പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 30 MAY 2022 12:59PM by PIB Thiruvananthpuram

നമസ്‌കാരം!  

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വനിതാ ശിശു വികസന മന്ത്രി ശ്രീമതി  സ്മൃതി ഇറാനി ജി, രാജ്യത്തുടനീളമുള്ള മന്ത്രിസഭാംഗങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേകിച്ച് ഇന്ന് ഈ പരിപാടി ആര്‍ക്കുവേണ്ടിയാണോ സംഘടിപ്പിച്ചിരിക്കുന്നത്, ആ പ്രിയപ്പെട്ട കുട്ടികള്‍, ബഹുമാന്യരായ മുഖ്യമന്ത്രിമാര്‍, മറ്റ് വിശിഷ്ട വ്യക്തികളേ, പ്രിയപ്പെട്ട നാട്ടുകാരേ,


 ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ്. ഇന്ന് കുട്ടികളുടെ ഇടയിലായതില്‍ ഞാന്‍ ഏറെ ആശ്വസിക്കുന്നു.

 സുഹൃത്തുക്കളേ,

 ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ സാഹചര്യങ്ങളിലേക്കാണ് നമ്മെ എത്തിക്കുന്നത്. പെട്ടെന്ന് ഇരുട്ട് വീഴുകയും നമ്മുടെ സന്തോഷകരമായ അസ്തിത്വത്തിലെ എല്ലാം മാറുകയും ചെയ്യുന്നു. നിരവധി ആളുകളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ കൊവിഡ് സമാനമായ ചിലത് ചെയ്തിട്ടുണ്ട്. കൊറോണ കാരണം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ജീവിതത്തില്‍ ഈ മാറ്റം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഓരോ ദിവസത്തെയും പോരാട്ടങ്ങള്‍, നിമിഷംതോറുമുള്ള പോരാട്ടങ്ങള്‍, പുതിയ വെല്ലുവിളികള്‍, എല്ലാ ദിവസവും ബുദ്ധിമുട്ടുകള്‍!  ഇന്ന് നമ്മോടൊപ്പമുള്ള, ആര്‍ക്കായാണോ ഈ പരിപാടി സംഘടിപ്പിച്ചത്, ആ കുട്ടികളുടെ വേദന വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്. പോയവരുടെ ഓര്‍മ്മകള്‍ മാത്രം ബാക്കി. എന്നാല്‍ അതിജീവിക്കുന്നവര്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.  ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, കൊറോണ ബാധിതരായ, മാതാപിതാക്കളില്ലാത്ത അത്തരം കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള ഒരു ചെറിയ ശ്രമമാണ് പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍.

 സുഹൃത്തുക്കളേ,

 ഓരോ രാജ്യവാസിയും അങ്ങേയറ്റം സംവേദനക്ഷമതയോടെ നിങ്ങളോടൊപ്പമുണ്ട് എന്നതിന്റെ പ്രതിഫലനം കൂടിയാണ് പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍. അവരുടെ ശരിയായതും തടസ്സമില്ലാത്തതുമായ വിദ്യാഭ്യാസത്തിനായി വീടിനടുത്തുള്ള ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളില്‍ അവരുടെ പ്രവേശനം നടത്തിയതില്‍ ഞാന്‍ സംതൃപ്തനാണ്.  ഇത്തരം കുട്ടികളുടെ നോട്ട് ബുക്കുകള്‍, പുസ്തകങ്ങള്‍, യൂണിഫോം എന്നിവയുടെ ചെലവുകളും പിഎം കെയേഴ്‌സ് വഴി വഹിക്കും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ ആര്‍ക്കെങ്കിലും വിദ്യാഭ്യാസ വായ്പ ആവശ്യമുണ്ടെങ്കില്‍, പിഎം കെയേഴ്സ് അതിനും സഹായിക്കും.  അവരുടെ മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കായി മറ്റ് പദ്ധതികളിലൂടെ 4,000 രൂപ പ്രതിമാസ ക്രമീകരണമായും നല്‍കുന്നുണ്ട്.

 സുഹൃത്തുക്കളേ,

 അത്തരം കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍, ഭാവി സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ പണം ആവശ്യമായി വരും. ഇതിനായി 18 മുതല്‍ 23 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്ക് എല്ലാ മാസവും സ്‌റ്റൈപ്പന്റ് ലഭിക്കും.  നിങ്ങള്‍ക്ക് 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ലഭിക്കും.

 സുഹൃത്തുക്കളേ,

 ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ആശങ്ക.  എന്തെങ്കിലും രോഗം വന്നാല്‍ ചികിത്സയ്ക്ക് പണം വേണം. പക്ഷേ, ഒരു കുട്ടിയോ അവന്റെ രക്ഷിതാക്കളോ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ വഴി ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.  ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സയുടെ സൗജന്യ സൗകര്യവും ലഭിക്കും.  


 സുഹൃത്തുക്കളേ,

 ഈ ശ്രമങ്ങള്‍ക്കിടയില്‍, ചില സമയങ്ങളില്‍ കുട്ടികള്‍ക്ക് വൈകാരിക പിന്തുണയും മാനസിക മാര്‍ഗനിര്‍ദേശവും ആവശ്യമായി വന്നേക്കാം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.  കുടുംബത്തില്‍ മുതിര്‍ന്നവരുണ്ടെങ്കിലും ഗവണ്‍മെന്റ് അതിനുള്ള ശ്രമം നടത്തി. ഇതിനായി പ്രത്യേക 'സംവാദ്' സേവനവും ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 'സംവാദ് ഹെല്‍പ്പ് ലൈനില്‍' മാനസിക വിഷയങ്ങളില്‍ വിദഗ്ധരുമായി സംസാരിക്കാം.

 സുഹൃത്തുക്കളേ,

 ലോകമെമ്പാടും കൊറോണ മഹാമാരിയുടെ തീവ്രത മുഴുവന്‍ മനുഷ്യരാശിയും അനുഭവിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം അവിസ്മരണീയമായ മുറിവുകള്‍ ഏല്‍പ്പിക്കാത്ത ലോകത്തിന്റെ ഒരു മുക്കുമൂലയും ഇല്ല!  ഈ പ്രതിസന്ധിയെ നിങ്ങള്‍ ധൈര്യത്തോടെ നേരിട്ടതിന് എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തിന്റെ സഹതാപം നിങ്ങളോടൊപ്പമുണ്ട്, അതേ സമയം നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും രാജ്യം മുഴുവനും നിങ്ങളോടൊപ്പമുണ്ട്. ഒരു കാര്യം കൂടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ മാതാപിതാക്കളുടെ വാത്സല്യത്തിന് പകരം വയ്ക്കാന്‍ ഒരു ശ്രമത്തിനും സഹായത്തിനും കഴിയില്ല എന്നതാണ്.  പക്ഷേ, നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അഭാവത്തില്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭാരതാംബ നിങ്ങളോടൊപ്പമുണ്ട്. പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രനിലൂടെ ഈ ഉത്തരവാദിത്തം നിറവേറ്റാനാണ് രാജ്യം ശ്രമിക്കുന്നത്. കൂടാതെ, ഈ ശ്രമങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഗവണ്‍മെന്റിന്റെയോ മാത്രമല്ല.  നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ തങ്ങളുടെ അധ്വാനിച്ച പണം പിഎം കെയേഴ്‌സില്‍ നിക്ഷേപിച്ചിട്ടുണ്ട്.  സേവനത്തിന്റെയും ത്യാഗത്തിന്റെയും ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മിക്കാം! ആരോ തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവും സംഭാവന ചെയ്തു, അതേസമയം മറ്റാരോ തന്റെ സ്വപ്നങ്ങള്‍ക്കായി മുഴുവന്‍ സമ്പാദ്യവും ഈ ഫണ്ടില്‍ നിക്ഷേപിച്ചു.  കൊറോണ കാലഘട്ടത്തില്‍ ആശുപത്രികള്‍ വികസിപ്പിക്കുന്നതിനും വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും നിരവധി ജീവനുകളും നിരവധി കുടുംബങ്ങളുടെ ഭാവിയും രക്ഷിക്കാന്‍ ഈ ഫണ്ട് വളരെയധികം സഹായിച്ചു.  അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ എല്ലാവരുടെയും മക്കള്‍ക്കായി, നിങ്ങളുടെ എല്ലാവരുടെയും ഭാവിക്കായി ഈ ഫണ്ട് ഇന്ന് ഉപയോഗിക്കുന്നു.

 സുഹൃത്തുക്കളേ,

 നിങ്ങളുടെ ജീവിതത്തില്‍ ഒരു നീണ്ട യാത്രയുണ്ട്. നിങ്ങളെല്ലാവരും വളരെ ധൈര്യത്തോടെയാണ് ജീവിതത്തില്‍ ഈ അവസ്ഥയെ നേരിടുന്നത്.  നമ്മുടെ രാജ്യത്തോ ലോകത്തോ ഉള്ള എല്ലാ മഹാന്മാരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്.  എങ്കിലും തളരാതെ അവര്‍ വിജയത്തിന്റെ നെറുകയില്‍ എത്തി.  തോല്‍വി നിരാശയായി മാറാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ല.  വിജയത്തിന്റെ ഈ മന്ത്രം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ വളരെയധികം നയിക്കുകയും സഹായിക്കുകയും ചെയ്യും, നിങ്ങള്‍ അത് ഒരിക്കലും മറക്കേണ്ടതില്ല.  നല്ലതും ചീത്തയും ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇപ്പോള്‍ നിങ്ങളുടെ കുടുംബവും അധ്യാപകരും മാത്രമേ ഉള്ളൂ എന്ന കാര്യം നിങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം.  അതിനാല്‍, അവരെ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.  ഇത്തരം പ്രതിസന്ധികളില്‍ നല്ല പുസ്തകങ്ങളും നിങ്ങളുടെ വിശ്വസ്ത സുഹൃത്തായിരിക്കും. നല്ല പുസ്തകങ്ങള്‍ നിങ്ങളെ രസിപ്പിക്കുക മാത്രമല്ല നിങ്ങളെ നയിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം കൂടി തരാം.

 സുഹൃത്തുക്കളേ,

 രോഗം വരുമ്പോള്‍ ചികിത്സ ആവശ്യമാണ്. എന്നാല്‍ ജീവിതം ആരോഗ്യത്തിനായിരിക്കണം, ചികിത്സയ്ക്കല്ല. ഇന്ന് രാജ്യത്ത് കുട്ടികള്‍ക്കായി ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ പ്രചാരണ പരിപാടികള്‍ നടക്കുകയാണ്. ഈ കാമ്പെയ്നുകളിലെല്ലാം നിങ്ങള്‍ ചേരുകയും നയിക്കുകയും വേണം.  ഏതാനും ദിവസങ്ങള്‍ക്ക് ശേഷം യോഗാ ദിനവും വരും. പഠനത്തോടൊപ്പം യോഗയും ജീവിതത്തിന്റെ ഭാഗമാകേണ്ടത് വളരെ പ്രധാനമാണ്.

 സുഹൃത്തുക്കളേ,

 നിരാശയുടെ ഏറ്റവും വലിയ അന്തരീക്ഷത്തിനിടയിലും നമ്മള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍ ഒരു പ്രകാശകിരണം തീര്‍ച്ചയായും ദൃശ്യമാകും.  നമ്മുടെ രാജ്യം തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നമ്മള്‍ ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്.  നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തിലും, സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ നീണ്ട പോരാട്ടത്തിലും നമ്മുടെ ഏറ്റവും വലിയ ശക്തി എന്തായിരുന്നു?  ഒരിക്കലും കൈവിടാത്ത മരുന്നു മൂല്യങ്ങളായിരുന്നു നമ്മുടെ ശക്തി!  നമ്മുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കപ്പുറം ഉയര്‍ന്ന് രാജ്യത്തിനും മനുഷ്യത്വത്തിനും വേണ്ടി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന മൂല്യങ്ങളായിരുന്നു നമ്മുടെ ശക്തി! ആഘോഷിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ നാം ഈ ചൈതന്യത്തോടെ മുന്നേറുകയാണ്.  കൊറോണയ്ക്കെതിരായ ഇത്രയും വലിയ പോരാട്ടത്തില്‍ ഈ ഊര്‍ജ്ജം രാജ്യത്തെ സഹായിക്കുകയും ലോകത്തിന് മുന്നില്‍ മാതൃകയാവുകയും ചെയ്തു. രണ്ടര വര്‍ഷം മുമ്പ് ലോകത്ത് ആര്‍ക്കും കൊറോണ വൈറസിനെക്കുറിച്ച് ശരിയായി അറിയില്ലായിരുന്നു.  ലോകത്തിലെ പ്രധാന രാജ്യങ്ങളിലേക്ക് എല്ലാവരും ഉറ്റുനോക്കി.  ഇന്ത്യയെക്കുറിച്ച് ക്രിയാത്മകമായി സംസാരിക്കാന്‍ ആരും തയ്യാറായില്ല.  മറിച്ച്, അത്തരം സാഹചര്യങ്ങളിലെ നാശത്തിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ ഇന്ത്യയെ വളരെ ആശങ്കയോടെയാണ് നോക്കിയത്. എന്നാല്‍ നിഷേധാത്മകമായ അന്തരീക്ഷത്തിനിടയിലും ഇന്ത്യ അതിന്റെ ശക്തിയെ ആശ്രയിച്ചു. നമ്മുടെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും യുവാക്കളെയും നാം വിശ്വസിച്ചു. കൂടാതെ, നമ്മള്‍ പ്രത്യാശയുടെ കിരണമായി ഉയര്‍ന്നുവന്നു; അല്ലാതെ ലോകത്തെക്കുറിച്ചുള്ള ആശങ്കയല്ല നയിച്ചത്. നമ്മള്‍ പ്രശ്‌നങ്ങളില്‍ പകച്ചു നിന്നില്ല; പകരം നമ്മള്‍ പരിഹാരങ്ങള്‍ നല്‍കി. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് നമ്മള്‍ മരുന്നുകളും വാക്‌സിനുകളും അയച്ചു.  ഇത്രയും വലിയ രാജ്യമായിട്ടുപോലും നമ്മള്‍ ഓരോ പൗരനും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ഇന്ന് രാജ്യത്ത് ഏകദേശം 200 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. ഈ ദുരന്തത്തിനിടയില്‍, നമ്മള്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ദൃഢനിശ്ചയും നടപ്പാക്കാന്‍ ആരംഭിച്ചു, ഇന്ന് ഇത് അതിവേഗം നേട്ടത്തിലേക്ക് നീങ്ങുകയാണ്. കൊറോണയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് കരകയറിയ ശേഷം നമ്മള്‍ ഇന്ന് അതിവേഗം വളരുന്ന ആഗോള സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. പുതിയൊരു പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് ലോകം ഇന്ന് നമ്മെ ഉറ്റുനോക്കുന്നത്.

 സുഹൃത്തുക്കളേ,

 നമ്മുടെ ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍, രാജ്യത്തിനും നാട്ടുകാര്‍ക്കും ഉണ്ടായിട്ടുള്ള ആത്മവിശ്വാസവും അഭൂതപൂര്‍വമാണ്. 2014ന് മുമ്പ് അഴിമതിയുടെയും ആയിരക്കണക്കിന് കോടികളുടെ കുംഭകോണങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനകളുടെയും പ്രാദേശിക വിവേചനത്തിന്റെയും ദുഷിച്ച വലയത്തില്‍ കുടുങ്ങിയ രാജ്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നു.  കുട്ടികളും കഠിനമായ ദിവസങ്ങള്‍ പോലും കടന്നുപോകുന്നു എന്നത് ഇതിന് ഒരു ഉദാഹരണമാണ്. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും വിഷമങ്ങളില്‍ ഒപ്പം' എന്ന മന്ത്രത്തെ പിന്തുടര്‍ന്ന് ഇന്ത്യ ഇപ്പോള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. അത് ശുചിത്വഭാരത ദൗത്യം, ജന്‍ ധന് യോജന, ഉജ്ജ്വല യോജന അല്ലെങ്കില്‍ ഹര്‍ ഘര്‍ ജല്‍ അഭിയാന്‍ തുടങ്ങി ഏതുമാകട്ടെ, കഴിഞ്ഞ എട്ട് വര്‍ഷം ദരിദ്രരുടെ സേവനത്തിനും ക്ഷേമത്തിനുമായാണു സമര്‍പ്പിച്ചത്. കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും അവരുടെ ജീവിതം എളുപ്പമാക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.  രാജ്യവാസികളുടെ പ്രയാസങ്ങള്‍ ഒഴിവാക്കുന്നത് ഉറപ്പാക്കുന്നതിനു മുന്‍കൈയെടുക്കാന്‍ സാധിക്കുന്ന ഒന്നും ഒഴിവാക്കിയില്ല. മുന്‍കാല ഗവണ്‍മെന്റുകള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വിറളിപൂണ്ടിരിക്കുകയും ജനങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും ചെയ്തപ്പോള്‍, നമ്മുടെ ഗവണ്‍മെന്റ് അതേ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി. ഇപ്പോള്‍ ഗവണ്‍മെന്റിന്റെ പദ്ധതികളുടെ പ്രയോജനം തുടര്‍ന്നും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍. ഈ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ഇപ്പോള്‍ 100 ശതമാനം ശാക്തീകരണ പ്രചാരണം നടത്തുകയാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്ന് ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്ന് ഒരു ദരിദ്രനും വിട്ടുപോകരുത്, ഓരോ ദരിദ്രനും അവരുടെ അവകാശം ലഭിക്കണം എന്നതാണ്.

 കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച ഔന്നത്യം ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.  ഇന്ന്, ഇന്ത്യയുടെ ബഹുമാനം ലോകത്ത് മെച്ചപ്പെട്ടു, ആഗോള വേദികളില്‍ അതിന്റെ ശക്തി വര്‍ദ്ധിച്ചു. യുവശക്തി ഇന്ത്യയുടെ ഈ യാത്രയെ നയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  ഈ ധീരതയോടും മാനുഷിക സംവേദനക്ഷമതയോടും കൂടി നമ്മുടെ കുട്ടികളും യുവാക്കളും നിങ്ങള്‍ എല്ലാവരും രാജ്യത്തിനും ലോകത്തിനും വഴി കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ഇതുപോലെ ദൃഢനിശ്ചയവുമായി മുന്നോട്ട് പോകുക, അതിനായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുക, നിങ്ങളുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടും. നിങ്ങള്‍ എവിടെ എത്താന്‍ ആഗ്രഹിക്കുന്നുവോ, ലോകത്തെ ഒരു ശക്തിക്കും നിങ്ങളെ തടയാന്‍ കഴിയില്ല.  നിങ്ങള്‍ക്ക് അഭിനിവേശവും നിങ്ങളുടെ ഉള്ളില്‍ നിശ്ചയദാര്‍ഢ്യവും നിറവേറ്റാനുള്ള കഴിവും ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിര്‍ത്തേണ്ടതില്ല. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഒരു കുടുംബാംഗം എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.  ഇന്ന്, ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുഗ്രഹങ്ങള്‍ നല്‍കാന്‍ എനിക്ക് എന്തെങ്കിലും അവകാശമുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങളിലെ കഴിവുകള്‍ എനിക്ക് കാണാന്‍ കഴിയും.  അതിനാല്‍, ഞാന്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നു.  ഒരുപാട് ദൂരം പോകട്ടെ, ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. വളരെയധികം നന്ദി!

-ND-


(Release ID: 1829588) Visitor Counter : 209