പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിഹാര്‍ നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

''ഈ നിയമസഭാ മന്ദിരത്തില്‍ വലുതും ധീരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്''

'' സാമൂഹിക ജീവിതത്തിന് തുല്യമായ പങ്കാളിത്തവും തുല്യ അവകാശങ്ങളും ജനാധിപത്യത്തില്‍ എങ്ങനെ പിന്തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നിയമസഭ''

'' ഇന്ത്യയിലെ ജനാധിപത്യ സങ്കല്‍പ്പം ഈ രാഷ്ട്രത്തെപ്പോലെയും നമ്മുടെ സംസ്‌കാരത്തെപ്പോലെയും പുരാതനമാണ്''

''ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ബീഹാര്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു''

''ബീഹാര്‍ എത്രത്തോളം അഭിവൃദ്ധിപ്പെടുന്നുവോ ഇന്ത്യയുടെ ജനാധിപത്യം അത്രത്തോളം കൂടുതല്‍ ശക്തമാകും. ബീഹാര്‍ ശക്തമാകുമ്പോള്‍ ഇന്ത്യ കൂടുതല്‍ പ്രാപ്തിയുള്ളതാകും''

'' കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി നമ്മുടെ ശബ്ദം രാജ്യത്തിന് വേണ്ടി ഒന്നിക്കണം''

''നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പക്വത നമ്മുടെ പെരുമാറ്റത്തില്‍ പ്രകടമാണ്''

''ജനാധിപത്യ സംവാദം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ തന്നെ രാജ്യം പുതിയ പ്രതിജ്ഞകളില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു

Posted On: 12 JUL 2022 7:57PM by PIB Thiruvananthpuram

ബിഹാര്‍ നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പട്‌നയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ബിഹാര്‍ വിധാന്‍സഭയുടെ 100 വര്‍ഷത്തെ സ്മരണയ്ക്കായി നിര്‍മ്മിച്ച ശതാബ്ദി സ്മൃതി സ്തംഭവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിധാന്‍സഭാ മ്യൂസിയത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. മ്യൂസിയത്തിലെ വ്യത്യസ്ത ഗാലറികള്‍ ബീഹാറിലെ ജനാധിപത്യത്തിന്റെ ചരിത്രവും നിലവിലെ പൗരഘടനയുടെ പരിണാമവും പ്രദര്‍ശിപ്പിക്കും. 250-ലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു കോണ്‍ഫറന്‍സ് ഹാളും ഇതിലുണ്ടാകും. ചടങ്ങില്‍ വിധാന്‍സഭാ ഗസ്റ്റ് ഹൗസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബീഹാറിനെ സ്‌നേഹിക്കുന്നയാള്‍ക്ക് ആ സ്‌നേഹം പലമടങ്ങ് തിരിച്ചുനല്‍കുന്നത് ബീഹാറിന്റെ പ്രകൃതമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '' ഇന്ന് ബീഹാര്‍ വിധാന്‍സഭാ സമുച്ചയം സന്ദര്‍ശിക്കുന്ന രാജ്യത്തിലെ ആദ്യ പ്രധാനമന്ത്രി എന്ന വിശേഷപദവിയും എനിക്ക് ലഭിച്ചു. ഈ സ്‌നേഹത്തിന് ബിഹാറിലെ ജനങ്ങളെ ഞാന്‍ വണങ്ങുന്നു'', അദ്ദേഹം പറഞ്ഞു. ശതാബ്ദി സ്മൃതി സ്തംഭം ബീഹാറിന്റെ അസംഖ്യം അഭിലാഷങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒന്നിന് പുറകെ ഒന്നായി ഇവിടെയുള്ള ഈ വിധാന്‍സഭാ മന്ദിരത്തില്‍ വലുതും ധീരവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ബിഹാര്‍ നിയമസഭയുടെ മഹത്തായ ചരിത്രം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ അസംബ്ലിയില്‍ നിന്നാണ് തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും സ്വദേശി ചര്‍ക്ക സ്വീകരിക്കാനും ഗവര്‍ണര്‍ സത്യേന്ദ്ര പ്രസന്ന സിന്‍ഹ അഭ്യര്‍ത്ഥിച്ചത്. സ്വാതന്ത്ര്യാനന്തരം ജമീന്ദാരി ഉന്മൂലന നിയമവും ഈ നിയമസഭയിലാണ് പാസാക്കിയത്. ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയികൊണ്ട്, പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്ന ആദ്യത്തെ സംസ്ഥാനമായി ബീഹാറിനെ മാറ്റിക്കൊണ്ട് നിതീഷ് ജിയുടെ ഗവണ്‍മെന്റ് ബീഹാര്‍ പഞ്ചായത്ത് രാജ് പോലെയുള്ള നിയമവും പാസാക്കി, അദ്ദേഹം അനുസ്മരിച്ചു. '' ജനാധിപത്യത്തിലെ തുല്യപങ്കാളിത്തവും തുല്യ അവകാശങ്ങളും എങ്ങനെ സാമൂഹിക ജീവിതത്തില്‍ പിന്തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നിയമസഭ'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'' വിദേശ ഭരണവും വിദേശ ചിന്തയും മൂലമാണ് ഇന്ത്യയ്ക്ക് ജനാധിപത്യം ലഭിച്ചത് എന്ന് പതിറ്റാണ്ടുകളായി നമ്മോട് പറയാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ഏതൊരു വ്യക്തിയും ഇത് പറയുമ്പോള്‍, അവര്‍ ബീഹാറിന്റെ ചരിത്രവും ബീഹാറിന്റെ പൈതൃകവും മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിന്റെ വലിയ ഭാഗങ്ങള്‍ നാഗരികതയിലേക്കും സംസ്‌കാരത്തിലേക്കും ആദ്യ ചുവടുകള്‍ വയ്ക്കുമ്പോള്‍ വൈശാലിയില്‍ ഒരു പരിഷ്‌കൃത ജനാധിപത്യം പ്രവര്‍ത്തിക്കുകയായിരുന്നു. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള ധാരണ വികസിക്കാന്‍ തുടങ്ങിയപ്പോള്‍, ലിച്ചാവി, വജ്ജിസംഘം തുടങ്ങിയ റിപ്പബ്ലിക്കുകള്‍ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു'' ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാചീന വേരുകള്‍ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '' ഇന്ത്യയിലെ ജനാധിപത്യ സങ്കല്‍പ്പം എന്നത് ഈ രാഷ്ട്രം പോലെ തന്നെ പുരാതനമാണ്, നമ്മുടെ സംസ്‌കാരം പോലെ തന്നെ പുരാതനമാണ്. സമത്വത്തിന്റെയും തുല്യതയുടെയും മാര്‍ഗ്ഗമായാണ് ഇന്ത്യ ജനാധിപത്യത്തെ കണക്കാക്കുന്നത്. സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയും ആശയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. നമ്മള്‍ സത്യത്തില്‍ വിശ്വസിക്കുന്നു, നമ്മള്‍ സഹകരണത്തില്‍ വിശ്വസിക്കുന്നു, നമ്മള്‍ ഐക്യത്തില്‍ വിശ്വസിക്കുന്നു, സമൂഹത്തിന്റെ യോജിച്ച ശക്തിയില്‍ നമ്മള്‍ വിശ്വസിക്കുന്നു'', പ്രധാനമന്ത്രി വിശദീകരിച്ചു.
ലോകത്തില്‍ ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ബീഹാറിന്റെ മഹത്തായ പൈതൃകവും പാലിയിലെ ചരിത്ര രേഖകളും ഇതിന് ജീവിക്കുന്ന തെളിവാണ്. ബിഹാറിന്റെ ഈ പ്രതാപത്തെ ആര്‍ക്കും ഇല്ലാതാക്കാനോ മറയ്ക്കാനോ കഴിയില്ല, അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ''കഴിഞ്ഞ നൂറുവര്‍ഷമായി ഈ കെട്ടിടം ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ്, അതിനാല്‍ ഇത് നമ്മുടെ ആദരവ് അര്‍ഹിക്കുന്നു. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ പോലും ജനാധിപത്യ മൂല്യം നശിപ്പിക്കാന്‍ അനുവദിക്കാത്ത ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ കെട്ടിടം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഭരണത്തിനുള്ള സ്വാതന്ത്ര്യത്തിനായി ശ്രീ ബാബു നടത്തിയ അവകാശവാദത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ബീഹാര്‍ എപ്പോഴും ഉറച്ചുനിന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയെ ഡോ രാജേന്ദ്ര പ്രസാദിന്റെ രൂപത്തില്‍ ബിഹാര്‍ നല്‍കിയെന്ന് ശ്രീ മോദി പരാമര്‍ശിച്ചു. ലോക്‌നായക് ജയപ്രകാശ്, കര്‍പ്പൂരി താക്കൂര്‍, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയ നേതാക്കള്‍ ഈ മണ്ണില്‍ നിന്ന് വന്നവരാണ്. രാജ്യത്ത് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടന്നപ്പോഴും അതിനെതിരെ പ്രതിഷേധ കാഹളം മുഴക്കി രംഗത്ത് വന്നത് ബിഹാര്‍ ആയിരുന്നു. ''ബിഹാര്‍ എത്രത്തോളം അഭിവൃദ്ധിപ്പെടുമോ, ഇന്ത്യയുടെ ജനാധിപത്യം അത്രത്തോളം ശക്തമാകും. ബീഹാര്‍ ശക്തമാകുമ്പോള്‍ ഇന്ത്യ കൂടുതല്‍ പ്രാപ്തിയുള്ളതാകും'', പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
''സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും ബിഹാര്‍ നിയമസഭയുടെ 100 വര്‍ഷത്തെ ഈ ചരിത്ര മുഹൂര്‍ത്തവും നമുക്കെല്ലാവര്‍ക്കും, ഓരോ ജനപ്രതിനിധിക്കും ആത്മപരിശോധനയുടെയും സ്വയം വിശകലനത്തിന്റെയും സന്ദേശമാണ് കൊണ്ടുവരുന്നത്. നമ്മുടെ ജനാധിപത്യത്തെ നാം എത്രത്തോളം ശക്തിപ്പെടുത്തുന്നുവോ നമ്മുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും അത്രയധികം കൂടുതല്‍ ശക്തി ലഭിക്കും'' പ്രധാനമന്ത്രി തുടര്‍ന്നു.
''രാജ്യത്തെ എം.പിമാര്‍, സംസ്ഥാനത്തെ എം.എല്‍.എമാര്‍ എന്ന നിലകളില്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് പരാജയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി നമ്മുടെ ശബ്ദം രാജ്യത്തിനും അതിന്റെ താല്‍പ്പര്യത്തിനും വേണ്ടി ഒന്നിക്കണം''.21-ാം നൂറ്റാണ്ടിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലെ പുതിയ ഇന്ത്യയുടെ പ്രമേയങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
''നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പക്വത നമ്മുടെ പെരുമാറ്റത്തിലൂടെയാണ് പ്രകടമാകുന്നത്'' എന്നതിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ''പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്രിയാത്മകമായ സംവാദത്തിന്റെ കേന്ദ്രമായി സഭകള്‍ മാറട്ടെ'' എന്ന് തറപ്പിച്ചുറഞ്ഞു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റിലെ എം.പിമാരുടെ ഹാജരിലും പാര്‍ലമെന്റിന്റെ ഉല്‍പ്പാദനക്ഷമതയിലും റെക്കോര്‍ഡ് വര്‍ദ്ധനനയുണ്ടായി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലും ലോക്‌സഭയുടെ ഉല്‍പ്പാദനക്ഷമത 129 ശതമാനമായിരുന്നു. രാജ്യസഭയിലും 99 ശതമാനം ഉല്‍പ്പാദനക്ഷമത രേഖപ്പെടുത്തി. അതായത്, ജനാധിപത്യ വ്യവഹാരം മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ പ്രതിജ്ഞകളില്‍ രാജ്യം നിരന്തരം പ്രവര്‍ത്തിക്കുന്നു'' പാര്‍ലമെന്റിന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നൂറ്റാണ്ട് കടമകളുടെ നൂറ്റാണ്ടാണ്. ഈ നൂറ്റാണ്ടില്‍, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നവ ഇന്ത്യ എന്ന സുവര്‍ണ്ണ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. നമ്മുടെ കടമകള്‍ ഈ ലക്ഷ്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. അതുകൊണ്ട് തന്നെ ഈ 25 വര്‍ഷങ്ങള്‍ രാജ്യത്തിന് വേണ്ടിയുള്ള കടമയുടെ പാതയില്‍ നടക്കേണ്ട വര്‍ഷങ്ങളാണ്'' ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായി അടയാളപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ കടമകളെ നമ്മുടെ അവകാശങ്ങളില്‍ നിന്ന് വേറിട്ട് കാണരുത്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ക്കായി നാം എത്രയധികം പ്രവര്‍ത്തിക്കുന്നുവോ നമ്മുടെ അവകാശങ്ങളും അത്രത്തോളം ശക്തമാകും. കടമകളോടുള്ള നമ്മുടെ വിശ്വസ്തതയാണ് നമ്മുടെ അവകാശങ്ങളുടെ ഉറപ്പ്'' ശ്രീ മോദി വിശദീകരിച്ചു.

--ND--



(Release ID: 1841052) Visitor Counter : 255