പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈ തോതിലുള്ള സംഘടിത പ്രതിരോധകുത്തിവയ്പ് മാനവരാശിയുടെ ചരിത്രത്തില്‍ മുമ്പൊന്നുമുണ്ടായിട്ടില്ല: പ്രധാനമന്ത്രി



ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും പൂര്‍ണ്ണമായും സുരക്ഷിതത്വവും ഫലപ്രാപ്തിയും ബോദ്ധ്യമായശേഷമാണ് ഇന്ത്യയുണ്ടാക്കിയ പ്രതിരോധമരുന്ന് അടിയന്തിരഘട്ടത്തിലെ ഉപയോഗത്തിനായി അനുമതി നല്‍കിയത്: പ്രധാനമന്ത്രി

ലോകത്താകമാനം 60% കുട്ടികള്‍ക്കും ഇന്ത്യൻ നിർമ്മിത ജീവന്‍രക്ഷാ പ്രതിരോധകുത്തിവയ്പ്പുകളാണ് ലഭിക്കുന്നത്: പ്രധാനമന്ത്രി

Posted On: 16 JAN 2021 1:46PM by PIB Thiruvananthpuram




ഇന്ത്യയിലാകമാനമുള്ള കോവിഡ്-19 പ്രതിരോധകുത്തിവയ്പ് പ്രവർത്തനങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  സമാരംഭം കുറിച്ചു. രാജ്യത്തെ ഉടനീളം ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പ് പരിപാടിയാണ് ഇത്.

ആദ്യഘട്ടത്തില്‍ തന്നെ 3 കോടി ആളുകള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കുന്നു, അതായത് ലോകത്തെ ഏറ്റവും കുറഞ്ഞത് 100 രാജ്യങ്ങളിലേതിനെക്കാള്‍ അധികം ജനസംഖ്യയ്ക്കാണ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട് പ്രതിരോധകുത്തിവയ്പിന്റെ മുമ്പൊന്നുമില്ലാത്ത പരിപ്രേക്ഷ്യത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി വ്യക്തമാക്കി. പ്രായമായവര്‍ക്കും മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കും പ്രതിരോധകുത്തിവയ്പ് നല്‍കുന്ന രണ്ടാംഘട്ടത്തില്‍ ഇത് 30 കോടിയോളം വർദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും യു.എസും ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് 30 കോടിയിലേറെ ജനസംഖ്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ തോതിലുള്ള ഒരു പ്രതിരോധ കുത്തിവയ്പിനുള്ള സംഘടിതപ്രവര്‍ത്തനം ചരിത്രത്തിലൊരിക്കലും പരിശ്രമിച്ചിട്ടില്ലെന്നും ഇത് ഇന്ത്യയുടെ കാര്യശേഷിയെയാണ് കാണിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു.
ജനങ്ങളോട് ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരവേലകളില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി പ്രതിരോധമരുന്ന് ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും അതിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പൂര്‍ണ്ണമായി ബോദ്ധ്യപ്പെട്ടശേഷമാണ് ഇന്ത്യയുണ്ടാക്കിയ പ്രതിരോധമരുന്ന് അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നും വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ ശാസ്ത്രജ്ഞര്‍, മെഡിക്കല്‍ സംവിധാനം, ഇന്ത്യന്‍ പ്രക്രിയകള്‍, സ്ഥാപന സംവിധാനങ്ങള്‍ എന്നിവയൊക്കെ ഇക്കാര്യത്തില്‍ ആഗോളതലത്തിൽ തന്നെ വിശ്വാസ്യത നേടിയവയാണ്. ഈ വിശ്വാസം നിരന്തരമായ പ്രവര്‍ത്തനവിജയത്തിലൂടെ നേടിയെടുത്തതാണ്. ലോകത്താകെയുള്ള 60% കുട്ടികള്‍ക്കും ലഭിക്കുന്ന ജീവന്‍രക്ഷ പ്രതിരോധകുത്തിവയ്പ്പുകള്‍ ഇന്ത്യയിൽ നിർമ്മിക്കുന്നവയാണെന്നും കഠിനമായ ഇന്ത്യന്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വിജയിച്ചവയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുണ്ടാക്കിയ കൊറോണാ പ്രതിരോധകുത്തിവയ്പ്പിലൂടെ ഇന്ത്യന്‍ പ്രതിരോധ വിദഗ്ധരുടെയും ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞരുടെയും വിശ്വാസ്യത കൂടുതല്‍ ശക്തിപ്പെടാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധമരുന്നുകള്‍ക്ക് വിദേശ പ്രതിരോധമരുന്നുകളെക്കാള്‍ വിലകുറവാണെന്ന് മാത്രമല്ല, അവ സേവിക്കുന്നത് ലളിതവുമാണ്. ചില വിദേശ പ്രതിരോധമരുന്നുകള്‍ക്ക് ഡോസൊന്നിന് 5000 രൂപവരെയാണ് വിലയും അവ മൈനസ് 70 ഡിഗ്രി താപനിലയിലാണ് സൂക്ഷിക്കേണ്ടതുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധകുത്തിവയ്പ് നിരവധിവര്‍ഷങ്ങളായി ഇന്ത്യയില്‍ പരീക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്ത സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ളതാണ്. സൂക്ഷിപ്പ് മുതല്‍ കൊണ്ടുപോകുന്നതുവരെ ഈ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇന്ത്യന്‍ അവസ്ഥകള്‍ക്ക് യോജിച്ചവയും അതുകൊണ്ടുതന്നെ കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ ഉദ്ദേശിക്കുന്ന വിജയം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയ്ക്ക് എതിരായ ഇന്ത്യന്‍ പ്രതിരോധത്തെ ആത്മവിശ്വാസവും സ്വാശ്രയവുമായി ശ്രീ മോദി വിശേഷിപ്പിച്ചു. ഓരോ ഇന്ത്യാക്കാരനും ആ ആത്മവിശ്വാസം ദുര്‍ബലമാകാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു കൊറോണാ ലാബില്‍ നിന്നും ശക്തമായ 2,300 ലാബിലേക്കുള്ള യാത്രയെ; ആശ്രയത്വത്തില്‍ നിന്നും സ്വാശ്രയത്തിലേയക്കും മാസ്‌ക്കുകള്‍, പി.പി.ഇ, വെന്റിലേറ്ററുകള്‍ എന്നിവയുടെ കയറ്റുമതി ശേഷിയിലേക്കും എത്തിയത് അദ്ദേഹം അനുസ്മരിച്ചു. പ്രതിരോധകുത്തിവയ്പ്പിന്റെ ഘട്ടങ്ങളിലും അതേതരത്തിലുള്ള ആത്മവിശ്വാസവും സ്വാശ്രയത്വവും പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
******

 

 

--



(Release ID: 1689046) Visitor Counter : 153