പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രഥമ ഓഡിറ്റ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
16 NOV 2021 1:40PM by PIB Thiruvananthpuram
നമ്മോടൊപ്പം ഈ പരിപാടിയിലുള്ള രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശ്രീ. ജി.സി.മുര്‍മു ജി, ഡെപ്യൂട്ടി സി.എ.ജി. കുമാരി പര്‍വീണ്‍ മെഹ്ത ജി, ഈ പ്രധാന സ്ഥാപനത്തിലൂടെ രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിതരായ അംഗങ്ങള്‍, മഹതികളേ, മഹാന്‍മാരേ, ഓഡിറ്റ് ദിവസത്തില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
സിഎജി ഒരു സ്ഥാപനമെന്ന നിലയില്‍ രാജ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുക മാത്രമല്ല, ഉല്‍പ്പാദനക്ഷമതയിലും കാര്യക്ഷമതയിലും 'മൂല്യ വര്‍ധന' നടത്തുകയും ചെയ്യുന്നു. അതിനാല്‍, ഓഡിറ്റ് ദിനവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഈ അവസരത്തിലുള്ള ആലോചനയും നാം സ്വയം മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രധാന ഭാഗമാണ്. സിഎജിയുടെ പ്രസക്തിയും അന്തസ്സും നിരന്തരം പുനര്‍രൂപകല്‍പ്പന ചെയ്തതിന്, നിങ്ങളുടെ വിശ്വസ്തതയ്ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
കാലക്രമേണ കൂടുതല്‍ ശക്തവും പക്വതയുള്ളതും കൂടുതല്‍ ഉപയോഗപ്രദവും ആയിത്തീരുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. അല്ലാത്തപക്ഷം, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കാരണം മിക്ക സ്ഥാപനങ്ങള്‍ക്കും അവയുടെ രൂപീകരണത്തിനുശേഷം മൂന്നോ അഞ്ചോ ദശകങ്ങള്‍ക്കുള്ളില്‍ പ്രസക്തി നഷ്ടപ്പെടും. എന്നാല്‍ സിഎജിയെ സംബന്ധിച്ചിടത്തോളം, ഈ സ്ഥാപനം വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു വലിയ പൈതൃകമാണെന്ന് നമുക്ക് പറയാന്‍ കഴിയും. വരുംതലമുറയ്ക്കായി ഇത് സംരക്ഷിക്കാനും പരിപാലിക്കാനും സമ്പന്നമാക്കാനും ഭാവിയിലേക്ക് കൂടുതല്‍ യോജിപ്പുള്ളതും ഉത്തേജിപ്പിക്കുന്നതുമായി നിലനിര്‍ത്താനുമുള്ള വലിയ ഉത്തരവാദിത്തം ഓരോ തലമുറയ്ക്കും ഉണ്ടെന്നു ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ തവണ ഞാന്‍ ഇവിടെ വന്ന് നിങ്ങളെ കണ്ടപ്പോള്‍ നാം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ചടങ്ങില്‍ ബാപ്പുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇന്ന് ഈ സുപ്രധാന ഓഡിറ്റ് ദിനം നടക്കുമ്പോള്‍, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയുടെ വീരനായ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഇന്ന് നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഗാന്ധിജിയോ സര്‍ദാര്‍ പട്ടേലോ ബാബാസാഹേബ് അംബേദ്കറോ ആകട്ടെ, രാഷ്ട്രനിര്‍മ്മാണത്തില്‍ ഇവരുടെയെല്ലാം സംഭാവനകള്‍ സിഎജിക്ക്, രാജ്യത്തു കഴിയുന്ന നമുക്കെല്ലാവര്‍ക്കും, വലിയ പ്രചോദനമാണ്. രാജ്യത്തിന് വേണ്ടി വലിയ ലക്ഷ്യങ്ങള്‍ എങ്ങനെ നിശ്ചയിക്കാമെന്നും അവ നേടിയെടുക്കാമെന്നും വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നും ഈ മഹദ്‌വ്യക്തികള്‍ നമ്മെ ഒരുപാട് പഠിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
രാജ്യത്തെ ഓഡിറ്റുകളെ ഭയപ്പാടോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 'സിഎജിയും ഗവണ്‍മെന്റും നേര്‍ക്കുനേര്‍' എന്നത് നമ്മുടെ സംവിധാനത്തിന്റെ പരിചിതമായ അവബോധമായി മാറിയിരുന്നു. ബാബുമാര്‍ ഇങ്ങനെ മാത്രമാണെന്നാണ് ആളുകള്‍ കരുതിയിരുന്നത്. സിഎജിയിലെ ആളുകള്‍ എല്ലാത്തിലും തെറ്റ് മാത്രം കണ്ടെത്തുന്നവരാണെന്ന് ബാബുമാര്‍ക്കു തോന്നി. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ചിന്താഗതി മാറിയിരിക്കുന്നു. മൂല്യവര്‍ദ്ധനയുടെ ഒരു പ്രധാന ഭാഗമായാണ് ഇന്ന് ഓഡിറ്റ് കണക്കാക്കപ്പെടുന്നത്.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ സിഎജിക്ക് പുറത്തുനിന്നുള്ള കാഴ്ചപ്പാടിന്റെ നേട്ടമുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് എന്ത് നിര്‍ദ്ദേശം നല്‍കിയാലും, ഞങ്ങള്‍ വ്യവസ്ഥകളില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തുകയും അത് ഞങ്ങള്‍ക്കുള്ള പിന്തുണയായി ഞങ്ങള്‍ കാണുകയും ചെയ്യുന്നു.
വളരെക്കാലം ഗവണ്‍മെന്റുകളെ നയിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്റെ ഉദ്യോഗസ്ഥരോട് പറയുമായിരുന്നു, സിഎജി ചോദിക്കുന്ന എല്ലാ രേഖകളും ഡാറ്റയും നിങ്ങള്‍ നല്‍കണമെന്ന്. ഞാന്‍ ഇന്നും അതു പറയുന്നു. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും അവര്‍ക്ക് നല്‍കുക. ഇത് നുക്കു മികച്ച ജോലി ചെയ്യാനുള്ള സാധ്യത സൃഷ്ടിക്കുന്നു. നമ്മുടെ സ്വയം വിലയിരുത്തല്‍ ജോലി എളുപ്പമാകും.
സുഹൃത്തുക്കളെ,
സത്യസന്ധതയും സുതാര്യതയും- അത് നമ്മുടെ വ്യക്തിജീവിതത്തിലായാലും ഗവണ്‍മെന്റിലായാലും നമുക്ക് ഏറ്റവും വലിയ മനോവീര്യം നല്‍കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സുതാര്യത ഇല്ലാത്തതിനാല്‍ നേരത്തെയുള്ള പൊരുത്തമില്ലാത്ത രീതികള്‍ പിന്തുടര്‍ന്നിരുന്നു. ഇതിന്റെ ഫലമായി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പണ്ട് എന്‍പിഎകള്‍ എങ്ങനെ പരവതാനിക്ക് കീഴിലായി എന്ന് എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. എന്നാല്‍ മുന്‍ ഗവണ്‍മെന്റുകളുടെ സത്യവും വസ്തുതാപരമായ നിലപാടും വസ്തുതാപരമായ സാഹചര്യവും തികഞ്ഞ സത്യസന്ധതയോടെയാണ് ഞങ്ങള്‍ രാജ്യത്തിനു മുന്നില്‍ വെക്കുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ പരിഹാരം കണ്ടെത്താന്‍ കഴിയൂ.
അതുപോലെ, ധനക്കമ്മിയും ഗവണ്‍മെന്റ് ചെലവുകളും സംബന്ധിച്ച് നിങ്ങളുടെ ഭാഗത്തുനിന്നു നിരന്തരമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ ആശങ്കകള്‍ ഞങ്ങള്‍ സൃഷ്ടിപരമായി വീക്ഷിക്കുകയും ഉപയോഗിക്കാത്തതും കുറഞ്ഞ തോതില്‍ മാത്രം ഉപയോഗിക്കപ്പെടുന്നതുമായ ഘടകങ്ങളില്‍ നിന്ന് ധനസമ്പാദനം നടത്തുന്നതിന് ധീരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഈ തീരുമാനങ്ങളുടെ ഫലമാണ് സമ്പദ് വ്യവസ്ഥ വീണ്ടും കുതിച്ചുയരുന്നതും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഗതം ചെയ്യപ്പെടുന്നതും. സിഎജി സമഗ്രമായ ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍, ഈ തീരുമാനങ്ങളുടെ പല വശങ്ങളും ചിലപ്പോള്‍ വിദഗ്ധര്‍ പോലും കാണാതെ പോകുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
‘सरकारसर्वम्, सरकारजानम, सरकारग्रहणम’ എന്ന പഴയ ചിന്താഗതികള്‍ മാറ്റിമറിക്കുന്ന ഒരു സംവിധാനമാണ് ഇന്ന് നാം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. തല്‍ഫലമായി, ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ കുറയുന്നു, നിങ്ങളുടെ ജോലി എളുപ്പമാവുകയുമാണ്. 'ഗവണ്‍മെന്റിന്റെ പരിമിതമായ ഇടപെടല്‍; പരമാവധി ഭരണം' എന്നതിന്റെ ഭാഗമായി, പരസ്പരം കാണാതെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ സാധിക്കല്‍, സ്വയം പുതുക്കപ്പെടല്‍, ഏതു വ്യക്തിയെന്നു തിരിച്ചറിയാതെയുള്ള വിലയിരുത്തലുകള്‍, സേവന വിതരണത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഗവണ്‍മെന്റിന്റെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിച്ചു.
സംവിധാനത്തില്‍ സുതാര്യതയുണ്ടെങ്കില്‍, അതിന്റെ ഫലങ്ങളും നമുക്ക് വ്യക്തമായി കാണാം. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. ഇന്ന് അന്‍പതിലധികം ഇന്ത്യന്‍ യൂണികോണുകള്‍ ഉണ്ട്. നമ്മുടെ ഐഐടികള്‍ യൂണികോണുകളുടെ നാലാമത്തെ വലിയ സ്രഷ്ടാക്കളായി ഉയര്‍ന്നു. നിങ്ങളെല്ലാവരും, രാജ്യത്തെ എല്ലാ സംഘടനകളും 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്ന ഈ കാമ്പയിനില്‍ പങ്കാളികളാവുകയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും സഹയാത്രികനായി നടക്കുകയും വേണം. 2047-ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ഈ പുണ്യകരമായ കാലഘട്ടത്തില്‍ നമ്മുടെ ഓരോ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ഈ ദൃഢനിശ്ചയം രാജ്യത്തെ വലിയ ഉയരങ്ങളിലെത്തിക്കാന്‍ ഉപകാരപ്രദമായ ഒരു ശക്തിയായിരിക്കും.
സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ സിഎജിയുടെ വ്യക്തിത്വം ഗവണ്‍മെന്റ് ഫയലുകളുടെയും പുസ്തകങ്ങളുടെയും 'നുഴഞ്ഞുകയറുന്ന സൂക്ഷിപ്പുകാരന്‍' എന്ന നിലയിലാണ്. ഇതായിരുന്നു സിഎജിയുമായി ബന്ധപ്പെട്ടവരുടെ പ്രതിച്ഛായ. 2019ല്‍ നിങ്ങക്കൊപ്പമെത്തിയപ്പോഴും ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിങ്ങള്‍ മാറ്റങ്ങള്‍ വേഗത്തില്‍ കൊണ്ടുവരുന്നതിലും പ്രക്രിയകള്‍ നവീകരിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇന്ന് നിങ്ങള്‍ വിപുലമായ അനലിറ്റിക്സ് ടൂളുകളും ജിയോ സ്‌പേഷ്യല്‍ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും ഉപയോഗിക്കുന്നു. ഈ നവീകരണങ്ങള്‍ നമ്മുടെ വിഭവങ്ങളിലും നമ്മുടെ പ്രവര്‍ത്തന ശൈലിയിലും ഉണ്ടാകണം.
ഫീല്‍ഡ് ഓഡിറ്റിന് മുമ്പായി നിങ്ങള്‍ പ്രാഥമിക കണ്ടെത്തലുകള്‍ വകുപ്പുകളുമായി പങ്കിടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഇത് ആരോഗ്യകരമായ ഒരു ശീലമാണ്. ഈ പ്രാഥമിക കണ്ടെത്തലുകളും നിങ്ങളുടെ ഫീല്‍ഡ് പഠനവും സംയോജിപ്പിക്കുമ്പോള്‍ ഫലങ്ങള്‍ മികച്ചതായിരിക്കും. അതുപോലെ, ഓഫീസിന് പുറത്ത് പോയി ഓഡിറ്റ് ചെയ്യപ്പെടുന്നവരെയും ബന്ധപ്പെട്ടവരെയും കാണാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിങ്ങള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിഎജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രാലയ സെക്രട്ടറിമാരും സെമിനാര്‍ നടത്തിയിരുന്നു. ഈ പ്രയത്‌നങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. സെമിനാറുകള്‍ കൊണ്ട് ഈ ചാക്രിക ഗതി അവസാനിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സിഎജിയും വകുപ്പുകളും തമ്മിലുള്ള പങ്കാളിത്തത്തില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഇത് മാറും. ഒരു ഗ്രാമപഞ്ചായത്തിലെ ഒരു വനിതാ മേധാവിയെ നിങ്ങള്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി എന്ന് കേള്‍ക്കുമ്പോള്‍, നമ്മുടെ സ്ഥാപനങ്ങള്‍ ഇന്ന് താഴെത്തട്ടില്‍ ഇത്രയും തുറന്ന അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. ഈ പരിണാമവും അനുഭവവും സിഎജിയെയും നമ്മുടെ ഓഡിറ്റിംഗ് സംവിധാനത്തെയും ഒരു പുതിയ ഉയരത്തിലെത്തിക്കും. നമ്മുടെ ഓഡിറ്റിംഗ് എത്രത്തോളം ശക്തവും ശാസ്ത്രീയവുമാണോ അത്രത്തോളം നമ്മുടെ സംവിധാനങ്ങള്‍ സുതാര്യവും ശക്തവുമാകും.
സുഹൃത്തുക്കളെ,
കൊറോണയുടെ ദുഷ്‌കരമായ സമയങ്ങളില്‍ പോലും സിഎജി എത്ര ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ മുര്‍മു ജിയില്‍ നിന്ന് കേട്ടറിഞ്ഞു. ലോകത്തിലെ മറ്റ് പ്രധാന രാജ്യങ്ങളിലൂടെ കൊറോണയുടെ തരംഗം ഇവിടെയെത്തി, നമുക്കു മുന്നില്‍ ഇത്രയും വലിയ ജനസംഖ്യയുടെ വെല്ലുവിളി ഉണ്ടായിരുന്നു, പരിമിതമായ വിഭവങ്ങളുടെ സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. പക്ഷേ രാജ്യം ചികിത്സ മുതല്‍ രക്ഷാപ്രവര്‍ത്തനം വരെ എല്ലാ മുന്നണികളിലും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. വികസിത രാജ്യങ്ങള്‍ക്ക് വിപുലമായ വിഭവശേഷിയുണ്ടെങ്കില്‍, നമുക്ക് സമാനതകളില്ലാത്ത സാമൂഹിക ശക്തിയുണ്ടായിരുന്നു.
വാക്‌സിനേഷനില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് സിഎജിയും അതിന്റെ ബാധ്യതകള്‍ക്കപ്പുറത്തേക്ക് പോയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അതോടൊപ്പം ഓരോ നാട്ടുകാരനും ഈ മനോഭാവത്തോടെ സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വ്യാപൃതരായിരുന്നു. നമ്മുടെ ജോലി എന്താണെന്ന് നാം കണ്ടില്ലേ? നമുക്ക് എന്തുചെയ്യാനാകുമെന്ന് നാം മനസ്സിലാക്കി! ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി വെല്ലുവിളി ഉയര്‍ത്തുന്നതുപോലെ, അതിനെതിരായ രാജ്യത്തിന്റെ പോരാട്ടവും അസാധാരണമാണ്.
ഇന്ന് നാം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയും നടപ്പാക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, രാജ്യം 100 കോടി വാക്‌സീന്‍ ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടു. മഹാവ്യാധിക്കെതിരായ പതിവ് ജോലികള്‍ക്കൊപ്പം മഹാവ്യാധിക്കെതിരായുള്ള രാജ്യത്തിന്റെ പോരാട്ടത്തിനിടെ വികസിപ്പിച്ചെടുത്ത നല്ല രീതികളും സിഎജി പഠിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചിട്ടയായ പഠനവും ഒപ്പം രാജ്യം പഠിക്കുകയും അവലംബിക്കുകയും ചെയ്ത പുതിയ കാര്യങ്ങളും ഭാവിയില്‍ നല്ല ആഗോള രീതികള്‍ രൂപപ്പെടാന്‍ സഹായിക്കുകയും ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ദൃഢനിശ്ചയത്തോടെ പോരാടാന്‍ ലോകത്തെ സജ്ജമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
പഴയകാലത്ത് കഥകളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. കഥകളിലൂടെയാണ് ചരിത്രം രചിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് 21-ാം നൂറ്റാണ്ടില്‍ വിവരമാണ് ഡാറ്റ. വരും കാലങ്ങളില്‍ നമ്മുടെ ചരിത്രവും ഡാറ്റയിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യുപ്പെടും. ഭാവിയില്‍, ഡാറ്റ ചരിത്രം നിര്‍ണ്ണയിക്കും! ഡാറ്റയുടെയും അതിന്റെ വിലയിരുത്തലിന്റെയും കാര്യത്തില്‍, നിങ്ങളേക്കാള്‍ മികച്ചവര്‍ ഇല്ല. അതിനാല്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ രാജ്യം ഇന്ന് നടത്തുന്ന പരിശ്രമങ്ങള്‍ ഏതു ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണോ മുന്നോട്ടുപോകുന്നത് അതും ഒപ്പം ഈ കാലഘട്ടവും ശ്രമങ്ങളും ഭാവിയില്‍ വിലയിരുത്തപ്പെടുമ്പോള്‍, നിങ്ങളുടെ ജോലിയും രേഖകളും ആധികാരിക അടിത്തറയാകും. ഇന്ന് നമ്മുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രം ഓര്‍ക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍, അതുപോലെ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം തികയുമ്പോള്‍, നിങ്ങളുടെ ഇന്നത്തെ പഠന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് അതിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാനും അതില്‍ നിന്ന് പഠിക്കാനുമുള്ള ഒരു പ്രധാന ഉപകരണമായി മാറും.
സുഹൃത്തുക്കളെ,
ഇന്നു രാജ്യത്ത് അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ നിരവധി കാര്യങ്ങള്‍ രാജ്യം ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ കാമ്പെയ്നെക്കുറിച്ച് ഉദാഹരണമായി നിങ്ങളോടു പരാമര്‍ശിക്കുമ്പോള്‍, സമാനമായി നിരവധി പ്രമേയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടുകാരുടെ ശ്രമങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ലക്ഷങ്ങളുടെയും കോടിക്കണക്കിന് രൂപയുടെയും ഗവണ്‍മെന്റ് അക്കൗണ്ടുകളുടെ സാമ്പത്തിക വിവരശേഖരം നാം സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നതായിരുന്നു സത്യം. താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത, കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്ലാത്ത എത്രയോ കുടുംബങ്ങളുണ്ട്. കുടിവെള്ള സൗകര്യം, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ കക്കൂസ്, പാവപ്പെട്ടവരില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നമ്മുടെ സ്വന്തം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് ആഡംബരമായിരുന്നു. എന്നാല്‍ ഇന്ന് ഈ സാഹചര്യം മാറി; അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. രാജ്യം ഈ നിലയിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒട്ടേറെ നാട്ടുകാരുടെ കഠിനാധ്വാനമുണ്ട്. നമ്മുടെ ആരോഗ്യമേഖലയിലോ ബാങ്കിങ് മേഖലയിലോ ഗവണ്‍മെന്റ് വകുപ്പുകളിലോ ഭരണസംവിധാനങ്ങളിലോ അല്ലെങ്കില്‍ നമ്മുടെ സ്വകാര്യമേഖലയിലോ ഉള്ളവരായാലും അവരെല്ലാം അസാധാരണമായ തലത്തില്‍ അഭൂതപൂര്‍വമായ ഐക്യത്തോടെ പ്രവര്‍ത്തിച്ചവരാണ്. അപ്പോഴാണ് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നത് സാധ്യമായത്; അപ്പോള്‍ മാത്രമേ രാജ്യത്തിന്റെ വികസനത്തിന് ഈ വേഗത കൈവരിക്കാനാകൂ.
സുഹൃത്തുക്കളെ,
ഈ തീരുമാനങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ സമഗ്രമാണ്. ഈ ദിശയില്‍ കേന്ദ്രീകൃതമായ പഠനങ്ങള്‍ നടത്തുമ്പോള്‍ മാത്രമേ നമുക്ക് അവ മനസ്സിലാക്കാന്‍ കഴിയൂ! രാജ്യത്തിന്റെ ഈ ശ്രമങ്ങളെയും ഫലങ്ങളെയും സിഎജി വിലയിരുത്തണം. ഈ അക്കൗണ്ട് രാജ്യത്തിന്റെ കൂട്ടായ പ്രയത്‌നത്തിന്റെ പ്രകടനമായിരിക്കും, രാജ്യത്തിന്റെ സാധ്യതകളുടെയും ആത്മവിശ്വാസത്തിന്റെയും ജീവനുള്ള രേഖയായിരിക്കും. അതേസമയം, നിങ്ങളുടെ രേഖകള്‍ വരാനിരിക്കുന്ന ഗവണ്‍മെന്റുകള്‍ക്കു മെച്ചപ്പെട്ട പ്രവര്‍ത്തന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്രദമാകും.
രാജ്യത്തിനുള്ള നിങ്ങളുടെ സംഭാവനകള്‍ അചഞ്ചലമായി തുടരുമെന്നും രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വ് പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ ബോധ്യത്തോടെ, എല്ലാവര്‍ക്കും വളരെ നന്ദി! ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍.
****
(Release ID: 1772440)
Visitor Counter : 224
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada