പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആചാര്യ ശ്രീ മഹാപ്രഗ്യാജിയ്ക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി

Posted On: 19 JUN 2020 1:47PM by PIB Thiruvananthpuram

 

 

''പുരോഗതിയുള്ള രാഷ്ട്രത്തിനായി സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കുക'' എന്ന മന്ത്രം പ്രാവര്‍ത്തികമാക്കാന്‍ ആഹ്വാനം ചെയ്തു


ന്യൂഡല്‍ഹി, 19 ജൂണ്‍ 2020

ആചാര്യ ശ്രീ മഹാപ്രഗ്യാജിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

മനുഷ്യരാശിയെയും സമൂഹത്തെയും സേവിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു മഹാപ്രഗ്യാജി എന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാനായ ഋഷിവര്യനുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അദ്ദേഹവുമായി ഏറെ ഇടപഴകാന്‍ അവസരം ലഭിച്ചതു ഭാഗ്യമാണെന്നും ഗുരുമുഖത്തുനിന്നു ധാരാളം പാഠങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ അഹിംസായാത്രയിലും മാനവസേവനങ്ങളിലും ഭാഗഭാക്കാകാന്‍  തനിക്ക് അവസരമുണ്ടായിട്ടുണ്ടെന്നും ശ്രീ. മോദി പറഞ്ഞു.

ആചാര്യ ശ്രീ മഹാപ്രഗ്യയെപ്പോലുള്ള ഋഷീവരന്മാര്‍ അവരുടെ ഭൗതികനേട്ടത്തിനായി ഒരുകാര്യവും സ്വന്തമാക്കുന്നില്ല. എന്നാല്‍, അവരുടെ ജീവിതവും ചിന്തകളും പ്രവൃത്തികളും മനുഷ്യരാശിയുടെ സേവനത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''നിങ്ങള്‍ 'എന്നെയും എന്റേതും' എന്ന ചിന്ത  സ്വജീവിതത്തില്‍ നിന്നും ഉപേക്ഷിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടേതായിരിക്കും'' എന്ന ആചാര്യജിയുടെ വാക്കുകളും പ്രധാനമന്ത്രി ഉദ്ധരിച്ചു.

സന്ന്യാസിവര്യന്‍ ഇത് തന്റെ ജീവിത മന്ത്രവും തത്വവുമാക്കിയിരുന്നുവെന്നും തന്റെ എല്ലാ പ്രവൃത്തികളിലും ഇതു നടപ്പാക്കിയെന്നും ശ്രീ. മോദി പറഞ്ഞു.

എല്ലാവരോടുമുള്ള സ്നേഹമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈവശം (പരിഗ്രഹ) ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആചാര്യ മഹാപ്രഗ്യാജിയെ ആധുനിക കാലഘട്ടത്തിലെ വിവേകാനന്ദന്‍ എന്ന് രാഷ്ട്രകവി രാംധാരി സിങ് ദിനകര്‍ വിശേഷിപ്പിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.

രചനാവൈദഗ്ധ്യം കണക്കിലെടുത്ത് മഹാപ്രഗ്യാജിയെ ദിഗംബര സന്ന്യാസിയായ ആചാര്യ വിദ്യാനന്ദ, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞു.

സാഹിത്യത്തിലും പാടവമുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്പേയി ജി പറഞ്ഞ വാക്കുകളും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. ''ആചാര്യ മഹാപ്രഗ്യാജിയുടെ രചന, അവയുടെ ആഴം, അദ്ദേഹത്തിന്റെ അറിവ്, വാക്കുകള്‍ എന്നിവയോട് എനിക്ക് അഗാധ പ്രണയമായിരുന്നു''- അടല്‍ ജി പതിവായി ഇങ്ങനെ പറയുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച പ്രഭാഷണത്താലും മാസ്മര ശബ്ദത്താലും പദസമ്പത്താലും അനുഗൃഹീതനായ വ്യക്തിയാണ് ആചാര്യ ശ്രീ എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ആത്മീയത, തത്വചിന്ത, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ സംസ്‌കൃതം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നൂറിലേറെ പുസ്തകങ്ങള്‍ ആചാര്യ ശ്രീ എഴുതിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡോ. എ പി ജെ അബ്ദുള്‍ കലാം ജിക്കൊപ്പം മഹാപ്രഗ്യാ ജി എഴുതിയ ''കുടുംബവും രാഷ്ട്രവും'' എന്ന പുസ്തകത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

''ഒരു കുടുംബത്തിന് എങ്ങനെ സന്തുഷ്ട കുടുംബമായി മാറാമെന്നും സന്തുഷ്ട കുടുംബത്തിന് എങ്ങനെ സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നുമുള്ള ചിന്താഗതി സമ്മാനിക്കാന്‍ ഈ രണ്ടു മഹദ് വ്യക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്'' എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ആത്മീയാചാര്യന്‍ ശാസ്ത്രീയ സമീപനത്തെ എങ്ങനെ മനസിലാക്കുന്നുവെന്നും ഒരു ശാസ്ത്രജ്ഞന്‍ ആത്മീയതയെ എങ്ങനെ വിശദീകരിക്കുന്നുവെന്നും ഈ രണ്ടു മഹാന്മാരില്‍ നിന്നും തനിക്കു മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഇരുവരെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

അവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോ. കലാം മഹാപ്രഗ്യാജിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു ലക്ഷ്യമേയുള്ളൂ - നടക്കുക, നേടുക, നല്‍കുക. അതായത്, തുടര്‍ച്ചയായി യാത്ര ചെയ്യുക, അറിവ് സമ്പാദിക്കുക, ജീവിതത്തിലുള്ളത് എന്തായാലും അതു സമൂഹത്തിന് നല്‍കുക.'- ഡോ. കലാമിനെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു.

മഹാപ്രാഗ്യാജി തന്റെ ജീവിതകാലത്ത് ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. മരണത്തിന് മുമ്പ് അദ്ദേഹം അഹിംസയുടെ പാതയിലായിരുന്നു. 'ആത്മാവാണ് എന്റെ ദൈവം, ത്യാഗമാണ് എന്റെ പ്രാര്‍ത്ഥന, സൗഹൃദമാണ് എന്റെ ഭക്തി, സൗമ്യതയാണ് എന്റെ ശക്തി, അഹിംസയാണ് എന്റെ മതം'-  എന്ന അദ്ദേഹത്തിന്റെ ഉദ്ധരണിയും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹം ഈ ജീവിതശൈലി പിന്തുടരുകയും ദശലക്ഷങ്ങള്‍ക്കു ശിക്ഷണം നല്‍കുകയും ചെയ്തു. യോഗയിലൂടെ ദശലക്ഷക്കണക്കിനു പേരെ വിഷാദമുക്ത ജീവിതകല പരിശീലിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗദിനം അടുത്ത ദിവസമാണ് എന്നതും യാദൃശ്ചികമാണ്. 'സന്തുഷ്ട കുടുംബവും സമൃദ്ധമായ രാഷ്ട്രവും' എന്ന മഹാപ്രഗ്യാജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും നമുക്കുള്ള ഒരവസരം കൂടിയാകും അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ആരോഗ്യവാനായ വ്യക്തി, ആരോഗ്യമുള്ള സമൂഹം, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥ'' - എന്ന ആചാര്യ മഹാപ്രഗ്യാജിയുടെ മന്ത്രവും പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ വാക്കുകള്‍ നമുക്ക് ഏറെ പ്രചോദനമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദൃഢനിശ്ചയത്തോടെ ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്കുള്ള യാത്രയില്‍ മഹാപ്രഗ്യാജിയുടെ ഈ മന്ത്രവുമായി ഇന്ന് രാജ്യം മുന്നേറുകയാണ്.

നമ്മുടെ ഋഷിവര്യന്മാര്‍ ചൂണ്ടിക്കാട്ടിയ, നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മൂല്യങ്ങള്‍  മാതൃകാപരമാണെന്നും അതു നമ്മുടെ രാജ്യം തെളിയിക്കുകതന്നെ ചെയ്യുമെന്നാണു താന്‍ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളേവരും ആ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
***


(Release ID: 1632616) Visitor Counter : 198