പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി 12ന് രാജസ്ഥാനും ഫെബ്രുവരി 13ന് കർണാടകവും സന്ദർശിക്കും
രാജസ്ഥാനിലെ ദൗസയിൽ 18,100 കോടിയിലധികം രൂപയുടെ റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്യും
ഡൽഹി-മുംബൈ അതിവേഗ പാതയുടെ ഡൽഹി – ദൗസ – ലാൽസോട്ട് ഭാഗം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും; ഇത് ഡൽഹിയിൽ നിന്ന് ജയ്പുരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയ്ക്കും.
എയ്‌റോ ഇന്ത്യ 2023ന്റെ 14-ാം പതിപ്പ് ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിലും വിദേശ കമ്പനികളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും എയ്‌റോ ഇന്ത്യ 2023 ശ്രദ്ധ കേന്ദ്രീകരിക്കും
Posted On:
11 FEB 2023 10:14AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 12ന് രാജസ്ഥാനും ഫെബ്രുവരി 13ന് കർണാടകവും സന്ദർശിക്കും.
ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 3ന് ദൗസയിൽ എത്തുന്ന അദ്ദേഹം 18,100 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്യും.
ഫെബ്രുവരി 13ന് രാവിലെ 9.30ന് അദ്ദേഹം ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിൽ എയ്‌റോ ഇന്ത്യ 2023ന്റെ 14-ം പതിപ്പ് ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ദൗസയിൽ
പുതിയ ഇന്ത്യയിലെ വളർച്ചയുടെയും വികസനത്തിന്റെയും സമ്പർക്കസൗകര്യങ്ങളുടെയും എൻജിനെന്ന നിലയിൽ മികച്ച റോഡ് അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഊന്നൽ രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ലോകോത്തര അതിവേഗപാതകളുടെ നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. അത്തരത്തിലുള്ള സുപ്രധാന പദ്ധതിയാണ് ഡൽഹി - മുംബൈ അതിവേഗപാത. അതിന്റെ പൂർത്തിയാക്കിയ ആദ്യ ഭാഗമായ ഡൽഹി - ദൗസ - ലാൽസോട്ട് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
ഡൽഹി - മുംബൈ അതിവേഗപാതയുടെ 246 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - ദൗസ - ലാൽസോട്ട് ഭാഗം 12,150 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. ഈ ഭാഗം പ്രവർത്തനക്ഷമമാകുന്നത് ഡൽഹിയിൽ നിന്ന് ജയ്പുരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് ഏകദേശം 3.5 മണിക്കൂറായി കുറയ്ക്കുകയും പ്രദേശത്തിന്റെയാകെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുകയും ചെയ്യും.
1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - മുംബൈ അതിവേഗപാതയാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗ പാത. ഇതുവഴി ഡൽഹിയും മുംബൈയും തമ്മിലുള്ള യാത്രാദൂരം 1,424 കിലോമീറ്ററിൽ നിന്ന് 1,242 കിലോമീറ്ററെന്ന നിലയിൽ 12% കുറയും. യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറെന്ന നിലയിൽ 50% കുറയുകയും ചെയ്യും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാത കോട്ട, ഇൻഡോർ, ജയ്പുർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. 93 പിഎം ഗതി ശക്തി സാമ്പത്തിക നോഡുകൾ, 13 തുറമുഖങ്ങൾ, 8 പ്രധാന വിമാനത്താവളങ്ങൾ, 8 ബഹുതല ലോജിസ്റ്റിക് പാർക്കുകൾ (എംഎംൽപി) എന്നിവയ്ക്കൊപ്പം, വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജേവർ വിമാനത്താവളം, നവി മുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവയ്ക്കും അതിവേഗ പാത പ്രയോജനപ്പെടും. അതിവേഗപാത എല്ലാ സമീപ പ്രദേശങ്ങളുടെയും വികസന പാതയിൽ ഉത്തേജകമാകുകയും ചെയ്യും. അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ വലിയ പങ്കുവഹിക്കും.
പരിപാടിയിൽ 5940 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന 247 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 2000 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ബാന്ദിക്കുയി മുതൽ ജയ്പുർ വരെയുള്ള 67 കിലോമീറ്റർ നീളമുള്ള നാലുവരി സ്പർ റോഡ്, ഏകദേശം 3775 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന കോട്‌പൂത്‌ലി മുതൽ ബറവോദാനിയോ വരെയുള്ള ആറുവരി സ്പർ റോഡ്, 150 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ലാൽസോട്ട് - കരോളി സെക്ഷന്റെ രണ്ടുവരിപ്പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി ബെംഗളൂരുവിൽ
എയ്‌റോ ഇന്ത്യ 2023ന്റെ 14-ാം പതിപ്പ് ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ” എന്നതാണ് എയ്‌റോ ഇന്ത്യ 2023ന്റെ പ്രമേയം.
‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനും പരിപാടി ഊന്നൽ നൽകും. രൂപകൽപ്പന നേതൃത്വം, യുഎവി മേഖലയിലെ വളർച്ച, ഡിഫൻസ് സ്‌പേസ്, ഭാവി സാങ്കേതികവിദ്യകൾ എന്നിവയിലെ രാജ്യത്തിന്റെ പുരോഗതി ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനാൽ ഇന്ത്യൻ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് പ്രധാനമന്ത്രി നൽകുന്ന ഊന്നലും പ്രകടമാകും. കൂടാതെ, ലഘു പോർ വിമാനം (എൽസിഎ)-തേജസ്, എച്ച്ടിടി-40, ഡോർനിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച്), ലഘു യുദ്ധ ഹെലികോപ്റ്റർ (എൽസിഎച്ച്), അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തുടങ്ങിയ തദ്ദേശീയ വ്യോമ പ്ലാറ്റ്‌ഫോമുകളുടെ കയറ്റുമതിയും പരിപാടി പ്രോത്സാഹിപ്പിക്കും. ആഗോള വിതരണ ശൃംഖലയിൽ ആഭ്യന്തര എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും സമന്വയിപ്പിക്കുന്നതിനും സഹ-വികസനത്തിനും സഹ ഉൽപ്പാദനത്തിനുമുള്ള പങ്കാളിത്തം ഉൾപ്പെടെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പരിപാടി സഹായിക്കും.
എയ്‌റോ ഇന്ത്യ 2023ൽ 80-ലധികം രാജ്യങ്ങൾ പങ്കെടുക്കും. ഏകദേശം 30 രാജ്യങ്ങളിലെ മന്ത്രിമാരും ആഗോള, ഇന്ത്യൻ ഒഇഎമ്മുകളുടെ 65 സിഇഒമാരും എയ്‌റോ ഇന്ത്യ 2023ൽ പങ്കെടുക്കും.
എയ്‌റോ ഇന്ത്യ 2023 പ്രദർശനത്തിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800ലധികം പ്രതിരോധ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ കമ്പനികളിൽ എംഎസ്‌എംഇകളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തെ മികച്ച സാങ്കേതികവിദ്യകളുടെ പുരോഗതിയും എയ്റോസ്പേസ്, പ്രതിരോധശേഷി എന്നിവയുടെ വളർച്ചയും പ്രദർശിപ്പിക്കും. എയർബസ്, ബോയിംഗ്, ദസോൾട്ട് ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്‌ട്രി, ബ്രഹ്മോസ് എയ്റോസ്പേസ്, ആർമി ഏവിയേഷൻ, എച്ച്‌സി റോബോട്ടിക്സ്, സാബ്, സഫ്രാൻ, റോൾസ് റോയ്സ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഭാരത് ഫോർജ് ലിമിറ്റഡ്, എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്,(ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ബിഇഎംഎൽ ലിമിറ്റഡ് എന്നിവയാണ് എയ്റോ ഇന്ത്യയിലെ പ്രധാന പ്രദർശകർ.
-ND-
(Release ID: 1898217)
Visitor Counter : 193
Read this release in:
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu