പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ മെഹ്‌സാനയിലെ മൊധേരയിൽ പ്രധാനമന്ത്രി 3900 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു


മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ 24x7 സൗരോർജഗ്രാമമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു



“ഇന്നു മൊധേരയിലും മെഹ്‌സാനയിലും വടക്കൻ ഗുജറാത്തിലാകെയും വികസനമേഖലയിൽ പുതിയ ഊർജത്തിന്റെ ഉദയമുണ്ടായിരിക്കുന്നു”

“ലോകത്തെവിടെയും സൗരോർജത്തെക്കുറിച്ചുള്ള ഏതുചർച്ചയിലും മൊധേര എല്ലായ്പോഴും ഇടംപിടിക്കും”


“നിങ്ങൾക്കാവശ്യമുള്ള വൈദ്യുതി ഉപയോഗിക്കൂ; അധികവൈദ്യുതി ഗവണ്മെന്റിനു വിൽക്കൂ”


“ഇരട്ട എൻജിൻ ഗവണ്മെന്റ്, നരേന്ദ്രയും ഭൂപേന്ദ്രയും ഒന്നായിമാറി”


“വിവേചനരഹിതമായ സൂര്യപ്രകാശംപോലെ, വികസനവെളിച്ചം എല്ലാ വീടുകളിലും കുടിലുകളിലും എത്തുന്നു”



Posted On: 09 OCT 2022 10:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മെഹ്‌സാനയിലെ മൊധേരയിൽ 3900 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയുംചെയ്തു. മൊധേര ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ 24x7 സൗരോർജഗ്രാമമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

മൊധേരയിലും മെഹ്‌സാനയിലും വടക്കൻ ഗുജറാത്തിലാകെയും വികസനമേഖലയിൽ ഇന്നു പുതിയ ഊർജത്തിന്റെ ഉദയമുണ്ടായിരിക്കുന്നുവെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതിയും വെള്ളവുംമുതൽ റെയിൽവേയും റോഡുകളുംവരെ, ക്ഷീരമേഖലമുതൽ നൈപുണ്യവികസനവും ആരോഗ്യവുംവരെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ മേഖലയിലെ തൊഴിൽസ്രോതസായി മാറും. കർഷകരുടെയും മൃഗസംരക്ഷണമേഖലയിലെ ജനങ്ങളുടെയും വരുമാനം വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ പൈതൃകവിനോദസഞ്ചാരത്തിന് ഉത്തേജനം നൽകാനും സഹായിക്കുമെന്നും ഇതിന്റെ പ്രയോജനങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
 

പ്രധാനമന്ത്രി ശരദ്പൂർണിമ, വാൽമീകി ജയന്തി ആശംസകളും നേർന്നു. ശ്രീരാമന്റെ ‘സമരസ്’ ജീവിതം മഹർഷി വാൽമീകി നമ്മെ പരിചയപ്പെടുത്തുകയും സമത്വത്തിന്റെ പാഠങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

മൊധേര മുമ്പു സൂര്യക്ഷേത്രത്തിനു പേരുകേട്ടതായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ സൂര്യക്ഷേത്രം സൗരഗ്രാമത്തിനു പ്രചോദനമായെന്നും അതു ലോകത്തിന്റെ പരിസ്ഥിതി-ഊർജ ഭൂപടത്തിൽ ഇടംനേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മൊധേരയെ തകർക്കാൻ നൂറ്റാണ്ടുകളായി നിരവധി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും, മൊധേര ഇപ്പോൾ പുരാതനവും ആധുനികവുമായ സമന്വയത്തിന്റെ ഉദാഹരണമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും സൗരോർജത്തെക്കുറിച്ചുള്ള ഏതുചർച്ചയിലും മൊധേര എല്ലായ്പോഴും ഇടംപിടിക്കും- അദ്ദേഹം പറഞ്ഞു. സൗരോർജം, വൈദ്യുതി എല്ലായിടത്തും എത്തിക്കൽ എന്ന‌ിവയിലെ വിജയങ്ങൾക്കുപിന്നിൽ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഗവണ്മെന്റുകളിൽ ഗുജറാത്തിലെ ജനങ്ങൾക്കുള്ള വിശ്വാസമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അർപ്പണബോധവും ദീർഘവീക്ഷണവും വ്യക്തമായ ഉദ്ദേശ്യവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

മൊധേരയിലെ വീടുകളിലെ പ്രകാശസംവിധാനങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും വാഹനങ്ങൾക്കും സൗരോർജം കരുത്തുപകരുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്വയംപര്യാപ്ത ഇന്ത്യക്കായി, നമ്മുടെ ഊർജ ആവശ്യങ്ങളുമായി ബന്ധപ്പെട്ട അത്തരം ശ്രമങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു. വൈദ്യുതിയുടെ ഉൽപ്പാദകരും ഉപഭോക്താവും ജനങ്ങൾ തന്നെയാകണമെന്ന ദിശയിലാണു താൻ പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഉപയോഗിക്കൂ; അധികവൈദ്യുതി ഗവണ്മെന്റിനു വിൽക്കൂ”- അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതു വൈദ്യുതിബില്ലുകൾ ഒഴിവാക്കാനും അധികവരുമാനം നേടാനും സഹായിക്കും.”- അദ്ദേഹം പറഞ്ഞു. മുമ്പു ഗവണ്മെന്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും പൊതുജനങ്ങൾ അതു വാങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇന്നു വീടുകളിലും സൗരപാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അനുവദിക്കുന്ന നയങ്ങളിലാണു കേന്ദ്രഗവണ്മെന്റ് പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്ക് അവരുടെ വയലുകളിൽ ജലസേചനത്തിനായി സൗരപമ്പുകൾ സ്ഥാപിക്കാനും അനുമതിയേകിയിട്ടുണ്ട്. 

പ്രതികൂലസമയങ്ങൾ അനുസ്മരിച്ച്, വൈദ്യുതി ഇല്ലാത്തതു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയാണു ബാധിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. മെഹ്‌സാനയിലെ ജനങ്ങൾ സ്വാഭാവികമായും ഗണിതത്തിലും ശാസ്ത്രത്തിലും മികച്ചുനിൽക്കുന്നവരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നിങ്ങൾ അമേരിക്കയിൽ പോയാൽ, വടക്കൻ ഗുജറാത്തിന്റെ അത്ഭുതം അവിടത്തെ ഗണിതശാസ്ത്രമേഖലകളിൽ കാണാം. നിങ്ങൾ കച്ചിലേക്കു ചെന്നാൽ, മെഹ്‌സാന ജില്ലയിലെ അധ്യാപകരെ നിങ്ങൾക്കു കാണാം.”- അദ്ദേഹം കൂട്ടിച്ചേർത്തു. “അർഹമായ ഉയരങ്ങൾ കൈവരിക്കാനുള്ള അവരുടെ കഴിവിനു തടസമായതു വൈദ്യുതിയുടെ അഭാവമാണ്.” കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ജനങ്ങൾ ഗവണ്മെന്റിനേകിയ വിശ്വാസമാണു രാജ്യത്തു തങ്ങളുടെ മുദ്രപതിപ്പിക്കാൻ ഗുജറാത്തിനെ സഹായിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


പത്തിൽ ഏഴുവർഷവും ക്ഷാമത്താൽ ഗുജറാത്ത് ദുരിതത്തിലായതിനാൽ സംസ്ഥാനബജറ്റിന്റെ സിംഹഭാഗം വെള്ളത്തിനായി നീക്കിവയ്ക്കേണ്ടി വന്നതായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സമയം അനുസ്മരിച്ചു ശ്രീ മോദി പറഞ്ഞു. അതുകൊണ്ടാണു ഗുജറാത്തിലെ ജലക്ഷാമം കേന്ദ്രീകരിച്ചുള്ള പഞ്ചാമൃതപദ്ധതിയുമായി ഞങ്ങളെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കാനായി ഉൻജായിൽ ആരംഭിച്ച ജ്യോതിഗ്രാം പദ്ധതിയുടെ വിജയം പ്രധാനമന്ത്രി അനുസ്മരിച്ചു. അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആയിരം ദിവസമാണു ഗവണ്മെന്റ് അനുവദിച്ചത്. സുജലാം സുഫലാം പദ്ധതിയെക്കുറിച്ചു സംസാരിക്കവെ, ഇന്ന്, വടക്കൻ ഗുജറാത്തിലെ വയലുകളിൽ ജലസേചനം നടത്തുന്ന സുജലാം സുഫലാം കനാലിനായി തങ്ങളുടെ ഭൂമി വിട്ടുനൽകിയ, പ്രദേശത്തെ കർഷകർക്കു പ്രധാനമന്ത്രി വളരെയേറെ നന്ദി രേഖപ്പെടുത്തി. ഇന്നു ജലവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനം കുടുംബങ്ങളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തിനു ഗുണംചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ രണ്ടുദശകങ്ങളിലായി സമ്പർക്കസൗകര്യങ്ങൾക്കു ഗവണ്മെന്റ് ഊന്നൽ നൽകിയെന്നും, ഇരട്ട എൻജിൻ ഗവണ്മെന്റായി നരേന്ദ്രയും ഭൂപേന്ദ്രയും ഒന്നായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1930ൽ ബ്രിട്ടീഷുകാർ മഹേശന-അംബാജി-തരംഗ-അബുറോഡ് റെയിൽവേപാതയുടെ വികസനത്തിനായി രൂപരേഖ തയ്യാറാക്കിയെങ്കിലും പിന്നീടുവന്ന ഗവണ്മെന്റുകൾ ഇക്കാര്യം ഗൗനിച്ചില്ലെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. “ഞങ്ങൾ എല്ലാമെടുത്തു; എല്ലാ പദ്ധതികളും തയ്യാറാക്കി. അതു കൊണ്ടുവരുന്ന സാമ്പത്തിക അഭിവൃദ്ധിയെക്കുറിച്ചു നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ”- അദ്ദേഹം കൂട്ടിച്ചേർത്തു. 

സഹായനിരക്കിൽ മരുന്നുകൾ നൽകുന്ന പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ്രത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 1000 രൂപ വിലമതിക്കുന്ന പൊതുമരുന്നുകൾ ഇപ്പോൾ 100-200 രൂപ വിലയിൽ ഈ ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭിക്കുമെന്നും എല്ലാവരും അവിടെനിന്നു മരുന്നുകൾ വാങ്ങണമെന്നും ശ്രീ മോദി അഭ്യർഥിച്ചു. വിനോദസഞ്ചാരത്തെക്കുറിച്ചു സംസാരിക്കവെ, ഈ മേഖല വലിയൊരു വിഭാഗത്തിനു തൊഴിലവസരമേകുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “വഡ്‌നഗറിൽ ഖനനം നടത്തിയതു നോക്കൂ! ആയിരക്കണക്കിനു വർഷത്തോളം പഴക്കമുള്ള ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്”- ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ രണ്ടുദശകങ്ങളിൽ ഗുജറാത്തിലെ ക്ഷേത്രങ്ങളും ശക്തിപീഠങ്ങളും പുനഃസ്ഥാപിക്കാൻ ആത്മാർഥശ്രമങ്ങൾ നടന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. സോമനാഥ്, ചോടീല, പാവാഗഢ് എന്നിവിടങ്ങളിലെ മെച്ചപ്പെട്ട സാഹചര്യം ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന മന്ത്രമാണ് ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ അടിത്തറയെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “വിവേചനരഹിതമായ സൂര്യപ്രകാശംപോലെ, വികസനവെളിച്ചം എല്ലാ വീടുകളിലും കുടിലുകളിലും എത്തുന്നു”- പ്രധാനമന്ത്രി ‌ഉപസംഹരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗങ്ങളായ സി ആർ പാട്ടീൽ, ഭരസിൻഹ് ദാബി, ശാരദാബെൻ പട്ടേൽ, ജുഗൻജി ലോഖണ്ഡ്‌വാല എന്നിവർ പങ്കെടുത്തു. 

പശ്ചാത്തലം

പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച പദ്ധതികളിൽ അഹമ്മദാബാദ്-മെഹ്‌സാന ഗേജ് മാറ്റപദ്ധതിയുടെ സബർമതി-ജഗുദാൻ ഭാഗത്തിന്റെ ഗേജ് മാറ്റവും ഉൾപ്പെടുന്നു. ഒഎൻജിസിയുടെ നന്ദാസൻ ജിയോളജിക്കൽ എണ്ണ ഉൽപ്പാദനപദ്ധതി; ഖേരവമുതൽ ഷിംഗോഡ തടാകംവരെയുള്ള സുജലാം സുഫലാം കനാൽ; ധരോയ് അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള വഡ്‌നഗർ ഖേരാലു-ധരോയ് ഗ്രൂപ്പ് പരിഷ്കരണപദ്ധതി; ബെച്‌രാജി മൊധേര-ചനസ്മ സംസ്ഥാനപാതയുടെ ഒരുഭാഗം നാലുവരിയാക്കാനുള്ള പദ്ധതി; ഉൻജ-ദസജ് ഉപേര ലഡോളിന്റെ (ഭാൻഖർ അപ്രോച്ച് റോഡ്) ഒരുഭാഗം വികസിപ്പിക്കാനുള്ള പദ്ധതി; മെഹ്സാനയിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ (എസ്‌പിഐപിഎ) പ്രാദേശി‌ക പരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം; മൊധേര സൂര്യക്ഷേത്രത്തിലെ പ്രൊജക്ഷൻ മാപ്പിങ് തുടങ്ങിയവയും അദ്ദേഹം സമർപ്പിച്ചു.

ദേശീയപാത-68ന്റെ പാട്ടൺമുതൽ ഗോസാരിയവരെയുള്ള ഭാഗത്തിന്റെ നാലുവരിപ്പാത ഉൾപ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. മെഹ്‌സാന ജില്ലയിലെ ജോതാന താലൂക്കിലെ ചലസൻ ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റ്; ദൂധ്സാഗർ ഡയറിയിൽ പുതിയ യാന്ത്രിക പാൽപ്പൊടി പ്ലാന്റും യുഎച്ച്‌ടി പാൽ കാർട്ടൺ പ്ലാന്റും; മെഹ്‌സാന ജനറൽ ആശുപത്രിയുടെ പുനർവികസനവും പുനർനിർമാണവും; മെഹ്‌സാനയ്ക്കും വടക്കൻ ഗുജറാത്തിലെ മറ്റു ജില്ലകൾക്കുമായി നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്എസ്) എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 

മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ 24x7 സൗരോർജഗ്രാമമായി  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഈ പദ്ധതി, സൂര്യക്ഷേത്രനഗരമായ മൊധേരയുടെ സൗരവൽക്കരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതാണ്. ഭൂതല സൗരോർജപ്ലാന്റും, വീടുകളിലും ഗവൺമെന്റ് കെട്ടിടങ്ങളിലും 1300ലധികം പുരപ്പുറ സൗരോർജസംവിധാനങ്ങളും വികസിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ബാറ്ററി ഊർജസംഭരണസംവിധാനവുമായി (ബിഇഎസ്എസ്) സംയോജിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ പുനരുൽപ്പാദക ഊർജമികവു താഴെത്തട്ടിൽ ജനങ്ങളെ ഏതുരീതിയിൽ ശാക്തീകരിക്കുമെന്ന് ഈ പദ്ധതി തെളിയിക്കും.

ND

(Release ID: 1866344) Visitor Counter : 133