾ ചർച്ച ചെയ്തു. ഈ വിഷയത്തിൽ മാനുഷികമായ സമീപനത്തോടെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ഞങ്ങൾ ധാരണയായി. ശ്രീലങ്കയിലെ പുനർനിർമാണത്തെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. പ്രസിഡന്റ് വിക്രമസിംഗെ എല്ലാവരെയും ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് എന്നോടു സംസാരിച്ചു.
ശ്രീലങ്കൻ ഗവണ്മെന്റ് തമിഴരുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. സമത്വത്തിനും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പുനർനിർമാണപ്രക്രിയയ്ക്കു നേതൃത്വം നൽകും. പതിമൂന്നാം ഭേദഗതി നടപ്പിലാക്കാനും പ്രവിശ്യാ കൗൺസിൽ തിരഞ്ഞെടുപ്പു നടത്താനുമുള്ള പ്രതിബദ്ധത നിറവേറ്റും. കൂടാതെ ശ്രീലങ്കയിലെ തമിഴ് സമൂഹത്തിന് ആദരവും അന്തസ്സുമുള്ള ജീവിതം ഉറപ്പാക്കും.
സുഹൃത്തുക്കളേ,
നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് ഈ വർഷം പ്രത്യേക പ്രാധാന്യമുണ്ട്. നാം നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. കൂടാതെ, ഇന്ത്യൻ വംശജരായ തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയിട്ട് 200 വർഷം തികയുകയാണ്. ഈ അവസരത്തിൽ ശ്രീലങ്കയിലെ ഇന്ത്യൻ വംശജരായ തമിഴ് പൗരന്മാർക്കായി 75 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കുമെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഇതുകൂടാതെ, ശ്രീലങ്കയുടെ വടക്ക്-കിഴക്കു മേഖലകളിലെ വികസന പരിപാടികൾക്കും ഇന്ത്യ സംഭാവനയേകും.
ബഹുമാനപ്പെട്ട പ്രസിഡന്റ്,
സുസ്ഥിരവും സുരക്ഷിതവും സമൃദ്ധവുമായ ശ്രീലങ്ക എന്നത് ഇന്ത്യയുടെ താൽപ്പര്യം മാത്രമല്ല, ഇന്ത്യൻ മഹാസമുദ്ര മേഖലയുടെയാകെ താൽപ്പര്യമാണ്. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ ശ്രീലങ്കയിലെ ജനങ്ങളോടൊപ്പമുണ്ടെന്ന് ഒരിക്കൽ കൂടി ഞാൻ ഉറപ്പു നൽകുന്നു.
വളരെയധികം നന്ദി.
ND
(Release ID: 1941512)
Visitor Counter : 129
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada