പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ കേവഡിയയിൽ ഏകതാ നഗറിലെ ഏകതാപ്രതിമയ്ക്കരികിൽ ലൈഫ് ദൗത്യത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചു
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുറ്റെറസിനൊപ്പം ഉഭയകക്ഷിയോഗത്തിൽ പങ്കെടുത്തു
പുതിയ സംരംഭത്തിനു ലോകനേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയുംചെയ്തു
പരിസ്ഥിതിസംരക്ഷണനയങ്ങൾ പിന്തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വളരെയേറെ പ്രചോദനപ്രദമാണ്: യുഎൻ സെക്രട്ടറി ജനറൽ
ഗുറ്റെറസിനു ഗോവയുമായി പൂർവികബന്ധമുണ്ട്; അദ്ദേഹത്തെ ഗുജറാത്തിലേക്കു സ്വാഗതംചെയ്യുന്നതു കുടുംബാംഗത്തെ സ്വാഗതംചെയ്യുന്നതിനു തുല്യമാണ്: പ്രധാനമന്ത്രി
"കാലാവസ്ഥാവ്യതിയാനം നയരൂപീകരണത്തിനും അതീതമായിക്കഴിഞ്ഞു"
"ലൈഫ് ദൗത്യം കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനകീയമാക്കുന്നു; ഏവർക്കും അതിൽ സംഭാവനയേകാനാകും"
"ലൈഫ് ദൗത്യം നമ്മെയേവരെയും പരിസ്ഥിതിയുടെ ചുമതലക്കാരാക്കുന്നു"
"ലൈഫ് ദൗത്യം ഭൂമിയിലെ ജനങ്ങളെ പരിസ്ഥിതിസൗഹൃദജീവിതം നയിക്കാൻ സഹായിക്കും"
"'ഉപയോഗംകുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം' എന്നിവയും ചാക്രികസമ്പദ്‌വ്യവസ്ഥയും ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യക്കാരുടെ ജീവിതശൈലിയുടെ ഭാഗമാണ്"
"പുരോഗതിയും പ്രകൃതിയും കൈകോർക്കുന്നതെങ്ങനെ എന്നതിന്റെ പ്രധാന ഉദാഹരണമായി ഇന്ത്യ മാറി"
"ഇന്ത്യയും ഐക്യരാഷ്ട്രസഭയും യോജിച്ചുപ്രവർത്തിച്ചപ്പോഴെല്ലാം ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തി"
Posted On:
20 OCT 2022 1:12PM by PIB Thiruvananthpuram
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുറ്റെറസുമായി ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. തുടർന്ന് ഗുജറാത്തിലെ കേവഡിയയിലെ ഏകതാ നഗറിലെ ഏകതാപ്രതിമയ്ക്കരികിൽ ലൈഫ് ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു. പ്രധാനമന്ത്രിയും യുഎൻ സെക്രട്ടറി ജനറലും ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലൈഫ് ദൗത്യം സമാരംഭിച്ചതിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ എല്ലാ മേഖലകളെയും പ്രതിനിധാനംചെയ്യുന്ന 11 രാഷ്ട്രത്തലവന്മാർ നൽകിയ വീഡിയോസന്ദേശങ്ങളും പ്രദർശിപ്പിച്ചു.
സദസിനെ അഭിസംബോധനചെയ്യവേ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുറ്റെറസിന് ഇന്ത്യ രണ്ടാംവീടുപോലെയാണെന്നും ചെറുപ്പകാലത്ത് അദ്ദേഹം പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഗോവ സംസ്ഥാനവുമായി ഗുറ്റെറസിനു പൂർവികപരമായി ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദർശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയതിനു ഗുറ്റെറസിനു നന്ദിപറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തെ ഗുജറാത്തിലേക്കു സ്വാഗതംചെയ്യുന്നതു കുടുംബാംഗത്തെ സ്വാഗതംചെയ്യുന്നതുപോലെയാണെന്നും വ്യക്തമാക്കി.
ലൈഫ് ദൗത്യം എന്ന സംരംഭം ഏറ്റെടുക്കുന്നതിൽ ഇന്ത്യക്കു ലഭിച്ച പിന്തുണയിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അനുഗൃഹീതവേളയിൽ അഭിനന്ദനസന്ദേശങ്ങളയച്ച എല്ലാ രാഷ്ട്രത്തലവന്മാർക്കും നന്ദിയറിയിക്കുകയുംചെയ്തു. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി, ഇന്ത്യയുടെ അഭിമാനമായ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ബൃഹദ് പ്രതിമയായ ഏകതാപ്രതിമയുടെ മുന്നിലാണു ലൈഫ് ദൗത്യം സമാരംഭിക്കുന്നതെന്നു ശ്രീ മോദി പറഞ്ഞു. "നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രചോദനത്തിന്റെ ഉറവിടമാകും ലോകത്തിലെ ഏറ്റവും വലിയ പ്രതിമ"- അദ്ദേഹം പറഞ്ഞു.
“മാനദണ്ഡങ്ങൾ അസാധാരണമാകുമ്പോൾ നേട്ടങ്ങളും വളരെ വലുതാകും”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്തിലാണു സമാരംഭം എന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി, പുനരുൽപ്പാദക ഊർജത്തിന്റെയും കാലാവസ്ഥാസംരക്ഷണത്തിന്റെയും ദിശയിൽ നടപടികൾ തുടങ്ങിയ രാജ്യത്തെ ആദ്യസംസ്ഥാനമാണു ഗുജറാത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. കനാലുകളിൽ സൗരപാനലുകൾ സ്ഥാപിക്കുന്നതോ, അതല്ലെങ്കിൽ സംസ്ഥാനത്തെ വരൾച്ചബാധിതപ്രദേശങ്ങളിൽ ജലസംരക്ഷണപദ്ധതികൾ ആരംഭിക്കുന്നതോ ആകട്ടെ, ഇതിലെല്ലാം, ഗുജറാത്ത് എല്ലായ്പോഴും മുൻനിരയിലാണെന്നും പുതിയ പ്രവണതകൾ കൊണ്ടുവരുന്നെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം നയവുമായിമാത്രം ബന്ധപ്പെട്ട വിഷയമാണെന്നതരത്തിൽ ധാരണ ശക്തിപ്പെട്ടതിലേക്കു വിരൽചൂണ്ടി, ഈ സുപ്രധാന വിഷയം ഗവണ്മെന്റിനോ അന്താരാഷ്ട്ര സംഘടനകൾക്കോമാത്രം വിട്ടുകൊടുക്കുന്ന ചിന്താപ്രക്രിയയിലേക്കു നയിച്ചിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങൾ അവരുടെ ചുറ്റുപാടിൽ അനുഭവിച്ചുവരികയാണെന്നും, കഴിഞ്ഞ ഏതാനും ദശകങ്ങളിൽ അപ്രതീക്ഷിതമായ ദുരന്തങ്ങൾക്കു സാക്ഷ്യംവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം നയരൂപീകരണത്തിന് അതീതമായിക്കഴിഞ്ഞെന്നും വ്യക്തിയെന്നനിലയിലും കുടുംബമെന്നനിലയിലും സമൂഹമെന്നനിലയിലും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും ജനങ്ങൾ സ്വയംതിരിച്ചറിഞ്ഞെന്ന് ഇതു വ്യക്തമാക്കുന്നു.
"ലൈഫ് ദൗത്യത്തിന്റെ സന്ദേശം 'പരിസ്ഥിതിസൗഹൃദജീവിതശൈലി' എന്നതാണ്"- പ്രധാനമന്ത്രി പറഞ്ഞു. ലൈഫ് ദൗത്യത്തിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അത് ഈ ഭൂമിയുടെ സംരക്ഷണത്തിനായി ജനങ്ങളുടെ ശക്തിയെ കൂട്ടിയിണക്കുന്നുവെന്നും അതു മികച്ച രീതിയിൽ ഉപയോഗിക്കാൻ അവരെ പഠിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. ലൈഫ് ദൗത്യം കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനകീയമാക്കുന്നുവെന്നും അതിൽ ഏവർക്കും അവരുടെ കഴിവിനനുസരിച്ചു സംഭാവനയേകാമെന്നും അദ്ദേഹം പറഞ്ഞു. “പരിസ്ഥിതി സംരക്ഷിക്കുന്നതിനായി നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ലൈഫ് ദൗത്യം നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുമെന്നും ലൈഫ് ദൗത്യം കരുതുന്നു”- പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി ബിൽ കുറയ്ക്കുന്നതിനും പരിസ്ഥിതിസംരക്ഷണത്തിനുമായി ഇന്ത്യയിൽ എൽഇഡി ബൾബുകൾ സ്വീകരിച്ചതിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇതു വലിയ ലാഭത്തിനും പാരിസ്ഥിതികനേട്ടങ്ങൾക്കും കാരണമായി. ഇത് ആവർത്തിക്കുന്ന, സ്ഥിരമായ നേട്ടമാണ്"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമാണു ഗുജറാത്തെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, പരിസ്ഥിതിസംരക്ഷണത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം വളരെക്കാലംമുമ്പു മനസിലാക്കിയ ചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹമെന്നു ചൂണ്ടിക്കാട്ടി. "ഭാരവാഹിത്വം എന്ന ആശയം അദ്ദേഹം വികസിപ്പിച്ചെടുത്തു. ലൈഫ് ദൗത്യം നമ്മെ എല്ലാവരെയും പരിസ്ഥിതിയുടെ ചുമതലക്കാരാക്കുന്നു. വിഭവങ്ങളുടെ വിവേചനരഹിതമായ ഉപയോഗം അനുവദിക്കാത്ത വ്യക്തിയാണു ചുമതലക്കാരൻ. ചുമതലക്കാരൻ ചൂഷകനായല്ല; മറിച്ച്, പരിപാലകനായാണു പ്രവർത്തിക്കുന്നത്"- പ്രധാനമന്ത്രി പറഞ്ഞു.
ലൈഫ് ദൗത്യം പി3 മാതൃകയുടെ, അതായത് പരിസ്ഥിതിസൗഹൃദജനങ്ങളുടെ (പ്രോ പ്ലാനറ്റ് പീപ്പിൾ) ചൈതന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ലൈഫ് ദൗത്യം, ഭൂമിയിലെ ജനങ്ങളെ ഭൗമാനുകൂലമനുഷ്യരായി ഒന്നിപ്പിക്കുന്നു. അവരെ എല്ലാവരെയും അവരുടെ ചിന്തകളിൽ കൂട്ടിയിണക്കുന്നു. 'ഭൂമിയുടെ ജീവിതശൈലി, ഭൂമിക്കായി ഭൂമിക്കുവേണ്ടി' എന്നീ അടിസ്ഥാനതത്വങ്ങളിലാണ് ഇതു പ്രവർത്തിക്കുന്നത്. ഭൂതകാലത്തിലെ തെറ്റുകളിൽനിന്നു പാഠമുൾക്കൊള്ളുന്നതിലൂടെയേ ഭാവിയിലേക്കുള്ള വഴി തുറക്കാനാകൂവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിനുവർഷങ്ങളായി ഇന്ത്യക്കു പ്രകൃതിയെ ആരാധിക്കുന്ന പാരമ്പര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജലം, ഭൂമി, നാട്, അഗ്നി തുടങ്ങിയ പ്രകൃതിയുടെ മൂലകങ്ങളുടെ പ്രാധാന്യം വേദങ്ങൾ കൃത്യമായി പരാമർശിക്കുന്നു. "മാതാ ഭൂമിഃ പുത്രോഹം പൃഥിവ്യഃ അതായത്, ഭൂമി നമ്മുടെ അമ്മയാണ്. നാം അവളുടെ മക്കളും"- അഥർവവേദം ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു.
'ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം' എന്ന ആശയത്തെക്കുറിച്ചും ചാക്രികസമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി ആയിരക്കണക്കിനു വർഷങ്ങളായി ഇത് ഇന്ത്യക്കാരുടെ ജീവിതശൈലിയുടെ ഭാഗമാണെന്നും വ്യക്തമാക്കി. ലോകത്തിന്റെ മറ്റുഭാഗങ്ങളെക്കുറിച്ചു സംസാരിക്കവേ, പ്രകൃതിയുമായി ഇണങ്ങി നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഇത്തരം ആചാരങ്ങൾ വ്യാപകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ പൂർവികർ സ്വീകരിച്ച പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജീവിതശൈലികളും ലൈഫ് ദൗത്യം ഉൾക്കൊള്ളും. അത് ഇന്നത്തെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കാം"- അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനവിപത്തുകളെ നേരിടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. "ഇന്ന് ഇന്ത്യയിലെ പ്രതിശീർഷ 'കാർബൺ കാൽപ്പാട്', പ്രതിവർഷം 4 ടണ്ണെന്ന ലോകശരാശരിയുമായി താരതമ്യംചെയ്യുമ്പോൾ ഏകദേശം 1.5 ടൺ മാത്രമാണ്."- പ്രധാനമന്ത്രി പറഞ്ഞു. എങ്കിലും, കാലാവസ്ഥാവ്യതിയാനംപോലുള്ള ആഗോളപ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുൻനിരയിൽത്തന്നെ പ്രവർത്തിക്കുന്നു. ഉജ്വല യോജന, എല്ലാ ജില്ലകളിലും 75 ‘അമൃത സരോവരങ്ങൾ’ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി പാഴ്‌വസ്തുക്കളിൽനിന്നു സമ്പത്ത് എന്നതിനു അഭൂതപൂർവമായ ഊന്നൽ നൽകുന്നതിനെക്കുറിച്ചും വ്യക്തമാക്കി. ഇന്ന്, പുനരുൽപ്പാദക ഊർജശേഷിയുടെ കാര്യത്തിൽ ലോകത്തിൽ നാലാമതാണ് ഇന്ത്യ. “ഇന്നു നാം കാറ്റിൽനിന്നുള്ള ഊർജത്തിൽ നാലാംസ്ഥാനത്തും സൗരോർജത്തിൽ അഞ്ചാംസ്ഥാനത്തുമാണ്. കഴിഞ്ഞ 7-8 വർഷത്തിനിടയിൽ ഇന്ത്യയുടെ പുനരുൽപ്പാദക ഊർജശേഷി ഏകദേശം 290 ശതമാനം വർധിച്ചു. ഫോസിലേതര ഇന്ധനസ്രോതസുകളിൽനിന്നു വൈദ്യുതശേഷിയുടെ 40 ശതമാനം കൈവരിക്കുക എന്ന ലക്ഷ്യവും നിശ്ചയിച്ച സമയപരിധിക്ക് 9 വർഷംമുമ്പുതന്നെ ഞങ്ങൾ നേടി. പെട്രോളിൽ 10 ശതമാനം എഥനോൾ മിശ്രണം എന്ന ലക്ഷ്യത്തിലും ഞങ്ങളെത്തി. അതും നിശ്ചിതസമയത്തിന് 5 മാസംമുമ്പ്. ദേശീയ ഹൈഡ്രജൻ ദൗത്യത്തിലൂടെ ഇന്ത്യ പരിസ്ഥിതിസൗഹൃദ ഊർജസ്രോതസിലേക്കു നീങ്ങി. ഇത് ഇന്ത്യയെയും ലോകത്തിലെ പല രാജ്യങ്ങളെയും കാർബൺ പുറന്തള്ളൽരഹിതമെന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുരോഗതിയും പ്രകൃതിയും കൈകോർക്കുന്നതെങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണമായി ഇന്ത്യ മാറിയിരിക്കുന്നു. ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. നമ്മുടെ വനമേഖലയും വന്യജീവികളുടെ എണ്ണവും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകസൂര്യൻ, ഏകലോകം, ഏകശൃംഖല എന്ന ആഗോള ക്യാമ്പയിൻ ഉയർത്തിക്കാട്ടി, അത്തരം ലക്ഷ്യങ്ങളിലേക്കുള്ള ദൃഢനിശ്ചയത്തിനു കരുത്തുപകരുന്നതിനൊപ്പം ലോകവുമായുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനും ഇന്ത്യ ഇപ്പോൾ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള കൂട്ടായ്മയുടെ രൂപീകരണത്തിനു നേതൃത്വം നൽകിയതിലൂടെ, പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള ആശയം ഇന്ത്യ ലോകത്തിനു കൈമാറി. ഈ പരമ്പരയിലെ അടുത്ത ഘട്ടമാണ് ലൈഫ് ദൗത്യം”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയും ഐക്യരാഷ്ട്രസഭയും യോജിച്ചുപ്രവർത്തിച്ചപ്പോഴെല്ലാം ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: "ഇന്ത്യ അന്താരാഷ്ട്ര യോഗാദിനം നിർദേശിച്ചു. അതിന് ഐക്യരാഷ്ട്രസഭയുടെ പിന്തുണ ലഭിച്ചു. ഇന്ന് ഇതു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുപേരെ ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രചോദിപ്പിക്കുന്നു". ഐക്യരാഷ്ട്രസഭയ്ക്ക് അഗാധമായ പിന്തുണ ലഭിച്ച അന്താരാഷ്ട്ര ചെറുകിട നാടൻ ധാന്യങ്ങളുടെ വർഷം ഉദാഹരണമാക്കി, പരമ്പരാഗതവും പരിസ്ഥിതിസൗഹൃദവുമായ നാടൻ ധാന്യങ്ങളുമായി ലോകത്തെ കൂട്ടിയിണക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷം അന്താരാഷ്ട്ര ചെറുകിട ധാന്യവർഷം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ദൗത്യം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രകൃതി രക്ഷതി രക്ഷിതാ എന്ന ഈ സന്ദേശം നാം ഓർക്കണം. അതായത്, പ്രകൃതിയെ സംരക്ഷിക്കുന്നവരാരോ, അവരെ പ്രകൃതി സംരക്ഷിക്കുന്നു. നമ്മുടെ ലൈഫ് ദൗത്യം പിന്തുടരുന്നതിലൂടെ നാം മികച്ച ലോകം കെട്ടിപ്പടുക്കുമെന്നു ഞാൻ കരുതുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ഗ്രഹം പ്രതിസന്ധിയിലായ ഈ സമയത്ത്, ഏവരും കൈകോർത്തുപ്രവർത്തിക്കേണ്ടതുണ്ടെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുറ്റെറസ് പറഞ്ഞു. 'പരിസ്ഥിതിസൗഹൃദ ജീവിതശൈലി' എന്ന ലൈഫ് സംരംഭം അത്യന്താപേക്ഷിതവും പ്രതീക്ഷയേകുന്നതുമായ യാഥാർഥ്യങ്ങൾ ഉയർത്തിക്കാട്ടാൻ രൂപകൽപ്പന ചെയ്തതാണ്. നമുക്കേവർക്കും, വ്യക്തികൾക്കും സമൂഹങ്ങൾക്കും, നമ്മുടെ ഗ്രഹത്തെയും നമ്മുടെ കൂട്ടായ ഭാവിയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിവിധിയുടെ ഭാഗമാകാം. എല്ലാത്തിനുമുപരി, കാലാവസ്ഥ, മാറ്റം, ജൈവവൈവിധ്യനഷ്ടം, മലിനീകരണം എന്നിങ്ങനെ ട്രിപ്പിൾ പ്ലാനറ്റ് അടിയന്തരാവസ്ഥയുടെ മൂലകാരണം അമിത ഉപഭോഗമാണ്. നമ്മുടെ ജീവിതശൈലിക്കുവേണ്ടി ഭൂമിയുടെ 1.6 മടങ്ങിനു തുല്യമാണ് നാം ഉപയോഗിക്കുന്നത്. ഈ ആധിക്യത്തിനൊപ്പം വലിയ അസമത്വവുമുണ്ട്- അദ്ദേഹം പറഞ്ഞു. ലൈഫ് പ്രസ്ഥാനത്തിന്റെ മുന്നേറ്റം ലോകമെമ്പാടും വ്യാപിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "പാരിസ്ഥിതിക-ദൃഢനയങ്ങൾ പിന്തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പുനരുൽപ്പാദക ഊർജത്തിൽ നിക്ഷേപം ഗണ്യമായി വർധിപ്പിക്കുമെന്ന പ്രതിജ്ഞയും അന്താരാഷ്ട്ര സൗരസഖ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും എനിക്ക് ഏറെ പ്രചോദനമേകുന്നു. നമുക്കു പുനരുൽപ്പാദകവിപ്ലവംതന്നെ സൃഷ്ടിക്കേണ്ടതുണ്ട്. ഈ ആശയം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇന്ത്യയുമായി ചേർന്നുപ്രവർത്തിക്കുന്നതിനു ഞാൻ ആഗ്രഹിക്കുന്നു". ഈജിപ്തിൽ വരാനിരിക്കുന്ന സിഒപി 27നെക്കുറിച്ചു സംസാരിച്ച സെക്രട്ടറി ജനറൽ, പാരീസ് ഉടമ്പടിയുടെ എല്ലാ സ്തംഭങ്ങളിലുമുള്ള വിശ്വാസം വെളിപ്പെടുത്തുന്നതിനും നടപടികൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള പ്രധാന രാഷ്ട്രീയ അവസരമാണു സമ്മേളനം അവതരിപ്പിക്കുന്നതെന്നു വ്യക്തമാക്കി. “കാലാവസ്ഥാപ്രത്യാഘാതങ്ങളോടുള്ള ഇടപെടലുകളും വലിയ സമ്പദ്‌വ്യവസ്ഥയും വിവിധതലങ്ങളിലുള്ള അന്തരം കുറയ്ക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നതിന് ഇന്ത്യയെ പ്രാപ്തമാക്കും”- അദ്ദേഹം പറഞ്ഞു.
"എല്ലാവരുടെയും ആവശ്യങ്ങൾക്ക് ഈ ലോകം മതിയാകും, എന്നാൽ എല്ലാവരുടെയും അത്യാഗ്രഹത്തിന് അതുപോര"- മഹാത്മാഗാന്ധിയെ ഉദ്ധരിച്ചു ഗുറ്റെറസ് പറഞ്ഞു. ഭൗമവിഭവങ്ങളെ നാം വിവേകത്തോടെയും ആദരവോടെയും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയിലും ജീവിതരീതിയിലും മാറ്റംവരുത്തുമെന്നു യുഎൻ സെക്രട്ടറി ജനറൽ പ്രതിജ്ഞയെടുത്തു. അതിലൂടെ ഭൂമിയുടെ വിഭവങ്ങൾ ന്യായമായി പങ്കിടാനും നമുക്ക് ആവശ്യമുള്ളതുമാത്രം എടുക്കാനും കഴിയും. ഇന്ത്യയുടെ ചരിത്രത്തിനും സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായി, സുസ്ഥിരതയുടെ പുതിയ യുഗം കൊണ്ടുവരാൻ, ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യയെ ആശ്രയിക്കാമെന്നും അദ്ദേഹം ഏവരോടും പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം:
സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനത്തിനു മാറ്റംവരുത്തുന്നതിനുള്ള ത്രിതലനയം പിന്തുടരുക എന്നതാണു ലൈഫ് ദൗത്യം ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക എന്നതാണ് (ആവശ്യകത); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതയോടു വേഗത്തിൽ പ്രതികരിക്കാൻ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക (വിതരണം) എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉൽപ്പാദനത്തെയും പിന്തുണയ്ക്കുന്നതിനു ഗവണ്മെന്റിനെയും വ്യാവസായികനയത്തെയും സ്വാധീനിക്കൽ (നയം).
*****
ND
(Release ID: 1869556)
Visitor Counter : 227
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada