പ്രധാനമന്ത്രിയുടെ ഓഫീസ്
പി എം കെയേഴ്‌സിന് കീഴിൽ സ്ഥാപിതമായ പിഎസ്‌എ ഓക്സിജൻ പ്ലാന്റുകൾ രാഷ്ട്രത്തിന് സമർപ്പിച്ച്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
പോസ്റ്റഡ് ഓണ്‍:
07 OCT 2021 3:04PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്,
ഭാരത് മാതാ കീ ജയ്
ഉത്തരാഖണ്ഡ് ഗവർണർ ലെഫ്. ജനറൽ (റിട്ട.) ഗുർമീത് സിംഗ് ജി, ഊർജ്ജസ്വലനും ഉത്സാഹിയുമായ മുഖ്യമന്ത്രി എന്റെ യുവ സുഹൃത്ത് ശ്രീ പുഷ്കർ സിംഗ് ധാമി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കർ ശ്രീ അജയ് ഭട്ട് ജി ശ്രീ പ്രേം ചന്ദ് അഗർവാൾ ജി, ഉത്തരാഖണ്ഡ് മന്ത്രി ഡോ. ധൻ സിംഗ് റാവത്ത് ജി, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്, ജന്മദിനത്തിൽ അദ്ദേഹത്തിന് നിരവധി ആശംസകൾ..മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെ ,പ്രിയ സഹോദരീ സഹോദരന്മാരേ !!
ഈ ദേവഭൂമി ഋഷിമാരുടെ തപസ്സിൻറെ നാടായിരുന്നു. ഒരു യോഗ നഗരം എന്ന നിലയിൽ, ഇത് ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു. സമീപത്ത് ഒഴുകുന്ന ഗംഗാമാതാവിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ലഭിക്കുന്നു. പുണ്യ ഉത്സവമായ നവരാത്രിയും ഇന്ന് മുതൽ ആരംഭിക്കുന്നു. ആദ്യ ദിവസമാണ് മാ ശൈലപുത്രിയെ ആരാധിക്കുന്നത്. മാ ശൈലപുത്രി ഹിമാലയത്തിന്റെ മകളാണ്. ഈ മണ്ണിനെ വണങ്ങാനും ഹിമാലയത്തിന്റെ നാടിനെ അഭിവാദ്യം ചെയ്യാനും ഞാൻ ഈ ദിവസം ഇവിടെയുണ്ട് എന്നതിനേക്കാൾ വലിയൊരു അനുഗ്രഹം ജീവിതത്തിൽ മറ്റെന്തുണ്ട്? ഇന്ന് ഇവിടെ വന്നതിനാൽ, ഉത്തരാഖണ്ഡിനെ പ്രത്യേകിച്ച് അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ടോക്കിയോ ഒളിമ്പിക്സിൽ ഈ ദേവഭൂമി ഞങ്ങൾക്ക് അഭിമാനം നൽകി. അതിനാൽ നിങ്ങൾ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ഉത്തരാഖണ്ഡിലെ ഈ ദിവ്യഭൂമി എന്നെപ്പോലുള്ള നിരവധി ആളുകളുടെ ജീവിതഗതി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഭൂമി എനിക്ക് പ്രധാനപ്പെട്ടത്. ഈ ഭൂമിയുമായുള്ള എന്റെ ബന്ധം 'മർമ' (ഹൃദയം) മാത്രമല്ല, 'കർമ്മം' (പ്രവർത്തനം) കൂടിയാണ്, 'സത്വം' (സത്ത) മാത്രമല്ല 'തത്വം' കൂടിയാണ് .
സുഹൃത്തുക്കളേ ,
മുഖ്യമന്ത്രി എന്നെ ഓർമ്മിപ്പിച്ചതുപോലെ, 20 വർഷം മുമ്പ് ഈ ദിവസം ജനങ്ങളെ സേവിക്കാനുള്ള ഒരു പുതിയ ഉത്തരവാദിത്തം എനിക്ക് ലഭിച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ചുകൊണ്ട് അവരെ സേവിക്കാനുള്ള എന്റെ യാത്ര നിരവധി പതിറ്റാണ്ടുകളായി തുടരുന്നു. എന്നാൽ 20 വർഷം മുമ്പ്, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് ഒരു പുതിയ ഉത്തരവാദിത്തം ലഭിച്ചു. യാദൃശ്ചികമെന്ന് പറയട്ടെ 2000 ൽ ഉത്തരാഖണ്ഡ് രൂപീകരിക്കപ്പെട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷം 2001 ൽ മാത്രമാണ് എന്റെ യാത്ര ആരംഭിച്ചത്.
സുഹൃത്തുക്കളെ ,
മുഖ്യമന്ത്രിയെന്ന നിലയിലും പിന്നീട് പ്രധാനമന്ത്രിയെന്ന നിലയിലും ഗവണ്മെന്റിന്റെ തലവനായി ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. 20 വർഷത്തെ ഈ തടസ്സമില്ലാത്ത യാത്ര ഇന്ന് 21 -ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അത്തരമൊരു സുപ്രധാന വർഷത്തിൽ, തുടർച്ചയായി എനിക്ക് സ്നേഹവും അടുപ്പവും നൽകിയ ഭൂമിയിലേക്ക് വരുന്നത് എന്റെ വലിയ അംഗീകാരമായി ഞാൻ കരുതുന്നു. കാഠിന്യത്തിന്റെയും ത്യാഗത്തിന്റെയും പാത കാണിക്കുന്ന ഹിമാലയത്തിന്റെ ഈ ദേശത്തേക്ക് വരുന്നതിലൂടെ, ജനങ്ങളെ സേവിക്കാനുള്ള എന്റെ ലക്‌ഷ്യം കൂടുതൽ ശക്തമായി. ഞാൻ ഇവിടെ വരുമ്പോൾ എനിക്ക് ഒരു പുതിയ ഊർജ്ജം ലഭിക്കുന്നു.
സഹോദരീ സഹോദരന്മാരെ,
ഇന്ന്, യോഗയുടെയും ആയുർവേദത്തിന്റെയും ശക്തിയാൽ ആരോഗ്യകരമായ ജീവിതത്തിന് ഒരു മാതൃക നൽകിയ ഭൂമിയിൽ നിന്ന് ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിനായി സമർപ്പിക്കപ്പെടുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ഈ ഓക്സിജൻ പ്ലാന്റുകൾക്കായി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു
സുഹൃത്തുക്കളെ ,
100 വർഷത്തെ ഏറ്റവും വലിയ പ്രതിസന്ധി നാം ഇന്ത്യക്കാർ ധൈര്യത്തോടെ നേരിടുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കൊറോണ മഹാമാരിക്കെതിരെ പോരാടുന്നതിന് ചുരുങ്ങിയ കാലയളവിൽ ഇന്ത്യ ഒരുക്കിയ സൗകര്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ കഴിവ് കാണിക്കുന്നു. കേവലം ഒരു പരിശോധന ലാബ് മുതൽ മൂവായിരത്തോളം ലാബുകളുടെ ശൃംഖല വരെ, മാസ്കുകളും കിറ്റുകളും ഇറക്കുമതി ചെയ്തതിൽ നിന്ന് ഒരു കയറ്റുമതിക്കാരനാകുന്നതുവരെ ..ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും പുതിയ വെന്റിലേറ്ററുകൾക്കുള്ള സൗകര്യങ്ങൾ, ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്സിനേഷൻ പരിപാടി , തദ്ദേശ നിർമ്മിത കൊറോണ വാക്സിനുകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണം എന്നിവ ഇന്ത്യയുടെ നിശ്ചയദാർഡ്യവും സേവനവും ഐക്യവും പ്രകടമാക്കുന്നു.
സഹോദരീ സഹോദരന്മാരെ,
കൊറോണയ്‌ക്കെതിരെ പോരാടുമ്പോൾ, ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി നമ്മുടെ ജനസംഖ്യ മാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രവുമാണ്. ഓക്സിജൻ വിതരണത്തിന്റെയും വാക്സിനുകളുടെയും ഇരട്ട വെല്ലുവിളികൾ രാജ്യം അഭിമുഖീകരിക്കുന്നത് തുടർന്നു. എന്നാൽ ഈ വെല്ലുവിളികളെ രാജ്യം എങ്ങനെയാണ് നേരിട്ടതെന്ന് ഓരോ പൗരനും അറിയേണ്ടത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളെ ,
സാധാരണയായി , ഇന്ത്യ പ്രതിദിനം 900 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിച്ചിരുന്നു. ആവശ്യം ഉയർന്നപ്പോൾ, ഇന്ത്യ മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം 10 മടങ്ങ് വർദ്ധിപ്പിച്ചു. ലോകത്തിലെ ഏത് രാജ്യത്തിനും ഇത് സങ്കൽപ്പിക്കാനാവാത്ത ലക്ഷ്യമായിരുന്നു, പക്ഷേ ഇന്ത്യ അത് നേടി.
സുഹൃത്തുക്കളെ ,
ഓക്സിജൻ ഉൽപാദനത്തിനൊപ്പം അതിന്റെ ചരക്ക് നീക്കവും ഒരു വലിയ വെല്ലുവിളിയാണെന്ന് ഇവിടെയുള്ള പലർക്കും അറിയാം. ഏതെങ്കിലും ഒരു ടാങ്കറിൽ ഓക്സിജൻ കൊണ്ടുപോകാൻ കഴിയില്ല. ഇതിനായി ഒരു പ്രത്യേക ടാങ്കർ ആവശ്യമാണ്. ഓക്സിജൻ ഉത്പാദനം കൂടുതലും നടക്കുന്നത് കിഴക്കൻ ഇന്ത്യയിലാണ്, എന്നാൽ വെല്ലുവിളി വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ അതിന്റെ ആവശ്യം തീവ്രമായി അനുഭവപ്പെട്ടു എന്നതാണ്.
സഹോദരീ സഹോദരന്മാരെ,
ചരക്ക് നീക്കവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികളോട് പോരാടുമ്പോൾ രാജ്യം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. ഓക്സിജൻ പ്ലാന്റുകളും ഓക്സിജൻ ടാങ്കറുകളും രാജ്യത്തിനകത്തും പുറത്തും സാധ്യമായിടത്തെല്ലാം ക്രമീകരിച്ചിട്ടുണ്ട്. കാലിയായ ടാങ്കറുകൾ വേഗത്തിൽ നീക്കാൻ പ്രത്യേക ഓക്സിജൻ ട്രെയിനുകൾ ഓടിക്കുകയും എയർഫോഴ്സ് വിമാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് DRDO തേജസ് ഫൈറ്റർ ജെറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു. പിഎം കെയേഴ്സ് ഫണ്ട് രാജ്യത്ത് പിഎസ്‌എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി മാത്രമല്ല, ഒരു ലക്ഷത്തിലധികം ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കും പണം നൽകി.
സുഹൃത്തുക്കളെ ,
ഭാവിയിൽ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിനുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനായി പിഎസ്എ ഓക്സിജൻ പ്ലാന്റുകളുടെ ഒരു ശൃംഖല രാജ്യമെമ്പാടും സ്ഥാപിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പിഎം കെയേഴ്സ് അംഗീകരിച്ച 1,150 -ലധികം ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ രാജ്യത്തെ എല്ലാ ജില്ലകളും പിഎം കെയേഴ്സിന് കീഴിൽ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിചിരിക്കുന്നു . പിഎം കെയേഴ്സിന്റെ സഹായത്തോടെ നിർമ്മിച്ച ഈ ഓക്സിജൻ പ്ലാന്റുകൾ കൂട്ടിച്ചേർക്കുകയാണെങ്കിൽ, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിശ്രമം മൂലം രാജ്യത്തിന് ഏകദേശം 4,000 പുതിയ ഓക്സിജൻ പ്ലാന്റുകൾ ലഭിക്കാൻ പോകുന്നു. ഓക്സിജൻ ദൗർലഭ്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ മുമ്പത്തേക്കാളും കൂടുതൽ പ്രാപ്‌തരായിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ ,
93 കോടി ഡോസ് കൊറോണ വാക്‌സിനുകൾ നൽകിയെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. താമസിയാതെ നമുക്ക് 100 കോടി കടക്കാൻ കഴിയും. കോവിൻ പ്ലാറ്റ്ഫോം സൃഷ്ടിച്ചുകൊണ്ട് ഇത്രയും വലിയ തോതിൽ വാക്സിനേഷൻ എങ്ങനെ നടത്താമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ച കൊടുത്തു . പർവതങ്ങളായാലും മരുഭൂമികളായാലും കാടുകളായാലും കടലുകളായാലും 10 അല്ലെങ്കിൽ 10 ലക്ഷം ആളുകൾ ഉണ്ടെങ്കിലും, ഇന്ന് ഞങ്ങൾ എല്ലാ പ്രദേശങ്ങളിലും പൂർണ്ണ സുരക്ഷയോടെ വാക്സിനുകൾ നൽകുന്നു . ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകെ 1.30 ലക്ഷത്തിലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ കാരണം, ഉത്തരാഖണ്ഡും 100 ശതമാനം ആദ്യ ഡോസ് ഉടൻ പൂർത്തിയാക്കാൻ പോകുന്നു, ഇതിന് ഞാൻ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനും എല്ലാ സഹപ്രവർത്തകർക്കും നന്ദി പറയുന്നു.
സഹോദരീ സഹോദരന്മാരെ,
തേരായ് പോലെയുള്ള ഒരു സമതല ഭൂമിയിൽ, ഇത് ചെയ്യാൻ എളുപ്പമാണ്. എനിക്ക് ഈ പ്രദേശം നന്നായി അറിയാം. ഹിമാലയത്തിലെ പർവതനിരകളിലുടനീളമുള്ള ആളുകളിലേക്ക് വാക്സിനുകൾ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. എല്ലാ വെല്ലുവിളികൾക്കിടയിലും ഇത്രയും വലിയ നേട്ടം കൈവരിച്ചതിന് നിങ്ങളെല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
സഹോദരീ സഹോദരന്മാരെ,
21 -ആം നൂറ്റാണ്ടിലെ ഇന്ത്യ ജനങ്ങളുടെ അഭിലാഷങ്ങളും ആവശ്യങ്ങളും പൂർണ്ണമായി നിറവേറ്റിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകൂ. പൗരന്മാർ അവരുടെ പ്രശ്നങ്ങളുമായി തങ്ങളുടെ അടുത്തേക്ക് വരുന്നതിനും പിന്നീട് എന്തെങ്കിലും നടപടിയെടുക്കുന്നതിനും ഇന്ന് ഗവണ്മെന്റ് കാത്തിരിക്കുന്നില്ല. ഗവണ്മെന്റ് ചിന്താഗതിയിൽ നിന്നും സംവിധാനത്തിൽ നിന്നും ഞങ്ങൾ ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുന്നു. ഇപ്പോൾ ഗവണ്മെന്റ് പൗരന്മാരുടെ അടുത്തേക്ക് പോകുന്നു. ഈ കാരണത്താലാണ് , അത് പാവപ്പെട്ടവർക്കുള്ള വീട്, വൈദ്യുതി, വെള്ളം, ശുചിമുറി , ഗ്യാസ് കണക്ഷൻ, എന്നിവ ആയാലും 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ, കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപ നേരിട്ട് കൈമാറ്റം , ഓരോ ഇന്ത്യക്കാരനും പെൻഷനും ഇൻഷുറൻസ് സൗകര്യങ്ങളും,തുടങ്ങി പൊതു താൽപ്പര്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ശരിയായ ഉടമയിൽ എത്തിയിരിക്കുന്നു.
സുഹൃത്തുക്കളെ ,
ആരോഗ്യ മേഖലയിലും ഇന്ത്യ ഈ സമീപനവുമായി മുന്നോട്ട് പോവുകയാണ്. തത്ഫലമായി, പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സൗകര്യങ്ങൾ ലഭിക്കുന്നു, അവർക്ക്,സമ്പാദ്യവുമുണ്ട് . മുമ്പ്, ഒരാൾക്ക് ഗുരുതരമായ അസുഖം വന്നപ്പോൾ, സാമ്പത്തിക സഹായത്തിനായി അവർ രാഷ്ട്രീയക്കാരെയോ സർക്കാർ ഓഫീസുകളെയോ ചുറ്റിനടന്നു. ആയുഷ്മാൻ ഭാരത് ഈ പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. ആശുപത്രികൾക്ക് പുറത്ത് നീണ്ട ക്യൂ, ചികിത്സ വൈകുന്നത്, മെഡിക്കൽ രേഖകളുടെ അഭാവം എന്നിവ കാരണം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടേണ്ടി വന്നു. ഇപ്പോൾ ആദ്യമായി, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വഴി ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സുഹൃത്തുക്കളെ ,
അസുഖ സമയത്ത് സാധാരണ പരിശോധനകൾക്കും ചെറിയ പരിഹാരങ്ങൾക്കുമായി പല തവണ യാത്ര ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് ഉത്തരാഖണ്ഡിലെ ആളുകളേക്കാൾ നന്നായി ആർക്കാണ് മനസ്സിലാക്കാൻ കഴിയുക, ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മറികടക്കാൻ ഇപ്പോൾ ഒരു ഇ-സഞ്ജീവനി ആപ്പിന്റെ സൗകര്യമുണ്ട്. ഇപ്പോൾ ഗ്രാമങ്ങളിൽ അവരുടെ വീടുകളിൽ ഇരുന്ന് കൊണ്ട് രോഗികൾ നഗരങ്ങളിലെ ആശുപത്രികളിലുള്ള ഡോക്ടർമാരുടെ ഉപദേശം തേടുന്നു. ഇപ്പോൾ ഉത്തരാഖണ്ഡിലെ ജനങ്ങളും ഇത് പ്രയോജനപ്പെടുത്താൻ തുടങ്ങി.
സഹോദരീ സഹോദരന്മാരെ,
എല്ലാവർക്കും ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനമാണ്. 6-7 വർഷം മുമ്പ് വരെ, ചില സംസ്ഥാനങ്ങളിൽ മാത്രമേ എയിംസ് സൗകര്യം ഉണ്ടായിരുന്നുള്ളൂ, ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 6 എയിംസിൽ നിന്ന് 22 എയിംസിന്റെ ശക്തമായ ഒരു ശൃംഖല നിർമ്മിക്കാൻ ഞങ്ങൾ വേഗത്തിൽ നീങ്ങുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും സർക്കാർ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 170 പുതിയ മെഡിക്കൽ കോളേജുകൾ രാജ്യത്ത് തുറന്നു. ഡസൻ കണക്കിന് പുതിയ മെഡിക്കൽ കോളേജുകളുടെ ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ ഉത്തരാഖണ്ഡിലും രുദ്രാപൂർ, ഹരിദ്വാർ, പിത്തോർഗഡ് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളെ ,
ഉത്തരാഖണ്ഡിന്റെ രൂപീകരണം എന്ന സ്വപ്നം അടൽജി പൂർത്തീകരിച്ചു. കണക്റ്റിവിറ്റി ,വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടൽ ജി വിശ്വസിച്ചു. അദ്ദേഹത്തിന്റെ പ്രചോദനം കാരണം, ഇന്ന് രാജ്യത്തെ കണക്റ്റിവിറ്റി സൗകര്യത്തിനായുള്ള പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത്തിലും നടക്കുന്നു . ഉത്തരാഖണ്ഡ് സർക്കാർ ഈ ദിശയിൽ ഗൗരവമായി പ്രവർത്തിക്കുന്നു എന്നതിൽ ഞാൻ സംതൃപ്തനാണ്. ബാബ കേദറിന്റെ അനുഗ്രഹത്താൽ കേദാർ ധാമിന്റെ മഹത്വം കൂടുതൽ മെച്ചപ്പെടുത്തുകയും ഭക്തർക്ക് പുതിയ സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതികളുടെ പുരോഗതി ഡ്രോൺ ക്യാമറയിലൂടെ ഞാൻ പലവട്ടം അവലോകനം ചെയ്തുകൊണ്ടിരിക്കുന്നു. ചാർധാമിനെ ബന്ധിപ്പിക്കുന്ന എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും വരുന്ന തീർത്ഥാടകർക്ക് ചാർധാം പദ്ധതി ഒരു വലിയ സൗകര്യം സൃഷ്ടിക്കുക മാത്രമല്ല, വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളായ ഗർവാൾ, കുമവോൺ എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. കുമവോനിലെ 150 കിലോമീറ്റർ നീളമുള്ള ചാർധാം റോഡ് ഈ മേഖലയ്ക്ക് ഒരു പുതിയ മാനം നൽകാൻ പോകുന്നു. ഋഷികേശ്-കർൺപ്രയാഗ് റെയിൽപാതയിൽ നിന്ന് ഉത്തരാഖണ്ഡിലെ റെയിൽ കണക്റ്റിവിറ്റിക്ക് കൂടുതൽ വിപുലീകരണവും ലഭിക്കും. റോഡ്, റെയിൽ എന്നിവയ്ക്ക് പുറമെ, എയർ കണക്റ്റിവിറ്റി സംബന്ധിച്ച പുരോഗതിയിൽ നിന്നും ഉത്തരാഖണ്ഡിനും പ്രയോജനം ലഭിച്ചു. ഡെറാഡൂൺ വിമാനത്താവളത്തിന്റെ ശേഷി 250 ൽ നിന്ന് 1200 യാത്രക്കാരായി ഉയർത്തി. മുഖ്യമന്ത്രി ധാമി ജിയുടെ ഉത്സാഹവുംഊർജ്ജസ്വലവുമായ നേതൃത്വത്തിൽ ഹെലിപോർട്ട് സൗകര്യം ഉത്തരാഖണ്ഡിലും പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളെ
ജല കണക്റ്റിവിറ്റി സംബന്ധിച്ച് ഉത്തരാഖണ്ഡിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഇവിടുത്തെ സ്ത്രീകൾക്ക് വലിയ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങി, അവരുടെ ജീവിതം എളുപ്പമാവുകയാണ്. 2019 ൽ ജൽ ജീവൻ മിഷൻ ആരംഭിക്കുന്നതിന് മുമ്പ്, ഉത്തരാഖണ്ഡിലെ 1.30 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ലഭിച്ചിരുന്നുള്ളൂ. ഉത്തരാഖണ്ഡിലെ 7.10 ലക്ഷത്തിലധികം വീടുകളിൽ ഇന്ന് ടാപ്പ് വെള്ളം ലഭ്യമാണ്. അതായത്, രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വീടുകൾക്ക് ജല കണക്ഷൻ ലഭിച്ചു. ഉജ്ജ്വല പദ്ധതി പ്രകാരം നൽകിയ ഗ്യാസ് കണക്ഷൻ സ്ത്രീകൾക്ക് ആശ്വാസം നൽകിയതുപോലെ, സ്വച്ഛ് ഭാരത് മിഷന് കീഴിൽ നിർമ്മിച്ച ശൗചാലയങ്ങൾ സ്ത്രീകൾക്ക് സൗകര്യവും സുരക്ഷിതത്വവും അന്തസ്സും നൽകി, അതുപോലെ തന്നെ ജൽ ജീവൻ മിഷനിൽ നിന്നുള്ള ജല കണക്ഷനുംസ്ത്രീകൾക്ക് ഏറെ ആശ്വാസകരമാണ്.
സുഹൃത്തുക്കളെ ,
രാജ്യസുരക്ഷയിൽ ഉത്തരാഖണ്ഡിന് വലിയ പങ്കുണ്ട്. ധീരരായ യുവാക്കളും പെൺകുട്ടികളും ഇന്ത്യൻ സുരക്ഷാ സേനയുടെ അഭിമാനമാണ്. ഓരോ സൈനികന്റെയും, ഓരോ മുൻ സൈനികന്റെയും താൽപ്പര്യങ്ങൾക്കായി ഞങ്ങളുടെ സർക്കാർ വളരെ ഗൗരവമായി പ്രവർത്തിക്കുന്നു. വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കിക്കൊണ്ട് നമ്മുടെ സൈനിക സഹോദരന്മാരുടെ 40 വർഷത്തെ ആവശ്യം നിറവേറ്റിയത് ഞങ്ങളുടെ സർക്കാരാണ്. നമ്മുടെ ധാമി ജി ഒരു സൈനികന്റെ മകനാണ്. ഈ തീരുമാനം സൈനികരെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കളെ ,
ഡൽഹിയിൽ ഒരു ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ച് രാജ്യത്തെ ധീരരായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചത് നമ്മുടെ സർക്കാരാണ്. കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും രക്തസാക്ഷികൾക്ക് ബാറ്റിൽ ക്യാഷ്വാലിറ്റി വെൽഫെയർ ഫണ്ടിന്റെ ആനുകൂല്യം ഉറപ്പാക്കിയത് ഞങ്ങളുടെ സർക്കാരാണ്..ജെ സി ഓ യുടെയും മറ്റ് റാങ്കുകളുടെയും സ്ഥാനക്കയറ്റത്തിന്റെ നാല് പതിറ്റാണ്ട് പഴക്കമുള്ള പ്രശ്നം പരിഹരിച്ചത് ഞങ്ങളുടെ സർക്കാരാണ്. വിരമിച്ച സൈനികർക്ക് പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ ,
ധീരരായ സൈനികർക്ക് ആധുനിക ആയുധങ്ങളും സ്വയം പരിരക്ഷിക്കാനുള്ള ഉപകരണങ്ങളും ഉള്ളപ്പോൾ അവർക്ക് ശത്രുക്കളുമായി എളുപ്പത്തിൽ മത്സരിക്കാനാകും. കാലാവസ്ഥ എപ്പോഴും മോശമായ അത്തരം സ്ഥലങ്ങളിൽ, ആധുനിക ഉപകരണങ്ങൾ അവരെ വളരെയധികം സഹായിക്കുന്നു. പ്രതിരോധ മേഖലയിൽ നമ്മുടെ സർക്കാർ ആരംഭിച്ച സ്വാശ്രയ പ്രചാരണവും നമ്മുടെ സൈനികർക്ക് വലിയ സഹായമാകും. തീർച്ചയായും സർക്കാരിന്റെ ഈ ശ്രമങ്ങളെല്ലാം ഉത്തരാഖണ്ഡിനും അവിടുത്തെ ജനങ്ങൾക്കും ഗുണം ചെയ്യും.
സഹോദരീ സഹോദരന്മാരെ,
പതിറ്റാണ്ടുകളായി ദേവഭൂമിയോടുള്ള അവഗണന അവസാനിപ്പിക്കാൻ ഞങ്ങൾ വളരെ ആത്മാർത്ഥവും സത്യസന്ധവുമായ പരിശ്രമമാണ് നടത്തുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ, വിജനമായ ഗ്രാമങ്ങൾവികസനത്തിലേക്ക് തിരിച്ചുവരുന്നു. കൊറോണ കാലഘട്ടത്തിൽ, ഇവിടെയുള്ള യുവാക്കളുമായും കർഷകരുമായും ഞാൻ നിരവധി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ വീടിനടുത്ത് ഒരു റോഡ് നിർമ്മിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ അവർ ഒരു ഹോം സ്റ്റേ തുറന്നിട്ടുണ്ടെന്നും അവർ എന്നോട് പറയുമ്പോൾ അത് തൃപ്തികരമാണ്. പുതിയ അടിസ്ഥാന സൗകര്യം യുവാക്കൾക്ക് കൃഷി, ടൂറിസം, തീർത്ഥാടന, വ്യവസായ മേഖലകളിൽ നിരവധി അവസരങ്ങൾ തുറക്കാൻ പോകുന്നു.
സുഹൃത്തുക്കളെ ,
ഉത്തരാഖണ്ഡിൽ ഊർജ്ജം നിറഞ്ഞ ഒരു ആവേശകരമായ യുവടീം ഉണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, ഉത്തരാഖണ്ഡ് അതിന്റെ രൂപീകരണത്തിന്റെ 25 വർഷത്തിലേക്ക് പ്രവേശിക്കും. ഉത്തരാഖണ്ഡിന്റെ വളർച്ച നിർണ്ണയിക്കുന്നതിനുള്ള ശരിയായ സമയമാണിത്. ഉത്തരാഖണ്ഡിലെ ഈ പുതിയ ടീമിന് കേന്ദ്ര സർക്കാർ പൂർണ്ണ സഹായം നൽകുന്നു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമമാണ് ഇവിടുത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിന്റെ അടിസ്ഥാനം. വികസനത്തിന്റെ ഈ ഇരട്ട എഞ്ചിൻ ഉത്തരാഖണ്ഡിന് പുതിയ ഉയരങ്ങൾ നൽകാൻ പോകുന്നു. ബാബ കേദറിന്റെ അനുഗ്രഹത്തോടെ, നമുക്ക് എല്ലാ തീരുമാനങ്ങളും നിറവേറ്റാം! ഈ ആഗ്രഹത്തോടെ, എല്ലാ ആശംസകളും!
നന്ദി!
( റിലീസ് ഐ.ഡി: 1762155)
സന്ദര്‍ശക കൗണ്ടര്‍ : 458
ഈ റിലീസ് വായിക്കുക:
Urdu
,
English
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada