പ്രധാനമന്ത്രിയുടെ ഓഫീസ്
പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
സുല്‍ത്താന്‍പുര്‍ ജില്ലയിലെ എക്സ്പ്രസ് വേയില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പില്‍ വ്യോമാഭ്യാസപരിപാടിക്കും സാക്ഷ്യംവഹിച്ചു
''ഉത്തര്‍പ്രദേശിന്റെ പ്രതിജ്ഞകളുടെ പൂര്‍ത്തീകരണത്തിന്റെ തെളിവാണ് ഈ എക്‌സ്പ്രസ് വേ; ഇത് ഉത്തര്‍പ്രദേശിന്റെ അഭിമാനവും അത്ഭുതവുമാണ്''
''ഇന്ന്, പൂര്‍വ്വാഞ്ചലിന്റെ ആവശ്യങ്ങള്‍ക്കു പടിഞ്ഞാറിന്റെ ആവശ്യങ്ങള്‍ക്കു തുല്യമായ പ്രാധാന്യമുണ്ട്'
''ഈ ദശകത്തിന്റെ ആവശ്യങ്ങള്‍ മനസ്സില്‍വച്ച്, സമൃദ്ധമായ ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ്''
''ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഉത്തര്‍പ്രദേശിന്റെ വികസനത്തിനു പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്''
Posted On:
16 NOV 2021 4:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ മോദി ഇന്നു പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ ഉദ്ഘാടനംചെയ്തു. സുല്‍ത്താന്‍പുര്‍ ജില്ലയിലെ അതിവേഗപാതയില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പിലെ വ്യോമാഭ്യാസപ്രകടനത്തിനും അദ്ദേഹം സാക്ഷ്യംവഹിച്ചു.
മൂന്നുവര്‍ഷംമുമ്പു പൂര്‍വാഞ്ചല്‍ അതിവേഗപാതയ്ക്കു തറക്കല്ലിടവേ, ഒരു ദിവസം ഇതേ അതിവേഗപാതയില്‍ എനിക്കു കാലുകുത്താന്‍ കഴിയുമെന്നു കരുതിയിരുന്നില്ലെന്നു സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ''ഈ അതിവേഗപാത മെച്ചപ്പെട്ട ഭാവിയിലേക്ക് അതിവേഗം നയിക്കും. ഈ അതിവേഗപാത ഉത്തര്‍പ്രദേശിന്റെ വികസനത്തിനുവേണ്ടിയുള്ളതാണ്. ഈ അതിവേഗപാത പുതിയ ഉത്തര്‍പ്രദേശിന്റെ നിര്‍മാണത്തിനുള്ളതാണ്. ഈ അതിവേഗപാത ഉത്തര്‍പ്രദേശിലെ ആധുനികസൗകര്യങ്ങളുടെ പ്രതിഫലനമാണ്. ഉത്തര്‍പ്രദേശിന്റെ പ്രതിജ്ഞകളുടെ പൂര്‍ത്തീകരണത്തിന്റെ തെളിവാണ് ഈ അതിവേഗപാത. ഇത് ഉത്തര്‍പ്രദേശിന്റെ അഭിമാനവും അത്ഭുതവുമാണ്.''- അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനു രാജ്യത്തിന്റെ സന്തുലിതവികസനം പ്രാധാന്യമര്‍ഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ചില പ്രദേശങ്ങള്‍ വികസനത്തില്‍ മുന്നേറുന്നു. ചില പ്രദേശങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്കുപോയി. ഇത്തരത്തിലുള്ള അസമത്വം ഒരുരാജ്യത്തിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം വികസനസാധ്യതകള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ കിഴക്കന്‍മേഖലയ്ക്കും വടക്കുകിഴക്കന്‍സംസ്ഥാനങ്ങള്‍ക്കും രാജ്യത്തുണ്ടാകുന്ന വികസനത്തില്‍നിന്നു കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം പ്രവര്‍ത്തിച്ച മുന്‍ ഗവണ്‍മെന്റുകളൊന്നും ഉത്തര്‍പ്രദേശിന്റെ മൊത്തത്തിലുള്ള വികസനത്തില്‍ ശ്രദ്ധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വികസനത്തിന്റെ പുതിയ അധ്യായമാണ് ഇന്ന് എഴുതിച്ചേര്‍ക്കുന്നത് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പൂര്‍വാഞ്ചല്‍ അതിവേഗപാത പൂര്‍ത്തിയാക്കിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഉത്തര്‍പ്രദേശിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത കര്‍ഷകരോട് അദ്ദേഹം നന്ദിപറഞ്ഞു. പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികളെയും എന്‍ജിനിയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ ക്ഷേമംപോലെ പ്രധാനമാണു രാജ്യസുരക്ഷയയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുകണക്കിലെടുത്താണു പൂര്‍വാഞ്ചല്‍ അതിവേഗപാത നിര്‍മ്മിച്ചപ്പോള്‍ യുദ്ധവിമാനങ്ങള്‍ക്കായി അടിയന്തരനിലത്തിറക്കല്‍ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തെ പ്രതിരോധ അടിസ്ഥാനസൗകര്യങ്ങളെ അവഗണിച്ചവര്‍ക്കെതിരായി ഈ വിമാനങ്ങളുടെ ശബ്ദം മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗയാലും മറ്റുനദികളാലും അനുഗൃഹീതമായ ഇത്രയും വലിയ പ്രദേശമുണ്ടായിട്ടും ഏഴെട്ടുവര്‍ഷംമുമ്പുവരെ വികസനമൊന്നും ഉണ്ടായിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശിന്റെ വികസനത്തിനാണു താന്‍ മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വീടുണ്ടാകണം, പാവപ്പെട്ടവര്‍ക്കു ശുചിമുറികളുണ്ടാകണം, സ്ത്രീകള്‍ തുറസ്സായസ്ഥലത്തു മലമൂത്രവിസര്‍ജ്ജനം നടത്താന്‍ പാടില്ല, എല്ലാവരുടെയും വീടുകളില്‍ വൈദ്യുതി ഉണ്ടായിരിക്കണം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തണമെന്ന് അദ്ദേഹം വിഭാവനംചെയ്തു. മുന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച പ്രധാനമന്ത്രി, ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അന്നത്തെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് തന്നെ പിന്തുണയ്ക്കാത്തതില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നു പറഞ്ഞു. ''യുപിയിലെ ജനങ്ങളോടു കാട്ടുന്ന അനീതിക്കും വികസനത്തില്‍ കാണിക്കുന്ന വിവേചനത്തിനും അവരുടെ കുടുംബത്തിന്റെ താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് അന്നത്തെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച രീതിക്കും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അവരോടു കണക്കുചോദിക്കുമെന്നും പുറത്താക്കുമെ''ന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നേരത്തെ എത്രമാത്രം പവര്‍കട്ടുണ്ടായിരുന്നു എന്നത് ആര്‍ക്കാണു മറക്കാനാകുകയെന്നു പ്രധാനമന്ത്രി ചോദിച്ചു. ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില എന്തായിരുന്നുവെന്നും ചികിത്സാസൗകര്യങ്ങളുടെ അവസ്ഥ എന്തായിരുന്നുവെന്നും ആര്‍ക്കാണു മറക്കാന്‍ കഴിയുക - പ്രധാനമന്ത്രി ആരാഞ്ഞു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ, കിഴക്കാകട്ടെ പടിഞ്ഞാറാകട്ടെ, ആയിരക്കണക്കിനു ഗ്രാമങ്ങളെ പുതിയ റോഡുകളാല്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആയിരക്കണക്കിനു കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ വികസനമെന്ന സ്വപ്നം ജനങ്ങളുടെ സജീവപങ്കാളിത്തത്തോടെ ഇപ്പോള്‍ ദൃശ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുന്നു, എയിംസ് വരുന്നു, ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണു കുശിനഗറിലെ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനംചെയ്തത്.
ഉത്തര്‍പ്രദേശിനെപ്പോലുള്ള വലിയ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ നേരത്തെ പരസ്പരബന്ധമില്ലാതെ തുടര്‍ന്നിരുന്നു എന്നതു വസ്തുതയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളുകള്‍ പോയിരുന്നെങ്കിലും സമ്പര്‍ക്കത്തിനു മാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കു ലക്നൗവില്‍ എത്തുക എന്നതുപോലും ദുര്‍ഘടമായിരുന്നു. ''മുന്‍ മുഖ്യമന്ത്രിമാരുടെ കാര്യമെടുത്താല്‍ വികസനം എന്നത് അവരുടെ വീടിനുചുറ്റും മാത്രമായിരുന്നു. എന്നാല്‍ ഇന്ന്, പൂര്‍വാഞ്ചലിന്റെ ആവശ്യങ്ങള്‍ക്കു പടിഞ്ഞാറിന്റെ ആവശ്യങ്ങള്‍ക്കു തുല്യമായ പ്രാധാന്യമാണു നല്‍കുന്നത്,'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ അതിവേഗപാത ആ നഗരങ്ങളെ വിപുലമായ ആഗ്രഹങ്ങളും വികസനത്തിനുള്ള വലിയ സാധ്യതകളുമുള്ള ലക്‌നൗവുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എവിടെ നല്ല റോഡുകളുണ്ടോ, നല്ല ഹൈവേകള്‍ എത്തുന്നുവോ, അവിടെ വികസനത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു; തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു - പ്രധാനമന്ത്രി പറഞ്ഞു.
പരസ്പരസമ്പര്‍ക്കത്തിനുള്ള മികച്ച സംവിധാനം ഉത്തര്‍പ്രദേശിന്റെ വ്യാവസായിക വികസനത്തിന് ആവശ്യമാണെന്നും ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ അതിവേഗപാതകള്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വാഞ്ചല്‍ അതിവേഗപാതയ്ക്കുചുറ്റും ഉടന്‍തന്നെ പുതിയ വ്യവസായങ്ങള്‍ എത്തിച്ചേരും. വരുംദിവസങ്ങളില്‍, ഈ അതിവേഗപാതയ്ക്കരികിലുള്ള നഗരങ്ങളില്‍, ഭക്ഷ്യസംസ്‌കരണം, പാല്‍, ശീതീകരണസംഭരണം, പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണം, ധാന്യങ്ങള്‍, മൃഗസംരക്ഷണം, മറ്റു കാര്‍ഷികവിഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനം അതിവേഗം വര്‍ദ്ധിക്കും. ഉത്തര്‍പ്രദേശിന്റെ വ്യാവസായികവല്‍ക്കരണത്തിനു നൈപുണ്യമുള്ള മനുഷ്യശേഷി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഐടിഐയും മറ്റു പരിശീലനസ്ഥാപനങ്ങളും മെഡിക്കല്‍ സ്ഥാപനങ്ങളും ഈ നഗരങ്ങളില്‍ സ്ഥാപിക്കും.
ഉത്തര്‍പ്രദേശില്‍ നിര്‍മിക്കുന്ന പ്രതിരോധ ഇടനാഴി ഇവിടെയും പുതിയ തൊഴിലവസരങ്ങള്‍ കൊണ്ടുവരും. ഉത്തര്‍പ്രദേശിലെ ഈ അടിസ്ഥാനസൗകര്യങ്ങള്‍ ഭാവിയില്‍ സമ്പദ്വ്യവസ്ഥയ്ക്കു പുതിയ മാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ വീടുപണിയുകയാണെങ്കില്‍ ആദ്യം ആശങ്കപ്പെടുന്നതു റോഡുകളെക്കുറിച്ചാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മണ്ണു പരിശോധിക്കും. തുടര്‍ന്നു മറ്റു വശങ്ങള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍, പരസ്പരസമ്പര്‍ക്കസംവിധാനത്തെക്കുറിച്ചു ചിന്തിക്കാതെ വ്യവസായവല്‍ക്കരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാണിച്ച അത്തരം ഗവണ്മെന്റുകളുടെ നീണ്ടകാലഘട്ടം നാം കണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി, ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇവിടെ സ്ഥിതിചെയ്യുന്ന പല ഫാക്ടറികളും പൂട്ടിക്കിടന്നു. ഈ സാഹചര്യത്തില്‍, ഡല്‍ഹിയിലും ലക്നൗവിലും കുടുംബവാഴ്ചയുടെ ആധിപത്യമുണ്ടായതും ദൗര്‍ഭാഗ്യകരമായി. വര്‍ഷങ്ങളോളം, കുടുംബാംഗങ്ങളുടെ ഈ പങ്കാളിത്തം ഉത്തര്‍പ്രദേശിന്റെ ആഗ്രഹങ്ങളെ തകര്‍ത്തു.
ഉത്തര്‍പ്രദേശിലെ സാധാരണക്കാരെ തങ്ങളുടെ കുടുംബമായി പരിഗണിച്ചാണ് ഉത്തര്‍പ്രദേശിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഇന്നു പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഫാക്ടറികള്‍ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. ഈ ദശാബ്ദത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, സമൃദ്ധമായ ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധകുത്തിവയ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രതിരോധമരുന്നിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ വളരാന്‍ അനുവദിക്കാത്ത ഉത്തര്‍പ്രദേശിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഉത്തര്‍പ്രദേശിന്റെ സമഗ്രവികസനത്തിനായി ഗവണ്‍മെന്റ് രാപ്പകല്‍ഭേദമെന്യേ പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പരസ്പരസമ്പര്‍ക്കസംവിധാനത്തിനൊപ്പം ഉത്തര്‍പ്രദേശില്‍ അടിസ്ഥാനസൗകര്യവികസനത്തിനും മുന്‍തൂക്കം നല്‍കുന്നുണ്ട്. വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ ഏകദേശം 30 ലക്ഷം ഗ്രാമീണകുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് കുടിവെള്ളപ്പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലക്ഷക്കണക്കിനു സഹോദരിമാര്‍ക്ക് അവരുടെ വീടുകളില്‍ പൈപ്പിലൂടെ കുടിവെള്ളം നല്‍കാന്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പൂര്‍ണ്ണപ്രതിജ്ഞാബദ്ധമാണ്. സേവനമനോഭാവത്തോടെ രാഷ്ട്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടേണ്ടതു ഞങ്ങളുടെ കടമയാണെന്നും ഞങ്ങളതുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
(Release ID: 1772365)
Visitor Counter : 226
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada