പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡല്‍ഹി ഐ.ഐ.ടി.യുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 07 NOV 2020 2:42PM by PIB Thiruvananthpuram

നമസ്‌തെ,

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്ജി, ശ്രീ സഞ്ജയ് ധോത്രെ ജി, ഗവര്‍ണര്‍മാരുടെ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ആര്‍ ചിദംബരം ജി, ഡല്‍ഹി ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. റാംഗോപാല്‍ റാവു ജി, ബോര്‍ഡിലെയും സെനറ്റിലെയും, ഫാക്കല്‍റ്റിയിലെയും അംഗങ്ങളെ,  മാതാപിതാക്കളെ, യുവസുഹൃത്തുക്കളെ, മഹതീ മഹാന്മാരെ!!
 

സാങ്കേതിക ലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ് ഇന്ന്. ഇന്നാണ്, ഡല്‍ഹി ഐഐടിയിലൂടെ രാജ്യത്തിന് 2000 ത്തില്‍ അധികം സാങ്കേതിക വിദഗ്ധരെ ലഭിക്കുന്നത്. ഈ ധന്യ വേളയില്‍ ബിരുദങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകിച്ച് അവരുടെ മാതാപിതാക്കള്‍ക്കും, അവരുടെ വഴികാട്ടികള്‍ക്കും, അധ്യാപകര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

ഇത് ഡല്‍ഹി ഐഐടിയുടെ 51-ാമത് ബിരുദ ദാന ചടങ്ങാണ്. ഈ മഹദ് സ്ഥാപനം ഇന്ന് വജ്രബിലിയുടെ തിളക്കത്തിലാണ്. അടുത്ത ദശകത്തിലേയ്ക്കുള്ള ദര്‍ശന രേഖയും അതു തയാറാക്കിയിട്ടുണ്ട്. വജ്രജൂബിലി വര്‍ഷത്തിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നതിനൊപ്പം അടുത്ത ദശകത്തിലേയ്ക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റിന്റെ എല്ലാ സഹായങ്ങളും ഞാന്‍ ഉറപ്പു നല്കുകയും ചെയ്യുന്നു.
 

ഇന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സിവി രാമന്റെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ഈ ബിരുദദാന ചടങ്ങും നടക്കുന്നു എന്നത് വളരെ മംഗളകരമാണ്.വളരെ ആദരവോടെ ഞാന്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉത്കൃഷ്ട സേവനങ്ങള്‍ നമ്മെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, പ്രത്യേകിച്ച് എന്റെ  സുഹൃത്തുക്കളായ യുവ ശാസ്ത്രജ്ഞരായ

സുഹൃത്തുക്കളെ,
 

കൊറോണയുടെ പ്രതിസന്ധി ലോകമെമ്പാടും വലിയ മാറ്റം കൊണ്ടു വന്നിരിക്കുന്നു. കോവിഡാനന്തര ലോകം പ്രശ്‌ന സങ്കീര്‍ണമായിരിക്കും എന്നതിനാല്‍  സാങ്കേതിക വിദ്യയ്ക്ക് ഇനി സുപ്രധാന സേവനങ്ങള്‍ ചെയ്യുവാന്‍ ഉണ്ടാവും. സമ്മേളനങ്ങളുടെയും, പരീക്ഷകളുടെയും, വാചാ പരീക്ഷയുടെയും അല്ലെങ്കില്‍ ബിരുദ ദാനത്തിന്റെയും പ്രകൃതങ്ങള്‍ ഇത്തരത്തില്‍ മാറുമെന്ന് കഴിഞ്ഞ വര്‍ഷം വരെ  ആരും വിചാരിച്ചിരുന്നില്ല.  ഭാവനാ യാഥാര്‍ത്ഥ്യവും അനുബന്ധ യാഥാര്‍ത്ഥ്യവും കര്‍മ്മ യാഥാര്‍ത്ഥ്യത്തിന് പകരമായി വന്നിരിക്കുന്നു.

സുഹൃത്തുക്കളെ,

രാജ്യത്തെ യുവാക്കള്‍ക്കും, സാങ്കേതിക വിദഗ്ധരായ ഭരണാധികാരികള്‍ക്കും സാങ്കേതിക സംരംഭക നേതൃത്വത്തിനും ധാരാളം നൂതന അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വാശ്രയ ഇന്ത്യാ പ്രചാരണം സുപ്രധാന ദൗത്യമായിരിക്കും. സ്വതന്ത്രമായി അവരുടെ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും നൂതന കണ്ടുപിടിത്തങ്ങള്‍ വിപണനം ചെയ്യുന്നതിനും വളരെ അനുകൂലമായ സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ക്ക് വളരെ സുഗമമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നൽകാന്‍ ഇന്ത്യ ഇന്ന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടു തന്നെ സ്വന്തം കണ്ടുപിടുത്തങ്ങളിലൂടെ രാജ്യത്തെ കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഈ യുവാക്കള്‍ക്കു കഴിയും. സുഗമമായ വ്യവസായത്തിനും അതിനുള്ള ക്രമീകരണങ്ങള്‍ക്കും രാജ്യം സൗകര്യം നല്കും. നിങ്ങള്‍ ഒന്നുമാത്രം ചെയ്താല്‍ മതി, അതായത്, നിങ്ങളുടെ വൈദഗ്ധ്യവും കഴിവും അനുഭവങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച്  നമ്മുടെ രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായ പൗരന്മാരുടെ ജീവിതം സുഗമമാക്കുക.
 

ഏതാണ്ട് മിക്ക മേഖലകളിലും ഇപ്പോള്‍ നടക്കുന്ന എല്ലാ സുപ്രധാന നവോദ്ധാനങ്ങളുടെയും പിന്നിലുള്ള സമീപനം ഇതു തന്നെയാണ്.  കാര്‍ഷിക മേഖലയില്‍  ഇതാദ്യമായി പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും അനന്ത സാധ്യതകള്‍ ഉണ്ടായിരിക്കുന്നു. ആദ്യമായി ബഹിരാകാശ മേഖലയില്‍  സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നിരിക്കുന്നു. രണ്ടു ദിവസം മുമ്പ്, ബിപിഒ മേഖലയിലും വ്യവസായം സുഗമമായി നടത്തുന്നതിനുള്ള സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഇതര സേവന ദാതാക്കള്‍ക്കുള്ള (ഒഎസ്പി) മാര്‍ഗ്ഗരേഖയിലെ  എതാണ്ട് എല്ലാ നിയന്ത്രണങ്ങളും ഗവണ്‍മെന്റ് നീക്കം ചെയ്യുകയോ ലളിതമാക്കുകയോ ചെയ്തിരിക്കുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഗവണ്‍മെന്റ് സാന്നിധ്യവും ഇനി ഇല്ല. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തിരിക്കുകയാണ്. ഇത് ബിപിഒ വ്യവസായങ്ങളുടെ മേലുള്ള  വ്യത്യസ്ത നിയമ ബാധ്യതകളുടെയും ആജ്ഞാനു വര്‍ത്തിത്വത്തിന്റെയും ഭാരം വന്‍ തോതില്‍ ലഘൂകരിക്കുന്നു.

 

സുഹൃത്തുക്കളെ,

നിങ്ങളുടെയും ഭാവിയുടെയും ആവശ്യങ്ങള്‍ മനസിലാക്കി പഴയ നിയമങ്ങള്‍ മാറ്റി പുതിയ തീരുമാനങ്ങള്‍ നാം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അടുത്ത നൂറ്റാണ്ടിന്റെ ഭാവി നിര്‍ണയിക്കാന്‍ സാധിക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. പുതിയ നൂറ്റാണ്ടിന് പുതിയ തീരുമാനങ്ങള്‍. പുതിയ നൂറ്റാണ്ടിന് പുതിയ രീതികള്‍. പുതിയ നൂറ്റാണ്ടിന് പുതിയ നിയമങ്ങള്‍. ഇന്ന് കമ്പനി നികുതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്രചാരണ പരിപാടി ആരംഭിച്ചതിനു ശേഷം രാജ്യത്ത് 50000 ത്തിലധികം സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.  ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് രാജ്യത്ത് ബൗദ്ധിക സ്വത്തവകാശത്തിന്റെ സംംഖ്യ നാലിരട്ടി വര്‍ധിച്ചിട്ടുള്ളത്. വ്യാപാര നാമ രജിസ്‌ട്രേഷനുകളുടെ വര്‍ധന അഞ്ചിരട്ടിയായി. സാമ്പത്തിക, പ്രതിരോധ, കൃഷി, ചികിത്സാ മേഖലകളിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ അതിവേഗത്തില്‍ വളരുന്നു. 100 കോടിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരിക്കുന്ന 20 വന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെതായി മാത്രം രൂപീകൃതമായിട്ടുണ്ട്.
 

സുഹൃത്തുക്കളെ,

സംരക്ഷണം മുതല്‍ സാമ്പത്തിക സഹായം വരെയുള്ള വിവിധ സൗകര്യങ്ങള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ന് ലഭ്യമാക്കുന്നുണ്ട്.  സാമ്പത്തിക സഹായം നല്കുന്നതിനായി 10,000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേയ്ക്ക് നികുതി ഇളവ്, സ്വയം സാക്ഷ്യപ്പെടുത്തല്‍, സുഗമമായി സംരംഭം നിറുത്തലാക്കല്‍ തുടങ്ങി വിവധ സൗകര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കി വരുന്നു. ദേശീയ അടിസ്ഥാനസൗകര്യ നടപടിയുടെ കീഴില്‍ ഒരു ലക്ഷം കോടിയില്‍ കൂടുതല്‍ രൂപ നിക്ഷേപിക്കാന്‍ നാം തയാറാണ്. ഇത് രാജ്യത്ത് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകരമാകും. ഇതു വര്‍ത്തമാന ഭാവി കാലങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും.

 

സുഹൃത്തുക്കളെ,

ഇന്ന്, രാജ്യം ഓരോ പ്രവിശ്യയുടെയും പരമാവധി സാധ്യതകള്‍ നേടുന്നതിനുള്ള പുതിയ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. നിങ്ങള്‍ ഇവിടം വിട്ട് പുതിയ സ്ഥലത്ത് ജോലി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ ഒരു പുതിയ മന്ത്രവും ആരംഭിക്കണം. ആ മന്ത്രം ഇതാണ്- ഗുണമേന്മയില്‍ കേന്ദ്രീകരിക്കുക. അതില്‍ വിട്ടുവീഴ്ച്ച പാടില്ല. അളവുകള്‍ ഉറപ്പാക്കുക, വന്‍ തോതില്‍ പ്രവര്‍ത്തിക്കുന്ന കണ്ടുപിടുത്തങ്ങളാകട്ടെ നിങ്ങളുടെത്. വിശ്വസ്യത ഉറപ്പാക്കുക, വിപണിയില്‍ ദീര്‍ഘകാല വിശ്വാസ്യത നേടുക, ഇണങ്ങിച്ചേരുക. മാറ്റങ്ങളോടു തുറന്ന സമീപനം പുലര്‍ത്തുന്നതും അപ്രതീക്ഷിതമായവ പ്രതീക്ഷിക്കുന്നതും ജീവിത രീതിയാക്കുക.

 

സുഹൃത്തുക്കളെ,

ദരിദ്രരില്‍ ദരിദ്രരായവരുടെ പക്കല്‍ നമ്മുടെ  ഭരണത്തെ എത്തിക്കുന്നതിന്  എങ്ങിനെ സാങ്കേതിക വിദ്യയെ

ശക്തമായ മാര്‍ഗ്ഗമാക്കാം എന്നതാണ് വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും അത് വീടാകട്ടെ, വൈദ്യുതിയാകട്ടെ, ശുചിമുറികളാകട്ടെ, പാചക വാതകമാകട്ടെ, കുടിവെള്ളമാകട്ടെ എല്ലാം കമ്പ്യൂട്ടര്‍,  ഉപഗ്രഹ  സാങ്കേതിക വിദ്യയിലൂടെയാണ് ലഭ്യമാക്കുന്നത്. ഇന്ന് ജനന സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കമ്പ്യൂട്ടര്‍ വഴിയാണ് നല്കുന്നത്. ആധാര്‍, ജന്‍ധന്‍, മൊബൈല്‍ എന്നീ ത്രിത്വങ്ങളെ  അധിഷ്ടിതമാക്കി ഡിജിറ്റല്‍ ലോക്കറുകള്‍, ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ലഭ്യമാക്കിക്കൊണ്ട് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതില്‍ രാജ്യം വന്‍ കുതിപ്പാണ് നടത്തി വരുന്നത്. പദ്ധതികളുടെ അവസാന നാഴിക വരെയുള്ള വിതരണം ഫലപ്രദവും,  അഴിമതി സാധ്യത ശുഷ്‌കവുമാക്കക്കുന്നത് സാങ്കേതിക വിദ്യയാണ്. ഡിജിറ്റല്‍ കൈമാറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഏകീകൃത പണവിതരണ സംവിധാനം പോലുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്  നിരവധി വികസിത രാജ്യങ്ങള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു.

 

സുഹൃത്തുക്കളെ,

സാങ്കേതിക വിദ്യ മുഖ്യ പങ്ക് വഹിക്കുന്ന ഒരു പുതിയ പദ്ധതി ഗവണ്‍മെന്റ് അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഇതാണ് സ്വമിത്വ യോജന. ഇതു പ്രകാരം ആദ്യം ഗ്രാമങ്ങളിലെ പാര്‍പ്പിട ഭൂ സ്വത്തുക്കള്‍ അടയാളപ്പെടുത്തും. ആദ്യം ഈ ജോലി ഉദ്യോഗസ്ഥരാണ് ചെയ്തിരുന്നത്. അതുകൊണ്ട് സംശയങ്ങളും ആശങ്കകളും സ്വാഭാവികമായിരുന്നു. ഇനി ഇത് ഡ്രോണുകളെ ഉപയോഗിച്ചാണ് നടത്തുക. ഗ്രാമീണരും സംതൃപ്തരാണ്. അതിനാല്‍ അവരുടെ കൂടി സഹായത്തോടെയാണ് ഇത് നടത്തുന്നത്.  ഇന്ത്യയിലെ സാധാരണക്കാര്‍  സാങ്കേതിക വിദ്യയെ എത്രമാത്രം വിശ്വസിക്കുന്നു എന്നതിനു തെളിവാണ് ഇത്.

 

സുഹൃത്തുക്കളെ,

സാങ്കേതിക വിദ്യകളുടെ ആവശ്യവും ഇന്ത്യക്കാര്‍ക്ക് അതിലുള്ള വിശ്വാസവും നിങ്ങളുടെ ഭാവിയെ ശോഭനമാക്കും. രാജ്യത്ത് നിങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങള്‍ ഉണ്ട്. നിരവധി വെല്ലുവിളികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്കു മാത്രമെ സാധിക്കകയുള്ളു. ധാരാളം ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന നിരവധി മേഖലകള്‍ ഉണ്ട്. ചുഴലി കൊടുങ്കാറ്റും പ്രളയവും തകര്‍ത്ത മേഖലകളില്‍ സാങ്കേതിക വിദ്യയിലൂടെ മാത്രമെ  ദുരന്ത നിവാരണം സാധ്യമാകൂ. ഉദാഹരണം ഭൂഗര്‍ഭ ജല നിരപ്പ് ഫലപ്രദമായി  നിലനിര്‍ത്തല്‍, സൗരോര്‍ജ്ജം ഉത്പാദനം, ബാറ്ററി സാങ്കേതിക വിദ്യ, വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യ, വിദൂര നിയന്ത്രിത ശസ്ത്രക്രിയ, വലിയ വിവിര അപഗ്രഥനം തുടങ്ങിയവ.
 

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ ഈ ആവശ്യങ്ങള്‍ എല്ലാം മനസിലാക്കണം എന്ന് എനിക്ക് നിങ്ങളോട് പ്രത്യേക അഭ്യര്‍ത്ഥന ഉണ്ട്. അടിസ്ഥാന തലത്തില്‍ നടക്കുന്ന മാറ്റങ്ങളുമായി  സ്വാശ്രയ ഇന്ത്യക്കായുള്ള സാധാരണക്കാരുടെ ആഗ്രഹങ്ങളുമായി നിങ്ങള്‍ ബന്ധപ്പെടണം എന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഇതിന് വളരെ സഹായകരമായിരിക്കും.

 

സുഹൃത്തുക്കളെ

അസാധാരണ കഴിവുകള്‍ ഉള്ള വിദ്യാര്‍ത്ഥികളാണ് നിങ്ങള്‍ എല്ലാവരും. വെറും 17 -ാം വയസില്‍ നിങ്ങള്‍ എല്ലാവരും അതി കഠിനമായ ജോയിന്റ് എന്‍ട്രന്‍സ്  പരീക്ഷ പാസാസയവരാണ് നിങ്ങള്‍. പിന്നീട് നിങ്ങള്‍ ഐഐടിയില്‍ എത്തി.  എന്നാല്‍ നിങ്ങളുടെ കഴിവുകളെ ഇനിയും ഉയര്‍ത്തുന്ന രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്.  ഒന്ന് എളിമയും മറ്റൊന്ന് വിധേയത്വവുമാണ്. വിധേയത്വം എന്നാല്‍ എവിടെയും അനുയോജ്യമാവുക എന്നതാണ്. ജീവിതത്തില്‍ ഒരിടത്തും നിങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിത്വം നഷ്ടമാവില്ല. ആരുടെയും ഒന്നിന്റെയും ഈടില്ലാത്ത പതിപ്പായിരിക്കരുത് നിങ്ങള്‍. മറിച്ച് മൂല പതിപ്പ് ആകുക. നിങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങളില്‍ പ്രാഗത്ഭ്യമുള്ളവനായിരിക്കുക. അതോടൊപ്പം നിങ്ങളുടെ സംഘത്തില്‍ അനുയോജ്യനാകുവാന്‍ ഒരിക്കലും മടിക്കുകയുമരുത്. വ്യക്തിപരമായ പരിശ്രമങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. മുന്നിലുള്ള വഴികളത്രയും സംഘടിതമായ പ്രവര്‍ത്തനങ്ങളുടെതാണ്. സംഘടിത പ്രവര്‍ത്തിലാണ് പൂര്‍ണത.  രണ്ടാമത്തെത് എളിമയാണ്. നിങ്ങളുടെ വിജയത്തില്‍ നേട്ടങ്ങളില്‍ എല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങളുടെ നേട്ടം അപൂര്‍ം ചിലര്‍ക്കു മാത്രമെ സാധിച്ചിട്ടുള്ളു. ഈ ചിന്ത നിങ്ങളെ ഭൂമിയോളം താഴ്മയുള്ളവനാക്കണം.
 

സുഹൃത്തുക്കളെ,

എപ്പോഴും സ്വയം വെല്ലുവിളിക്കുകയും, ദിവസവും പഠനം തുടരുകയും ചെയ്യുക വളരെ പ്രധാനമാണ്. ജീവിതത്തിലുടനീളം നിങ്ങളെ സ്വയം  വിദ്യാര്‍ത്ഥിയായി കാണുക അതിലും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് ഒരിക്കലും കരുതരുത്.

ജ്ഞാനവും സത്യവും ബ്രഹ്മാവിനെ പോലെ അനന്തമാണ് എന്നത്രെ നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ വികസിപ്പിച്ചിട്ടുള്ള പുതിയ കണ്ടെത്തലുകള്‍ സത്യത്തിന്റെയും ജ്ഞാനത്തിന്റെയും അനുബന്ധമാണ്.  അതിനാല്‍ നമ്മുടെ രാജ്യത്തിനു വേണ്ടി,   രാജ്യത്തെ പൗരന്മാര്‍ക്കു വേണ്ടി,  ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി, സ്വാശ്രയ ഇന്ത്യയ്ക്കു വേണ്ടി, നിങ്ങളുടെ കണ്ടെത്തലുകള്‍ക്ക്  അനന്ത സാധ്യതകള്‍ ഉണ്ട്.

നിങ്ങളുടെ അറിവും വൈദഗ്ധയവും സാധ്യതകളും നമ്മുടെ രാജ്യത്തിനു സഹായകരമാകും എന്ന വിശ്വ്‌സത്തോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ ശുഭാശംസകള്‍ നേരുന്നു, നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ പുതിയ ജീവിത യാത്ര  മാതാപിതാക്കളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കൊത്ത വിധം ആയിരിക്കട്ടെ. ഗുരുക്കന്‍മാര്‍ പകര്‍ന്നു നല്കിയ അറിവ് നിങ്ങളുടെ ജീവിത വിജയത്തിന്റെ ഓരോ ഘട്ടത്തിലും സഹായകമാകട്ടെ.  ഇന്ത്യ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം രാജ്യം അതിന്റെ ജനസംഖ്യയില്‍ അഭിമാനിക്കുന്നു. നമ്മുടെ ജനസംഖ്യ മുഴുവന്‍ ഐഐടി ക്കാരെ കൊണ്ടു നിറഞ്ഞാല്‍ അത് ലോകത്തിനു തന്നെ വലിയ മൂല്യ വര്‍ധന ആയിരിക്കും. കരുത്തോടെ പുതിയ ജീവിതയാത്ര ആരംഭിക്കുന്ന നിങ്ങള്‍ക്കും, അതിന് നിങ്ങളെ പ്രാപ്തരാക്കിയ നിങ്ങളുടെ മാതാപിതാക്കള്‍ക്ക്, നിങ്ങളുടെ അധ്യാപകര്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വാക്കുകള്‍ ചുരുക്കുന്നു.

ആയിരം ആയിരം ആശംസകള്‍.

 

***(Release ID: 1671207) Visitor Counter : 4