പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-യുഎഇ വെർച്വൽ ഉച്ചകോടി

Posted On: 16 FEB 2022 7:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18 ) ഒരു വെർച്വൽ ഉച്ചകോടി നടത്തും. ഇരു നേതാക്കളും ചരിത്രപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ  രണ്ട്  രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇരു നേതാക്കളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു നേതാക്കളും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും,   പരസ്പര താൽപ്പര്യമുള്ള മേഖലാ , അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും.

സമീപ വർഷങ്ങളിൽ, ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ദൃഢമായിട്ടുണ്ട്, ഇരുപക്ഷവും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി 2015, 2018, 2019 വർഷങ്ങളിൽ യുഎഇ സന്ദർശിച്ചപ്പോൾ അബുദാബി കിരീടാവകാശി 2016, 2017 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചു. 2021-ൽ  വിദേശകാര്യ മന്ത്രിയുടെ മൂന്ന് യു.എ.ഇ. സന്ദർശനങ്ങളും വാണിജ്യ, വ്യവസായ മന്ത്രിയുടെ സന്ദർശനവും ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതല സന്ദർശനങ്ങളും തുടർന്നു. 

കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ആരോഗ്യ സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും നിർണായക മേഖലകളിൽ ഇരുപക്ഷവും അടുത്ത് സഹകരിച്ചിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ ബന്ധം എന്നിവ ശക്തമായി നിലകൊള്ളുന്നു. പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകൾ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിൽ ഇരു കക്ഷികളും തങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുകയാണ്. ദുബായ് എക്‌സ്‌പോ 2020 ലെ ഏറ്റവും വലിയ പവലിയനുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്.
ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു പ്രധാന സംരംഭമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ). 2021 സെപ്റ്റംബറിൽ സി ഇ പി എ  യുടെ ചർച്ചകൾ ആരംഭിച്ചു, അത് പൂർത്തിയായി. കരാർ ഇന്ത്യ-യുഎഇ സാമ്പത്തിക വാണിജ്യ ഇടപെടലുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ, ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

3.5 ദശലക്ഷത്തോളം വരുന്ന ഒരു വലിയ ഇന്ത്യൻ സമൂഹത്തിന് യുഎഇ ആതിഥേയത്വം വഹിക്കുന്നു. പകർച്ചവ്യാധിയുടെ കാലത്ത് ഇന്ത്യൻ സമൂഹത്തെ പിന്തുണച്ചതിന് യുഎഇ നേതൃത്വത്തോട് പ്രധാനമന്ത്രി ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചു. യു എ ഇ യുടെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ യുഎഇ നേതൃത്വവും അഭിനന്ദിച്ചു. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, പകർച്ചവ്യാധിയുടെ സമയത്ത് 2020 ൽ, രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ജനങ്ങളുടെ  സഞ്ചാരം പ്രാപ്തമാക്കിയ ഒരു എയർ ബബിൾ ക്രമീകരണത്തിന് ഇരുപക്ഷവും സമ്മതിച്ചിരുന്നു.

-ND-



(Release ID: 1799178) Visitor Counter : 91