പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ സൈനികരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി  ലഡാക്കിലെ നിമു സന്ദര്‍ശിച്ചു


ഇന്ത്യയുടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ ശൗര്യവും ഉഗ്രകോപവും കണ്ടു: പ്രധാനമന്ത്രി

പോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു: പ്രധാനമന്ത്രി

സമാധാനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയുടെ ബലഹീനതയായി കാണരുത്: പ്രധാനമന്ത്രി

കൈയേറ്റത്തിന്റെ കാലഘട്ടം അവസാനിച്ചു, ഇത് വികസനത്തിന്റെ യുഗം: പ്രധാനമന്ത്രി

അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള തുക മൂന്നുമടങ്ങ് വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി

Posted On: 03 JUL 2020 2:59PM by PIB Thiruvananthpuramരാജ്യത്തെ സൈനികരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലഡാക്കിലെ നിമുവിലെത്തി. സിന്ധു നദിയുടെ തീരത്താണ് സംസ്‌കാര്‍ പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന നിമു. പ്രധാനമന്ത്രി ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും തുടര്‍ന്ന് കരസേന, വ്യോമസേന, ഐടിബിപി സൈനികരുമായി സംവദിക്കുകയും ചെയ്തു.

സൈനികരുടെ ധീരതക്ക് പ്രണാമം
നമ്മുടെ ധീരരായ സേനാംഗങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ച പ്രധാനമന്ത്രി, മാതൃരാജ്യത്തോടുള്ള അവരുടെ കൂറും ധൈര്യവും സമാനതകളില്ലാത്തതാണെന്ന് പറഞ്ഞു. നമ്മുടെ സൈന്യം ഉറച്ചുനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നുവെന്ന ബോധം ഉള്ളതിനാലാണ് ഇന്ത്യയിലെ ജനങ്ങള്‍ ജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗല്‍വാന്‍ താഴ്വരയിലെ ത്യാഗത്തെ അനുസ്മരിച്ചു

ഗല്‍വാന്‍ താഴ്വരയില്‍  ജീവത്യാഗം ചെയ്ത മാതൃരാജ്യത്തിന്റെ അഭിമാന പുത്രന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രക്തസാക്ഷിത്വം വരിച്ചവര്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും അവര്‍ നമ്മുടെ രാജ്യത്തിന്റെ ധൈര്യത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ലേ-ലഡാക്കോ, കാര്‍ഗിലോ അല്ലെങ്കില്‍ സിയാച്ചിന്‍ ഹിമാനിയോ ആകട്ടെ, വലിയ പര്‍വതങ്ങളോ നദികളിലൊഴുകുന്ന തണുത്തുറഞ്ഞ ജലമോ ആകട്ടെ, ഇവയെല്ലാം ഇന്ത്യയുടെ സായുധ സേനയുടെ ധീരതയ്ക്ക് തെളിവുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ ശൗര്യവും ഉഗ്രകോപവും കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് അമ്മമാര്‍ക്കും പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു: മാതൃരാജ്യത്തിനും, സമാനതകളില്ലാത്ത ജാഗ്രതയോടെ ഇന്ത്യയെ സേവിക്കുന്ന രാജ്യത്തെ ധീരരായ സൈനികരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും അമ്മമാര്‍ക്കും.

സമാധാനത്തോടുള്ള പ്രതിബദ്ധത നമ്മുടെ ബലഹീനതയല്ല

സമാധാനം, സൗഹൃദം, ധൈര്യം എന്നിവ പണ്ടുമുതലേ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും അന്തരീക്ഷം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഏതൊരാള്‍ക്കും ഇന്ത്യ എല്ലായ്പ്പോഴും തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനത്തിനും സൗഹൃദത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ സമാധാനത്തോടുള്ള ഈ പ്രതിബദ്ധത ഇന്ത്യയുടെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. നാവികശക്തിയാകട്ടെ, വ്യോമശക്തിയാകട്ടെ, ബഹിരാകാശ ശക്തിയാകട്ടെ, നമ്മുടെ സൈന്യത്തിന്റെ ശക്തിയാകട്ടെ, ഇവയില്ലെല്ലാം ഇന്ത്യ ഇന്ന് കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ആയുധങ്ങളുടെ നവീകരണവും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും നമ്മുടെ പ്രതിരോധ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

രണ്ട് ലോകമഹായുദ്ധങ്ങള്‍ ഉള്‍പ്പെടെ, ആഗോള സൈനികനീക്കങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ധീരതയുടെയും കഴിവിന്റെയും ദീര്‍ഘകാല ചരിത്രമുണ്ടെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

വികസനത്തിന്റെ യുഗം

പിടിച്ചെടുക്കലുകളുടെ സമയം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വികസനത്തിന്റെ കാലഘട്ടമാണ്. പിടിച്ചെടുക്കലെന്ന മനോഭാവമാണ് വലിയ ഹാനിയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കുമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന ആയുധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, അതിര്‍ത്തി മേഖലാ വികസനം, റോഡ് ശൃംഖല മെച്ചപ്പെടുത്തല്‍  എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ചെലവ് മൂന്ന് മടങ്ങ് വര്‍ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സൈന്യത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സിഡിഎസ്സിന്റെ രൂപവല്‍ക്കരണം, മഹത്തായ ഒരു ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കല്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒആര്‍ഒപിയുടെ പൂര്‍ത്തീകരണം, സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി ഗവണ്‍മെന്റിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ലഡാക്കിന്റെ സംസ്‌കാരത്തിന് ആദരം

സൈനികരുമായുള്ള ആശയവിനിമയത്തിനിടെ, ലഡാക്ക് സംസ്‌കാരത്തിന്റെ മഹത്വത്തെയും കുശോക് ബകുല റിംപോച്ചെയുടെ ശ്രേഷ്ഠമായ അധ്യാപനങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ലഡാക്ക് ത്യാഗത്തിന്റെ ഭൂമികയാണെന്നും നിരവധി ദേശസ്നേഹികള്‍ക്ക് ജന്മം നല്‍കിയ ദേശമാണെന്നും  അദ്ദേഹം വിശേഷിപ്പിച്ചു.

ഗൗതമ ബുദ്ധന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും, അവരുടെ ധീരത, ദൃഢതയും അനുകമ്പയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും  പ്രധാനമന്ത്രി വ്യക്തമാക്കി.
***
 (Release ID: 1636202) Visitor Counter : 193