പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ ഏകദേശം 70,000 പേർക്ക് നിയമനക്കുറിപ്പുകൾ വിതരണം ചെയ്തു
“ഇന്ത്യയുടെ ഇന്നത്തെ വളർച്ചായാത്രയിൽ പങ്കാളികളാകാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു”
“ഇന്ന്, ഇന്ത്യ രാഷ്ട്രീയ സ്ഥിരതയ്ക്കു പേരുകേട്ടതാണ്; ഇന്നത്തെ ലോകത്ത് അതിനു വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ഇന്ത്യാഗവണ്മെന്റ് നിർണായക ഗവണ്മെന്റ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് പുരോഗമനപരമായ സാമ്പത്തിക-സാമൂഹ്യ തീരുമാനങ്ങൾക്കു പേരുകേട്ടതാണ് ഗവണ്മെന്റ്”
“ഗവണ്മെന്റ് പദ്ധതികൾ പൗരന്മാരുടെ ക്ഷേമത്തിനു വർധിതഫലം സൃഷ്ടിക്കുന്നു”
“തൊഴിലുകൾക്കായുള്ള ‘റേറ്റ് കാർഡി’ന്റെ കാലം കഴിഞ്ഞു. നിലവിലെ ഗവണ്മെന്റ് യുവാക്കളുടെ ഭാവി ‘സുരക്ഷ’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”
“വിഭജിക്കാനായി ഭാഷയെ ദുരുപയോഗം ചെയ്തിരുന്നു; ഇപ്പോഴത്തെ ഗവണ്മെന്റ് ഭാഷയെ ശക്തമായ തൊഴിൽ മാധ്യമമാക്കി മാറ്റുന്നു”
“ഇപ്പോൾ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച്, ഗവണ്മെന്റ് പൗരന്മാരുടെ വീടുകളിലേക്കെത്തുന്നു”
Posted On:
13 JUN 2023 11:52AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനം. രാജ്യത്തൊട്ടാകെ മേള സംഘടിപ്പിച്ച 43 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന തത്സമയം പ്രദർശിപ്പിച്ചു.
ഇന്ന് 70,000-ത്തിലധികം പേർക്ക് നിയമനക്കുറിപ്പുകൾ കൈമാറുന്നതിനാൽ ദേശീയ തൊഴിൽ മേള നിലവിലെ ഗവണ്മെന്റിന്റെ പുതിയ സ്വത്വമായി മാറിയിട്ടുണ്ടെന്നു സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയും എൻഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ തൊഴിൽ മേളകൾ പതിവായി സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ‘ആസാദി കാ അമൃത് കാൽ’ ആരംഭിച്ചിട്ടേയുള്ളുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ സംഭാവനയേകാൻ അവസരം ലഭിക്കുന്നതിനാൽ ഗവണ്മെന്റ്‌സർവീസിൽ ചേരുന്നവർക്ക് ഇതു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്നും വ്യക്തമാക്കി. “വർത്തമാനകാലത്തിനൊപ്പം, രാജ്യത്തിന്റെ ഭാവിക്കായി നിങ്ങൾ പൂർണമായി സമർപ്പിക്കണം” - പ്രധാനമന്ത്രി പറഞ്ഞു. പുതുതായി നിയമിതരായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശ്രീ മോദി ആശംസകൾ നേർന്നു.
സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മുദ്ര പദ്ധതി, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നടപടികൾ അദ്ദേഹം പരാമർശിച്ചു. ഇപ്പോൾ ഈ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എസ്എസ്‌സി, യുപിഎസ്‌സി, ആർആർബി തുടങ്ങിയ സ്ഥാപനങ്ങൾ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു കൂടുതൽ ജോലികൾ നൽകുന്നു. നിയമനപ്രക്രിയ ലളിതവും സുതാര്യവും സുഗമവുമാക്കുന്നതിലാണ് ഈ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ നിയമന സമയചക്രം 1-2 വർഷത്തിൽനിന്ന് കുറച്ചുമാസങ്ങളായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ ഇന്നത്തെ വളർച്ചായാത്രയിൽ പങ്കാളികളാകാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു” - ഇന്ത്യയിലും സമ്പദ്‌വ്യവസ്ഥയിലും ലോകത്തിനുള്ള വിശ്വാസം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യം, ആഗോള മഹാമാരി, യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തകർച്ച എന്നിവയുൾപ്പെടെ ഇന്നത്തെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയാണെന്നു വ്യക്തമാക്കി. ഉൽപ്പാദനത്തിനും രാജ്യത്തിന്റെ വർധിച്ചുവരുന്ന വിദേശനാണ്യ ശേഖരത്തിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്കു കടന്നുവരുന്നതിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു നടത്തുന്ന വിദേശനിക്ഷേപം ഉൽപ്പാദനം, വിപുലീകരണം, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കു കാരണമാകുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും. അതുവഴി തൊഴിലവസരങ്ങൾ വളരെ വേഗത്തിൽ വർധിക്കും. നിലവിലെ ഗവണ്മെന്റിന്റെ നയങ്ങൾ സ്വകാര്യമേഖലയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാജ്യത്തിന്റെ ജിഡിപിയിൽ 6.5 ശതമാനത്തിലധികം സംഭാവനയേകിയ വാഹനമേഖല ഇതിനുദാഹരണമാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര-ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കുന്നതിലൂടെ രാജ്യത്തെ വാഹനവിപണിയുടെ വളർച്ചയ്ക്കു സാക്ഷ്യം വഹിക്കാൻ കഴിയും. പത്തുവർഷംമുമ്പ് 5 ലക്ഷം കോടിയുണ്ടായിരുന്ന വാഹന വ്യവസായം ഇന്ന് 12 ലക്ഷം കോടിയിലേറെയായി – ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലും വൈദ്യുതവാഹനമേഖലയുടെ വിപുലീകരണം നടക്കുന്നു. പിഎൽഐ പദ്ധതി വാഹനവ്യവസായത്തെയും സഹായിക്കുന്നു” - ഇത്തരം മേഖലകൾ ഇന്ത്യയിലെ ലക്ഷക്കണക്കിനു യുവാക്കൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നു വ്യക്തമാക്കി ശ്രീ മോദി കൂട്ടിച്ചേർത്തു.
ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ കൂടുതൽ സുസ്ഥിരവും സുരക്ഷിതവും ശക്തവുമായ രാജ്യമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും പൊതുജനങ്ങളെ ദുരുപയോഗംചെയ്യലും ഭരണത്തിന്റെ മുഖമുദ്രയായിരുന്ന പോയകാലത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇന്ന്, ഇന്ത്യ രാഷ്ട്രീയ സ്ഥിരതയ്ക്കു പേരുകേട്ടതാണ്; ഇന്നത്തെ ലോകത്ത് അതിനു വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ഇന്ത്യാഗവണ്മെന്റ് നിർണായക ഗവണ്മെന്റ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നു പുരോഗമനപരമായ സാമ്പത്തിക-സാമൂഹ്യ തീരുമാനങ്ങൾക്കു പേരുകേട്ടതാണ് ഗവണ്മെന്റ്” - അദ്ദേഹം പറഞ്ഞു. ജീവിതം സുഗമമാക്കൽ, അടിസ്ഥാനസൗകര്യ വികസനം, വ്യവസായനടത്തിപ്പു സുഗമമാക്കൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആഗോള ഏജൻസികൾ അംഗീകാരമേകിയിട്ടുണ്ട്.
ഭൗതികവും സാമൂഹ്യവുമായ അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു സംസാരിക്കവെ, ജൽ ജീവൻ ദൗത്യത്തിലൂടെ ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഉദാഹരണം പ്രധാനമന്ത്രി നൽകി. ജൽ ജീവൻ ദൗത്യത്തിനായി ഏകദേശം നാലുലക്ഷം കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം അറിയിച്ചു. 100 ഗ്രാമീണ ആവാസവ്യവസ്ഥകളിൽ ശരാശരി 15 എണ്ണത്തിൽ മാത്രം കുടിവെള്ള പൈപ്പ് കണക്ഷൻ ഉണ്ടായിരുന്ന കാലത്താണു ജൽജീവൻ ദൗത്യം ആരംഭിച്ചത്. ഇപ്പോഴത് ഓരോ 100ലും 62 വീട് എന്ന നിലയിൽ വർധിച്ചു. കൂടാതെ പ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. 130 ജില്ലകളിൽ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം പൂർണമായി ലഭിക്കുന്നു. ഇതു സമയം ലാഭിക്കുന്നതിനും ജലജന്യ രോഗങ്ങളിൽനിന്നുള്ള മോചനത്തിനും കാരണമാകുന്നു. വയറിളക്കം മൂലമുള്ള ഏകദേശം 4 ലക്ഷം മരണങ്ങൾ ശുദ്ധജലം തടയുന്നു. ജലപരിപാലനവും രോഗങ്ങളുടെ ചികിത്സയും മറ്റും 8 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ലാഭം തടഞ്ഞതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗവണ്മെന്റ്‌പദ്ധതികൾ പൗരന്മാരുടെ ക്ഷേമത്തിനു വർധിതഫലം സൃഷ്ടിക്കുന്നു. ഇക്കാര്യം പുതുതായി നിയമനം ലഭിച്ചവർ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമനപ്രക്രിയയിലെ കുടുംബവാഴ്ചയുടെയും സ്വജനപക്ഷപാതത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചു ശ്രീ മോദി സംസാരിച്ചു. ഒരു സംസ്ഥാനത്തുനിന്നും കണ്ടെത്തിയ ‘ജോലിക്കു വേണ്ടി പണം കുംഭകോണം’ വിഷയം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി യുവാക്കൾക്ക് ഇത്തരം സംവിധാനത്തെക്കുറിച്ചു മുന്നറിയിപ്പു ൽകി. പുറത്തുവന്ന വിശദാംശങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, റെസ്റ്റോറന്റിലെ മെനു കാർഡിനു സമാനമായി ഓരോ ജോലിക്കും ഒരു ‘റേറ്റ് കാർഡ്’ എങ്ങനെയാണ് തയ്യാറാക്കിയിരുന്നതെന്നും പറഞ്ഞു. അന്നത്തെ റെയിൽവേ മന്ത്രി ജോലിക്കു പകരമായി ഭൂമി കൈക്കലാക്കിയ ‘തൊഴിലിനായി ഭൂമി കുംഭകോണം’ നടത്തിയ കാര്യം പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കേസ് സിബിഐ അന്വേഷിക്കുകയാണെന്നും കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയ്ക്കു നേതൃത്വം നൽകുകയും തൊഴിലിന്റെ പേരിൽ രാജ്യത്തെ യുവാക്കളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ പാർട്ടികളെക്കുറിച്ചു പ്രധാനമന്ത്രി യുവാക്കൾക്കു മുന്നറിയിപ്പു നൽകി. “ഒരുവശത്തു തൊഴിലിനായി ‘റേറ്റ് കാർഡ്’ അവതരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. മറുവശത്ത്, യുവാക്കളുടെ ഭാവി സംരക്ഷിക്കുന്ന നിലവിലെ ഗവണ്മെന്റും. യുവാക്കളുടെ ഭാവി നിയന്ത്രിക്കുന്നതു ‘റേറ്റ് കാർഡാ’ണോ അതോ സുരക്ഷയാണോ എന്ന് ഇപ്പോൾ രാജ്യം തീരുമാനിക്കും” - പ്രധാനമന്ത്രി പറഞ്ഞു.
മറ്റു രാഷ്ട്രീയ കക്ഷികൾ ഭാഷയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതേസമയം ഗവണ്മെന്റ് ഭാഷയെ ശക്തമായ തൊഴിൽ മാധ്യമമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാതൃഭാഷയിൽ നിയമന പരീക്ഷകൾക്ക് ഊന്നൽ നൽകുന്നതു യുവാക്കൾക്കു ഗുണം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതിവേഗം മുന്നേറുന്ന ഇന്നത്തെ ഇന്ത്യയിൽ ഗവണ്മെന്റ് സംവിധാനങ്ങളും ഗവണ്മെന്റ് ജീവനക്കാരുടെ പ്രവർത്തനരീതിയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണ പൗരന്മാർ ഗവണ്മെന്റ് ഓഫീസുകളിലേക്കു വന്നിരുന്ന സമയം അനുസ്മരിച്ച പ്രധാനമന്ത്രി, ഇപ്പോൾ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച്, ഗവണ്മെന്റ് പൗരന്മാരുടെ വീടുകളിലേക്കെത്തുകയാണെന്നു വ്യക്തമാക്കി. പൊതുജനങ്ങളോടു സംവേദനക്ഷമത പുലർത്തിക്കൊണ്ട്, ഗവണ്മെന്റ് ഓഫീസുകളും വകുപ്പുകളും പ്രവർത്തിക്കുന്ന പ്രദേശത്തിന്റെ ആവശ്യങ്ങളും ജനങ്ങളുടെ പ്രതീക്ഷകളും മനസ്സിലാക്കുന്നതിനാണു പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്മെന്റ് സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള ഡിജിറ്റൽ സേവനങ്ങളുടെയും തുടർച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പൊതുജനപരാതിപരിഹാര സംവിധാനത്തിന്റെയും ഉദാഹരണം ശ്രീ മോദി ചൂണ്ടിക്കാട്ടി.
നിയമനം ലഭിക്കുന്നവർ രാജ്യത്തെ പൗരന്മാരോടു തികഞ്ഞ സംവേദനക്ഷമതയോടെ പ്രവർത്തിക്കണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “നിങ്ങൾ ഈ പരിഷ്കാരങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോകണം. ഇതിനെല്ലാം പുറമേ, പഠിക്കാനുള്ള നിങ്ങളുടെ സഹജവാസന നിങ്ങൾ നിലനിർത്തണം” - ശ്രീ മോദി പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തിൽ അടുത്തിടെ ഒരുദശലക്ഷം പിന്നിട്ട ഓൺലൈൻ പോർട്ടലായ iGoT-നെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഓൺലൈൻ പോർട്ടലിൽ ലഭ്യമായ കോഴ്സുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം അവർക്കു പ്രചോദനമേകി. “അമൃതകാലത്തിന്റെ അടുത്ത 25 വർഷത്തെ യാത്രയിൽ, വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിലേക്കു നമുക്ക് ഒരുമിച്ചു മുന്നേറാം” - പ്രധാനമന്ത്രി ഉപസംഹരിച്ചു.
പശ്ചാത്തലം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പാണു തൊഴിൽ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തൊഴിൽമേള ഉത്തേജമായി വർത്തിക്കും. യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഇതു സഹായിക്കും.
പുതുതായി നിയമിതരായവർക്ക് iGOT കർമയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കും. 'എവിടെനിന്നും ഏതു പകരണത്തിലും' പഠിക്കുന്നതിനുള്ള സൗകര്യത്തിനായി 400-ലധികം ഇ-ലേണിങ് കോഴ്സുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
Addressing the Rozgar Mela. Congratulations to the newly inducted appointees. https://t.co/MLd0MAYOok
— Narendra Modi (@narendramodi) June 13, 2023
मैं आज नियुक्ति पत्र पाने वाले सभी युवाओं को बहुत-बहुत बधाई और शुभकामनाएं देता हूं: PM @narendramodi pic.twitter.com/XxJmbOejeh
— PMO India (@PMOIndia) June 13, 2023
आज भारत में प्राइवेट और पब्लिक सेक्टर, दोनों में ही नौकरियों के निरंतर नए मौके बन रहे हैं।
बहुत बड़ी संख्या में हमारे नौजवान स्वरोजगार के लिए भी आगे आ रहे हैं। pic.twitter.com/u2vIjvluhf
— PMO India (@PMOIndia) June 13, 2023
आज पूरी दुनिया हमारी विकास यात्रा में साथ चलने के लिए तत्पर है। pic.twitter.com/MVHMtsZ0dq
— PMO India (@PMOIndia) June 13, 2023
आज भारत एक दशक पहले की तुलना में ज्यादा स्थिर, सुरक्षित और मजबूत देश है। pic.twitter.com/71d0PTBWqW
— PMO India (@PMOIndia) June 13, 2023
आज भारत सरकार की पहचान उसके निर्णायक फैसलों से होती है।
आज भारत सरकार की पहचान उसके आर्थिक और सामाजिक सुधारों से हो रही है। pic.twitter.com/jT6834bB9x
— PMO India (@PMOIndia) June 13, 2023
***
--ND--
(Release ID: 1931911)
Visitor Counter : 108
Read this release in:
Bengali
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada