പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ ലക്‌സംബര്‍ഗ് വിർച്വൽ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന
Posted On:
19 NOV 2020 8:24PM by PIB Thiruvananthpuram
1. ഇന്ത്യയുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ലക്‌സംബര്‍ഗ് പ്രധാനമന്ത്രി ആദരണീയനായ സേവ്യര്‍ ബറ്റല്‍ പ്രഭുവും 2020 നവംബര്‍ 19 ന് വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രഥമ ഉച്ചകോടി നടത്തി.
2. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച്ച, മനുഷ്യാവകാശ മര്യാദ തുടങ്ങി പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങളെയും ആദര്‍ശങ്ങളെയും അടിസ്ഥാനമാക്കി ഇന്ത്യയും ലക്‌സംബര്‍ഗും തമ്മിലുള്ള ഉദാത്തമായ ബന്ധങ്ങളെ രണ്ടു പ്രധാന മന്ത്രിമാരും അടിവരയിട്ടു.
3. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ച 1948 മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലം ഇരു രാജ്യങ്ങളും തമ്മില്‍ തമ്മില്‍ നിലനില്ക്കുന്ന ഹൃദ്യവും ഹിതകരവുമായ ബന്ധത്തിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ സാര്‍ത്ഥകമായി വളര്‍ന്നു എന്നും അവര്‍ സമ്മതിച്ചു. എന്നാല്‍ വ്യാപാരം, സമ്പത്തികം, ഉരുക്ക്, ശൂന്യാകാശം, വിവര സാങ്കേതിക വിദ്യ, നൂതന കണ്ടുപിടുത്തങ്ങള്‍, നിര്‍മ്മാണരംഗം, വാഹനം, പുനചംക്രമണ ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറയുകയും ചെയ്തു.
4. ലക്‌സംബര്‍ഗും ഇന്ത്യയും തമ്മിലുള്ള ഉന്നതതല കരാറുകളെ ഇരുവരും സംതൃപ്തിയോടെ അവലോകനം ചെയ്തു. നേരത്തെ കോവിഡ് -19 മൂലം മാറ്റിവച്ച ആദരണീയനായ പ്രഭുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ അവര്‍ ഈ അവസരത്തില്‍ വളരെ താല്പര്യപൂര്‍വം പ്രതീക്ഷ പുലര്‍ത്തി. മഹാവ്യാധിയുടെ പ്രതിരോധത്തില്‍ പുരോഗതി ഉണ്ടായാല്‍ പരസ്പരം സൗകര്യങ്ങളിണങ്ങിയ തിയതിയില്‍ തന്നെ സന്ദര്‍ശനം നടത്താനാണ് ആഗ്രഹിക്കുന്നത്.
5. പരസ്പരം താല്‍പര്യമുള്ള ആഗോള വിഷയങ്ങളില്‍ ഇന്ത്യയ്ക്കും ലക്‌സംബര്‍ഗിനും ഇടയില്‍ വളരുന്ന ആഭിമുഖ്യം ഇരു നേതാക്കളും അംഗീകരിച്ചു.ഇരു രാജ്യങ്ങള്‍ക്കും മധ്യേ ആഴത്തിലുള്ള ധാരണയും സഹകരണവും പരിപാലിക്കാനുള്ള പ്രതിബദ്ധത അവര്‍ പങ്കുവച്ചു. ഈ അവസരത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവും ലക്‌സംബര്‍ഗിന്റെ യൂറോപ്യന്‍ വിദേശ കാര്യ മന്ത്രാലയവും തമ്മിലുള്ള സ്ഥിര ഉഭയകക്ഷി ചര്‍ച്ചകളുടെ സ്ഥാപനവത്ക്കരണത്തെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
6. സാമ്പത്തിക ബന്ധങ്ങള്‍
7. ഇരു രാജ്യങ്ങള്‍ക്കും മധ്യേ വളരുന്ന സാമ്പത്തിക ബന്ധങ്ങളെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്യുകയും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ ഇന്ത്യയിലും ലക്‌സംബര്‍ഗിലും അവരുടെ സാന്നിധ്യം വിശാലമാക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെയും ലക്‌സംബര്‍ഗിലെയും കമ്പനികള്‍ തമ്മിലുള്ള പരസ്പര സഹകരണ വികസനത്തിനും സഹായത്തിനും ഇന്ത്യയിലും ലക്‌സംബര്‍ഗിലും നിക്ഷേപം നടത്തുന്നതിനുള്ള സഹകരണ കരാറുകള്‍ ഒപ്പു വയ്ക്കുന്നതിനെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
8. ഉരുക്കു മേഖലയില്‍ ഇന്ത്യയും ലക്‌സംബര്‍ഗും തമ്മില്‍ ദീര്‍ഘനാളായുള്ള സഹകരണത്തെ ഇരു പ്രധാനമന്ത്രിമാരും ഓര്‍മ്മിച്ചു. സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് ഇനിയും ഈ മേഖലയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സ്റ്റാര്‍ട്ടപ്പുകളോടും ചെറുകിട ഇടത്തരം സംരംഭകരോടും നേതാക്കള്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി, ശുദ്ധ ഊര്‍ജ്ജം, ഗംഗാ ശുചീകരണ ദൗത്‌യ പോലുള്ള സുസ്ഥിര സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ലക്‌സംബര്‍ഗ് കമ്പനികള്‍ ഉത്തമമായ താല്പര്യം പ്രകടിപ്പിക്കുന്നതായും അവര്‍ നിരീക്ഷിച്ചു.
9. ഇന്ത്യയും ബല്‍ജിയം - ലക്‌സംബര്‍ഗ് യൂണിയനും തമ്മിലുള്ള 17-ാമത് സംയുക്ത സാമ്പത്തിക കമ്മിഷന്‍ സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ അവലോകനം ചെയ്യുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
10. വിതരണ ശൃംഖലകള്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കാള്ളാന്‍ കഴിയുന്നതും, വ്യത്യസ്തവും, ഉത്തരവാദിത്വമുള്ളതും, സുസ്ഥിരവുമാക്കുന്നതിന് നിലവില്‍ നടക്കുന്ന പരിശ്രമങ്ങളെ സംബന്ധിച്ച് നേതാക്കള്‍ കാഴ്ച്ചപ്പാടുകള്‍ കൈമാറി.
11. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ആഗോളതലത്തില്‍ സ്ഥാപിതമായിരിക്കുന്ന വ്യത്യസ്തരായ ഒരു വിഭാഗം ഗുണഭോക്താക്കളെ ആശ്രയിച്ചും ഇഴപിരിഞ്ഞും വിതരണ ശൃംഖലകള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി വരുന്ന കാര്യം അവര്‍ നിരീക്ഷിച്ചു. വിതരണ ശൃംഖയില്‍ ഭാവി വെല്ലുവിളികളെ നേരിടുന്നതിന് പരസ്പരാശ്രിതത്വവും മാറ്റങ്ങളെ വന്‍തോതില്‍ ഉള്‍ക്കൊള്ളലും മൂല്യ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും തമ്മിലുള്ള വര്‍ധിത ഏകോപനവും ഉറപ്പാക്കേണ്ടതുണ്ട് എന്ന് ഇരു നേതാക്കളും യോജിപ്പു പ്രടിപ്പിച്ചു.
12. സാമ്പത്തികം
13. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച് എന്നിവ ലക്‌സംബര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ചുമായി ഒപ്പു വച്ചിട്ടുള്ള സഹകരണ കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. സാമ്പത്തിക മേഖലയില്‍ ഉഭയ കക്ഷി സഹകരണം ആഴപ്പെടുത്തുന്നതിന് റെഗുലേറ്ററി അതോറിറ്റികളായ കമ്മിഷന്‍ ഡി സര്‍വയലന്‍സ് ഡു സെക്ടേവുര്‍ ഫിനാന്‍സിറും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും തമ്മിലുള്ള നിര്‍ദ്ദിഷ്ട കരാറിന്റെ കാഴ്ച്ചപ്പാടും അവര്‍ പങ്കുവയ്ക്കുകയുണ്ടായി.
14. ഹരിതാഭവും കൂടുതല്‍ സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ആഗോള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതില്‍ സാമ്പത്തിക വ്യവസായത്തിന്റെ പങ്ക് രണ്ടു നേതാക്കളും അംഗീകരിച്ചു. ഇതിനായി സുസ്ഥിര സമ്പത്തിക വികസനം നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത സംരംഭങ്ങള്‍ കണ്ടെത്തി ശക്തിപ്പെടുത്തണമെന്ന് അവര്‍ സമ്മതിച്ചു.
15. ബഹിരാകാശ- ഡിജിറ്റല്‍ സഹകരണം
16. ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനികള്‍ അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഇന്ത്യയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതില്‍ രണ്ടു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. 2020 നവംബര്‍ 7 ന് ലക്‌സംബര്‍ഗിന്റെ നാലു ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി- 49 ദൗത്യം വിജയിച്ചതില്‍ അവര്‍ സന്തുഷ്ടി അറിയിച്ചു. ശൂന്യാകാശ ബാഹ്യ മേഖലയുടെ പര്യവേഷണത്തിനും ഉപയോഗത്തിനുമായി ഇരു ഗവണ്‍മെന്റുകളും പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സഹകരണ രേഖ എത്രയും വേഗം അന്തിമമാക്കണം എന്ന് ഇരു നേതാക്കളും നിരീക്ഷിച്ചു.
17. കോവിഡ് 19 മഹാമാരി ഡിജിറ്റല്‍വത്ക്കരണത്തെ ത്വരിതപ്പെടുത്തിയതായി രണ്ടു നേതാക്കളും സമ്മതിച്ചു. ഡിജിറ്റല്‍ പ്രവര്‍ത്തനത്തിന് സഹകരണം ആവശ്യമാണ് എന്ന് ഇതു സംബന്ധിച്ച് അവര്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യയും ലക്‌സംബര്‍ഗും ഡിജിറ്റല്‍വത്ക്കരണം പ്രോത്സാഹിപ്പിക്കുന്നത് ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ ലക്‌സംബര്‍ഗ് എന്നീ പ്രോഗ്രാമുകള്‍ വഴിയാണ്. ഈ രണ്ടു സംരംഭങ്ങളും തമ്മിലുള്ള ഏകോപനത്തെ കുറിച്ച് സമഗ്രപഠനം നടത്തുവാന്‍ ഇരുവരും തത്വത്തില്‍ സമ്മതിച്ചു.
18. ഉപരിപഠനവും ഗവേഷണവും
19. ഇന്ത്യയുടെ നാഷണല്‍ ബ്രെയിന്‍ റിസേര്‍ച്ച് സെന്ററും പങ്കാളിത്ത സ്ഥാപനമായ ലക്‌സംബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്, ലക്‌സംബര്‍ഗ് സെന്റര്‍ ഫോര്‍ സിസ്റ്റംസ് ബയോമെഡിസിന്‍ എന്നിവയും തമ്മില്‍ നാഡീ അപചയ രോഗങ്ങളെ കുറിച്ച് ഇപ്പോള്‍ നടന്നു വരുന്ന സഹകരണത്തില്‍ രണ്ടു പ്രധാന മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലുമുള്ള ഉന്നത പഠന ഗവേഷണ സ്ഥാപനങ്ങള്‍ തമ്മില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു.
20. സംസ്‌കാരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും
21. ആഗോള വര്‍ത്തമാനകാല ചുറ്റുപാടില്‍ അക്രമരാഹിത്യത്തിന്റെ ധാര്‍മ്മികതയെ ഇന്ത്യയും ലക്‌സംബര്‍ഗും പങ്കുവയ്ക്കുന്നതായി രണ്ടു നേതാക്കളും നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി മഹാത്മഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികം അനുസ്മരിക്കുന്നതിനായി 2019 -ല്‍ ലക്‌സംബര്‍ഗ് സ്മാരക സ്റ്റ്മ്പ് പുറത്തിറക്കിയതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ലക്‌സംബര്‍ഗ് നഗരത്തിലെ മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മ ഗാന്ധിയുടെ വെങ്കല പ്രതിമയെ അടിസ്ഥാനമാക്കിയാണ് ഈ സ്മാരക സ്റ്റാമ്പ് രൂപകല്പന ചെയ്തത് എന്ന് പ്രധാനമന്ത്രി ബെറ്റല്‍ പ്രഭു ചൂണ്ടിക്കാട്ടി.ഇന്ത്യക്കാരനായ അമര്‍നാഥ് ഷെഗള്‍ (1922 -2007) നിര്‍മ്മിച്ചതാണ് ഈ വെങ്കല പ്രതിമ.
22.ലക്‌സംബര്‍ഗില്‍, സമ്പന്നമായ നാനാത്വത്തെ ഒപ്പം ചേര്‍ത്തുകൊണ്ട് അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്രിയാത്മക സംഭാവനകളെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഗതാഗതബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കുടിയേറ്റ യാത്രാ കരാറിന്റെ എത്രയും പെട്ടെന്നുള്ള തീര്‍പ്പും, നയതന്ത്ര ഔദ്യോഗിക സേവന പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇന്ത്യയ്ക്കും ബെനേലക്‌സിനും മധ്യേ വിസ ഒഴിവാക്കാനുള്ള കരാറും ഉദ്ദേശിക്കുന്നു എന്ന് ഇരുവരും പറഞ്ഞു.
23. കോവിഡ് 19 മഹാമാരി
24. സാമ്പത്തിക പൂര്‍വസ്ഥിതി സംസ്ഥാപനത്തിനും സാമ്പത്തിക വികസന ഉത്തേജനത്തിനും കോവിഡാനന്തര സാമൂഹിക സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും മഹാമാരിയോട് ഫലപ്രദമായി പ്രതികരിക്കുന്ന ആഗോള ഐക്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അടിവരയിട്ടു. ഇന്ത്യാ - യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്ത ചട്ടക്കൂട് ഉള്‍പ്പെടെ അവര്‍ തമ്മിലുള്ള സഹകരണം തുടരുന്നതിനും ലോകാരോഗ്യ സംഘടന പോലെ പ്രസക്തമായ അന്തര്‍ദേശീയ സംഘടനകള്‍ വഴി അന്താരാഷ്ട്ര പ്രതികരണം മെച്ചപ്പെടുത്തുന്നതിനും ഇരുവരും തീരുമാനിച്ചു.
25. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യാ ബന്ധങ്ങള്‍
26. കൂടുതല്‍ സുരക്ഷിതവും കൂടുതല്‍ ശ്യാമളവും കൂടുതല്‍ സുസ്ഥിരവുമായ ഒരു ലോകത്തിനായ ഇന്ത്യാ - യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രാധാന്യം രണ്ടു പ്രധാന മന്ത്രിമാരും അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍ 2020 ജൂലൈ 15 ന് വിജയകരമായി നടത്തപ്പെട്ട ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വിഡിയോ കോണ്‍ഫറണ്‍സിംങ് ഉച്ചകോടിയില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ഇനിയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതല്‍ തീവ്രമാക്കുന്നതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപകാംഗം എന്ന നിലയില്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലുടനീളം ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ബന്ധം ശക്തമാക്കുന്നതിന് ലക്‌സംബര്‍ഗ് സ്വീകരിച്ച ക്രിയാത്മക നടപടികളെ പ്രധാന മന്ത്രി മോദി എടുത്തു പറഞ്ഞു. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധങ്ങള്‍ ഇനിയും കൂടുതല്‍ ഊഷ്മളവും ഗാഢവുമാക്കുന്നതിന് മുന്‍ഗണന നല്കുന്നതാണ് എന്ന് പ്രധാന മന്ത്രി ബെറ്റല്‍ പ്രഭു അടിവരയിട്ടു കൂട്ടിച്ചേര്‍ത്തു.
27.. കോവിഡാനന്തര സാമ്പത്തിക വീണ്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക ബന്ധങ്ങളുടെ വികസനവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്ന് ഇരു നേതാക്കളും അംഗീകരിച്ചു.
28. ബഹുമുഖ സഹകരണം
29. ഐക്യരാഷ്ട്ര സഭയുടെയും ലോക വ്യാപാര സംഘടനയുടെയും കാതലില്‍ നിയമാധിഷ്ടിതവും കാര്യക്ഷമവും നവീകൃതവുമായ ബഹുമുഖത്വം പ്രോത്സാഹിപ്പിക്കാനുള്ള ഉറച്ചതീരുമാനം ഇരു നേതാക്കളും പ്രകടിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കാനും, പരിസ്ഥിതി സംരക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും പരസ്പരം സഹകരിക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു.
30. പാരീസ് ഉടമ്പടിയും ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട ദേശീയ സഹകരണവും ഉള്‍പ്പെടെ നടപ്പാക്കാന്‍ നേതാക്കള്‍ അവരുടെ പ്രതിബദ്ധത നേതാക്കള്‍ അറിയിച്ചു. സുസ്ഥിര സമ്പത്തിന്റെ അന്താരാഷ്ട്ര വേദിയില്‍ പരിസ്ഥിതി സുസ്ഥിര നിക്ഷേപങ്ങള്‍ക്കായി സ്വകാര്യ മൂലധനം സമാഹരിച്ചുകൊണ്ട് സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവുമായുള്ള സഹകരണം ബലപ്പെടുത്തുന്നതിനുള്ള ഉദ്ദേശം ഇരു നേതാക്കളും പങ്കുവച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ ചേരാനുള്ള താല്പര്യം പ്രധാനമന്ത്രി ബെറ്റല്‍ പ്രഭു പ്രഖ്യാപിച്ചു
31. അതിനുമുപരി പുതിയതും നിലവിലുള്ളതുമായ ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് സെന്‍ദായി ഫ്രെയിം വര്‍ക്ക് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ നടപ്പാക്കുന്നതില്‍ സഹകരിക്കാനുള്ള സന്നദ്ധത ഇരു നേതാക്കളും അറിയിച്ചു.
32. 2021-2022 ലെയ്ക്ക് യുഎന്‍ രക്ഷാ സമിതിയിലെ താത്കാലികാംഗമായി ഇന്ത്യയെ തെരഞ്ഞെടുക്കുന്നതിനെ പ്രധാനമന്ത്രി ബിറ്റല്‍ പ്രഭു സ്വാഗതം ചെയ്തു. ഒപ്പം യുഎന്നിലെ സ്ഥിര താത്കാലിക അംഗത്വ വികസനം ഉള്‍പ്പെടയുള്ള പരിഷ്‌കാരങ്ങളെ ലക്‌സംബര്‍ഗ് പിന്തുണയ്ക്കുന്നതായും അദ്ദേഹം ആവര്‍ത്തിച്ചു. ഈ പശ്താത്തലത്തില്‍ യുഎന്‍ സുരക്ഷാ സമിതിയിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരാംഗത്വ സ്ഥാനാര്‍ത്ഥിത്വത്തെ ലക്‌സംബര്‍ഗ് പിന്തുണയ്ക്കുന്നതായും പ്രധാനമന്ത്രി ബെറ്റല്‍ പ്രഭു ആവര്‍ത്തിച്ചു വ്യക്തമാക്കി. വിവിധ അന്താരാഷ്ട്ര ബഹുരാഷ്ട്ര സമിതികളിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച ലക്‌സംബര്‍ഗിനെ പ്രധാനമന്ത്രി മോദി തന്റെ അഗാധമായ നന്ദി അറിയിച്ചു. യുഎന്നിലേയ്ക്കും ഐക്യരാഷ്ട്രസഭയുടെ 2022 - 2024 കാലയളവിലെ മനുഷ്യാവകാശ സമിതിയിലേയ്ക്കും ഉള്ള ലക്‌സംബര്‍ഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച ഇന്ത്യയോട് തനിക്കുള്ള അഗാധമായ കൃതജ്ഞത പ്രധാനമന്ത്രി ബെറ്റലും രേഖപ്പെടുത്തി.
33. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം ഉള്‍പ്പെടെ ഇന്നും തുടരുന്ന അന്തര്‍ദേശീയ ഭീകരവാദത്തില്‍ ഇരു നേതാക്കളും ശക്തമായ ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ഭീകരവാദത്തെയും അതിന്റെ ഏല്ലാ ആവിഷ്‌കാരങ്ങളെയും രീതികളെയും രണ്ടു നേതാക്കളും അപലപിക്കുകയും ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനും അതിനെതിരെ പോരാടാനും ഫിനാന്‍ഷ്യല്‍ ആക്ക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പോലുള്ള സമിതികളുടെയും ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര തലത്തിലുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഇന്തൃയും ലക്‌സംബര്‍ഗും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇരു നേതാക്കളും യോജിപ്പിലെത്തി.
34. ഉപസംഹാരം
35. ഇന്ത്യയും ലക്‌സംബര്‍ഗും തമ്മിലുള്ള പ്രഥമ ഉച്ചകോടി ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുന്നതായി രമ്ടു പ്രധാനമന്ത്രിമാരും സമ്മതിച്ചു. ഉഭയ കക്ഷി ബന്ധങ്ങളുടെ വര്‍ണരാജി വിസ്തൃതമാക്കാനും ആഴപ്പെടുത്താനും ഉഭയരാജ്യ വിഷയങ്ങളിലും ബഹുരാഷ്ട്ര വിഷയങ്ങളിലും, ആഗോള വിഷയങ്ങളിലും പ്രാദേശിക വിഷയങ്ങളിലും ചര്‍ച്ചയും ഏകോപനവും വര്‍ധിപ്പിക്കുന്നതിനു തങ്ങള്‍ പ്രതിജ്ഞബദ്ധമാണ് എന്ന് ഇരുവരും ആവര്‍ത്തിച്ചു. ലക്‌സംബര്‍ഗ് പ്രധാനമന്ത്രി ബെറ്റല്‍ പ്രഭു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌സംബര്‍ഗ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
***
(Release ID: 1674630)
Visitor Counter : 229
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada