പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 സാഹചര്യം സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
16 JUN 2020 4:33PM by PIB Thiruvananthpuram
നമസ്‌കാരം സുഹൃത്തുക്കളേ,
അണ്‍ലോക്ക്-വണ്‍ ആരംഭിച്ച് രണ്ടാമത്തെ ആഴ്ചയാണിത്. ഇതിനിടയില്‍ മുന്നില്‍ വന്ന അനുഭവങ്ങള്‍ അവലോകനം ചെയ്യേണ്ടത് ആവശ്യമാണ്. ഇന്നത്തെ ഈ ചര്‍ച്ചയില്‍, നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള അവസരം എനിക്കു ലഭിക്കും. ഇന്നത്തെ ചര്‍ച്ചയില്‍ നിന്നും നിങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നും പുറത്തുവരുന്ന സുപ്രധാന വിഷയങ്ങള്‍, മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ രാജ്യത്തെ സഹായിക്കും.
സുഹൃത്തുക്കളേ,
ഏത് പ്രതിസന്ധിയെയും നേരിടാന്‍ ശരിയായ സമയത്തുള്ള പ്രവര്‍ത്തനം വളരെ പ്രധാനമാണ്. ശരിയായ സമയത്ത് എടുത്ത തീരുമാനങ്ങള്‍ രാജ്യത്ത് കൊറോണ അണുബാധ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
ഭാവിയില്‍, കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം പഠിക്കുമ്പോഴെല്ലാം, സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം പ്രകടമാക്കി ഈ സമയത്ത് നാം എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതും ഓര്‍മ്മിക്കപ്പെടും.
സുഹൃത്തുക്കളേ,
കൊറോണ ലോകത്തിന്റെ പല രാജ്യങ്ങളിലും ഒരു ചര്‍ച്ചാവിഷയമല്ലാതിരുന്നപ്പോള്‍ പോലും, ഇന്ത്യ അത് കൈകാര്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ രക്ഷിക്കാന്‍ നാം രാവും പകലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശത്തു നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആഴ്ചകളില്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളില്‍ തിരിച്ചെത്തി. റെയില്‍, റോഡ്, ആകാശം, കടല്‍ എല്ലാ റൂട്ടുകളും തുറന്നു. ഇതൊക്കെയാണെങ്കിലും, നമ്മുടെ ജനസംഖ്യ വളരെയധികം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ കൊറോണ അണുബാധ മറ്റ് രാജ്യങ്ങളില്‍ കാണിച്ച അതേ വിനാശകരമായ ഫലം ഇവിടെ കാണിച്ചിട്ടില്ല. ലോകത്തെ വന്‍കിട വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍ ഇന്ന് ഇന്ത്യയിലെ ലോക്ക്ഡൗണും ജനങ്ങള്‍ കാണിക്കുന്ന അച്ചടക്കവും ചര്‍ച്ച ചെയ്യുന്നു.
ഇന്ന് ഇന്ത്യയിലെ രോഗമുക്തി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. കൊറോണ ബാധിച്ച രോഗികളുടെ ജീവന്‍ രക്ഷപ്പെടുന്ന ലോക രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യയാണ് മുന്നില്‍. കൊറോണ മൂലമുള്ള ആരുടെയും മരണം ദാരുണമാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ഇന്ത്യക്കാരന്റെ മരണം പോലും അസുഖകരമാണ്. അതേസമയം, കൊറോണ മൂലം ഏറ്റവും കുറഞ്ഞ മരണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യയാണെന്നതും ശരിയാണ്.
കൊറോണയുടെ ഈ പ്രതിസന്ധിയില്‍ നഷ്ടം പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്നും സമ്പദ് വ്യവസ്ഥയെ വേഗത്തില്‍ കൈകാര്യം ചെയ്യാമെന്നും ആത്മവിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് നമ്മള്‍ നിയമങ്ങള്‍ പിന്‍പറ്റുകയാണെങ്കില്‍, കൊറോണ പ്രതിസന്ധി ഇന്ത്യയ്ക്ക് കുറഞ്ഞ ദോഷമേ വരുത്തുകയള്ളു എന്ന് അണ്‍ലോക്ക്-വണ്ണിന്റെ അവസാന രണ്ടാഴ്ച ഒരു വലിയ പാഠം നല്‍കി.
അതിനാല്‍, മാസ്‌ക് അല്ലെങ്കില്‍ മുഖാവരണത്തിനു വളരെയധികം പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്. മുഖാവരണം ഇല്ലാതെ വീടിന്റെ പുറത്തു പോകുന്നതു സങ്കല്‍പ്പിക്കുന്നതുപോലും ശരിയല്ല. മാസ്‌ക് ഇല്ലാതെ പുറത്തു പോകുന്നത് അവര്‍ക്കും ചുറ്റുമുള്ള ആളുകള്‍ക്കും അപകടകരമാണ്.
അതിനാല്‍, രണ്ട് അടി ദൂരത്തിലായിരിക്കുക, ഒരു ദിവസം 20 സെക്കന്‍ഡ് വീതം പല നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നതെല്ലാം വളരെ ഗൗരവമായി ചെയ്യണം. സ്വയം സുരക്ഷയ്ക്കായി, കുടുംബത്തിന്റെ സുരക്ഷയ്ക്കായി, പ്രത്യേകിച്ച് കുട്ടികളുടെയും വീട്ടിലെ പ്രായമായവരുടെയും സുരക്ഷയ്ക്ക് ഇത് വളരെ പ്രധാനമാണ്.
ഇപ്പോള്‍ മിക്കവാറും എല്ലാ ഓഫീസുകളും തുറന്നിട്ടുണ്ട്, സ്വകാര്യമേഖലയില്‍ പോലും ആളുകള്‍ ഓഫീസിലേക്ക് പോകാന്‍ തുടങ്ങി, മാര്‍ക്കറ്റുകളില്‍, തെരുവുകളില്‍ തിരക്ക് അനുഭവപ്പെടുന്നു. ഈ നടപടികളെല്ലാം കൊറോണ അതിവേഗം പടരാന്‍ ഇടയാക്കും ചെറിയ അശ്രദ്ധ, അലസത, അച്ചടക്കമില്ലായ്മ എന്നിവ കൊറോണയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും.
കൊറോണയെ കൂടുതല്‍ തടയാന്‍ കഴിഞ്ഞാല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വികസിക്കും എന്നത് എപ്പോഴും മനസ്സിലുണ്ടായിരിക്കണം. സമ്പദ് വ്യവസ്ഥ കൂടുതല്‍ തുറക്കുകയും ഓഫീസുകള്‍ തുറക്കുകയും മാര്‍ക്കറ്റുകള്‍ തുറക്കുകയും ഗതാഗതം തുറക്കുകയും ചെയ്യുന്നതു പോലെതന്നെ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നും നാം എല്ലായ്പ്പോഴും ഓര്‍മ്മിക്കേണ്ടതാണ്.
സുഹൃത്തുക്കളേ,
വരും ദിവസങ്ങളില്‍, വിവിധ സംസ്ഥാനങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനം വികസിച്ച രീതിയില്‍ നിന്ന് നേടിയ അനുഭവം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പുതു നാമ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നേരത്തെ കുറഞ്ഞുകൊണ്ടിരുന്ന ഊര്‍ജ്ജ ഉപഭോഗം ഇപ്പോള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ രാസവള വില്‍പ്പന ഇരട്ടിയായി.
ഖാരിഫ് വിളകളുടെ വിതയ്ക്കലില്‍ മുന്‍വര്‍ഷത്തേക്കാള്‍ 12-13 ശതമാനം വര്‍ധനവുണ്ടായി. ലോക്ക്ഡൗണിന് മുമ്പത്തേക്കാള്‍ ഇരുചക്രവാഹനത്തിന്റെ ആവശ്യകതയും ഉല്‍പാദനവും 70 ശതമാനത്തോളം വര്‍ദ്ധിച്ചു. ചില്ലറ വില്‍പനയിലെ ഡിജിറ്റല്‍ പേയ്‌മെന്റും ലോക്ഡൗണിനു മുമ്പത്തെ സ്ഥാനത്തെത്തി.
ഇത് മാത്രമല്ല, മെയ് മാസത്തില്‍ ടോള്‍ ശേഖരണത്തിലെ വര്‍ധന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ് കാണിക്കുന്നു. തുടര്‍ച്ചയായ 3 മാസത്തേക്ക് കയറ്റുമതി കുറഞ്ഞതിനുശേഷം, ജൂണില്‍, കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ, കോവിഡിനു മുമ്പുള്ള കാലയളവിലെത്തി. ഇവയെല്ലാം മുന്നോട്ട് പോകാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അടയാളങ്ങളാണ്.
സുഹൃത്തുക്കളേ,
മിക്ക സംസ്ഥാനങ്ങളിലും കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, എംഎസ്എംഇ എന്നിവയുടെ പങ്ക് വളരെ വലുതാണ്. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് കീഴില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലകള്‍ക്കായി നിരവധി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്നതിനായി നിരവധി തീരുമാനങ്ങള്‍ അടുത്തിടെ എടുത്തിട്ടുണ്ട്. സമയബന്ധിതമായി ബാങ്കില്‍ നിന്ന് എംഎസ്എംഇകള്‍ക്കു വായ്പ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 100 കോടി രൂപ വരെ വിറ്റുവരവുള്ള വ്യവസായങ്ങള്‍ക്ക് ഓട്ടോമാട്ടിക് ആയി 20% അധിക വായ്പയുടെ പ്രയോജനം ലഭിക്കും.
വ്യവസായങ്ങള്‍ക്ക് അതിവേഗ വായ്പ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ബാങ്കേഴ്സ് കമ്മിറ്റികളിലൂടെ ഉറപ്പാക്കുന്നുവെങ്കില്‍, അവര്‍ക്ക് എത്രയും വേഗം ജോലി ആരംഭിക്കാനും ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും.
സുഹൃത്തുക്കളേ,
ചെറിയ ഫാക്ടറികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും കൈത്താങ്ങും ആവശ്യമാണ്. നിങ്ങളുടെ നേതൃത്വത്തില്‍ ഈ ദിശയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. വ്യാപാരവും വ്യവസായവും അതിന്റെ പഴയ വേഗത കൈവരിക്കുന്നതിന്, മൂല്യ ശൃംഖലയിലും നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.
സംസ്ഥാനങ്ങളില്‍ നിര്‍ദ്ദിഷ്ട സാമ്പത്തിക പ്രവര്‍ത്തന പോയിന്റുകള്‍ ഉള്ളിടത്തെല്ലാം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം, സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും വേഗത്തിലായിരിക്കണം. പ്രാദേശിക തലത്തില്‍ ചരക്കുകള്‍ ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍, സാമ്പത്തിക പ്രവര്‍ത്തനം വര്‍ദ്ധിക്കും.
സുഹൃത്തുക്കളേ,
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന രംഗത്ത് അടുത്തിടെ നടന്ന പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഇത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ അവസരങ്ങള്‍ നല്‍കും, കൂടാതെ മോശം കാലാവസ്ഥമൂലം സംഭരണ ശേഷി കുറഞ്ഞതു മൂലം അവര്‍ക്കുണ്ടായ നഷ്ടം കുറയ്ക്കാനും നമുക്ക് കഴിയും.
കര്‍ഷകന്റെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ ആവശ്യകത തീര്‍ച്ചയായും വര്‍ദ്ധിക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും ഉയരുകയും ചെയ്യും. പ്രത്യേകിച്ച് വടക്കു കിഴക്കന്‍ മേഖലയിലും ഗോത്രമേഖലയിലും കൃഷിക്കും ഹോര്‍ട്ടികള്‍ച്ചറിനും ധാരാളം അവസരങ്ങളുണ്ട്. അത് ജൈവ ഉല്‍പന്നങ്ങളാകട്ടെ, മുള ഉല്‍പ്പന്നങ്ങളാകട്ടെ, ഗോത്ര ഉല്‍പ്പന്നങ്ങളാകട്ടെ, അവര്‍ക്കായി ഒരു പുതിയ വിപണി തുറക്കാന്‍ പോകുന്നു. പ്രാദേശിക ഉല്‍പ്പന്നത്തിനായി പ്രഖ്യാപിച്ച ക്ലസ്റ്റര്‍ അധിഷ്ഠിത തന്ത്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യും. ഇതിനായി, ഓരോ ബ്ലോക്കിലും, ഓരോ ജില്ലയിലും, സംസ്‌കരണം അല്ലെങ്കില്‍ വിപണനം വഴി അത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്, രാജ്യത്തിന്റെയും ലോകത്തിന്റെയും വിപണിയില്‍ ഒരു മികച്ച ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ കഴിയും.
സുഹൃത്തുക്കളേ,
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ അടുത്തിടെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നടപ്പാകണം. അതിനായി നമ്മള്‍ കൂട്ടായി പ്രവര്‍ത്തിക്കണം. ഈ പശ്ചാത്തലത്തില്‍, കൊറോണയ്ക്കെതിരായ പോരാട്ടവും സാമ്പത്തിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഞാന്‍ ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.
***
(Release ID: 1655018)
Visitor Counter : 249
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada