പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മൂന്നു പരിശോധനാ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് 19 ന്റെ പരിശോധനാ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം.
Posted On:
27 JUL 2020 6:05PM by PIB Thiruvananthpuram
നമസ്‌കാരം
കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് കൊറോണ മഹാമാരിക്ക് എതിരെ അതിധീരമായി പോരാടുന്നത്. ഇന്ന് ആരംഭിച്ചിരിക്കുന്ന ഏറ്റവും മികച്ച പരിശോധനാ സൗകര്യങ്ങള്‍ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കൊറോണയ്ക്ക് എതിരെ നടത്തുന്ന പോരാട്ടത്തെ കൂടുതല്‍ ശക്തമാക്കും.
സുഹൃത്തുക്കളെ,
രാഷ്ട്ര തലസ്ഥാനമായ ഡെല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, എന്നീ നഗരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രങ്ങളാണ്.
തൊഴില്‍ തേടിയും തങ്ങളുടെ ഭാവി സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയും രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്. ഇപ്പോള്‍് ഈ മൂന്നു നഗരങ്ങളിലും നിലവിലുള്ളതിനെക്കാള്‍, പ്രതിദിനം പതിനായിരത്തിലധികം ആളുകള്‍ക്ക് കൂടി കോവിഡ് പരിശോധനാ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഈ നഗരങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ പരിശോധനകള്‍ നടത്താം. മറ്റൊരു നല്ല കാര്യം ഈ ഹൈ- ടെക് പരിശോധനാ ശാലകളില്‍ കൊറോണ പരിശോധന മാത്രമല്ല നടത്താന്‍ സാധിക്കുക എന്നതത്രെ.
ഹെപ്പറ്റൈറ്റസ് ബിയും സിയും, എച്ച് ഐ വി, ഡങ്കി തുടങ്ങി മറ്റ് പല രോഗങ്ങളുടെയും പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഭാവിയില്‍ ഇവിടെ ഏര്‍പ്പെടുത്തുന്നതാണ്. ഈ ക്രമീകരണങ്ങള്‍ സ്ഥാപിക്കാനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും അവര്‍ക്ക് ഒപ്പം നിന്ന മറ്റ് സ്ഥാപനങ്ങളിലെയും എന്റെ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദനം അറിയിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉറച്ച സ്ഥിതിയാണ് ഇന്ത്യയുടെത്. അതിനു കാരണം നമ്മുടെ രാജ്യം ശരിയായ സമയത്ത് എടുക്കുന്ന ശരിയായ തീരുമാനങ്ങളാണ്. ഇന്നു വലിയ രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ മൂലമുള്ള മരണ നിരക്ക് ഇന്ത്യയില്‍ വളരെ കുറവാണ്. ഒപ്പം രോഗവിമുക്തി നേടുന്നവരുടെ സംഖ്യ മറ്റു രാജ്യങ്ങളിലേതിനെക്കാള്‍ രാജ്യത്ത് വളരെ കൂടുതലുമാണ്. അത് ദിനം പ്രതി ഉയരുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യയില്‍ കൊറോണ വിമുക്തരുടെ സംഖ്യ പത്തു ലക്ഷത്തോളമാണ്.
സുഹൃത്തുക്കളെ,
കൊറോണയ്ക്ക് എതിരെയുള്ള നമ്മുടെ ദീര്‍ഘവും ശക്തവുമായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം രാജ്യത്ത് കൊറോണ ചികില്‍സയ്ക്ക് ഉതകുന്ന ചികില്‍സാ അടിസ്ഥാന സൗകര്യം അതിവേഗത്തില്‍ ഏര്‍പ്പെടുത്തിയതാണ്.
തുടക്കത്തില്‍ തന്നെ 15000 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് ഇതിനായി നീക്കി വച്ചത്. അത് ക്വാറന്റൈന്‍ കേന്ദ്രങ്ങളാകട്ടെ, കോവിഡ് സ്പെഷാലിറ്റി ആശുപത്രികളാകട്ടെ, അല്ലെങ്കില്‍ പരിശോധനയ്ക്കുള്ള ശൃംഖലകളാകട്ടെ, രോഗം കണ്ടത്തുന്നതിലും പിന്തുടരുന്നതിലും പുലര്‍ത്തുന്ന ജാഗ്രതയാകട്ടെ ആദ്യം മുതല്‍ തന്നെ ഇന്ത്യ അതിനുള്ള സൗകര്യങ്ങള്‍ വളരെ വേഗത്തിലാക്കിയിരുന്നു. ഇന്ന് ഇന്ത്യയില്‍ 11000ലേറെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷം ഐസൊലേഷന്‍ കിടക്കകളും ഉണ്ട്.
സുഹൃത്തുക്കളെ,
ജനുവരിയില്‍ നമുക്ക് ആകെ ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാജ്യമെമ്പാടുമായി 1300 കോവിഡ് പരിശോധാന ശാലകളുണ്ട്. ഒരു ദിവസം ഇന്ത്യയില്‍ അഞ്ചു ലക്ഷം കോവിഡ് പരിശാധനകള്‍ നടക്കുന്നു. വരുന്ന ആഴ്ച്ചകളില്‍ പരിശോധനകളുടെ എണ്ണം പ്രതിദിനം പത്തു ലക്ഷമായി ഉയര്‍ത്താനാണ് നമ്മുടെ ശ്രമം.
സുഹൃത്തുക്കളെ,
ഈ കൊറോണ മഹാമാരി കാലത്ത് ഓരോരുത്തരും ഒരേ ഒരു പ്രതിജ്ഞയാണ് സ്വീകരിച്ചിരിക്കുന്നത്. അത് ഓരോ ഇന്ത്യക്കാരനെയും രക്ഷിക്കുക എന്നതാണ്. ഈ പ്രതിജ്ഞ വഴി അത്ഭുതാവഹമായ ഫലങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. പിപിഇ, മാസ്‌ക്, പരിശോധനാ കിറ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ ചെയ്തത് വലിയ ഒരു വിജയ കഥ തന്നെയാണ്. ഓര്‍ക്കുക, ഒരൊറ്റ പിപിഇ കിറ്റ് പോലും അന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നില്ല. ഇന്ന് ആഗോളതലത്തില്‍ നോക്കിയാല്‍ പിപിഇ കിറ്റ് നിര്‍മ്മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ആറു മാസം മുമ്പു വരെ ഇന്ത്യയില്‍ ഒരൊറ്റ പിപിഇ കിറ്റ് നിര്‍മ്മാതാവും പോലും ഇല്ലായിരുന്നു. ഇന്ന് 1200 വ്യവസായ യൂണിറ്റുകളില്‍ നിന്നായി പ്രതിദിനം 5 ലക്ഷം പിപിഇ കിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ഒരു കാലത്ത് എന്‍-95 മാസ്‌കുകള്‍ ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് പ്രതിദിനം മൂന്നു ലക്ഷത്തിലേറെ എന്‍ -95 മാസ്‌ക്കുകള്‍ ഉത്പാദിപ്പിക്കുന്നു.
വെന്റിലേറ്ററുകള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് പ്രതിവര്‍ഷം മൂന്നു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നു. ഇക്കാലയളവില്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകളുടെ ഉത്പാദനത്തിലും നാം വളരെ മുന്നേറിയിട്ടുണ്ട്.
കൂട്ടായ ഇത്തരം പരിശ്രമങ്ങളിലൂടെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല നമുക്ക് സാധിച്ചത്, നാം ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലേക്കു മാറാനും രാജ്യത്തിനു കഴിഞ്ഞു.
സുഹൃത്തുക്കളെ,
ഈ ഹ്രസ്വമായ കാലയളവിനുള്ളില്‍ ഇത്ര ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ക്ലേശമേറിയ വെല്ലുവിളിയാണെന്നു നിങ്ങള്‍ക്കും അറിയാമല്ലോ. മറ്റൊരു വെല്ലുവിളി കൊറോണയ്ക്ക് എതിരെ പോരാടാനുള്ള മനുഷ്യ വിഭവ ശേഷി സമാഹരിക്കുക എന്നതായിരുന്നു. പക്ഷെ നമ്മുടെ പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, എഎന്‍എമ്മുമാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും മുന്‍പില്ലാത്തവിധം വേഗത്തില്‍ ആവശ്യമായ പരിശീലനം നല്കാന്‍ നമുക്കു സാധിച്ചു.
ഇന്ന് കൊറോണയ്ക്ക് എതിരെ നാം നടത്തുന്ന പോരാട്ടം കണ്ട് ലോകം കണ്‍മിഴിക്കുന്നു. അവരുടെ മുന്‍വിധികള്‍ എല്ലാം തെറ്റാണ് എന്നു നാം തെളിയിച്ചിരിക്കുന്നു. അതിനു പ്രധാന കാരണം നമ്മടെ കാലാള്‍ പട തന്നെ.
സുഹൃത്തുക്കളെ,
കൊറോണായ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ബോധവത്ക്കരണത്തിന്റെ കുറവ് നമുക്ക് ഇല്ലായിരുന്നു. ശാസ്ത്രീയ വിവരങ്ങളും വിഭവങ്ങളും നാം കൂടുതലായി സമാഹരിക്കുകയാണ്.
ഇനി നമുക്കു വേണ്ടത് സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളില്‍ ആവശ്യത്തിനനുസരിച്ചു വിതരണം ചെയ്യുന്ന സംവിധാനം ശക്തിപ്പെടുത്തുകയാണ്.
നാം ഒരുമിച്ച് പുതിയ ആരോഗ്യ സൗകര്യങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ഓരോ ഗ്രാമത്തിലെയും ഗവണ്‍മെന്റ്, സ്വകാര്യ ഉടമസ്ഥതയിലുള്ള ഡിസ്പന്‍സറികള്‍, ക്ലിനിക്കുകള്‍ എന്നിവയെ ശക്തിപ്പെടുത്തുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണം.
നാം ഇതു ചെയ്യണം. എങ്കില്‍ മാത്രമെ കൊറോണയ്ക്ക് എതിരെയുള്ള നമ്മുടെ ഗ്രാമങ്ങളിലെ പോരാട്ടം ദുര്‍ബലമാകാതിരിക്കുകയുള്ളു.
ഇതുവരെ ഗ്രാമങ്ങളുടെ ഈ മേഖലയിലെ പ്രകടനം മികച്ചതാണ്.
നമ്മുടെ കൊറോണാ പോരാളികള്‍ ആരും ബലിയാടുകളോ ക്ഷീണിതരോ ആകുന്നില്ല എന്ന് ഇതുവഴി നാം ഉറപ്പാക്കണം. ആരോഗ്യ പരിപാലന രംഗത്തേക്ക് പുതിയ ആളുകളെയും വിരമിച്ചവരെയും കൊണ്ടുവരാന്‍ നാം തുടര്‍ച്ചയായി പരിശ്രമിക്കണം.
സുഹൃത്തുക്കളെ,
നിരവധി ആഘോഷങ്ങളാണ് അടുത്തുവരുന്നത്. ഈ ആഘോഷങ്ങള്‍ സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യുന്നവയാകട്ടെ. എന്നാല്‍, രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം.
ആഘോഷവേളകളില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാനും ശ്രമിക്കണം.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ പ്രയോജനം ഓരോ ദരിദ്ര കുടുംബത്തിനു യഥാസമയം തന്നെ ലഭിക്കുന്നു എന്ന് നാം ഉറപ്പാക്കണം.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ സമര്‍ത്ഥരായ ശാസ്ത്രജ്ഞര്‍ കൊറോണ പ്രതിരോധ കുത്തിവെപ്പു കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഫലപ്രദമായ മരുന്നു കണ്ടെത്തുന്നതുവരെ നാം മാസ്‌കുകള്‍ ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. നമുക്ക് നമ്മെ തന്നെയും നമ്മുടെ വീട്ടിലുള്ള കുഞ്ഞുങ്ങളും പ്രായമായവരുമായ കുടുംബാംഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്.
കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ നാം ഒന്നിച്ചു പോരാടും വിജയിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി ഈ ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
നിങ്ങള്‍ക്ക് വളരെ നന്ദി.
(Release ID: 1641986)
Visitor Counter : 230
Read this release in:
Punjabi
,
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Odia
,
Tamil
,
Telugu
,
Kannada