പ്രധാനമന്ത്രിയുടെ ഓഫീസ്
താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ രണ്ട് സബര്‍ബന്‍ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് നാളെ ജയന്തി ആഘോഷിക്കുന്ന ഛത്രപതി ശിവാജി മഹാരാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
'എപ്പോഴും ചലനാത്മകമായ മുംബൈ മെട്രോപൊളിറ്റന്‍ നഗരനിവാസികൾക്ക് ഈ പാതകള്‍ ജീവിതം എളുപ്പമാക്കും'
'ആത്മനിര്‍ഭര്‍ ഭാരതിനുള്ള സംഭാവനയുമായി ബന്ധപ്പെട്ട് മുംബൈയുടെ കഴിവ് പലമടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ശ്രമം'
21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുംബൈയില്‍ സൃഷ്ടിക്കുന്നതിലാണ് ഞങ്ങളുടെ പ്രത്യേക ശ്രദ്ധ.
''ഇന്ത്യന്‍ റെയില്‍വേയെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവും ആധുനികവുമാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത കൊറോണ മഹാമാരിക്ക് പോലും കുലുക്കാനായില്ല''
'ദരിദ്രരും ഇടത്തരക്കാരും ഉപയോഗിക്കുന്ന വിഭവങ്ങളിലെ അപര്യാപ്ത നിക്ഷേപം മുന്‍കാലങ്ങളില്‍ രാജ്യത്തെ പൊതുഗതാഗതത്തെ തിളക്കമില്ലാത്തതാക്കി '.
ഏകദേശം 620 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അധിക റെയില്‍വേ ലൈനുകള്‍, സബര്‍ബന്‍ ട്രെയിനുകളുടെ ഗതാഗതം മൂലം ദീര്‍ഘദൂര ട്രെയിനുകളുടെ ഗതാഗതത്തില്‍ ഉണ്ടാകുന്ന തടസ്സം ഗണ്യമായി ഇല്ലാതാക്കും.
Posted On:
18 FEB 2022 6:43PM by PIB Thiruvananthpuram
താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയില്‍വേ ലൈനുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ രണ്ട് സബര്‍ബന്‍ ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.
നാളെ ജയന്തി ആഘോഷിക്കുന്ന ഛത്രപതി ശിവജി മഹാരാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ അഭിമാനവും സ്വത്വവും ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സംരക്ഷകനുമായാണ് ശിവജിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഈ പാതകള്‍ എല്ലായ്‌പ്പോഴും ചലനാത്മകമായ മുംബൈ മെട്രോപൊളിറ്റന്‍ നഗര നിവാസികള്‍ക്ക് ജീവിതം എളുപ്പമാക്കുമെന്ന് താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന അഞ്ചാമത്തെയും ആറാമത്തെയും റെയില്‍ പാതയുടെ പേരില്‍ മുംബൈ നിവാസികളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, പറഞ്ഞു. രണ്ട് പാതകളുടെ നേരിട്ടുള്ള നാല് നേട്ടങ്ങള്‍ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഒന്നാമതായി, ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കായി പ്രത്യേക പാതകള്‍; രണ്ടാമതായി, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രെയിനുകള്‍ ലോക്കല്‍ ട്രെയിനുകള്‍ കടന്നുപോകാന്‍ കാത്തിരിക്കേണ്ടതില്ല; മൂന്നാമതായി, കല്യാണ്‍ മുതല്‍ കുര്‍ള വരെയുള്ള ഭാഗങ്ങളില്‍ മെയില്‍/എക്സ്പ്രസ് ട്രെയിനുകള്‍ വലിയ തടസ്സങ്ങളില്ലാതെ ഓടിക്കാന്‍ കഴിയും. ഒടുവിലായി, എല്ലാ ഞായറാഴ്ചയും ഗതാഗതക്കുരുക്കു കാരണം കല്‍വ മുമ്പ്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ലോക്കല്‍ ട്രെയിനുകളുടെ സൗകര്യം വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പാതകളും സെന്‍ട്രല്‍ റെയില്‍വേ ലൈനുകളിലെ 36 പുതിയ ലോക്കല്‍ ട്രെയിനുകളുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിയില്‍ മെട്രോപൊളിറ്റന്‍ നഗരമായ മുംബൈയുടെ സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ട്, ആത്മനിര്‍ഭര്‍ ഭാരതിനുള്ള സംഭാവനയുമായി ബന്ധപ്പെട്ട് മുംബൈയുടെ കഴിവ് പലമടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'അതുകൊണ്ടാണ് 21-ാം നൂറ്റാണ്ടിലെ മുംബൈയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയുള്ളത്', പ്രധാനമന്ത്രി പറഞ്ഞു. മുംബൈ സബര്‍ബന്‍ റെയില്‍ സംവിധാനം അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിക്കുന്നതിനാല്‍ ആയിരക്കണക്കിന് കോടി രൂപയാണ് മുംബൈയില്‍ റെയില്‍ കണക്റ്റിവിറ്റിക്കായി നിക്ഷേപിക്കുന്നത്. മുംബൈ സബര്‍ബനില്‍ 400 കിലോമീറ്റര്‍ അധികമായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും 19 സ്റ്റേഷനുകള്‍ ആധുനിക സിബിടിസി സിഗ്‌നല്‍ സംവിധാനം പോലുള്ള സൗകര്യങ്ങളോടെ നവീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഹമ്മദാബാദ്-മുംബൈ അതിവേഗ റെയില്‍ രാജ്യത്തിന്റെ ആവശ്യമാണെന്നും സ്വപ്നങ്ങളുടെ നഗരമെന്ന നിലയില്‍ മുംബൈയെ അത് ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്നതാണ് മുന്‍ഗണന,' അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവും ആധുനികവുമാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത കൊറോണ മഹാമാരിക്ക് പോലും കുലുക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചരക്ക് ഗതാഗതത്തില്‍ റെയില്‍വേ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 8,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിക്കുകയും 4.5 ആയിരം കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുകയും ചെയ്തു. കൊറോണക്കാലത്ത് കര്‍ഷകരെ രാജ്യത്തുടനീളമുള്ള വിപണികളുമായി കിസാന്‍ റെയിലുകള്‍ വഴി ബന്ധിപ്പിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പുതിയ ഇന്ത്യയുടെ മാറിയ സമീപനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, മുന്‍കാലങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിന്ന് നിര്‍വഹണ ഘട്ടങ്ങള്‍ വരെ ഏകോപനത്തിന്റെ അഭാവം മൂലം നീണ്ടുകിടക്കുന്നതായി ചൂണ്ടിക്കാട്ടി. ഇത് 21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് അസാധ്യമാക്കി, അതുകൊണ്ടാണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും എല്ലാ വകുപ്പുകളെയും ഒരു വേദിയില്‍ കൊണ്ടുവരുന്നതാണ് പദ്ധതി. ശരിയായ ആസൂത്രണത്തിനും ഏകോപനത്തിനും ഇത് എല്ലാ പങ്കാളികള്‍ക്കും വളരെ നേരത്തെ തന്നെ പ്രസക്തമായ വിവരങ്ങള്‍ നല്‍കും.
പാവപ്പെട്ടവരും ഇടത്തരക്കാരും ഉപയോഗിക്കുന്ന വിഭവങ്ങളില്‍ മതിയായ നിക്ഷേപം തടയുന്ന സമീപനത്തെ മോദി വിമര്‍ശിച്ചു. ഇത് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ തിളക്കം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിന്ത ഉപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ മുന്നോട്ട് പോവുകയാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ മുഖം നല്‍കുന്ന നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഗാന്ധിനഗര്‍, ഭോപ്പാല്‍ തുടങ്ങിയ ആധുനിക സ്റ്റേഷനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖമായി മാറിക്കൊണ്ടിരിക്കുകയാണ്. 6000-ലധികം റെയില്‍വേ സ്റ്റേഷനുകള്‍ വൈഫൈ സൗകര്യവുമായി ബന്ധിപ്പിച്ചു. വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് റെയില്‍വേയ്ക്ക് പുതിയ ആക്കം കൂട്ടുകയും ആധുനിക സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. രാഷ്ട്ര സേവനത്തിനായി 400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ വരും വര്‍ഷങ്ങളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മധ്യ റെയില്‍വേയുടെ പ്രധാന ജംഗ്ഷനാണ് കല്യാണ്‍. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണില്‍ ലയിച്ച് സിഎസ്എംടി (ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളില്‍ രണ്ട് ട്രാക്കുകള്‍ വേഗത കുറഞ്ഞ ലോക്കല്‍ ട്രെയിനുകള്‍ക്കും രണ്ട് ട്രാക്കുകള്‍ വേഗത കൂടിയ ലോക്കല്‍, മെയില്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിനുകള്‍ക്കും ഉപയോഗിച്ചു. സബര്‍ബന്‍, ദീര്‍ഘദൂര ട്രെയിനുകളെ വേര്‍തിരിക്കുന്നതിന്, രണ്ട് അധിക ട്രാക്കുകള്‍ ആസൂത്രണം ചെയ്തു.
താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയില്‍പ്പാതകള്‍ ഏകദേശം 620 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്, കൂടാതെ 1.4 കിലോമീറ്റര്‍ നീളമുള്ള റെയില്‍ മേല്‍പ്പാലം, 3 വലിയ പാലങ്ങള്‍, 21 ചെറിയ പാലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഈ പാതകള്‍ മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളുടെ ഗതാഗതം ദീര്‍ഘദൂര ട്രെയിനുകളുടെ ഗതാഗഗത്തിന് ഉണ്ടാക്കുന്ന തടസ്സം ഗണ്യമായി ഇല്ലാതാക്കും. നഗരത്തില്‍ 36 പുതിയ സബര്‍ബന്‍ ട്രെയിനുകള്‍ ഓടിച്ചു തുടങ്ങാനും ഈ പാതകള്‍ സഹായിക്കും.
-ND-
(Release ID: 1799408)
Visitor Counter : 172
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada