പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ സന്ദർശനം

Posted On: 16 MAY 2023 5:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമ സന്ദർശിക്കും. ജപ്പാന്റെ അധ്യക്ഷതയ്ക്കുകീഴിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയുടെ ക്ഷണപ്രകാരമാണു ശ്രീ മോദി ഹിരോഷിമയിലെത്തുന്നത്. സുസ്ഥിരഭൂമിയുടെ സമാധാനം, സ്ഥിരത, സമൃദ്ധി; ഭക്ഷണം, വളം, ഊർജസുരക്ഷ; ആരോഗ്യം; ലിംഗസമത്വം; കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും; അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ; വികസനസഹകരണം തുടങ്ങിയ വിഷയങ്ങളിൽ പങ്കാളിത്ത രാജ്യങ്ങളുമായുള്ള ജി-7 സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും.

ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫുമിയോയുമായി പ്രധാനമന്ത്രി ശ്രീ മോദി ഉഭയകക്ഷിചർച്ച നടത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു ചില നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

തുടർന്ന്, പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയിലേക്കു പോകും. അവിടെ അദ്ദേഹം 2023 മെയ് 22നു പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയ്‌ക്കൊപ്പം ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. 2014ൽ തുടക്കംകുറിച്ച എഫ്ഐപിഐസിയിൽ ഇന്ത്യയും കുക്ക് ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, ഫിജി, കിരിബാത്തി, നൗറു, നിയു, പലാവു, പാപുവ ന്യൂ ഗിനിയ, റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡ്സ്, സമോവ, സോളമൻ ദ്വീപുകൾ, ടോംഗ, തുവാലു, വാനുവാട്ടു എന്നീ 14 പസഫിക് ദ്വീപ് രാജ്യങ്ങളും (പിഐസികൾ) ഉൾപ്പെടുന്നു.

പാപുവ ന്യൂ ഗിനിയയിൽ ഗവർണർ ജനറൽ സർ ബോബ് ഡാഡെ, പ്രധാനമന്ത്രി ജെയിംസ് മറാപ്പെ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടെ, പ്രധാനമന്ത്രി ശ്രീ മോദി ഉഭയകക്ഷിചർച്ചകൾ നടത്തും.  ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്.

അതിനുശേഷം, 2023 മെയ് 22 മുതൽ 24 വരെ പ്രധാനമന്ത്രി ശ്രീ മോദി ഓസ്ട്രേലിയയിലെ സിഡ്നി സന്ദർശിക്കും. ക്വാഡ് നേതൃതല ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ക്ഷണപ്രകാരമാണു ശ്രീ മോദി സിഡ്നി സന്ദർശിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ജൂനിയർ, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്ന‌ിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനും സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക്കിനായുള്ള കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിനും ഉച്ചകോടി അവസരമൊരുക്കും.

സന്ദർശനവേളയിൽ, 2023 മെയ് 24ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസുമായി പ്രധാനമന്ത്രി ശ്രീ മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഓസ്ട്രേലിയൻ സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും സംവദിക്കുന്ന ശ്രീ മോദി, 2023 മെയ് 23നു സിഡ്‌നിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ND



(Release ID: 1925069) Visitor Counter : 92