പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 26 JUN 2022 10:45PM by PIB Thiruvananthpuram

നമസ്‌കാരം!
നിങ്ങള്‍ക്കു സുഖമാണോ?

നിങ്ങളില്‍ പലരും ഇന്ന് ഇവിടെ വരാന്‍ ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്‌കാരവും ഐക്യവും സാഹോദര്യവും നിങ്ങളില്‍ എല്ലാവരിലും എനിക്ക് കാണാന്‍ കഴിയും.  ഈ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. വാര്‍ത്തകളില്‍ നിങ്ങളുടെ സ്‌നേഹവും തീക്ഷ്ണതയും ആവേശവും കാണുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിമാനം തോന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 സുഹൃത്തുക്കളേ,

ഈ ദിവസം മറ്റൊരു കാരണത്താലും അറിയപ്പെടുന്നു. ഇന്ന് ജൂണ്‍ 26 ആണ്.  നമ്മുടെ അഭിമാനവും ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എയില്‍ ഉള്ളതുമായ ജനാധിപത്യത്തെ ബന്ദിയാക്കാനും അതിനെ തകര്‍ക്കാനുമുള്ള ശ്രമം 47 വര്‍ഷം മുമ്പ് നടന്നിരുന്നു. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത പാട് പോലെയാണ് അടിയന്തരാവസ്ഥ കാലഘട്ടം.  എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനാധിപത്യ പാരമ്പര്യങ്ങളുടെ മേല്‍ക്കോയ്മ ഇരുട്ടിനുമേല്‍ വിജയിക്കുകയും ജനാധിപത്യ പാരമ്പര്യങ്ങള്‍ ആ കോമാളിത്തരങ്ങളെ അതിജീവിക്കുകയും ചെയ്തു.

ജനാധിപത്യത്തെ തകര്‍ക്കാനുള്ള എല്ലാ ഗൂഢാലോചനകള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ ഉത്തരം നല്‍കി. നമ്മള്‍ ഇന്ത്യക്കാര്‍ എവിടെ ജീവിച്ചാലും നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നു.  ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാന്‍ കഴിയും. ആയിരക്കണക്കിന് വര്‍ഷത്തെ ജനാധിപത്യ ചരിത്രം ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഇന്നും ജീവിക്കുന്നു.  നിരവധി ഭാഷകളും ഉച്ചാരണങ്ങളും വ്യത്യസ്ത ജീവിതരീതികളും ഉള്ള ഇന്ത്യയുടെ ജനാധിപത്യം ഊര്‍ജ്ജസ്വലമായി തുടരുന്നു.  ഓരോ പൗരനും അവരുടെ ജീവിതത്തെ ശാക്തീകരിക്കുന്ന ജനാധിപത്യത്തില്‍ വിശ്വാസവും പ്രതീക്ഷയും ഉണ്ട്.

 ഇത്രയും വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു രാജ്യത്ത് ജനാധിപത്യം എത്രത്തോളം മികച്ചതാണ് എന്ന് ഇന്ത്യ തെളിയിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഒരുമിച്ച് വലിയ ലക്ഷ്യങ്ങള്‍ നേടിയ രീതി അഭൂതപൂര്‍വമാണ്.  ഇന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വെളിയിട മലമൂത്രവിസര്‍ജന വിമുക്തമാണ്. ഇന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു.  ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളും റോഡ് മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ 99 ശതമാനത്തിലധികം ആളുകള്‍ക്കും വൃത്തിയുള്ള പാചകത്തിന് ഗ്യാസ് കണക്ഷന്‍ ഉണ്ട്. ഇന്ന് ഇന്ത്യയിലെ എല്ലാ കുടുംബങ്ങളും ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇന്ന് ഇന്ത്യയിലെ ഓരോ ദരിദ്രര്‍ക്കും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്.

കൊറോണ ബാധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി 80 കോടി പാവങ്ങള്‍ക്ക് ഇന്ത്യ സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കി.  മാത്രമല്ല, ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് ശരാശരി പത്ത് ദിവസത്തിലൊരിക്കല്‍ ഒരു യൂണികോണ്‍ രൂപപ്പെടുന്നു.  ഇന്ന് പ്രതിമാസം ശരാശരി 5,000 പേറ്റന്റുകള്‍ ഇന്ത്യയില്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇന്ന് ഇന്ത്യ ഓരോ മാസവും ശരാശരി 500-ലധികം ആധുനിക റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്നു. ഇന്ന് ഇന്ത്യ ശരാശരി 18 ലക്ഷം വീടുകളെ പ്രതിമാസം പൈപ്പ് ജലവിതരണവുമായി ബന്ധിപ്പിക്കുന്നു.  ഇന്ത്യക്കാരുടെ നേട്ടങ്ങളുടെ പട്ടിക വളരെ വലുതാണ്.  ഞാന്‍ വിശദമായി പറഞ്ഞാല്‍, നിങ്ങളുടെ അത്താഴസമയം വരെ നീളും.

 സുഹൃത്തുക്കളേ,

 ഒരു രാജ്യം ശരിയായ ഉദ്ദേശത്തോടെ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയും ചെയ്യുമ്പോള്‍, അതിന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ മൂന്നാം വ്യാവസായിക വിപ്ലവത്തില്‍ നിന്ന് ജര്‍മ്മനിയും മറ്റ് രാജ്യങ്ങളും എത്രമാത്രം പ്രയോജനം നേടിയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.  അക്കാലത്ത് ഇന്ത്യ അടിമയായിരുന്നു. തല്‍ഫലമായി, ഈ ഓട്ടത്തില്‍ അത് വളരെ പിന്നിലായി. എന്നാല്‍ ഇന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ നാലാം വ്യാവസായിക വിപ്ലവത്തില്‍ വ്യവസായം 4.0-ല്‍ പിന്നാക്കം നില്‍ക്കുന്നവരുടെ കൂട്ടത്തിലല്ല, മറിച്ച് നേതാക്കളില്‍ ഒരാളാണ്.

 വിവരസാങ്കേതികവിദ്യയിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും ഇന്ത്യ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ലോകത്തെ തത്സമയ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ 40 ശതമാനവും ഇന്ത്യയിലാണ്. ഡാറ്റ ഉപഭോഗത്തില്‍ ഇന്ത്യ ഇന്ന് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയില്‍ ആളുകള്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന്റെ വേഗത ആരെയും അത്ഭുതപ്പെടുത്തും.

 വാക്‌സിനേഷനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ഏകദേശം 110 കോടി ആളുകള്‍ കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന്, ഏകദേശം 22 കോടി ഇന്ത്യക്കാര്‍ കൊറോണ അണുബാധയുടെ ട്രാക്കിംഗിനായി സൃഷ്ടിച്ച പ്രത്യേക ആപ്ലിക്കേഷനായ ആരോഗ്യ സേതുവിലേക്ക് കണക്റ്റുചെയ്തിരിക്കുന്നു. ഏകദേശം 50 ലക്ഷം വില്‍പ്പനക്കാര്‍ ഗവണ്‍മെന്റ് ഇ- വിപണുമായി, അതായത്, വാങ്ങലുകള്‍ നടത്താന്‍ ഗവണ്‍മെന്റ് സൃഷ്ടിച്ച ജെഎം പോര്‍ട്ടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് 12-15 ലക്ഷം ഇന്ത്യക്കാര്‍ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പ്രതിദിനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നു.

ഇന്ന് ഇന്ത്യയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി അഭൂതപൂര്‍വമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡ്രോണുകള്‍ രാസവളങ്ങള്‍ തളിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.  സ്വാമിത്വ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു.  ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ ഭൂമിയും വീടും ഡ്രോണുകള്‍ മാപ്പ് ചെയ്യുന്നു.  ഈ പ്രചാരണത്തിലൂടെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് സ്വത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. പ്രകൃതിക്ഷോഭം, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ സമയങ്ങളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും വര്‍ധിച്ചുവരികയാണ്.

 സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ ഒരു കാലത്ത് ഉണ്ടായിരുന്ന, എങ്ങനെയെങ്കിലുമൊക്കെ പോയാല്‍ മതി എന്ന മനോഭാവത്തില്‍ നിന്ന് പുറത്തു വന്ന് പ്രവര്‍ത്തിക്കുന്നു., 'യഥാസമയം പ്രവര്‍ത്തിക്കണം' എന്ന പ്രതിജ്ഞയെടുക്കാനുള്ള വഴിയിലാണ്. ഇന്ത്യ ഇപ്പോള്‍ തയ്യാറാണ്, ഇന്ത്യ പുരോഗതിയുടെയും വികസനത്തിന്റെയും കാര്യത്തില്‍ അക്ഷമരാണ്, ഇന്ത്യ അതിന്റെ സ്വപ്നങ്ങളില്‍ അക്ഷമരാണ്, ഇന്ത്യ അതിന്റെ സ്വപ്നങ്ങളെ ദ്രൃഢനിശ്ചയങ്ങളാക്കി അവ നേടിയെടുക്കുന്നതില്‍ അക്ഷമരാണ്. ഇന്ത്യ ഇന്ന് തന്നിലും സ്വന്തം കഴിവിലും വിശ്വസിക്കുന്നു.

നാം പഴയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു.  ഞാനൊരു ഉദാഹരണം പറയാം. 2030 ഓടെ നമ്മുടെ മൊത്തം വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ 40 ശതമാനവും ഫോസില്‍ ഇതര ഇന്ധനത്തില്‍ നിന്നായിരിക്കുമെന്ന് ഇന്ത്യ 2016-ല്‍ തീരുമാനിച്ചിരുന്നു. 2030-ല്‍ നിന്ന് എട്ട് വര്‍ഷം അകലെയാണെങ്കിലും ഇന്ത്യ ഈ ലക്ഷ്യം നേടിയിട്ടുണ്ട്. 10 ശതമാനം എത്തനോള്‍ മിശ്രിതമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. പെട്രോള്‍.  സമയപരിധിക്ക് അഞ്ച് മാസം മുമ്പ് ഈ ലക്ഷ്യവും രാജ്യം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ കുത്തിവയ്പിന്റെ വേഗതയും അളവും നിങ്ങള്‍ക്ക് നന്നായി അറിയാം. ഇന്ന്, ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 90% പേര്‍ക്കും വാക്‌സിനുകളുടെ രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. ഒരു ഡോസെങ്കിലും എടുത്ത മുതിര്‍ന്നവരില്‍ 95% പേരുമുണ്ട്. 1.25 ശതകോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ 10-15 വര്‍ഷമെടുക്കുമെന്ന് ചിലര്‍ പറഞ്ഞ അതേ ഇന്ത്യയാണ് ഇത്. ഇന്ന്, ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, ഇന്ത്യയിലെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 196 കോടി കടന്നിരിക്കുന്നു, അതായത് 1.96 ശതകോടി.  'ഇന്ത്യന്‍ നിര്‍മിത' വാക്‌സിനുകള്‍ കൊറോണയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെയും കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചു.

സുഹൃത്തുക്കളേ,

2015-ല്‍ ജര്‍മ്മനിയില്‍ വന്നപ്പോള്‍ സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ പ്രചാരണം ഒരു ആശയം മാത്രമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് പരസ്ഥിതിയാണ് ഇന്ത്യക്കുള്ളത്.  ഏറ്റവും ലളിതമായ സ്മാര്‍ട്ട്ഫോണുകള്‍ പോലും പുറത്ത് നിന്ന് ഇന്ത്യ വാങ്ങുന്ന ഒരു കാലമുണ്ടായിരുന്നു.  ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവാണ്. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു. ഏഴ്-എട്ട് വര്‍ഷം മുമ്പ് നിങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകരുമായി ഞാന്‍ സംസാരിക്കുമ്പോള്‍, നമ്മുടെ ബയോടെക് സമ്പദ്വ്യവസ്ഥ 10 ശതകോടി ഡോളറായിരുന്നു, അതായത് 75,000 കോടി രൂപ. ഇന്ന് അത് എട്ട് മടങ്ങ് കൂടുതലായി 80 ശതകോടി ഡോളര്‍ കടന്നിരിക്കുന്നു, അതായത് ആറ് ലക്ഷം കോടി രൂപ.

 സുഹൃത്തുക്കളേ,

ഇന്ത്യയിലെ ജനങ്ങളുടെ ധൈര്യമാണ് ഏറ്റവും വിഷമകരമായ സാഹചര്യങ്ങളില്‍പ്പോലും നമ്മുടെ ഏറ്റവും വലിയ ശക്തി. സുഹൃത്തുക്കളേ, നമ്മുടെ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്നതാണ്.  ഒരു വശത്ത് നമ്മുടെ നിര്‍മ്മാതാക്കള്‍ പുതിയ അവസരങ്ങള്‍ക്കായി തയ്യാറാണ് എന്നതിന്റെ തെളിവാണിത്. അതേസമയം ലോകം നമ്മെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും നോക്കുന്നു.  കഴിഞ്ഞ വര്‍ഷം 111 ശതകോടി ഡോളറിന്റെ അതായത് 8.30 ലക്ഷം കോടി രൂപയുടെ എഞ്ചിനീയറിംഗ് സാധനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.  ഇന്ത്യയുടെ പരുത്തി, കൈത്തറി ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 55 ശതമാനം വര്‍ധനയുണ്ടായി.

ഇന്ത്യയിലെ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഉല്‍പാദന കേന്ദ്രീകൃത ആനുകൂല്യ (പിഎല്‍ഐ) പദ്ധതിയും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നമ്മുടെ കയറ്റുമതി ലക്ഷ്യം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം സഹായിക്കാനാകും. അതുപോലെ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ

ഒരു രാജ്യത്തെ പൗരന്മാര്‍ ദേശീയ ദൃഢനിശ്ചയങ്ങള്‍ 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം), പൊതു പങ്കാളിത്തം എന്നിവയോടെ നിറവേറ്റുന്നതില്‍ ഏര്‍പ്പെടുമ്പോള്‍, അവര്‍ക്ക് ലോകത്തിലെ വന്‍ശക്തികളുടെ പിന്തുണയും ലഭിക്കും.  ലോകത്തിലെ വന്‍ശക്തികള്‍ ഇന്ത്യയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ ആഗ്രഹിക്കുന്നത് ഇന്ന് നമുക്ക് കാണാന്‍ കഴിയും.  ഇന്ന് ഇന്ത്യ പുരോഗതിയുടെ പാതയില്‍ മുന്നേറുന്നത് സ്വന്തം നാട്ടുകാരുടെ ദൃഢനിശ്ചയത്തോടെയാണ്. നിശ്ചയദാര്‍ഢ്യത്തോടെയും ജനങ്ങളുടെ പങ്കാളിത്തത്തോടെയും, ഇന്ത്യയുടെ ശ്രമങ്ങള്‍ ഇന്ന് ഒരു ബഹുജന പ്രസ്ഥാനമായി മാറുകയാണ്.  ഇതാണ് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉറപ്പും ആത്മവിശ്വാസവും നല്‍കുന്നത്.

ഉദാഹരണത്തിന്, ജൈവകൃഷി ലോകത്ത് ചര്‍ച്ചാവിഷയമായി തുടരുന്നു, ഇന്ത്യയിലെ കര്‍ഷകര്‍ തന്നെ മുന്നോട്ട് വന്ന് അത് നടപ്പിലാക്കുന്നു.  അതുപോലെ, കാലാവസ്ഥാ വ്യതിയാനം ഇന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ നയങ്ങളുടെ മാത്രം പ്രശ്‌നമല്ല.  ഇന്ത്യയിലെ യുവാക്കള്‍ ഇവികളിലും സമാനമായ മറ്റ് കാലാവസ്ഥാ അനുകൂല സാങ്കേതിക വിദ്യകളിലും നിക്ഷേപം നടത്തുന്നു.  സുസ്ഥിരമായ കാലാവസ്ഥാ സമ്പ്രദായങ്ങള്‍ ഇന്ന് ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്.

2014 വരെ ഇന്ത്യയില്‍ വെളിയിട മലമൂത്രവിസര്‍ജ്ജനം ഒരു പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ ഞങ്ങള്‍ രാജ്യത്ത് 10 കോടിയിലധികം ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു. ഇന്ന് ഇന്ത്യയില്‍ ശുചിത്വം ഒരു ജീവിതശൈലിയായി മാറുകയാണ്. രാജ്യത്തെ വൃത്തിയായി സൂക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇന്ത്യയിലെ ജനങ്ങളും യുവാക്കളും കരുതുന്നു.  തങ്ങളുടെ പണം രാജ്യത്തിന് വേണ്ടി സത്യസന്ധമായി ചെലവഴിക്കുന്നുവെന്നും അഴിമതിയില്‍ വീഴുന്നില്ലെന്നും ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. തല്‍ഫലമായി, പണം നിക്ഷേപിക്കല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് ഏതെങ്കിലും നിയമപരമായ നടപടിക്രമം മൂലമല്ല, മറിച്ച് അത് സ്വയമേവ സംഭവിക്കുന്നു. 

സുഹൃത്തുക്കളേ,

ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമായ അമൃതമഹോത്സവം ആഘോഷിക്കുകയാണ് നാമെല്ലാവരും. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, അഭൂതപൂര്‍വമായ സമഗ്രതയ്ക്കും ദശലക്ഷക്കണക്കിന് അഭിലാഷങ്ങള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിക്കുന്നു.  ഇന്ത്യ ഇന്ന് അഭൂതപൂര്‍വമായ സാധ്യതകള്‍ നിറഞ്ഞതാണ്.  ശക്തവും സുസ്ഥിരവും നിര്‍ണ്ണായകവുമായ ഒരു ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യയും പുതിയ സ്വപ്നങ്ങള്‍ സ്വപ്നം കാണുന്നു, പുതിയ തീരുമാനങ്ങള്‍ എടുക്കുന്നു, ആ ദൃഢനിശ്ചയങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു.  ഞങ്ങളുടെ നയം വ്യക്തമാണ്, പരിഷ്‌കാരങ്ങളോട് ശക്തമായ പ്രതബദ്ധതയുണ്ട്.  അഞ്ച് വര്‍ഷത്തിന് ശേഷം നമ്മള്‍ എവിടെ എത്തണം എന്നതും തീരുമാനിച്ചു, രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്ത 25 വര്‍ഷത്തേക്കുള്ള സ്വാശ്രയത്തിനുള്ള മാര്‍ഗരേഖയും തയ്യാറായിക്കഴിഞ്ഞു.

 സുഹൃത്തുക്കളേ,

 ലോകത്ത് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ തൊഴുതിരുന്ന കാലം കഴിഞ്ഞു.  ഇന്ന് ഇന്ത്യ ആഗോള വെല്ലുവിളികളെ മറികടക്കുന്ന ഒരു രാജ്യമല്ല, മറിച്ച് ഈ വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കുന്നു. കോളിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റെസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (സിഡിആര്‍ഐ) വഴി ദുരന്തങ്ങള്‍ക്കെതിരെ പോരാടാന്‍ ലോകത്തെ മുഴുവന്‍ പ്രാപ്തരാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് കൈമാറുന്നതിനായി ഞങ്ങള്‍ ഇന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലൂടെ ലോക രാജ്യങ്ങളെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നു. 'ഒരു സൂര്യന്‍-ഒരു ലോകം-ഒരു ഗ്രിഡ്' എന്ന സ്വപ്നം ഞങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അതിന്റെ നേട്ടം ഇന്ത്യ തന്നെ അനുഭവിച്ചറിഞ്ഞു. ഇന്ത്യയില്‍ സൗരോര്‍ജ്ജത്തിന്റെ റെക്കോര്‍ഡ് ശേഷി ഉണ്ടായിട്ടുണ്ട്, അത് യൂണിറ്റിന് 2 അല്ലെങ്കില്‍ 2.5 രൂപയ്ക്ക് ലഭ്യമാണ്.

ഹരിത ഹൈഡ്രജനില്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതും ജര്‍മ്മനി പോലുള്ള സൗഹൃദ രാജ്യങ്ങളുമായി പങ്കാളിത്തം പുലര്‍ത്തുന്നതും മാനവികതയുടെ താല്‍പ്പര്യമാണ്. ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ ഔഷധ കേന്ദ്രം സ്ഥാപിതമായതോടെ, ഇന്ത്യ ലോകത്തിലെ പുരാതന വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ ആഗോള കേന്ദ്രമായി മാറുകയാണ്.

 സുഹൃത്തുക്കളേ,

 യോഗയുടെ ശക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം.  അത് ലോകത്തെ മുഴുവന്‍ പിടിച്ചുലച്ചു.

 സുഹൃത്തുക്കളേ,

 ഇന്നത്തെ പുതിയ ഇന്ത്യ ഭാവി തലമുറകള്‍ക്കായി ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കുകയാണ്. ഒരു പുതിയ പൈതൃകം സൃഷ്ടിക്കുന്നതിനുള്ള ഈ പ്രചാരണ പരിപാടിയുടെ ഏറ്റവും വലിയ ശക്തി നമ്മുടെ യുവാക്കളാണ്.  ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനാണ് 21-ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയം ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി മാതൃഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പഠിക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

 മാതൃഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പഠിക്കുന്നതിന്റെ പ്രയോജനങ്ങള്‍ ജര്‍മ്മനിയിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും ഇതേ നേട്ടം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ആഗോള പങ്കാളിത്തത്തിലും പുതിയ വിദ്യാഭ്യാസ നയം ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ജര്‍മ്മനിയിലെ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ധാരാളം അവസരങ്ങള്‍ ഉള്ളതിനാലാണ് ഞാന്‍ ഇന്ന് ഇത് പരാമര്‍ശിക്കുന്നത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ ഇന്ത്യയുടെ ശക്തമായ പ്രതിച്ഛായ ഇവിടെ സൃഷ്ടിച്ചു.  സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത് അതായത് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നിങ്ങളില്‍ നിന്നുള്ള പ്രതീക്ഷകള്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ത്യയുടെ വിജയഗാഥയും ഇന്ത്യയുടെ വിജയങ്ങളുടെ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ്. അതിനാല്‍, ലോകമെമ്പാടുമുള്ള എന്റെ ഇന്ത്യന്‍ സഹോദരീസഹോദരന്മാരോട് ഞാന്‍ എപ്പോഴും പറയാറുണ്ട്, അവരാണ് ദേശീയ അംബാസഡര്‍മാരെന്ന്. ഗവണ്‍മെന്റ് സംവിധാനത്തില്‍ കുറച്ച് അംബാസഡര്‍മാരുണ്ട്, അതേസമയം എന്റെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കോടിക്കണക്കിന് അംബാസഡര്‍മാരുണ്ട്.

 സുഹൃത്തുക്കളേ,

സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും, ആവേശത്തോടെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനും എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.  എനിക്കും നിങ്ങളെ കാണാന്‍ അവസരം ലഭിച്ചു. സുരക്ഷിതമായും സന്തോഷമായും ഇരിക്കുക.

 ഭാരത് മാതാ കി - ജയ്!

 ഭാരത് മാതാ കി - ജയ്!

 ഭാരത് മാതാ കി - ജയ്!

വളരെ നന്ദി!

--ND--


(Release ID: 1837894) Visitor Counter : 272