പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമർപ്പിച്ചശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രധാനമന്ത്രി പൊതുചടങ്ങിനെ അഭിസംബോധനചെയ്തു; മഹാകാലിൽ പൂജയും ആരതിയും ദർശനവും നടത്തി
“ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയുടെ സമ്പത്തിനെയും സമൃദ്ധിയെയും, അറിവിനെയും അന്തസിനെയും, നാഗരികതയെയും സാഹിത്യത്തെയും നയിക്കുകയാണ് ഉജ്ജയിൻ”
“ഉജ്ജയിനിലെ ഓരോ കണികയും ആത്മീയതയിൽ മുഴുകിയിരിക്കുന്നു; അത് ഓരോ മുക്കിലും മൂലയിലും ഊർജം പകരുന്നു”
“വിജയത്തിന്റെ കൊടുമുടിയിലെത്താൻ, രാഷ്ട്രം അതിന്റെ സാംസ്കാരിക ഔന്നത്യങ്ങളെ സ്പർശിക്കുകയും അതിന്റെ സ്വത്വത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണ്”
“‘ആസാദി കാ അമൃത് കാലി’ൽ, ‘അടിമത്തമനോഭാവത്തിൽനിന്നുള്ള മോചനം’, ‘നമ്മുടെ പൈതൃകത്തിൽ അഭിമാനംകൊള്ളൽ’ മുതലായ ‘പഞ്ച് പ്രാണി’ന് ഇന്ത്യ ആഹ്വാനംചെയ്തു”
“നമ്മുടെ ജ്യോതിർലിംഗങ്ങളുടെ വികസനം ഇന്ത്യയുടെ ആത്മീയപ്രഭാവത്തിന്റെ വികാസമാണെന്നും ഇന്ത്യയുടെ അറിവിന്റെയും തത്വചിന്തയുടെയും വികാസമാണെന്നും ഞാൻ കരുതുന്നു”
“ഇന്ത്യയുടെ സാംസ്കാരികദർശനം വീണ്ടും ഔന്നത്യത്തിലെത്തുകയും ലോകത്തെ നയിക്കാൻ ഒരുങ്ങുകയുംചെയ്യുന്നു”
“ഇന്ത്യ അതിന്റെ ആധ്യാത്മിക ആത്മവിശ്വാസത്താൽ ആയിരക്കണക്കിനു വർഷങ്ങളായി അനശ്വരമായി തുടരുന്നു”
“ഇന്ത്യയുടെ മതം എന്നതു നമ്മുടെ കടമകളുടെ കൂട്ടായ ദൃഢനിശ്ചയമാണ്”
“ഇന്നത്തെ പുതിയ ഇന്ത്യ അതിന്റെ പൗരാണികമൂല്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യത്തെയും പുനരുജ്ജീവിപ്പിക്കുന്നു”
“ഇന്ത്യ അതിന്റെ മഹത്വവും സമൃദ്ധിയും പുനഃസ്ഥാപിക്കുന്നു; ലോകത്തിനു മുഴുവനും മനുഷ്യരാശിക്കു മുഴുവനും ഇതിൽനിന്നു പ്രയോജനംലഭിക്കും”
“ഇന്ത്യയുടെ ദിവ്യത്വം സമാധാനപൂർണമായ ലോകത്തിനു വഴിയൊരുക്കും”
Posted On:
11 OCT 2022 9:25PM by PIB Thiruvananthpuram
മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാഷ്ട്രത്തിനു സമർപ്പിക്കുകയും മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ പൂജയും ആരതിയും നടത്തുകയും ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചടങ്ങിനെ അഭിസംബോധനചെയ്തു. ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ ആദരിച്ചു. തുടർന്ന്, പ്രശസ്ത ഗായകൻ കൈലാഷ് ഖേർ ശ്രീ മഹാകാൽ സ്തുതി ഗാനമാലപിച്ചു. ലൈറ്റ്, സൗണ്ട് ആൻഡ് ഫ്രാഗ്രൻസ് പ്രദർശനവും നടന്നു.
മഹാകാലിനെ പ്രകീർത്തിച്ചാണു പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്, “ജയ് മഹാകാൽ! ഉജ്ജയിനിലെ ഈ ഊർജം, ഈ ആവേശം! അവന്തികയുടെ പ്രഭാവലയം, ഈ അത്ഭുതം, ഈ ആനന്ദം! മഹാകാലിന്റെ ഈ പ്രഭാവം, ഈ മഹത്വം! ‘മഹാകാൽ ലോകി’ൽ ലൗകികമായി ഒന്നുമില്ല. ശങ്കരന്റെ സംഘത്തിൽ സാധാരണമായി ഒന്നുമില്ല. എല്ലാം അമാനുഷികവും അസാധാരണവുമാണ്. ഇത് അവിസ്മരണീയവും അവിശ്വസനീയവുമാണ്”- മഹാകാലിന്റെ അനുഗ്രഹം ലഭിച്ചാൽ കാലത്തിന്റെ അസ്തിത്വം ഇല്ലാതാകുമെന്നും കാലത്തിന്റെ അതിരുകൾ അലിഞ്ഞുചേരുമെന്നും ശൂന്യതയിൽനിന്ന് അനന്തതയിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജ്യോതിഷ കണക്കുകൂട്ടൽപ്രകാരം ഉജ്ജയിൻ ഇന്ത്യയുടെ കേന്ദ്രസ്ഥാനംമാത്രമല്ല, ഇന്ത്യയുടെ ആത്മാവിന്റെ കേന്ദ്രംകൂടിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏഴു പുണ്യപുരികളിൽപെടുന്ന നഗരമായ ഉജ്ജയിൻ, ശ്രീകൃഷ്ണൻ വിദ്യാഭ്യാസത്തിനായി വന്ന സ്ഥലമാണ്. വിക്രമാദിത്യരാജാവിന്റെ മഹത്വവും ഇന്ത്യയുടെ സുവർണകാലഘട്ടത്തിന്റെ തുടക്കവും ഉജ്ജയിൻ കണ്ടു. ഉജ്ജയിൻ ചരിത്രത്തെ അതിൽത്തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഉജ്ജയിനിലെ ഓരോ കണികയും ആത്മീയതയിൽ മുഴുകിയിരിക്കുന്നു, അത് ഓരോ മുക്കിലും മൂലയിലും ഊർജം പകരുന്നു.” പ്രധാനമന്ത്രി തുടർന്നു- “ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയുടെ സമ്പത്തിനെയും സമൃദ്ധിയെയും, അറിവിനെയും അന്തസിനെയും, നാഗരികതയെയും സാഹിത്യത്തെയും നയിക്കുകയാണ് ഉജ്ജയിൻ.”
“വിജയത്തിന്റെ കൊടുമുടിയിലെത്താൻ, രാഷ്ട്രം അതിന്റെ സാംസ്കാരിക ഔന്നത്യങ്ങളെ സ്പർശിക്കുകയും അതിന്റെ സ്വത്വത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണ്”- പ്രധാനമന്ത്രി പറഞ്ഞു. സാംസ്കാരിക ആത്മവിശ്വാസത്തിന്റെ പ്രാധാന്യം ആവർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ- “ഒരു രാജ്യത്തിന്റെ സാംസ്കാരിക മഹത്വം വളരെ വിശാലമാകുന്നത് അതിന്റെ വിജയത്തിന്റെ പതാക ലോകവേദിയിൽ പാറിപ്പറക്കുമ്പോൾ മാത്രമാണ്. കൂടാതെ, വിജയത്തിന്റെ ഔന്നത്യത്തിലെത്താൻ, രാഷ്ട്രം അതിന്റെ സാംസ്കാരികമികവിനെ സ്പർശിക്കുകയും അതിന്റെ സ്വത്വത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് ‘ആസാദി കാ അമൃത് കാലി’ൽ, ‘അടിമത്തമനോഭാവത്തിൽനിന്നുള്ള മോചനം’, ‘നമ്മുടെ പൈതൃകത്തിൽ അഭിമാനംകൊള്ളൽ’ മുതലായ ‘പഞ്ച് പ്രാണി’ന് ഇന്ത്യ ആഹ്വാനംചെയ്തത്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ ലക്ഷ്യത്തോടെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വികസനപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. “കാശിയിലെ വിശ്വനാഥ് ധാം ഇന്ത്യയുടെ സാംസ്കാരികതലസ്ഥാനത്തിന് അഭിമാനംപകരുന്നു. വികസനപ്രവർത്തനങ്ങൾ സോമനാഥിൽ പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുന്നു. ഉത്തരാഖണ്ഡിലെ ബാബ കേദാറിന്റെ അനുഗ്രഹത്താൽ കേദാർനാഥ്-ബദരീനാഥ് തീർഥാടനമേഖലയിൽ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി, ചാർധാം പദ്ധതിയിലൂടെ നമ്മുടെ നാലുധാമുകൾ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളുമായി ബന്ധിപ്പിക്കാൻ പോകുന്നു”- പ്രധാനമന്ത്രി പറഞ്ഞു. “സ്വദേശ് ദർശന്റെയും പ്രസാദ് യോജനയുടെയും സഹായത്തോടെ നമ്മുടെ ആത്മീയബോധത്തിന്റെ അത്തരം നിരവധി കേന്ദ്രങ്ങളുടെ പെരുമ രാജ്യത്തുടനീളം പുനഃസ്ഥാപിക്കപ്പെടുന്നു. ഇപ്പോൾ ഈ പരമ്പരയിൽ, ഭൂതകാലത്തിന്റെ മഹത്വത്തോടെ ഭാവിയെ സ്വാഗതംചെയ്യാൻ ഈ മഹത്തായ ‘മഹാകാൽ ലോക്’ തയ്യാറാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജ്യോതിർലിംഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ആശയം പ്രധാനമന്ത്രി വിശദീകരിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ- “നമ്മുടെ ജ്യോതിർലിംഗങ്ങളുടെ വികസനം ഇന്ത്യയുടെ ആത്മീയപ്രഭാവത്തിന്റെ വികാസമാണെന്നും ഇന്ത്യയുടെ അറിവിന്റെയും തത്വചിന്തയുടെയും വികാസമാണെന്നും ഞാൻ കരുതുന്നു. ഇന്ത്യയുടെ സാംസ്കാരികദർശനം വീണ്ടും ഔന്നത്യത്തിലെത്തുകയും ലോകത്തെ നയിക്കാൻ ഒരുങ്ങുകയുംചെയ്യുന്നു”. തെക്കോട്ടു ദർശനമുള്ള ഏക ജ്യോതിർലിംഗമാണു മഹാകാൽ ഭഗവാനെന്നും ശിവന്റെ അത്തരം രൂപങ്ങളുടെ ഭസ്മ ആരതി ലോകമെങ്ങും പ്രസിദ്ധമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. “ഓരോ ഭക്തനും തീർച്ചയായും തന്റെ ജീവിതത്തിൽ ഭസ്മ ആരതി കാണാൻ ആഗ്രഹിക്കുന്നു. ഈ പാരമ്പര്യത്തിൽ നമ്മുടെ ഇന്ത്യയുടെ ചൈതന്യവും ചടുലതയും ഞാൻ കാണുന്നു”- ശ്രീ മോദി കൂട്ടിച്ചേർത്തു.
പരമശിവനെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ- “സ്വയം ഭൂതിം വിഭൂഷണഃ”, അതായത് ഭസ്മം ധരിക്കുന്നവൻ ‘എപ്പോഴും സർവാധിമ്പാഃ’ എന്നാണ്. അവൻ അനശ്വരനും അജയ്യനുമാണ്. അതിനാൽ, മഹാകാൽ ഉള്ളിടത്തു കാലഘട്ടങ്ങളുടെ അതിരുകളില്ല. “മഹാകാലിൽ വിഷംപോലും പ്രകമ്പനംകൊള്ളും. മഹാകാലിന്റെ സാന്നിധ്യത്തിൽ, അന്ത്യത്തിൽനിന്നും പുനരുജ്ജീവനമുണ്ടാകും”- അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിന്റെ ജീവിതത്തിൽ ആത്മീയതയുടെ പങ്കിനെക്കുറിച്ചു കൂടുതൽ വിശദീകരിച്ചു ശ്രീ മോദി പറഞ്ഞതിങ്ങനെ- “ഇതു നമ്മുടെ നാഗരികതയുടെ ആധ്യാത്മിക ആത്മവിശ്വാസമാണ്. അതിനാലാണ് ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യ അനശ്വരമായി തുടരുന്നത്. നമ്മുടെ വിശ്വാസത്തിന്റെ ഈ കേന്ദ്രങ്ങൾ ഉണർന്നിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ ബോധം ഉണരും, ഇന്ത്യയുടെ ആത്മാവും ഉണർന്നിരിക്കും.”
ചരിത്രം ഓർമിപ്പിച്ചുകൊണ്ട്, ഉജ്ജയിനിലെ ഊർജം നശിപ്പിക്കാൻ ശ്രമിച്ച ഇൽത്തുമിഷിനെപ്പോലുള്ള കടന്നുകയറ്റക്കാരെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. മുൻകാലങ്ങളിൽ ഇന്ത്യയെ ചൂഷണംചെയ്യാൻ നടത്തിയ ശ്രമങ്ങളും ശ്രീ മോദി അനുസ്മരിച്ചു. നമ്മുടെ യോഗികളെയും ഋഷിമാരെയും ഉദ്ധരിച്ചു ശ്രീ മോദി പറഞ്ഞതിങ്ങനെ- “മഹാകാൽ ശിവനിൽ അഭയംപ്രാപിച്ചാൽ മരണത്തിനു നമ്മെ എന്തു ചെയ്യാനാകും?” അദ്ദേഹം തുടർന്നു- “ഇന്ത്യ പുനരുജ്ജീവിപ്പിക്കപ്പെട്ടു, ഈ ആധികാരിക വിശ്വാസകേന്ദ്രങ്ങളുടെ ഊർജത്തിൽനിന്നു വീണ്ടും ഉയർന്നു. ഇന്ന് ഒരിക്കൽകൂടി ‘ആസാദി കാ അമൃത് മഹോത്സവി’ൽ അമർ അവന്തിക ഇന്ത്യയുടെ സാംസ്കാരിക അനശ്വരതയെ ഉദ്ഘോഷിക്കുകയാണ്.”
ഇന്ത്യയുടെ മതം എന്താണ് അർഥമാക്കുന്നത് എന്നതിലേക്കു വെളിച്ചംവീശി, അതു നമ്മുടെ കടമകളുടെ കൂട്ടായ ദൃഢനിശ്ചയമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “നമ്മുടെ തീരുമാനങ്ങളുടെ ലക്ഷ്യം ലോകക്ഷേമവും മനുഷ്യരാശിക്കുള്ള സേവനവുമാണ്.” നാം ശിവനെ ആരാധിക്കുന്നുവെന്നും ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വപതിയെ വണങ്ങുന്നുവെന്നും ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലെ തീർഥാടനകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, വിശ്വാസകേന്ദ്രങ്ങൾ എന്നിവയുടെ ചൈതന്യം എപ്പോഴും ഇതായിരുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. “ലോകത്തിന്റെ നന്മയ്ക്കായി, ലോകത്തിന്റെ പ്രയോജനത്തിനായി എത്ര പ്രചോദനങ്ങളാണ് ഇവിടെ ഉയരുക?”- ശ്രീ മോദി പറഞ്ഞു.
ആത്മീയതയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിക്കവേ, കാശിപോലുള്ള ആത്മീയകേന്ദ്രങ്ങൾ മതത്തോടൊപ്പം വിജ്ഞാനത്തിന്റെയും തത്വചിന്തയുടെയും കലയുടെയും തലസ്ഥാനമായിരുന്നെന്നും ഉജ്ജയിൻപോലുള്ള സ്ഥലങ്ങൾ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണകേന്ദ്രങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയും, ഇന്നത്തെ പുതിയ ഇന്ത്യ അതിന്റെ പൗരാണിക മൂല്യങ്ങളുമായി മുന്നേറുകയുമാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. “ഇന്നു നമ്മൾ ജ്യോതിശാസ്ത്രരംഗത്തു ലോകത്തിലെ വൻശക്തികൾക്കു തുല്യമായി നിലകൊള്ളുന്നു.” ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളായ ചന്ദ്രയാൻ, ഗഗൻയാൻ എന്നിവയിലേക്കു വെളിച്ചംവീശി, ഇന്ത്യയിന്നു മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്കു വിക്ഷേപിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ആകാശത്ത് ആ വലിയ ചുവടുവയ്പിന് ഇന്ത്യ തയ്യാറാണ്”- ശ്രീ മോദി കൂട്ടിച്ചേർത്തു- “പ്രതിരോധമേഖലയിൽ, ഇന്ത്യ പൂർണശക്തിയോടെ സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണ്. കായികമേഖലമുതൽ സ്റ്റാർട്ടപ്പുകൾവരെ, ഇന്ത്യയിലെ യുവാക്കൾ ലോകവേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു.”
നവീനാശയങ്ങൾ എവിടെയുണ്ടോ അവിടെ നവീകരണവും ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിമത്തത്തിന്റെ വർഷങ്ങളിൽ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, “ഇന്ത്യ അതിന്റെ പെരുമയുടെയും അന്തസിന്റെയും പൈതൃകത്തിന്റെയും മേഖലകൾ നവീകരിച്ച് അതിന്റെ മഹത്വം വീണ്ടെടുക്കുകയാണെ”ന്നു വ്യക്തമാക്കി. രാജ്യംമുഴുവനും മനുഷ്യരാശിയും അതിന്റെ നേട്ടങ്ങൾ കൊയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മഹാകാലിന്റെ അനുഗ്രഹത്തോടെ, ഇന്ത്യയുടെ മഹത്വം ലോകത്തു വികസനത്തിന്റെ പുതിയ സാധ്യതകൾ സൃഷ്ടിക്കും. ഇന്ത്യയുടെ ദിവ്യത്വം സമാധാനപരമായ ലോകത്തിനു വഴിയൊരുക്കും.”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
നേരത്തെ, ഉജ്ജയിനിലെ ശ്രീ മഹാകാൽ ലോകിൽ മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, ഛത്തീസ്ഗഢ് ഗവർണർ അനുസൂയ ഉയ്കെ, ജാർഖണ്ഡ് ഗവർണർ രമേഷ് ബെയിൻസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഡോ. വീരേന്ദ്ര കുമാർ, ജ്യോതിരാദിത്യ സിന്ധ്യ, ജി കിഷൻ റെഡ്ഡി, കേന്ദ്രസഹമന്ത്രിമാരായ ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
--ND--
(Release ID: 1866959)
Visitor Counter : 188
Read this release in:
English
,
Urdu
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada