പ്രധാനമന്ത്രിയുടെ ഓഫീസ്‌

'സുതാര്യ നികുതിവ്യവസ്ഥ-സത്യസന്ധരെ മാനിക്കലി'ന് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 13 AUG 2020 12:38PM by PIB Thiruvananthpuram


 

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ ഇന്ന് ഒരു പുതിയ നാഴികക്കല്ലിനെ സ്പര്‍ശിച്ചിരിക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ ഒരു പുതിയ നികുതി സംവിധാനം 'സുതാര്യ നികുതിവ്യവസ്ഥ-സത്യസന്ധരെ മാനിക്കലി''ന് ഇന്ന് സമാരംഭം കുറിക്കുകയാണ്.
 

മുഖരഹിത വിലയിരുത്തല്‍, മുഖരഹിത അപ്പീല്‍, നികുതിദായകരുടെ ചാര്‍ട്ടര്‍ തുടങ്ങിയ പ്രധാനപ്പെട്ട പരിഷ്‌ക്കാരങ്ങള്‍ ഇതിലുണ്ട്. മുഖരഹിത വിലയിരുത്തലും നികുതിദായകരുടെ ചാര്‍ട്ടറും ഇന്നു നിലവില്‍ വരും. മുഖരിഹത അപ്പീലിനുള്ള സൗകര്യം രാജ്യത്താകമാനമുള്ള പൗരന്മാര്‍ക്ക് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25 മുതല്‍ ലഭ്യമാകും. നികുതി സംവിധാനം ഇപ്പോള്‍ മുഖരിഹതമാകുന്നതോടെ ന്യായവും ഭയരാഹിത്യവും വഴി അത് നികുതിദായകരില്‍ ആത്മവിശ്വാസം സൃഷ്ടിക്കും.
 

ഇതിന് ഞാന്‍ എല്ലാ നികുതിദായകരെയും അഭിനന്ദിക്കുന്നു, അതോടൊപ്പം ആദായനികുതി വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും അഭിനന്ദിക്കുന്നു.
 

സുഹൃത്തുക്കളെ, കഴിഞ്ഞ ആറുവര്‍ഷമായി നമ്മുടെ ശ്രദ്ധ ബാങ്കിംഗുമായി ബന്ധമില്ലാത്തവരെ ബാങ്കിംഗ് ഇടപാടുകളിലേക്ക് എത്തിക്കുക, സുരക്ഷിതരല്ലാത്തവരെ സുരക്ഷിതരാക്കുക, ഫണ്ടിംഗ് ലഭിക്കാത്തവര്‍ക്ക് ഫണ്ടുകള്‍ നല്‍കുക എന്നതിനൊക്കെ ആയിരുന്നു. ഇന്ന് നമ്മള്‍ 'സത്യസന്ധരെ ആദരിക്കുക'യെന്ന ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്.
 

സത്യസന്ധരായ നികുതിദായകര്‍ രാഷ്ട്രനിര്‍മ്മിതിയില്‍ ഒരു വലിയ പങ്കുവഹിക്കുകയാണ്. രാജ്യത്തെ സത്യസന്ധനായ ഒരു നികുതിദായകന്റെ ജീവിതം സുഗമമാകുകയും അയാള്‍ മുന്നോട്ടുപോകുകയും ചെയ്യുമ്പോള്‍ രാജ്യവും വികസിക്കുകയും മുന്നോട്ടുപോകുകയും ചെയ്യും.
 

സുഹൃത്തുക്കളെ,
 

ഇന്ന് തുടക്കം കുറിക്കുന്ന പുതിയ ക്രമീകരണങ്ങളും സൗകര്യങ്ങളും 'പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണ നിര്‍വഹണം (മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ്) എന്ന നമ്മുടെ പ്രതിജ്ഞ ഊട്ടിയുറപ്പിക്കും. ദേശവാസികളുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ പരമാവധി പരിമിതപ്പെടുത്തുക എന്നതിലേക്കുള്ള വലിയ പടവാണ് ഇത്.
 

സുഹൃത്തുക്കളെ,
 

ഇന്ന് കൈക്കൊള്ളുന്ന എല്ലാ നിയമനങ്ങളും നയങ്ങളും അധികാര കേന്ദ്രീകൃത സമീപനത്തില്‍ നിന്നും പുറത്തുവരുന്നതിനും ജനകേന്ദ്രീകൃതവും പൊതുജന സൗഹൃദപരവുമായി മാറ്റുന്നതിന് ഊന്നല്‍ നല്‍കുന്നതിനുമാണ്. ഇതാണ് നവ ഇന്ത്യയുടെ പുതിയ ഭരണമാതൃക. ഇതിലൂടെ രാജ്യത്തിന് അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നുമുണ്ട്. കുറുക്കുവഴികള്‍ ശരിയല്ലെന്ന് ഇന്ന് എല്ലാവരും മനസിലാക്കിക്കഴിഞ്ഞു; തെറ്റായ രീതികള്‍ സ്വീകരിക്കുന്നത് ശരിയല്ല. ഇപ്പോള്‍ ആ കാലഘട്ടം കഴിഞ്ഞിരിക്കുന്നു. കടമായാണ് പരമപ്രധാനം എന്ന് കണക്കാക്കി എല്ലാ ജോലികളും ചെയ്യുന്ന തരത്തില്‍ രാജ്യത്തിലെ അന്തരീക്ഷം മാറുകയാണ്. എങ്ങനെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത് എന്നതാണ് ചോദ്യം. അത് കാര്‍ക്കശ്യം കൊണ്ടാണോ? അല്ല, ഒരിക്കലുമല്ല. ഇതിന് പ്രധാനപ്പെട്ട നാലു കാരണങ്ങളുണ്ട്.
 

ആദ്യത്തേത് നയങ്ങളാല്‍ നയിക്കപ്പെടുന്ന ഭരണം. നയം വ്യക്തവും സുതാര്യവുമാകുമ്പോള്‍ അതിലെ തെറ്റായ നിര്‍വചിക്കപ്പെടുന്ന സാഹചര്യങ്ങള്‍ പരിമിതപ്പെടുകയും അതുകൊണ്ട് ഇടപാടുകളില്‍ വിവേചനത്തിന്റെ സാദ്ധ്യതകള്‍ കുറയുകയും ചെയ്യും.
 

രണ്ടാമതായി സാധാരണക്കാരുടെ സത്യസന്ധതയില്‍ വിശ്വാസമുണ്ടായിരിക്കുക. മൂന്നാമതായി ഗവണ്‍മെന്റ് സംവിധാനത്തില്‍ മനുഷ്യ സമ്പര്‍ക്കമുഖങ്ങള്‍ പരിതിമപ്പെടുത്തിക്കൊണ്ട് സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള ഉപയോഗം. ഗവണ്‍മെന്റിന്റെ സംഭരണമോ ഗവണ്‍മെന്റ് ടെന്‍ഡറോ അല്ലെങ്കില്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതോ ആയിക്കോട്ടെ, എല്ലായിടത്തും ഇന്ന് സാങ്കേതിക സമ്പര്‍ക്ക മുഖം ഉപയോഗിക്കുന്നുണ്ട്,
 

നാലാമതായി കാര്യക്ഷമത, സമഗ്രത, സംവേദനക്ഷമത എന്നിവയുടെ ഗുണനിലവാരം നമ്മുടെ ഭരണസംവിധാനത്തിലും ബ്യൂറോക്രസിയിലും പുരസ്‌കൃതമാവുന്നു. സുഹൃത്തുക്കളെ,
 

ഇവിടെ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് നമ്മള്‍ ധാരാളം സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ നിര്‍ബന്ധം കൊണ്ട് എടുക്കുമായിരുന്നു, ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ സമ്മര്‍ദ്ദംമൂലമായിരുന്നു എടുത്തിരുന്നത്, അവയെയൊക്കെയാണ് പരിഷ്‌ക്കാരങ്ങള്‍ എന്ന് വിളിച്ചിരുന്നത്. അതിന്റെ ഫലമായി നാം ഉദ്ദേശിച്ച ഫലം നമുക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇത്തരം ചിന്തകളും സമീപനങ്ങളും മാറി.
 

നമുക്ക് പരിഷ്‌ക്കാരങ്ങള്‍ എന്നാല്‍ അത് നയാധിഷ്ഠിതമാണ്; അല്ലാതെ ഖണ്ഡശ്ശയുള്ളതല്ല. അത് സമഗ്രമാവണം. ഒരു പരിഷ്‌ക്കാരം മറ്റൊരു പരിഷ്‌ക്കാരത്തിനുള്ള അടിത്തറ ആയിത്തീരുകയോ അല്ലെങ്കില്‍ പുതിയ പരിഷ്‌ക്കാരത്തിന് വഴിയൊരുക്കുകയോ ചെയ്യണം. ഒരു പരിഷ്‌ക്കാരത്തിന് ശേഷം നാം അത് നിര്‍ത്തുകയെന്ന തരത്തിലാകരുത്. ഇതൊരു തുടര്‍ പ്രക്രിയയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് കാലഹരണപ്പെട്ട 1500 നിയമങ്ങള്‍ രാജ്യത്ത് അസാധുവാക്കി.
 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യാപാരം ലളിതമാക്കുന്നതില്‍ ഇന്ത്യ 134-ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യയുടെ റാങ്ക് 63 ആണ്. റാങ്കിംഗിലെ ഇത്തരമൊരു കുതിച്ചുചാട്ടത്തിന് പിന്നില്‍ നിരവധി പരിഷ്‌ക്കാരങ്ങളും വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ മാറ്റങ്ങളുമുണ്ട്. പരിഷ്‌ക്കാരങ്ങളിലുള്ള ഇന്ത്യയുടെ ഈ പ്രതിബദ്ധത കണ്ടുകൊണ്ട് വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയുമാണ്. കൊറോണാ മഹാമാരി സമയത്തുപോലും ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തിയത് ഇതിനുള്ള ഒരു ഉദാഹരണമാണ്.
 

സുഹൃത്തുക്കളെ, ഇന്ത്യയുടെ നിലവിലെ നികുതി സംവിധാനം ബ്രിട്ടീഷ്‌കാലത്ത് സൃഷ്ടിക്കപ്പെട്ടതും വളരെ സാവധാനം വികസിക്കപ്പെട്ടതം ആയതുകൊണ്ടുതന്നെ ഇന്ത്യയുടെ നികുതി സംവിധാനത്തില്‍ അടിസ്ഥാനപരവും ഘടനാപരവുമായ പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന് ശേഷം അവിടെയും ഇവിടെയും നിരവധി മാറ്റങ്ങള്‍ വരുത്തി, എന്നാല്‍ സംവിധാനത്തിന്റെ സ്വഭാവം ഏറെക്കുറെ അതേനിലയില്‍ തന്നെയായിരുന്നു.
 

അതിന്റെ ഫലമായി രാഷ്ട്ര നിര്‍മ്മാണത്തിലെ ഏറ്റവും ശക്തമായ സ്തംഭങ്ങളായ രാജ്യത്തെ ദാരിദ്ര്യം നീക്കുന്നതിനായി സംഭാവനചെയ്യുന്ന നികുതിദായകര്‍ എല്ലായ്പ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആദായനികുതി വകുപ്പിന്റെ നോട്ടീസ് എപ്പോഴും ഒരു വിധിയായിരുന്നു. രാജ്യത്തെ കബളിപ്പിച്ചിരുന്ന കുറച്ച് ആളുകളെ തിരിച്ചറിയുന്നതിനുവേണ്ടി ഏറെ പേര്‍ വേണ്ടാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവുന്നു. അിഭമാനത്തോടെ നികുതിദായകരെ വിപുലാക്കേണ്ടതിനു പകരം ഗുഢാലോചനയും കണ്ണടയ്ക്കലും ഉള്ള സംവിധാനമാണ് ഉണ്ടായത്.
 

ഈ സന്ദിഗ്ദ്ധാവസ്ഥയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പണ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു. ഈ സംവിധാനം സത്യസന്ധമായ ഇടപാടുകളെ പ്രോത്സഹിപ്പിക്കുന്നതിന് പകരം സത്യസന്ധരായ വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരേയും രാജ്യത്തെ യുവശക്തിയുടെ പ്രതീക്ഷകളെയും ഞെരിച്ചില്ലാതാക്കി. സുഹൃത്തുക്കളെ,
 

സങ്കീര്‍ണ്ണത നിലനില്‍ക്കുമ്പോള്‍ അനുസരിക്കല്‍ ബുദ്ധിമുട്ടാണ്. നിയമങ്ങളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കണം, നിയമങ്ങള്‍ കഴിയുന്നത്ര കുറവായിരിക്കണം. നിയമം സുതാര്യമാണെങ്കില്‍ നികുതിദായകരും അതോടൊപ്പം രാജ്യവും സന്തോഷിക്കും. കുറേക്കാലമായി ഇതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്; ഒരു ഡസനോളം നിയമങ്ങള്‍ക്ക് പകരം ജി.എസ്.ടി. വന്നതുപോലെ. റിട്ടേണ്‍ പൂരിപ്പിക്കുന്നതു തുടങ്ങി റിഫണ്ടുകള്‍ വരെ എല്ലാം പൂര്‍ണ്ണമായി ഓണ്‍ലൈനിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി.
 

പുതിയ നികുതി സ്ലാബ് സംവിധാനം അനാവശ്യമായ പേപ്പറുകളും രേഖകളും സമര്‍പ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കി. എല്ലാറ്റിനും ഉപരിയായി പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള തര്‍ക്കങ്ങള്‍ക്കെല്ലാം ഗവണ്‍മെന്റ് ഹൈക്കോടതികളെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ പരിധി ഹൈക്കോടതികളില്‍ ഒരു കോടി രൂപ വരെയും സുപ്രീം കോടതിയില്‍ 2 കോടി രൂപ വരെയും എന്ന പരിധിയിലാക്കി. 'വിവാദ് സേ വിശ്വാസ്' പോലുള്ള പദ്ധതികളിലൂടെ മിക്കവാറും കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള പരിശ്രമങ്ങള്‍ ഉറപ്പാക്കി. ഇതിന്റെ ഫലമായി ഏകദേശം 3 ലക്ഷം കേസുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കപ്പെട്ടു.
 

സുഹൃത്തുക്കളെ,
 

നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ കുറച്ചതിന് പുറമെ രാജ്യത്തെ നികുതിയും കുറച്ചു. 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇപ്പോള്‍ നികുതിയില്ല. ബാക്കിയുള്ള സ്ലാബുകള്‍ക്കും നകുതി നിരക്ക് കുറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്.
 

സുഹൃത്തുക്കളെ,
 

നമ്മുടെ സംവിധാനം തടസ്സമില്ലാത്തതും വേദനയില്ലാത്തതും മുഖമില്ലാത്തതുമണെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. ഓരോ നികുതിദായകന്റെയും പ്രശ്നങ്ങള്‍ കുടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിന് പകരം പരിഹരിക്കുന്നതിന് നികുതിഭരണം പ്രവര്‍ത്തിക്കണമെന്നതാണ് തടസമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാങ്കേിതവിദ്യ മുതല്‍ ചട്ടങ്ങള്‍ വരെ ലളിതമാക്കുക എന്നതാണ് വേദനയില്ലായ്മ കൊണ്ട് അര്‍ത്ഥമാക്കുന്നത്. നികുതിദായകന്‍ ആരാണ്, നികുതി ഉദ്യോഗസ്ഥന്‍ ആരാണ് എന്നൊന്നും ചിന്തിക്കേണ്ടതില്ല എന്നതാണ് മുഖമില്ലായ്മയ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നു നിലവില്‍ വരുന്ന ഈ പരിഷ്‌ക്കാരങ്ങള്‍, ഇക്കാര്യങ്ങളെ കുടുതല്‍ മുന്നോട്ടു കൊണ്ടുപോകും.
 

സുഹൃത്തുക്കളെ,
 

ഇതുവരെ നമ്മള്‍ താമസിക്കുന്ന നഗരത്തിലെ നികുതിവകുപ്പായിരുന്നു നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. അത് പരിശോധനയോ നോട്ടീസ് നല്‍കലോ സര്‍വേയോ അല്ലെങ്കില്‍ പിടിച്ചെടുക്കലോ ആയിക്കോട്ടെ, ആ നഗരത്തിലെ ആദായനികുതി വകുപ്പായിരുന്നു ആദായനികുതി ഉദ്യോഗസ്ഥന്റെ പ്രധാനപ്പെട്ട ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ഈ ജോലി ഒരു കണക്കിന് അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ അത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാക്കി മാറ്റി.
 

ഇപ്പോള്‍ കേസുകളുടെ പരിശോധന ക്രമരഹിതമായി രാജ്യത്തെ ഏത് മേഖലയിലുള്ള ഉദ്യോഗസ്ഥനും നല്‍കാന്‍ കഴിയും. ഉദാഹരണത്തിന് മുംബൈയിലുള്ള ഒരു നികുതിദായകന്റെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണത്തിന്റെ ദൗത്യം മുംബൈ ഓഫീസിലേക്ക് പോവില്ല, അത് ചെന്നൈയിലെ ഒരു മുഖരഹിത ടീമിലേക്ക് പോകാം. അവിടെ നിന്നു പുറത്തുവരുന്ന ഉത്തരവ് ജയ്പൂരോ അല്ലെങ്കില്‍ ബെംഗളുരുവോ പോലുള്ള മറ്റൊരു നഗരത്തിലെ ടീം അവലോകനം ചെയ്യാം. എന്തായിരിക്കും ഒരു മുഖരഹിത ടീം, ആരെയൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടത്, എന്നതൊക്കെ തന്നെയും ക്രമരഹിതമായിട്ടാണ് ഇപ്പോള്‍ തീരുമാനിക്കുക. ഓരോ വര്‍ഷവും അതില്‍ മാറ്റങ്ങളും ഉണ്ടാകും.
 

സുഹൃത്തുക്കളെ,
 

ഈ സംവിധാനത്തിലൂടെ നികുതിദായകനും ആദായനികുതി ഓഫീസിനും തമ്മില്‍ പരിചയപ്പെടാനോ അല്ലെങ്കില്‍ സ്വാധീനിക്കപ്പെടാനോ ഒരു അവസരവും ലഭിക്കുന്നില്ല. എല്ലാവരും അവരവരുടെ കടമകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കും. വകുപ്പിനുള്ള നേട്ടം എന്തെന്നാല്‍ അനാവശ്യമായ നിയമ പോരാട്ടങ്ങള്‍ ഉണ്ടാകില്ല. സ്ഥലമാറ്റത്തിനും നിയമനങ്ങള്‍ക്കുമായി അനാവശ്യ ഊര്‍ജ്ജം ചെലവഴിക്കുന്നതും ഒഴിവാക്കാന്‍ കഴിയും. അതുപോലെ നികുതിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിനൊപ്പം അപ്പീലുകളും ഇപ്പോള്‍ മുഖരഹിതമാണ്.
 

സുഹൃത്തുക്കളെ,
 

രാജ്യത്തിന്റെ വികസനയാത്രയിലെ ഒരു സുപ്രധാന പടവാണ് നികുതിദായകന്റെ ചാര്‍ട്ടര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നികുതിദായകന്റെ അവകാശങ്ങളും കടമകളും ക്രോഡീകരിക്കപ്പെട്ടു. നികുതിദായകന് ഈ നിലയിലുള്ള ബഹുമാനവും സംരക്ഷണവും നല്‍കിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളോടൊപ്പം ഇന്ത്യയും ചേര്‍ന്നിരിക്കുകയാണ്.
 

നിതീയുക്തവും സൗഹാര്‍ദ്ദപരവും യുക്തിസഹവുമായ പെരുമാറ്റം ഇപ്പോള്‍ നികുതിദായകര്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. അതായത് നികുതിദായകന്റെ അന്തസ്സും വൈകാരികതയും ഇപ്പോള്‍ ആദായനികുതിവകുപ്പ് പരിപാലിക്കും. ഇപ്പോള്‍ വകുപ്പ് നികുതിദായകനെ വിശ്വസിക്കണം, വകുപ്പിന് അനാവശ്യമായി അവരെ സംശയിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ അടിസ്ഥാനമില്ലാതെ സംശയിക്കാനാവില്ല. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും ഒരു അവലോകനം ആവശ്യപ്പെടാനും നികുതിദായകനെ ശാക്തീകരിച്ചിട്ടുണ്ട്.
 

സുഹൃത്തുക്കളെ,
 

കര്‍ത്തവ്യങ്ങള്‍ക്കും കടമകള്‍ക്കുമൊപ്പമാണ് എപ്പോഴും അവകാശങ്ങളും വരുന്നത്. നികുതിദായകരില്‍ നിന്നുയര്‍ന്ന ചില ആവശ്യങ്ങളും ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നികുതിദായകന്‍ നികുതി നല്‍കുന്നതോ അല്ലെങ്കില്‍ ഗവണ്‍മെന്റ് നികുതി ചുമത്തുന്നതോ അവകാശത്തിന്റെ കാര്യമല്ല, അത് ഇരുഭാഗത്തിന്റെയും ഉത്തരവാദിത്തമാണ്. നികുതിദായകന്‍ നികുതി നല്‍കേണ്ടത് നികുതികൊണ്ടാണ് സംവിധാനം പ്രവര്‍ത്തിക്കുന്നതും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് സമൃദ്ധിയുണ്ടാക്കാനുള്ള രാജ്യത്തിന്റെ കടമ സാക്ഷാത്കരിക്കാന്‍ കഴിയുന്നതും എന്നതുകൊണ്ടാണ്.
 

ഈ നികുതി കൊണ്ട് നികുതിദായകര്‍ക്ക് തന്നെ പുരോഗതിക്കുള്ള മികച്ച സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നു. അതേസമയം നികുതിദായകര്‍ നല്‍കുന്ന ഓരോ പൈസയും ശരിയായി വിനിയോഗിക്കുകയെന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. അത്തരമൊരു സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ലഭിക്കുമ്പോള്‍, ഓരോ നികുതിദായകനും അവരുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധമുണ്ടാകണം.
 

സുഹൃത്തുക്കളെ,
 

ഇതിന്റെ അടിസ്ഥാനത്തില്‍ ദേശവാസികളോടുള്ള വിശ്വാസം എങ്ങനെയാണ് നേട്ടമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതും പ്രധാനപ്പെട്ടതാണ്. 2013-14ല്‍ ഫയല്‍ ചെയ്ത നികുതി റിട്ടേണുകളില്‍ 0.94%ലാണ് സൂക്ഷ്മപരിശോധന നടന്നത്. 2018-19 വര്‍ഷത്തില്‍ ഈ കണക്ക് 0.26%മായി താണു. അതായത് കേസുകളുടെ സൂക്ഷ്മപരിശോധന നാലിരട്ടി കുറഞ്ഞുവെന്നത് തന്നെ എത്ര വ്യാപകമായാണ് മാറ്റങ്ങളാണു കാണിക്കുന്നത്.
 

സുഹൃത്തുക്കളെ,
 

കഴിഞ്ഞ ആറുവര്‍ഷമായി നികുതി ഭരണത്തില്‍ പുതിയ മാതൃകയിലുള്ള ഒരു ഭരണം വികസിച്ചുവരുന്നതിന് ഇന്ത്യ സാക്ഷ്യംവഹിച്ചു. നമ്മള്‍ സങ്കീര്‍ണ്ണതകള്‍ കുറച്ചു, നികുതി കുറച്ചു, നിയമപോരാട്ടങ്ങള്‍ കുറച്ചു, സുതാര്യത വര്‍ദ്ധിപ്പിച്ചു, നികുതി വഴക്കം വര്‍ദ്ധിപ്പിച്ചു, നികുതിദായകരിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.
 

സുഹൃത്തുക്കളെ,
 

ഈ പരിശ്രമങ്ങളുടെ ഇടയില്‍ കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന ആളുകളുടെ എണ്ണം 2.5 കോടിയായി വര്‍ദ്ധിച്ചു. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഇത് വളരെ കുറവാണെന്നതും വസ്തുതയാണ്. ഇത്തരത്തിലുള്ള ഒരു വലിയ രാജ്യത്ത് വെറും 1.5 കോടി പേര്‍ മാത്രമാണ് നികുതി നല്‍കുന്നത്. നികുതി നല്‍കുന്നതിന് ശേഷിയുള്ളവരും ഒപ്പം വിവിധ വ്യവസായ സംഘടനകളും നടത്തുന്ന എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ ഇതേക്കുറിച്ച് ചിന്തിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇക്കാര്യത്തില്‍ രാജ്യം ആത്മപരിശോധന നടത്തണം. സ്വാശ്രയ ഇന്ത്യക്ക് ആത്മപരിശോധന അനിവാര്യവും ഒഴിവാക്കാനാകാത്തതുമാണ്. ഈ ഉത്തരവാദിത്തം നികുതിവകുപ്പിന് മാത്രമുള്ളതല്ല, എല്ലാ ഇന്ത്യാക്കാര്‍ക്കുമുള്ളതാണ്. നികുതി കൊടുക്കാന്‍ കഴിവുള്ളതും എന്നാല്‍ ഇപ്പോഴും നികുതിവലയ്ക്കുളളില്‍ എത്തിയിട്ടില്ലാത്തതുമായ വ്യക്തികളോടു സ്വയം പ്രചോദിതരായി മുന്നോട്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഓഗസ്റ്റ് 15ന് വെറും രണ്ടു ദിവസം മാത്രമാണുള്ളത്. രാജ്യതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്തവരെ നമുക്ക് അനുസ്മരിക്കാം. നിങ്ങള്‍ക്കും ഒരു സംഭാവന നല്‍കണമെന്ന തോന്നലുണ്ടാകും.
 

വിശ്വാസത്തിന്റെയും അവകാശങ്ങളും കടമകളുടെയൂം വേദിയുടെ ഊര്‍ജ്ജത്തെ ബഹുമാനിച്ചുകൊണ്ട് സ്വാശ്രയ ഇന്ത്യയെന്ന നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ നമുക്ക് സാക്ഷാത്കരിക്കാം. ഒരിക്കല്‍ കൂടി രാജ്യത്തെ വര്‍ത്തമാനകാല, ഭാവികാല സത്യസന്ധരായ നികുതിദായകര്‍ക്ക് അഭിനന്ദനങ്ങള്‍. ഞാന്‍ അവര്‍ക്കെല്ലാം നന്മകള്‍ നേരുകയും ഇത് ഒരു പ്രധാനപ്പെട്ട തീരുമാനമായിരിക്കുമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായത്ര നന്ദി പ്രകാശിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഓരോ നികുതിദായകനും ആദായനികുതി അധികാരികളെ അഭിനന്ദിക്കണം എന്തെന്നാല്‍ ഒരു തരത്തില്‍ അവര്‍ സംയമനം പാലിക്കുകയാണ്. അവര്‍ അവരുടെ സ്വന്തം അധികാരങ്ങളും കരുത്തും വെട്ടിക്കുറച്ചിരിക്കുകയാണ്. ആദായനികുതി ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ മുന്നോട്ടുവന്നാല്‍ ആരാണ് അഭിമാനിക്കാത്തത്! ഓരോ ദേശവാസിയും ഇതില്‍ അഭിമാനം കൊള്ളണം. സംവിധാനത്തിലെ സങ്കീര്‍ണത നിമിത്തം മുന്‍കാലത്ത് നികുതി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പാതകള്‍ നികുതി നല്‍കുന്നതിനുള്ള ആകര്‍ഷകമായ വഴിയാണ്. അതുകൊണ്ട് അവിസ്മരണീയമായ ഒരു ഇന്ത്യ കെട്ടിപ്പെടുക്കാന്‍ ഈ സംവിധാനത്തിന്റെ നേട്ടം കണക്കിലെടുത്തുകൊണ്ട് സംവിധാനത്തില്‍ അണിചേരാന്‍ മുന്നോട്ടുവരിക. ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി പ്രകാശിപ്പിക്കുകയും നിങ്ങള്‍ക്കെല്ലാം നന്മ നേരുകയും ചെയ്യുന്നു! രാജ്യത്തിന്റെ ശോഭനമായി ഭാവിക്ക് വേണ്ടി ദീര്‍ഘകാല പ്രത്യാഘാതങ്ങളുള്ള നിരവധി സകാരാത്മകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതിന് ഞാന്‍ നിര്‍മ്മലാജിയോടും അവരുടെ മുഴുവന്‍ ടീമിനോടും നന്ദി പ്രകടിപ്പിക്കുന്നു., ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവരെയും അഭിനന്ദിക്കുന്നു, നിങ്ങള്‍ക്കെല്ലാം നന്ദി.
 

വളരെയധികം നന്ദി!


****

 



(Release ID: 1648412) Visitor Counter : 207