പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു


''ഭൂകമ്പമുണ്ടാക്കിയ അതീവനാശങ്ങളെ പിന്നിലുപേക്ഷിച്ച് ഭുജിലെയും കച്ചിലെയും ജനങ്ങള്‍ തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് ഈ മേഖലയില്‍ പുതിയൊരു ഭാഗധേയം  രചിക്കുന്നു''


''മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്നില്ല, അവ സാമൂഹിക നീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു''


'' പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാകുമ്പോള്‍, അവർക്ക്  വ്യവസ്ഥിതിയിലുള്ള വിശ്വാസം ദൃഢമാകും. ചികിത്സാച്ചെലവിന്റെ വേവലാതിയില്‍ നിന്ന്  മോചനം ലഭിച്ചാല്‍, ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ കഠിനമായി പരിശ്രമിക്കും''.

Posted On: 15 APR 2022 2:04PM by PIB Thiruvananthpuram

ഗുജറാത്തിലെ ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഭുജിലെ ശ്രീ കച്ചി ലെവ പട്ടേല്‍ സമാജാണ് ആശുപത്രി നിര്‍മ്മിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭൂകമ്പം തകര്‍ത്തെറിഞ്ഞതെല്ലാം പിന്നില്‍ ഉപേക്ഷിച്ച് ഭുജിലെയും കച്ചിലെയും ജനങ്ങള്‍ തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് ഈ മേഖലയ്ക്ക് പുതിയൊരു ഭാഗധേയം  എഴുതുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ''ഇന്ന് ഈ മേഖലയില്‍ നിരവധി ആധുനിക മെഡിക്കല്‍ സേവനങ്ങള്‍ നിലവിലുണ്ട്. ഈ ശൃംഖലയില്‍, ഭുജിന് ഇന്ന് ഒരു ആധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ലഭിക്കുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ ആദ്യത്തെ ചാരിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. ലക്ഷക്കണക്കിന് സൈനികര്‍, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ എന്നിവര്‍ക്കൊപ്പം കച്ചിലെ ജനങ്ങള്‍ക്കും ഗുണനിലവാരമുള്ള ചികിത്സ ഇത് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അവ സാമൂഹിക നീതിയെ പ്രോത്സാഹിപ്പിക്കു ന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. '' പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാകുമ്പോള്‍, അവർക്ക്  വ്യവസ്ഥിതിയിലുള്ള വിശ്വാസം ദൃഢമാകും. ചികിത്സാച്ചെലവിന്റെ വേവലാതിയില്‍ നിന്ന്  മോചനം ലഭിച്ചാല്‍, ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ കഠിനാദ്ധ്വാനം ചെയ്യും'', പ്രധാനമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയിലെ പദ്ധതികളെല്ലാം നടപ്പാക്കിയത് ഈ ചിന്തയുടെ പിന്‍ബലത്തോടെയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

പാവപ്പെട്ടവരുടെയും മദ്ധ്യവര്‍ഗ്ഗക്കാരുടെയും ചികിത്സയ്ക്കായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കുന്നതില്‍ ജനൗഷധി യോജനയ്‌ക്കൊപ്പംആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാന പങ്കുവഹിച്ചു. ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും,   ആയുഷ്മാന്‍ ഭാരത് ആരോഗ്യ പശ്ചാത്തല പദ്ധതി പോലുള്ള സംഘടിതപ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും ചികിത്സ പ്രാപ്യമാക്കാന്‍ സഹായിക്കുന്നു.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നു. ആയുഷ്മാന്‍ ആരോഗ്യ പശ്ചാത്തല സൗകര്യ മിഷനിലൂടെ ജില്ലയില്‍ ആധുനികവും നിര്‍ണായകവുമായ ആരോഗ്യപരിപാലന പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അത് ബ്ലോക്ക് തലത്തിലേക്ക് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും ആശുപത്രികള്‍ നിര്‍മ്മിക്കുന്നുണ്ട്. അതുപോലെ, എയിംസുകള്‍ സ്ഥാപിക്കപ്പെടുന്നു. മെഡിക്കല്‍ കോളേജുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസം വിപുലീകരിക്കുന്നു, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് റെക്കോര്‍ഡ് എണ്ണം ഡോക്ടര്‍മാരെ ലഭിക്കാനും സാദ്ധ്യതയുണ്ട്.
''എനിക്ക് കച്ച് വിടാനോ കച്ചിന് എന്നെ വിട്ടുപോകാനോ കഴിയില്ല എന്ന അവസ്ഥ എത്തിയിരിക്കുന്നു''വെന്ന് ഗുജറാത്തിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സമീപകാലത്ത് ഗുജറാത്തിലെ മെഡിക്കല്‍ പശ്ചാത്തലസൗകര്യത്തിലും വിദ്യാഭ്യാസത്തിലും ഉണ്ടായ വിപുലീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മുന്‍പ് 9 കോളേജുകളുണ്ടായിരുന്നിടത്ത് ഇന്ന് 9 എയിംസുകളും മൂന്ന് ഡസനിലധികം മെഡിക്കല്‍ കോളേജുകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സീറ്റുകള്‍ 1100ല്‍ നിന്ന് 6000 ആയി ഉയര്‍ന്നു. രാജ്‌കോട്ട് എയിംസ് പ്രവര്‍ത്തനക്ഷമമായി, അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ മാതൃ-ശിശു പരിചരണത്തിനായി 1500 കിടക്കകളുടെ അടിസ്ഥാന സൗകര്യവും ലഭ്യമാകുകയാണെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഡിയോളജിക്കും ഡയാലിസിസിനുമുള്ള സൗകര്യങ്ങള്‍ പലമടങ്ങ് വര്‍ദ്ധിച്ചു.

ആരോഗ്യത്തിനുള്ള പ്രതിരോധ സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവര്‍ത്തിച്ച ശ്രീ മോദി, ശുചിത്വം, വ്യായാമം, യോഗ എന്നിവയില്‍ ഊന്നല്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. നല്ല ഭക്ഷണക്രമം, ശുദ്ധജലം, പോഷകാഹാരം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. യോഗ ദിനം വിപുലമായി ആഘോഷിക്കാന്‍ കച്ച് മേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. കച്ച് ഉത്സവം വിദേശത്ത് പ്രോത്സാഹിപ്പിക്കാനും വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പട്ടേല്‍ സമുദായത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍ വേണമെന്ന തന്റെ ആഹ്വാനവും അദ്ദേഹം ആവര്‍ത്തിച്ചു.

--ND--

 



(Release ID: 1817100) Visitor Counter : 128