പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ സമൂഹ സ്വീകരണത്തിലെ (കമ്മ്യൂണിറ്റി റിസപ്ഷന്‍) പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 02 MAY 2022 11:59PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്! നമസ്‌കാരം!
ജര്‍മ്മനിയിലെ മാ ഭാരതിയുടെ കുട്ടികളെ കാണാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. നിങ്ങളില്‍ പലരും ജര്‍മ്മനിയിലെ വിവിധ നഗരങ്ങളില്‍ നിന്നാണ് ഇന്ന് ബെര്‍ലിനില്‍ എത്തിയിരിക്കുന്നത്. അതിരാവിലെ 4.30 ന്, കടുത്ത തണുപ്പില്‍ ധാരാളം കൊച്ചുകുട്ടികളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വളരെ ചൂടാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവുമാണ് എന്റെ വലിയ കരുത്ത്. എന്റെ മുന്‍ ജര്‍മ്മനി സന്ദര്‍ശനത്തിനിടെ നിങ്ങളില്‍ പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നിങ്ങളില്‍ ചിലരെ കാണാനും എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. വളരെ ഊര്‍ജ്ജസ്വലരായ യുവതലമുറയിലെ വലിയൊരു വിഭാഗം ജനങ്ങളെയാണ് എനിക്ക് കാണാന്‍ കഴിയുന്നത്. നിങ്ങളുടെ തിരക്കിനിടയിലും ഇവിടെ വരാന്‍ സമയം കണ്ടെത്തിയതിന് എന്റെ ഹൃദയത്തില്‍ നിന്നുള്ള നിങ്ങളോട് രേഖപ്പെടുത്തുന്നു. ജര്‍മ്മനിയില്‍ ഇന്ത്യക്കാര്‍ എണ്ണത്തില്‍ കുറവാണെന്ന് നമ്മുടെ അംബാസഡര്‍ സൂചിപ്പിച്ചു, എന്നാല്‍ നിങ്ങളുടെ സ്‌നേഹത്തിനും ആവേശത്തിനും ഒരു കുറവുമില്ല, ഇത് കാണുന്ന ഇന്ത്യയിലെ ജനങ്ങക്കും അഭിമാനം തോന്നും.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്നെക്കുറിച്ചോ മോദി ഗവണ്‍മെന്റിനെക്കുറിച്ചോ സംസാരിക്കാനല്ല, പകരം കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെ കുറിച്ച് സംസാരിക്കാനും അവരെ പ്രശംസിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരെ കുറിച്ച് എന്ന് ഞാന്‍ പറയുമ്പോള്‍ അതില്‍ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ മാത്രമല്ല, ഇവിടെയുള്ളവരും ഉള്‍പ്പെടും. ലോകത്തിന്റെ എല്ലാ കോണുകളിലും ജീവിക്കുന്ന മാ ഭാരതിയുടെ എല്ലാ മക്കളെയും കുറിച്ചാണ് അത്. ജര്‍മ്മനിയില്‍ വിജയം കൈവരിച്ചതിന് ആദ്യമായി ഞാന്‍ എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടം ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍ക്ക്. ഇന്ന് ഇന്ത്യ അതിന്റെ മനസ്സില്‍ ഉറപ്പിക്കുകയും ഒരു പ്രതിജ്ഞയോടെ മുന്നോട്ട് പോവുകയും ചെയ്യുകയുമാണ്. എവിടെ, എങ്ങനെ, എത്ര ദൂരം പോകണമെന്ന് ഇന്ന് ഇന്ത്യക്ക് അറിയാം. ഒരു രാജ്യം ദൃഢനിശ്ചയം എടുക്കുമ്പോള്‍, അത് പുതിയ വഴികള്‍ തെരഞ്ഞെടുക്കുകയും ലക്ഷ്യസ്ഥാനം നേടുകയും ചെയ്യുന്നുമെന്ന് നിങ്ങള്‍ക്കറിയാം. ഇന്ന് വികസനം കാംക്ഷിക്കുന്ന ഇന്ത്യയും യുവാക്കളും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ സ്ഥിരതയും ശക്തമായ ഇച്ഛാശക്തിയും വളരെ അത്യാവശ്യമാണെന്ന് അവര്‍ക്ക് അറിയാം. ഇന്നത്തെ ഇന്ത്യ അത് നന്നായി മനസ്സിലാക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ രാഷ്ട്രീയ അസ്ഥിരമായ അന്തരീക്ഷത്തെ ഒരു ബട്ടണ്‍ അമര്‍ത്തി ഇന്ത്യയിലെ ജനങ്ങള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷമായി, ഇന്ത്യയിലെ വോട്ടര്‍ തന്റെ വോട്ടിന്റെ ശക്തിയും ആ ഒരു വോട്ട് എങ്ങനെ ഇന്ത്യയെ മാറ്റും എന്നും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ നല്ല മാറ്റത്തിനും ദ്രുതഗതിയിലുള്ള വികസനത്തിനുമുള്ള ആഗ്രഹമായിരുന്നു 2014ല്‍ കേവലഭൂരിപക്ഷത്തോടെ ഇന്ത്യയിലെ ജനങ്ങള്‍ ഒരു ഗവണ്‍മെന്റിനെ തെരഞ്ഞെടുത്തതും 30 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചതും .
ഇന്ത്യയിലെ മഹനീയമായ ജനങ്ങളുടെ ആ വീക്ഷണമാണ് മുമ്പെത്തേതിനെക്കാള്‍ ശക്തമായ ഒരു ഗവണ്‍മെന്റിനെ 2019-ല്‍ രൂപീകരിപ്പിച്ചത്. ഇന്ത്യയെ എല്ലാ മേഖലകളിലും മുന്നോട്ട് കൊണ്ടുപോകാന്‍ നിശ്ചയശക്തിയുള്ള ഒരു ഗവണ്‍മെന്റിന് ഇന്ത്യയിലെ ജനങ്ങള്‍ അധികാരം കൈമാറി. സുഹൃത്തുക്കളേ, ഞങ്ങളില്‍ എന്നില്‍ ധാരാളം പ്രതീക്ഷകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാല്‍ കഠിനാദ്ധ്വാനത്തിലൂടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയും നേതൃത്വവും ഉപയോഗിച്ച് ഇന്ത്യക്ക് പുതിയ ഉയരങ്ങളിലെത്താന്‍ കഴിയുമെന്നും എനിക്കറിയാം. ഇപ്പോള്‍ ഇന്ത്യ സമയം പാഴാക്കില്ല. ഈ കാലഘട്ടത്തിന്റെ പ്രാധാന്യവും അതിന്റെ സാദ്ധ്യതകളും ഈ കാലഘട്ടത്തില്‍ കൈവരിക്കേണ്ട കാര്യങ്ങളും ഇന്ത്യ തിരിച്ചറിയുന്നു.
സുഹൃത്തുക്കളെ,
ഈ വര്‍ഷം നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാന്‍. 25 വര്‍ഷത്തിന് ശേഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, ആ സമയത്ത് ഇന്ത്യ എത്തിച്ചേരേണ്ട കൊടുമുടി, അതിലേക്ക് ശക്തമായി പടിപടിയായി ചുവടുവെക്കുകയും ആ ലക്ഷ്യത്തിലേക്ക് അതിവേഗം നടക്കുകയും ചെയ്യുകയാണ്.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ ഒരിക്കലും വിഭവങ്ങളുടെ ക്ഷാമം ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ഒരു വഴിയും ദിശയും തിരഞ്ഞെടുത്തു. എന്നിരുന്നാലും, ചില കാരണങ്ങളാലോ മറ്റെന്തെങ്കിലുമോ കൊണ്ട്, കാലക്രമേണ സംഭവിക്കേണ്ട വിശാലവും വേഗത്തിലുള്ളതുമായ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാം പിന്നിലായി. വര്‍ഷങ്ങളായി വിദേശ ഭരണത്തില്‍ തകര്‍ന്ന ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തിന് ഒരേയൊരു പരിഹാരമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ ജനങ്ങളില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തുക എന്നത് വളരെ പ്രധാനമായിരുന്നു, അതിന് ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ബ്രിട്ടീഷ് പൈതൃകം മൂലം ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഇടയില്‍ വലിയൊരു വിശ്വാസ വിടവ് ഉണ്ടായിരുന്നു. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ തഴച്ചുവളര്‍ന്നു. ബ്രിട്ടീഷ് ഭരണത്തിനുശേഷം ഉണ്ടാകേണ്ടിയിരുന്ന ആവശ്യമായ മാറ്റങ്ങള്‍ക്ക് വേഗത കുറവായിരുന്നു. അതുകൊണ്ട് സാധാരണക്കാരന്റെ ജീവിതത്തില്‍ ലഗവണ്‍മെന്റ് കുറയണം, പരിമിതമായ ഗവണ്‍മെന്റും പരമാവധി ഭരണവും (ഗവേണന്‍സ് )എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ആവശ്യമുള്ളിടത്ത് ഗവണ്‍മെന്റിന്റെ അഭാവം ഉണ്ടാകരുത്, എന്നാല്‍ ആവശ്യമില്ലാത്തിടത്ത് ഗവണ്‍ശമന്റിന്റെ സ്വാധീനം പാടില്ല.
സുഹൃത്തുക്കളെ,
രാജ്യത്തെ ജനങ്ങള്‍ തന്നെ വികസനത്തിന് നേതൃത്വം നല്‍കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ മുന്നോട്ട് വന്ന് അതിന്റെ ദിശ തീരുമാനിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ഗവണ്‍മെന്റോ മോദിയോ അല്ല, കോടിക്കണക്കിന് ജനങ്ങളാണ് ചാലകശക്തി. അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് ഗവണ്‍മെന്റിന്റെ അനാവശ്യമായ ഇടപെടല്‍ ഞങ്ങള്‍ അവസാനിപ്പിക്കുന്നത്. പരിഷ്‌ക്കാരങ്ങളിലൂടെ ഞങ്ങള്‍ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തുകയാണ്. പരിഷ്‌കരണത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടനത്തിന് ഗവണ്‍മെന്റ് സംവിധാനത്തിന്റെ സ്ഥാപനവും പരിവര്‍ത്തനത്തിന് പൊതുജന പങ്കാളിത്തവും ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അപ്പോള്‍ മാത്രമേ പരിഷ്‌ക്കരണത്തിന്റേയും പ്രകടനത്തിന്റേയും പരിവര്‍ത്തനത്തിന്റേയും വാഹനം മുന്നോട്ട് നീങ്ങുകയുള്ളൂ. ഇന്ന് ഇന്ത്യ അതിവേഗം പ്രവര്‍ത്തിക്കുകയും ജീവിത സുഗമമാക്കല്‍, ജീവിത നിലവാരം, തൊഴില്‍ സുഗമമാക്കല്‍, വിദ്യാഭ്യാസ ഗുണനിലവാരം, സുഗമമായ ചലനാത്മകത, യാത്രാ ഗുണനിലവാരം, വ്യാപാരം സുഗമമാക്കല്‍, സേവനങ്ങളുടെ ഗുണനിലവാരം, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം എന്നിവയില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഉപേക്ഷിച്ചിട്ട് ഇങ്ങോട്ട് വന്ന അതേ രാജ്യം തന്നെയാണ് ഇത്. ബ്യൂറോക്രസിയും ഗവണ്‍മെന്റ് ഓഫീസുകളും ഗവണ്‍മെന്റ് സംവിധാനങ്ങളും ഒക്കെ അതുതന്നെയാണ്, എന്നാല്‍ ഇപ്പോള്‍ നമുക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

സുഹൃത്തുക്കളെ,
2014 ന് മുമ്പ്, നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കുമ്പോഴെല്ലാം ഒരു വലിയ പരാതി ഉണ്ടായിരുന്നു. 'പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു' എന്നത് സര്‍വവ്യാപിയായിരുന്ന ആ നാളുകള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഞാന്‍ ആരെയും വിമര്‍ശിക്കുകയല്ല, എന്നാല്‍ നമ്മുടെ നാട്ടില്‍ ഒരു റോഡ് നിര്‍മ്മിച്ചതിന് തൊട്ടുപിന്നാലെ വൈദ്യുതി ലൈനുകള്‍ക്കായി അത് കുഴിച്ചിÿടുന്നത് ഒരു പതിവായിരുന്നു. അപ്പോള്‍ ജലവിതരണ വകുപ്പിലെ ആളുകള്‍ ജലവിതരണ ലൈനുകള്‍ക്കായി അവിടെ പോകും. പിന്നെ ടെലിഫോണ്‍ വകുപ്പിന്റെ ഊഴമായിരിക്കും. ഒരു റോഡിന് വളരെയധികം പണം ചെലവഴിച്ചാലും പണി ഒരിക്കലും പൂര്‍ത്തിയായിരുന്നില്ല. നിങ്ങള്‍ ഇതെല്ലാം കണ്ടിട്ടുള്ളതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കിയെന്ന് മാത്രം. ഒന്നുകില്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ തമ്മില്‍ ആശയവിനിമയം നടക്കാത്തതിനാലോ അല്ലെങ്കില്‍ വിവരങ്ങളുടെ ഏകോപനമില്ലാത്തതിനാലോ ആണ് ഇതൊക്കെ സംഭവിക്കുന്നത്. ഓരോരുത്തരും അവരവരുടെതായ ലോകം സൃഷ്ടിച്ച് അതില്‍ മുഴുകിയിരിക്കുന്നു. വളരെയധികം റോഡുകള്‍ നിര്‍മ്മിച്ചതിന്റെയും നിരവധി വയറുകളും പൈപ്പുകളും ഇട്ടതിന്റെയും ഒരു റിപ്പോര്‍ട്ട് കാര്‍ഡ് എല്ലാവരുടെയും പക്കലുണ്ട്, എന്നാല്‍ ഫലം 'പണി പുരോഗമിക്കുന്നു' എന്നതായിരുന്നു.
ഈ തടസങ്ങള്‍ തകര്‍ക്കുന്നതിനായി ഞങ്ങള്‍ ഇപ്പോള്‍ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഭാഗത്തുനിന്നും ഇത് പ്രശംസിക്കപ്പെടുകയാണ്. എല്ലാ വകുപ്പുതല തടസങ്ങളും അവസാനിപ്പിച്ച് എല്ലാ പശ്ചാത്തല സൗകര്യ പദ്ധതികളിലേയും എല്ലാ പങ്കാളികളേയും ഞങ്ങള്‍ ഒരൊറ്റ വേദിയില്‍ കൊണ്ടുവന്നു. ഇപ്പോള്‍ ഗവണ്‍മെന്റുകളുടെ എല്ലാ വകുപ്പുകളും അതത് ജോലികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നു. ഈ പുതിയ സമീപനം വികസന പദ്ധതികളുടെ വേഗതയും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ ശക്തി വീക്ഷണവും വേഗതയും അളവുമാണ്. സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിക്ഷേപത്തിനാണ് ഇന്ന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ സമവായത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ മറുവശത്ത് പുതിയ ആരോഗ്യ നയം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന്, ഇന്ത്യയില്‍ ചെറിയ നഗരങ്ങളെ വ്യോമപാതകളുമായി ബന്ധിപ്പിക്കുന്ന റെക്കാര്‍ഡ് എണ്ണം വിമാനത്താവളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇന്ന് ഇന്ത്യയില്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാത്തതരത്തിലാണ് മെട്രോ ബന്ധിപ്പിക്കലില്‍ നടക്കുന്ന ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇന്ന് റെക്കോര്‍ഡ് എണ്ണം പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കപ്പെടുന്നു, കൂടാതെ 5ജി ഇന്ത്യയുടെ വാതിലുകളില്‍ മുട്ടുകയുമാണ്. ഇന്ന് ഇന്ത്യയില്‍ റെക്കാര്‍ഡ് എണ്ണം ഗ്രാമങ്ങളെയാണ് ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഗ്രാമങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പരിധിയില്‍ വരുന്നതും ഇന്ത്യയുടെ ഗ്രാമങ്ങള്‍ ലോകവുമായി ബന്ധിപ്പിക്കുമെന്നും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. ഇന്ത്യയിലെയും ജര്‍മ്മനിയിലെയും ജനങ്ങള്‍ക്ക് ഇന്ത്യയിലെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തിരിച്ചറിയാന്‍ കഴിയും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഡാറ്റ പല രാജ്യങ്ങള്‍ക്കും സങ്കല്‍പ്പിക്കാനാവാത്തതാണെന്നതില്‍ നിങ്ങള്‍ പ്രശംസിക്കും. ഇപ്പോള്‍ ഇന്ത്യ ചിന്തിക്കുന്നത് ചെറുതായല്ല. ആഗോളതലത്തില്‍ തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ 40%ഉം ഇന്ത്യയിലാണ്.
സുഹൃത്തുക്കളെ,
ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ, നിങ്ങള്‍ക്ക് തീര്‍ച്ചയായും അത് ഇഷ്ടപ്പെടും. ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ പണം കൈയില്‍ കൊണ്ടുപോകേണ്ടതില്ല. വിദൂര ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ വഴിയാണ് എല്ലാവിധ പണമിടപാടുകളും നടക്കുന്നത്.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയില്‍ ഭരണത്തില്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്ന രീതി ഒരു നവഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഇച്ഛാശക്തിയെ പ്രകടമാക്കുന്നതും ജനാധിപത്യത്തിന്റെ വിതരണ ശേഷിയുടെ തെളിവുമാണ്. ഈ കണക്ക് നിങ്ങളെ അത്ഭുതപ്പെടുത്തും. കേന്ദ്ര ഗവണ്‍മെന്റിന്റേയും സംസ്ഥാന ഗവണ്‍മെന്റുളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പതിനായിരത്തോളം സേവനങ്ങള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. ഗവണ്‍മെന്റ് സഹായമായാലും സ്‌കോളര്‍ഷിപ്പായാലും കര്‍ഷകന്റെ വിളയുടെ വിലയായാലും എല്ലാം ഇപ്പോള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ്. ഞാന്‍ ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ അയച്ചുവെന്നും പതിനഞ്ച് പൈസയേ ജനങ്ങളിലെത്തിയുള്ളുവെന്നും ഇപ്പോള്‍ ഒരു പ്രധാനമന്ത്രിക്കും പറയേണ്ടി വരില്ല. 85 പൈസ പിന്‍വലിച്ച ആ കൈ എന്തായിരുന്നു?
ഞാന്‍ നിങ്ങളുമായി പങ്കിടുന്ന കണക്കുകള്‍ അറിയാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. ഈ കണക്കുകള്‍ നിങ്ങള്‍ ഓര്‍ക്കുമോ? ഭയപ്പെടേണ്ടതില്ല, ഇത് നിങ്ങളുടെ പരിശ്രമമാണ്. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷങ്ങളില്‍, നേരിട്ടുള്ള ബാങ്ക് കൈമാറ്റം വഴി (ഡി.ബി.ടി) കേന്ദ്രഗവണ്‍മെന്റ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഒറ്റ €ിക്കില്‍ പണം അയക്കുന്നു. ഞങ്ങള്‍ ഡി.ബി.ടി വഴി അയച്ച തുക 22 ലക്ഷം കോടിയിലേറെയാണ്. ഇപ്പോള്‍ നിങ്ങള്‍ ജര്‍മ്മനിയിലാണ്, അതുകൊണ്ട് അത് 300 ബില്യണ്‍ ഡോളറില്‍ കൂടുതലാണെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. ഇവിടെ ഇടനിലക്കാരനും കമ്മീഷനുമില്ല. ഇത് സംവിധാനത്തെ സുതാര്യതയിലേക്ക് നയിച്ചു, അതിന്റെ ഫലമായി, ഈ നയങ്ങളും ഉദ്ദേശ്യങ്ങളും സാങ്കേതികവിദ്യയും ആ വിശ്വാസ വിടവ് നികത്താന്‍ സഹായിച്ചു.
സുഹൃത്തുക്കളെ,
ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാകുമ്പോഴാണ് സാധാരണ പൗരന്‍ ശാക്തീകരിക്കപ്പെടുന്നത്. അതുകൊണ്ട്, അയാള്‍ക്ക് ആത്മവിശ്വാസം തോന്നുന്നത് വളരെ സ്വാഭാവികമാണ്, അയാള്‍ തന്നെ തീരുമാനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങുകയും കഠിനാദ്ധ്വാനത്തിലൂടെ അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നു. എങ്കില്‍ മാത്രമേ രാജ്യം മുന്നോട്ട് പോകൂ സുഹൃത്തുക്കളെ. നവഇന്ത്യ വെറും സുരക്ഷിതമായ ഭാവിയെക്കുറിച്ച് മാത്രമല്ല ചിന്തിക്കന്നത്, മറിച്ച് അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കാനും നവീകരിക്കാനും പുനരാലോചന നടത്താനും തയ്യാറാണ്. 2014-വരെ രാജ്യത്ത് വെറും 200-400 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് 68,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. 400 ല്‍ നിന്ന് 68,000 വരെ! ഇത് കേട്ട ശേഷം അഭിമാനത്താല്‍ നെഞ്ച് വിരിയിക്കാനും, തലയുയര്‍ത്തിപ്പിടിക്കാനുമാകുന്നില്ലേ? അത് മാത്രമല്ല, ലോകത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണുകള്‍ ആയി മാറി. ഇത് യൂണികോണുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡെക്കാകോണുകളായി മാറിയ നിരവധി യൂണികോണുകള്‍ ഉണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥരോട് അവരുടെ മക്കളെ കുറിച്ച് ചോദിച്ചറിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. തങ്ങളുടെ മക്കള്‍ ഐ.എ.എസിനായി തയ്യാറെടുക്കുകയാണെന്നായിരിക്കും അവര്‍ പറയുക. ഇപ്പോള്‍ ഞാന്‍ ഇതേ ചോദ്യം അവരോട് ചോദിച്ചാല്‍, അവരുടെ കുട്ടികള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇതൊരു ചെറിയ മാറ്റമല്ല സുഹൃത്തുക്കളെ.

സുഹൃത്തുക്കളെ,
എന്താണ് അടിസ്ഥാന പ്രശ്‌നം? ഇന്ന് ഗവണ്‍മെന്റ് നൂതനാശയക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്, അവരെ ബന്ധിക്കുകയല്ല. ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി മേഖലയിലെ നൂതനാശയങ്ങള്‍ക്കും പുതിയ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ അല്ലെങ്കില്‍ പുതിയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ അല്ലെങ്കില്‍ ബഹിരാകാശ മേഖലയില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗവണ്‍മെന്റ് അത് പരിപോഷിപ്പിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഒരു പ്രത്യേക പേപ്പര്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ മാസങ്ങളെടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഗവണ്‍മെന്റില്‍ പൗരന്മാര്‍ക്ക് വിശ്വാസം വര്‍ദ്ധിക്കുമ്പോള്‍, അവിശ്വാസത്തിന്റെ വിടവ് അവസാനിക്കുന്നു. സുഹൃത്തുക്കളേ, ഇന്ന് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂറേ എടുക്കൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരേ രേഖകള്‍ പലതവണ ആവശ്യപ്പെടുന്നത് ഗവണ്‍മെന്റ് ഓഫീസുകളില്‍ പതിവായിരുന്നു. ഒരു ഓഫീസില്‍ ആറു പേരുണ്ടെങ്കില്‍, അതേ രേഖ അവര്‍ പ്രത്യേകം പ്രത്യേകം ആവശ്യപ്പെടും. നിരവധി അനുവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.
സുഹൃത്തുക്കളെ,
ഞങ്ങള്‍ 25,000-ലധികം അനുവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയെതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇനി എനിക്ക് ഈ ജോലികൂടി ചെയ്യണം. എന്റെ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തതിന് ശേഷം 2013 ലെ തെരഞ്ഞെടുപ്പിന് ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. ഒരു ദിവസം ഡല്‍ഹിയില്‍ നിന്നുള്ള വ്യവസായികള്‍ എന്നെ ഒരു വ്യാപാര ഉച്ചകോടിക്ക് വിളിച്ചു. അവിടെ ഒരു മാന്യന്‍ പല നിയമങ്ങളും ചട്ടങ്ങളും വിശദീകരിച്ചു. പൊതുവെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആളുകള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ സുഹൃത്തുക്കളേ, ഞാന്‍ വ്യത്യസ്തമായ മണ്ണില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ഞാന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍, നിങ്ങള്‍ പുതിയ നിയമങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ എനിക്ക് മറ്റൊരു ഉദ്ദേശ്യമാണുള്ളത്. എന്റെ ഉദ്ദേശം പറഞ്ഞാല്‍ നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യുമോ എന്ന് എനിക്കറിയില്ല. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഓരോ ദിവസവും ഒരു നിയമം വച്ച് റദ്ദാക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ വ്യക്തിക്ക് ഭരണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല എന്ന് പലരും അത്ഭുതപ്പെട്ടു. എന്നാല്‍ സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് എന്റെ അക്കൗണ്ട് നല്‍കുന്നു. സുഹൃത്തുക്കളേ, എന്റെ ഗവണ്‍മെന്റിന്റെ ആദ്യ 5 വര്‍ഷത്തിനുള്ളില്‍ 1500 നിയമങ്ങള്‍ ഞാന്‍ റദ്ദാക്കി. നിയമങ്ങളുടെ ഈ വലയുടെ ഭാരം എന്തിന് പൗരന്മാരുടെ മേല്‍ ചുമത്തണം?

ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ഈ രാജ്യം മോദിയുടേതല്ല, ഇത് 130 കോടി പൗരന്മാരുടേതാണ്. നമ്മുടെ നാടിന്റെ പ്രത്യേകത നോക്കൂ. ഇവിടെ ഒരു രാജ്യം ഉണ്ടായിരുന്നു, എന്നാല്‍ രണ്ട് ഭരണഘടനകളായിരുന്നു. എന്തിനാണ് ഇത്രയും സമയം എടുത്തത്? 'ട്യൂബ്‌ലൈറ്റ്' എന്നൊരു പദം ഇവിടെ ഉണ്ടായിരുന്നു. രാജ്യത്തുടനീളം ഒരു ഭരണഘടന നടപ്പാക്കാന്‍ ഏഴു പതിറ്റാണ്ടെടുത്തു. അതുപോലെ, ഒരു പാവപ്പെട്ട മനുഷ്യന്‍ ജബല്‍പൂരില്‍ താമസിക്കുകയും അവിടെ അയാള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴും, ജീവിക്കാന്‍ ജയ്പൂരിലേക്ക് വരാന്‍ അദ്ദേഹം നിര്‍ബന്ധിതനായാല്‍ അതേ റേഷന്‍ കാര്‍ഡുകൊണ്ട് പ്രയോജനമില്ല. ഇവിടെ ഒരു രാജ്യമുണ്ട് എന്നാല്‍ പ്രത്യേക റേഷന്‍ കാര്‍ഡുകളാണ്. ഇന്ന് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്. മുമ്പ്, ആരെങ്കിലും രാജ്യത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗുജറാത്ത്, മഹാരാഷ്ര്ട, ബംഗാള്‍ എന്നിവിടങ്ങളില്‍ വെവ്വേറെ മൂന്ന് കമ്പനികള്‍ സ്ഥാപിക്കണമെങ്കില്‍ അവിടെ വ്യത്യസ്ത നികുതി നിയമങ്ങളാണ് ഉണ്ടായിരുന്നത്. വ്യത്യസ്ത നിയമങ്ങളുള്ളതിനാല്‍ മൂന്നിടത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ അയാള്‍ക്ക് നിയമിക്കേണ്ടിയിരുന്നു. ഇന്ന് ഇവിടെ ഒരു നികുതി സമ്പ്രദായമാണ് നിലവിലുള്ളത്. നമ്മുടെ ധനമന്ത്രി നിര്‍മല ജി ഇവിടെ ഇരിക്കുന്നുണ്ട്. ഏപ്രിലില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. 1.68 ലക്ഷം കോടിയുടെ റെക്കോര്‍ഡ് ജി.എസ്.ടി കലക്ഷനുണ്ടായി. ഒരു രാഷ്ട്രം, ഒരു നികുതി എന്ന ദൃഢമായ ദിശയിലല്ലേ അത് സംഭവിച്ചത്?
സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രര്‍ത്തനത്തിന്റെ ചാലകശക്തിയായി മേക്ക് ഇന്‍ ഇന്ത്യ മാറുകയാണ്. ആത്മവിശ്വാസമുള്ള ഒരു ഇന്ത്യ ഇന്ന് പ്രക്രിയകള്‍ ലഘൂകരിക്കുക മാത്രമല്ല, ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യങ്ങളോടെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലും അതിന്റെ നേട്ടം ദൃശ്യമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന റെക്കോര്‍ഡ് നമ്മള്‍ തകര്‍ത്തത്. ചരക്ക് സേവനങ്ങള്‍ എന്നിവ പരിശോധിച്ചാല്‍, ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 670 ബില്യണ്‍ ഡോളര്‍ അതായത് ഏകദേശം 50 ലക്ഷം കോടി രൂപയായിരുന്നു. ഈ കണക്കിന് ശേഷം കൈയടിക്കായി നിങ്ങളുടെ കൈകള്‍ സ്ഥിരപ്പെടുത്തിയോ? ഇന്ത്യയില്‍ പല പുതിയ ജില്ലകളും പുതിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ സാദ്ധ്യത വിപുലപ്പെടുത്തുകയാണ്. 'കേടുപാടുകളില്ല, പ്രത്യാഘാതങ്ങളില്ല (സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് ) എന്ന നിലയില്‍ ആണ് ഇന്ന് നിര്‍മ്മിക്കുന്നത്. ഈ മന്ത്രത്തിലൂടെ, ഗുണമേന്മ കുറവില്ലാത്തതും ഉല്‍പ്പാദനം മൂലം പരിസ്ഥിതിക്ക് ഒരു പ്രത്യാഘാതവുമില്ലാത്തതുമായ ഉല്‍പ്പാദന ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ഈ മൂന്നാം ദശകത്തിലെ ഏറ്റവും വലിയ വസ്തുതയെന്തെന്നാല്‍ ഇന്ത്യ ഇന്ന് ആഗോളതലത്തിലേക്ക് നീങ്ങുന്നു എന്നതാണ്. കൊറോണയുടെ കാലഘട്ടത്തില്‍, 150 ലധികം രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ച് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഇന്ത്യ സഹായിച്ചു. കോവിഡിനുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ വിജയിച്ചപ്പോള്‍, നമ്മുടെ വാക്‌സിനുകള്‍ ഉപയോഗിച്ച് നമ്മള്‍ 100 ഓളം രാജ്യങ്ങളെ സഹായിച്ചു, സുഹൃത്തുക്കളേ.
സുഹൃത്തുക്കളെ,
ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ്, തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു. ഇന്ന് ലോകം ഗോതമ്പ് ക്ഷാമം നേരിടുകയാണ്. ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയില്‍ ആശങ്കയിലാണ്. സുഹൃത്തുക്കളെ, ഇത്തരമൊരു സമയത്ത് ലോകത്തെ പോറ്റാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ മുന്നോട്ട് വരുന്നു.
സുഹൃത്തുക്കളെ,
മാനവികത ഏതെങ്കിലും പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴൊക്കെ, ഒരു പരിഹാരവുമായി ഇന്ത്യ വരും. പ്രതിസന്ധികള്‍ കൊണ്ടുവന്നവര്‍ക്ക് അഭിനന്ദനങ്ങള്‍, പരിഹാരവുമായി ഞങ്ങള്‍ വരികയും, ലോകം അതില്‍ ഹര്‍ഷാരവം മുഴുക്കുകയും ചെയ്യുന്നു സുഹൃത്തുക്കളെ. ഇതാണ് നവഇന്ത്യ; ഇതാണ് നവഇന്ത്യയുടെ ശേഷി. വര്‍ഷങ്ങളായി ഇന്ത്യയില്‍ വരാത്തവര്‍ ലജ്ജിക്കേണ്ടതില്ല. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ അത്ഭുതപ്പെടുന്നുണ്ടാകണം. എങ്ങനെയാണ് ഇത്രയും വലിയ മാറ്റം വന്നത്? അല്ല സുഹൃത്തുക്കളേ, നിങ്ങളുടെ ഉത്തരം തെറ്റാണ്. മോദി ഒന്നും ചെയ്തിട്ടില്ല, 130 കോടി രാജ്യവാസികളാണ് ഇത് ചെയ്തത്.
സുഹൃത്തുക്കളെ,
ഇന്ത്യ ആഗോളമാകുന്നതിന് നിങ്ങളുടെ സംഭാവനയും പ്രധാനമാണ്. സ്വാതന്ത്ര്യ സമര കാലത്ത് ആഭ്യന്തരവസ്തുക്കള്‍ക്ക് ഉണ്ടായിരുന്നതിന് സമാനമായി അമിതോത്സാഹമാണ് ഇന്ന് ഇന്ത്യയില്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്നുവരുന്നത്. വിദേശ ഉല്‍പന്നങ്ങള്‍ വാങ്ങി പൊങ്ങച്ചം പറയുന്നവരെയാണ് വളരെക്കാലമായി നമ്മള്‍ കണ്ടുവരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഒരു പുതിയ അഭിമാനമുണ്ട്. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ മുതല്‍ 10-20 വര്‍ഷത്തില്‍, നിങ്ങള്‍ സന്ദര്‍ശിക്കുന്ന തീയതിയെക്കുറിച്ച് നിങ്ങളുടെ കുടുംബത്തെ അറിയിച്ചുകൊണ്ട് ഒരു കത്ത് എഴുതുമ്പോള്‍, വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം കൊണ്ടുവരാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ നിങ്ങള്‍ വീട്ടില്‍ പോകേണ്ടിവരുമ്പോള്‍, എല്ലാം ഇവിടെയുള്ളതിനാല്‍ ഒന്നും കൊണ്ടുവരരുതെന്ന് നിങ്ങളോട് അവര്‍ പറയുന്നു. ഞാന്‍ ശരിയാണോ അല്ലയോ? സുഹൃത്തുക്കളേ, ഇതാണ് ശക്തി, അതുകൊണ്ടാണ് ഞാന്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ (പ്രാദേശികതയ്ക്ക് വേണ്ടി ശബ്ദം)എന്ന് ആവര്‍ത്തിക്കുന്നത്, എന്നാല്‍ ഇവിടുത്തെ (ജര്‍മ്മനിയില്‍) പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയല്ല . ഇന്ത്യക്കാരന്റെ വിയര്‍പ്പിന്റെ മണമുള്ളതും ആ മണ്ണിന്റെ സുഗന്ധമുള്ളതും ഒരു ഇന്ത്യക്കാരന്റെ കഠിനാദ്ധ്വാനം ഉള്‍പ്പെടുന്നതാണ് പ്രാദേശിക ഉല്‍പ്പന്നം. സുഹൃത്തുക്കളേ, ഇന്ത്യയില്‍ നിര്‍മ്മിച്ചതും ഇന്ത്യയിലെ യുവാക്കളുടെ വിയര്‍പ്പുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ഫാഷന്‍ പ്രസ്താവനയായിരിക്കണം. ഒരിക്കല്‍ നിങ്ങള്‍ ഈ വികാരം അനുഭവിച്ചുകഴിഞ്ഞാല്‍, നിങ്ങളില്‍ ഒരു പ്രകമ്പനം പടരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. അടുത്ത തവണ നിങ്ങള്‍ 10 ദിവസത്തേക്ക് ഇന്ത്യയില്‍ പോകുമ്പോള്‍, ഇവിടെയുള്ള ആളുകള്‍ നിങ്ങള്‍ക്ക് ഒരു കത്ത് എഴുതുകയും ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്യും. നിങ്ങള്‍ ഇത് ചെയ്യില്ലേ?
സുഹൃത്തുക്കളേ, ഖാദിയുടെ ഒരു മികച്ച ഉദാഹരണം ഞാന്‍ നിങ്ങളോട് പറയട്ടെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഖാദി അറിയാം. ഖാദിയും ഒരു രാഷ്ട്രീയക്കാരനും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയക്കാരനും ഖാദിയും അഭേദ്യമായിരുന്നു. ഖാദി എന്നാല്‍ ഒരു രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരന്‍ എന്നാല്‍ ഖാദിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, മഹാത്മാഗാന്ധിയില്‍ ജീവിച്ചിരുന്ന ഖാദി, ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് ശക്തി നല്‍കിയ ഖാദി, സ്വാതന്ത്ര്യാനന്തരം സ്വാതന്ത്ര്യപ്രേമികളുടെ സ്വപ്‌നങ്ങളോടുള്ള അതേ രീതിയിലാണോ പരിഗണിക്കപ്പെട്ടത്. അത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേ? ഒരു പാവപ്പെട്ട അമ്മയുടെ ഉപജീവനമാര്‍ഗ്ഗവും വിധവയായ അമ്മയ്ക്ക് മക്കളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സഹായവും ഉറപ്പുനല്‍കിയ ഖാദിയെ അതിന്റെ വിധിക്ക് വിട്ടുകൊടുത്ത് ഒരു വിധത്തില്‍ വംശനാശത്തിന്റെ വക്കിലെത്തി. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുന്‍കൈയെടുത്തു. ഈ തുണിയോ സാരിയോ കുര്‍ത്തയോ നിങ്ങളുടെ പക്കലുണ്ടെന്ന് നിങ്ങള്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു. നിങ്ങള്‍ ചെയ്യുമോ ഇല്ലയോ? ഖാദിയും കൈവശം വയ്ക്കാന്‍ ഞാന്‍ അവരോട് പറയുമായിരുന്നു.
സുഹൃത്തുക്കളെ,
അതൊരു ചെറിയ പ്രശ്‌നമായിരുന്നു, പക്ഷേ ഇന്ന് ഖാദിയെ ആശ്ലേഷിച്ചതിന് രാജ്യത്തിന് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ ഖാദിയുടെ വിറ്റുവരവ് ഈ വര്‍ഷം ഒരു ലക്ഷം കോടി കവിഞ്ഞു എന്നറിയുമ്പോള്‍ നിങ്ങളും സന്തോഷിക്കും. എത്ര പാവപ്പെട്ട വിധവ അമ്മമാര്‍ക്കാണ് ഉപജീവനമാര്‍ഗ്ഗം ലഭിച്ചിട്ടുണ്ടാകുക? കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഖാദിയുടെ ഉല്‍പ്പാദനം ഏകദേശം 175 ശതമാനം വര്‍ദ്ധിച്ചു. സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് ഞാന്‍ സംസാരിക്കുന്ന അതേ ഉത്സാഹത്തിലാണ് ഖാദിയെക്കുറിച്ചും സംസാരിക്കുന്നത്. ഞാന്‍ ഉപഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്ന അതേ ഊര്‍ജ്ജത്തില്‍ മണ്ണിനെക്കുറിച്ച് സംസാരിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ പ്രാദേശിക ഉല്‍പന്നങ്ങളെ ആഗോളമാക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവും ശക്തിയും സൗന്ദര്യവും നിങ്ങള്‍ക്ക് ഇവിടെയുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ പരിചയപ്പെടുത്താം. ഇന്ത്യന്‍ പ്രവാസികള്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു, ഇന്ത്യന്‍ പ്രവാസികളുടെ പ്രത്യേകത അത് (പ്രാദേശികരുമായി) പാലില്‍ പഞ്ചസാര പോലെ ലയിക്കുന്നു എന്നതാണ്. അധികം താമസിയാതെ, അത് മൂല്യം കൂട്ടുകയും പാലിനെ മധുരമാക്കുകയും ചെയ്യുന്നു. ഈ കഴിവുകള്‍ ഉള്ളവര്‍ക്ക് ഇന്ത്യയുടെ പ്രാദേശികതയെ (ഉല്‍പ്പന്നങ്ങള്‍) ജര്‍മ്മനിയില്‍ എളുപ്പത്തില്‍ ആഗോളമാക്കാന്‍ കഴിയും. നിങ്ങള്‍ അത് ചെയ്യുമോ? എന്തുകൊണ്ടാണ് നിങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നത്? സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു, നിങ്ങള്‍ അത് ചെയ്യും.


ഇന്ന് യോഗയുടെയും ആയുര്‍വേദത്തിന്റെയും നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര ഉല്‍പ്പന്നങ്ങളുടെയും സാദ്ധ്യതകള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്രയുണ്ടെന്ന ഒരു കാര്യം കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍, മറ്റേ ആള്‍ നിങ്ങളോട് യോഗയെക്കുറിച്ച് ചോദിക്കാറില്ലേ? നിങ്ങള്‍ക്ക് യോഗയെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും, നിങ്ങള്‍ നിങ്ങളുടെ മൂക്കില്‍ സ്പര്‍ശിച്ചാല്‍ (യോഗ ആസനത്തില്‍), അയാള്‍ നിങ്ങളെ ഒരു വിദഗ്ദനായി കണക്കാക്കും. അതാണ് ഇന്ത്യയിലെ ഋഷിവര്യന്മാരുടെ തപശ്ചര്യയുടെ യശസ്, എങ്ങനെ മൂക്കില്‍ തൊടണമെന്ന് (യോഗ ആസനത്തിലൂടെ) പഠിപ്പിക്കാന്‍ നിങ്ങള്‍ ഒരു ബോര്‍ഡ് വച്ചാലും ഓണ്‍ലൈന്‍ വേദി ഉണ്ടാക്കിയാലും ഡോളറില്‍ ഫീസ് അടയ്ക്കാന്‍ ആളുകള്‍ തയ്യാറാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാര്‍ ഉപേക്ഷിച്ചത് ഇപ്പോള്‍ ലോകത്തിന് മുന്നില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ അതുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്്രട യോഗ ദിനം വളരെ വിദൂരമല്ല. അതുകൊണ്ട്, യോഗയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവരേയും ടീമുകളായി തിരിഞ്ഞ് പഠിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ നിങ്ങളുമായി മറ്റൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു, അത് കാലാവസ്ഥാ പ്രവര്‍ത്തനമാണ്. ഇന്ത്യയിലെ കാലാവസ്ഥാ വെല്ലുവിളിയെ നേരിടാന്‍ ജനങ്ങളുടെ ശക്തി മുതല്‍ സാങ്കേതിക ശക്തി വരെയുള്ള എല്ലാ പരിഹാരങ്ങളിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ ഇന്ത്യയില്‍ എല്‍.പി.ജി (പാചകവാതകം) യുടെ വ്യാപനം 50 ശതമാനം മുതല്‍ ഏകദേശം 100 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളും ഇപ്പോള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നു. ഉജാല പദ്ധതിക്ക് കീഴില്‍, ഞങ്ങള്‍ രാജ്യത്ത് ഏകദേശം 37 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തു, ഊര്‍ജ സംരക്ഷണത്തിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒരു ചെറിയ മാറ്റം 48,000 ദശലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാന്‍ കാരണമായതെങ്ങനെയെന്ന് നിങ്ങള്‍ക്ക് അഭിമാനത്തോടെ ജര്‍മ്മനിയിലെ ആളുകളോട് പറയാന്‍ കഴിയും. പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ വികിരണം കുറയ്ക്കാനും ഇത് കാരണമായി. ഈ ഒരു പദ്ധതി പരിസ്ഥിതിയെ എത്രമാത്രം സംരക്ഷിച്ചുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.
സുഹൃത്തുക്കളേ, ഇത്തരം പരിശ്രമങ്ങള്‍ കാരണം, ഹരിത തൊഴിലുകളില്‍ ഇന്ത്യ മുമ്പൊന്നും ഇല്ലാത്ത തലത്തില്‍ ഒരു പുതിയ വഴി തുറക്കുകയാണ്. ഇന്ത്യയും ജര്‍മ്മനിയും ഊര്‍ജ പങ്കാളിത്തത്തിലേക്ക് ചുവടുവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ കാലാവസ്ഥാ ഉത്തരവാദിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും 75 പുതിയ അമൃത് സരോവറുകള്‍ (കുളങ്ങള്‍) നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ തീരുമാനിച്ച ഒരു ഉദാഹരണം ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. വരുന്ന 500 ദിവസത്തിനുള്ളില്‍ രാജ്യത്ത് 50,000 പുതിയ ജലാശയങ്ങള്‍ നിര്‍മ്മിക്കുകയും പഴയ കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ജലം ജീവനാണ്. ജലമുണ്ടെങ്കില്‍ ഭാവിയുണ്ട്, എന്നാല്‍ ജലത്തിന് പോലും വിയര്‍ക്കേണ്ടി വരും സുഹൃത്തുക്കളെ. നിങ്ങള്‍ക്ക് ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കുചേരാമോ? നിങ്ങള്‍ വന്ന ഗ്രാമത്തില്‍ ഒരു കുളം ഉണ്ടാക്കാന്‍ നിങ്ങളും സഹകരിക്കണം. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ വേളയില്‍ അമൃത് സരോവരങ്ങള്‍ക്ക് സംഭാവന നല്‍കിയതിന് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അത് എത്രമാത്രം സന്തോഷം നല്‍കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.
സുഹൃത്തുക്കളെ,
ഇന്ത്യയെക്കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്ന പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതന്‍ മാക്‌സ് മുള്ളര്‍, ഇന്‍ഡോ-യൂറോപ്യന്‍ ലോകത്തിന്റെ പങ്കാളിത്ത ഭാവിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇവിടെയുള്ള നിങ്ങള്‍ എല്ലാവരും അദ്ദേഹത്തെ ഒരു ദിവസം 10 തവണ പരാമര്‍ശിക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത് നടപ്പിലാക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഇന്ത്യയുടെയും യൂറോപ്പിന്റെയും ശക്തമായ പങ്കാളിത്തത്തിന് ലോകത്ത് സമാധാനവും സമൃദ്ധിയും ഉറപ്പാക്കാനാകും. ഈ പങ്കാളിത്തം തുടര്‍ന്നും വളരട്ടെ, അതേ ആവേശത്തോടെ നിങ്ങള്‍ ഇന്ത്യയുടെ മാനവികതയ്ക്കും ക്ഷേമത്തിനും വേണ്ടി സംഭാവന ചെയ്യുന്നതും തുടരട്ടെ, എന്തെന്നാല്‍ നമ്മള്‍ വാസുദേവ കുടുംബകത്തില്‍ (ലോകം ഒരു കുടുംബമാണ്) വിശ്വസിക്കുന്നു. സുഹൃത്തുക്കളേ, നിങ്ങള്‍ എവിടെയായിരുന്നാലും മുന്നോട്ട് പോകൂക, അഭിവൃദ്ധപ്രാപിക്കുക, നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ, ഇതാണ് നിങ്ങള്‍ക്കുള്ള എന്റെ ആശംസകള്‍, 130 കോടി രാജ്യക്കാരുടെയും ആശംസകള്‍ നിങ്ങളോടൊപ്പമുണ്ട്. സന്തോഷവാന്മാരായിരിക്കുക, ആരോഗ്യവാന്മാരായിരിക്കുക! ഒത്തിരി നന്ദി!

-ND-



(Release ID: 1823040) Visitor Counter : 176