പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജോഷിമഠ് സ്ഥിതിഗതികൾ സംബന്ധിച്ചു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉന്നതതല അവലോകനം നടത്തി

Posted On: 08 JAN 2023 6:50PM by PIB Thiruvananthpuram

ദേശീയ ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തന‌ിവാരണ ഇൻസ്റ്റിറ്റ്യൂട്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഐഐടി റൂർക്കി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ദേശീയ ഹൈഡ്രോളജി ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥിതിഗതികൾ പഠിച്ചു നിർദേശങ്ങൾ നൽകും
 

ജോഷിമഠിൽ കെട്ടിടങ്ങൾക്കു വിള്ളലുണ്ടാകുന്നതും ഭൂമി ഇടിഞ്ഞുതാഴുന്നതും സംബന്ധിച്ച്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര 2023 ജനുവരി 8ന് ഉന്നതതല അവലോകനം നടത്തി. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കേന്ദ്രഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ഡിജിപി, ജോഷിമഠ് ഡിഎം, മറ്റുദ്യോഗസ്ഥർ, ഉത്തരാഖണ്ഡിലെ ഉന്നതോദ്യോഗസ്ഥർ, ഐഐടി റൂർക്കിയിലെയും ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടി‌ലെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെയും വിദഗ്ധർ എന്നിവർ വിദൂരദൃശ്യസംവിധാനത്തിലൂടെ അവലോകനത്തിൽ പങ്കെടുത്തു. 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കാകുലനാണെന്നും മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. 

കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധരുടെ പിന്തുണയോടെ സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അറിയിച്ചു. ഏകദേശം 350 മീറ്റർ വീതിയുള്ള കരഭാഗമാണു ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. എൻഡിആർഎഫിന്റെ ഒരു സംഘവും എസ്ഡിആർഎഫിന്റെ നാലു സംഘങ്ങളും ജോഷിമഠിൽ എത്തിയിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിത്താമസിപ്പിക്കുന്നതിനായി, ആവശ്യമായ ഭക്ഷണവും പാർപ്പിടവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ശ്രമത്തിലാണു ജില്ലാ ഭരണസംവിധാനം. എസ്ഡിആർഎഫ് എസ്‌പിയും കമാൻഡ്‌മെന്റും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. സംഭവവികാസങ്ങൾ ജോഷിമഠ് നിവാസികളെ അറിയിക്കുകയും അവരുടെ സഹകരണം തേടുകയും ചെയ്യുന്നുണ്ട്. ഹ്രസ്വകാല-ഇടക്കാല-ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ വിദഗ്ധരുടെ ഉപദേശവും തേടുകയാണ്. 

ഇതിനുപുറമെ, ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയും എൻ‌ഡി‌എം‌എയുടെ നാലംഗങ്ങളും ജനുവരി 9ന് (നാളെ) ഉത്തരാഖണ്ഡ് സന്ദർശിക്കും. ജോഷിമഠിൽനിന്നു മടങ്ങുന്ന സാങ്കേതികസംഘങ്ങളുടെ (എൻഡിഎംഎ, എൻഐഡിഎം, എൻഡിആർഎഫ്, ജിഎസ്ഐ, എൻഐഎച്ച്, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടി റൂർക്കി) കണ്ടെത്തലുകൾ അവർ വിശദമായി വിലയിരുത്തും. സ്ഥിതിഗതികൾക്കു പരിഹരമായി അടിയന്തര, ഹ്രസ്വകാല-ഇടക്കാല-ദീർഘകാല പ്രവർത്തനങ്ങളുടെ കാര്യത്തിൽ സംസ്ഥാന ഗവണ്മെന്റിനുവേണ്ട ഉപദേശങ്ങളും നൽകും.

ദുരിതബാധിതമേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയായിരിക്കണം സംസ്ഥാനത്തിന്റെ അടിയന്തര മുൻഗണനയെന്നു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഊന്നിപ്പറഞ്ഞു. ദുരിതബാധിതരുമായി വ്യക്തവും നിരന്തരവുമായ ആശയവിനിമയമാർഗം സംസ്ഥാന ഗവണ്മെന്റ് സ്ഥാപിക്കണം. സാധ്യമാകുന്ന പ്രായോഗിക നടപടികളിലൂടെ സ്ഥിതിഗതികൾ വഷളാകുന്നതു തടയാൻ ഉടൻ ശ്രമിക്കണം. ദുരിതബാധിതപ്രദേശത്തെക്കുറിച്ചു വകുപ്പുതല അന്വേഷണം നടത്തണം. ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻഡിഎംഎ), ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐഡിഎം), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂർക്കി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (ഡബ്ല്യുഐഎച്ച്ജി), ദേശീയ ഹൈഡ്രോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻഐഎച്ച്), സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) എന്നീ കേന്ദ്രസ്ഥാപനങ്ങളിലെ വിദഗ്ധർ, ഉത്തരാഖണ്ഡ് സംസ്ഥാനവുമായി ചേർന്ന് “ഗവണ്മെന്റൊന്നാകെ”യെന്ന മനോഭാവത്തോടെ പ്രവർത്തിക്കണം. കൃത്യമായ സമയബന്ധിത പുനർനിർമാണപദ്ധതി തയ്യാറാക്കണം. തുടർച്ചയായ ഭൂകമ്പനിരീക്ഷണം നടത്തണം. ഈ അവസരം ഉപയോഗപ്പെടുത്തി ജോഷിമഠിനുവേണ്ടി, അപകടങ്ങളോടു ദ്രുതഗതിയിൽ പ്രതികരിക്കുംവിധമുള്ള നഗരവികസന പദ്ധതിയും വികസിപ്പിക്കണം.

 

--ND--



(Release ID: 1889617) Visitor Counter : 157