പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി


“സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നും, രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ചിന്തിക്കേണ്ട വളരെ പ്രധാനപ്പെട്ട സമയമാണിത്.”

“ഇന്ത്യയിലെ ജനങ്ങൾ വാക്സിൻ എടുത്തിട്ടുണ്ട്, അവർ ഇത് ചെയ്തത് സ്വയം സംരക്ഷിക്കാൻ മാത്രമല്ല, മറ്റുള്ളവരെ സംരക്ഷിക്കാനും വേണ്ടിയാണ്. നിരവധി ആഗോള വാക്സിൻ വിരുദ്ധ പ്രസ്ഥാനങ്ങൾക്കിടയിലും ഇത്തരം പെരുമാറ്റം പ്രശംസനീയമാണ്.

“പകർച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു, എന്നാൽ 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ ലഭ്യത ഇന്ത്യ ഉറപ്പാക്കി.”

“നാം ഇടനാഴിയുടെ ഏത് വശത്താണെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. പ്രതിപക്ഷത്തായിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുന്നത് നിർത്തുക എന്ന മനോഭാവം തെറ്റാണ്

“കോവിഡ്-19 നെ ചെറുക്കുന്നത് ശക്തവും സൗഹാർദ്ദപരവുമായ ഒരു ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായി 23 കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്.

“ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും തമ്മിൽ സംഘർഷങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല.





Posted On: 08 FEB 2022 4:12PM by PIB Thiruvananthpuram

പാർലമെന്റിൽ   രാഷ്ട്രപതിയുടെ  അഭിസംബോധനയ്ക്കുള്ള  രാജ്യസഭയിലെ    നന്ദി പ്രമേയ ചർച്ചയ്ക്കു  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നും രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും ചിന്തിക്കേണ്ട സുപ്രധാന സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുള്ള ദൃഢനിശ്ചയം പൂർത്തിയാക്കാൻ നമുക്ക് കൂട്ടായ പങ്കാളിത്തവും കൂട്ടായ ഉത്തരവാദിത്തവും  ആവശ്യമാണെന്ന്  താൻ വിശ്വസിക്കുന്നതായി  അദ്ദേഹം പറഞ്ഞു. 

ലോകം ഇപ്പോഴും കൊവിഡ്-19നോട് പോരാടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറുവർഷത്തിനിടെ മനുഷ്യരാശി ഇതുപോലൊരു വെല്ലുവിളി കണ്ടിട്ടില്ല. ഇന്ത്യയിലെ ജനങ്ങൾ വാക്സിൻ എടുത്തിട്ടുണ്ട്, അവർ ഇത് ചെയ്തത്  കേവലം സ്വയ രക്ഷയ്ക്ക്  മാത്രമല്ല, മറ്റുള്ളവരെ സംരക്ഷിക്കാനും കൂടിയാണ്. നിരവധി ആഗോള വാക്സിൻ വിരുദ്ധ പ്രസ്ഥാനങ്ങൾക്കിടയിലും ഇത്തരം പെരുമാറ്റം പ്രശംസനീയമാണ്.

മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നുവെന്നും എന്നാൽ 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നത് ഇന്ത്യ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കായി റെക്കോഡ് എണ്ണം വീടുകൾ നിർമിച്ചു നൽകുന്നുണ്ടെന്നും ഈ വീടുകളിൽ വാട്ടർ കണക്ഷനുകളും  ഉറപ്പാക്കി. ഈ മഹാമാരിയുടെ കാലത്ത് അഞ്ചു് കോടി ജനങ്ങൾക്ക് ഞങ്ങൾ ടാപ്പുകളിലൂടെ വെള്ളം നൽകി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഞങ്ങളുടെ യുക്തിസഹമായ സമീപനം കാരണം നമ്മുടെ കർഷകർ പകർച്ചവ്യാധിയുടെ സമയത്ത് ബമ്പർ വിളവെടുപ്പ് നടത്തി. മഹാമാരിയുടെ സമയത്ത് ഞങ്ങൾ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ പൂർത്തിയാക്കി, കാരണം അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അവ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ യുവജനങ്ങൾ കായികരംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുകയും രാജ്യത്തിന് മഹത്വം നേടിത്തരികയും  ചെയ്തു. ഇന്ത്യൻ യുവാക്കൾ തങ്ങളുടെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്റ്റാർട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റി.


ഈ മഹാമാരിയുടെ വേളയിൽ,   കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുമായി ബന്ധപ്പെട്ട ,  അല്ലെങ്കിൽ ജി 20 മായോ  ബന്ധപ്പെട്ട വിഷയമാണെങ്കിലോ ,  അല്ലെങ്കിൽ 150 ലധികം രാജ്യങ്ങളിലേയ്‌ക്കുള്ള  മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണെങ്കിലും ഇന്ത്യ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ലോകം മുഴുവൻ ഇത് ചർച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.   പകർച്ചവ്യാധിയുടെ കാലത്ത് നാം എംഎസ്എംഇ മേഖലയിലും കാർഷിക മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

2021-ലെ ഇപിഎഫ്ഒ പേറോൾ ഡാറ്റ കാണിക്കുന്നത് ഏകദേശം 1 കോടി 20 ലക്ഷം പുതിയ ആളുകൾ ഇപിഎഫ്ഒ പോർട്ടലിൽ സ്വയം എൻറോൾ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയെല്ലാം ഔപചാരിക ജോലികളാണ്. ഇതിൽ 60 മുതൽ 65 ലക്ഷം വരെ പേർ  18 നും 25 നും ഇടയിൽ വയസ്സ് പ്രായമുള്ളവരാണ്, അതിനർത്ഥം ഇത് അവരുടെ ആദ്യത്തെ ജോലിയാണ് എന്നാണ്. പണപ്പെരുപ്പത്തെ കുറിച്ച് സംസാരിക്കവെ, പണപ്പെരുപ്പം തടയാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മറ്റ് സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ന് ഇടത്തരം പണപ്പെരുപ്പത്തോടെ ഉയർന്ന വളർച്ച കൈവരിക്കുന്ന ഒരേയൊരു വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്ന് പറയാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഇടനാഴിയുടെ ഏത് ഭാഗത്താണ് നാം നിൽക്കുന്നത് എന്നത് പരിഗണിക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം അവസാനിപ്പിക്കുക എന്ന മനോഭാവം  തെറ്റാണ്. ഇന്ത്യയിലെ വാക്‌സിനേഷൻ യജ്ഞം  വലിയ കാര്യമല്ലെന്ന് ബഹുമാന്യരായ ചില അംഗങ്ങൾ പറഞ്ഞപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ  തുടക്കം മുതൽ രാജ്യത്തും ലോകത്തും ലഭ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കാൻ ഗവണ്മെന്റ്  എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി നിലനിൽക്കുന്നതുവരെ രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിക്കുമെന്നും അദ്ദേഹം എല്ലാവർക്കും ഉറപ്പുനൽകി.

കോവിഡ്-19നെതിരെ പോരാടുന്നതും ശക്തവും സൗഹാർദ്ദപരവുമായ ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായി 23 കൂടിക്കാഴ്ചകൾ നടത്തി. കോവിഡ് -19 വിഷയത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

ആയുഷ്മാൻ ഭാരതിന് കീഴിൽ ഇന്ന് രാജ്യത്ത് 80,000-ത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കേന്ദ്രങ്ങൾ ഗ്രാമത്തിനും വീടിനും സമീപം സൗജന്യ പരിശോധനകൾ ഉൾപ്പെടെ മികച്ച പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു.

ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കവെ,  1975ൽ ജനാധിപത്യത്തെ ചവിട്ടിത്താഴ്ത്തിയവരിൽ നിന്ന് നാം  ഒരിക്കലും ജനാധിപത്യത്തിന്റെ  പാഠം പഠിക്കില്ലെന്നും  പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി വംശ പിന്തുടർച്ചാ  പാർട്ടികളാണ്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ഒരു കുടുംബം അതിപ്രബലമാകുമ്പോൾ രാഷ്ട്രീയ പ്രതിഭകൾ കഷ്ടപ്പെടുന്നു.

" കോൺഗ്രസ് ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് " ചില അംഗങ്ങൾ ചോദിച്ചതായി  പ്രധാനമന്ത്രി പറഞ്ഞു. "കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥ ഉണ്ടാകില്ലായിരുന്നു, ജാതി രാഷ്ട്രീയം ഉണ്ടാകില്ലായിരുന്നു, സിഖുകാരെ ഒരിക്കലും കൂട്ടക്കൊല ചെയ്യില്ലായിരുന്നു, കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല," അദ്ദേഹം പറഞ്ഞു.

ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും തമ്മിൽ ഒരു സംഘട്ടനവും തങ്ങൾ  കാണുന്നില്ലെന്ന്  പ്രധാനമന്ത്രി ആവർത്തിച്ചു്  വ്യക്തമാക്കി.  രാജ്യത്തിന്റെ വികസനം കണക്കിലെടുത്ത് പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യയുടെ പുരോഗതി ശക്തമാകും. നമ്മുടെ സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ രാജ്യം പുരോഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവേചനത്തിന്റെ  പാരമ്പര്യം അവസാനിപ്പിക്കണമെന്നും ഒരേ മനസ്സോടെ ഒരുമിച്ച് നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത് . ഒരു സുവർണ്ണ കാലഘട്ടവും ലോകം മുഴുവനും  ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു, ഈ അവസരം നാം നഷ്ടപ്പെടുത്തരുത്, അദ്ദേഹം പറഞ്ഞു.

-ND-

(Release ID: 1796540) Visitor Counter : 142