ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 12 JUN 2020 4:00PM by PIB Thiruvananthpuram

 

കോവിഡ്-19 രോഗമുക്തിനിരക്ക് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ 49.47% ആണ് രോഗമുക്തിനിരക്ക്. 1,47,194 പേർ രോഗമുക്തി നേടി.  ഇനി ചികിത്സയിലുള്ളത് 1,41,842 പേർ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,166 പേർ രോഗമുക്തരായി.

രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം മെച്ചപ്പെടുന്നത് തുടരുകയാണ്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം 3.4 ദിവസമായിരുന്നത് ഇപ്പോൾ 17.4 ദിവസമായാണ് വർദ്ധിച്ചിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, നഗരവികസന സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്രകാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസ് നടത്തി. കോവിഡ് -19 നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി അടച്ചിടൽ, പരിശോധനകൾ, രോഗബാധിതരെ കണ്ടെത്തൽ, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, രോഗീപരിചരണം, ജനങ്ങളുടെ സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈറസ് പടരുന്നത് പരിശോധിക്കുന്നതിനായി പ്രഭവകേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേസുകൾ നേരത്തേ തിരിച്ചറിയുന്നതിന് കണ്ടെയ്ൻമെൻറ് സോണുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വീടുകൾ തോറും സജീവ നിരീക്ഷണം നടത്താനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മതിയായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരെയും ഒരുക്കുന്നതിനോടൊപ്പം ഭാവിയിലെ രോഗബാധിതരുടെ എണ്ണം മുൻകൂട്ടിക്കണ്ട് അത് കൈകാര്യം ചെയ്യുന്നതിനായി ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വേഗത്തിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നോവൽ കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐ.സി.എം.‌ആർ. വർദ്ധിപ്പിച്ചു. സർക്കാർ മേഖലയിൽ 637 ഉം, സ്വകാര്യമേഖലയിൽ 240 ഉം  ഉൾപ്പടെ മൊത്തം 877 ലാബുകൾ രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,50,305 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകൾ 53,63,445 ആണ്.

കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയതും ആധികാരികവുമായ സാങ്കേതിക വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവയ്ക്ക് https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദര്‍ശിക്കാവുന്നതാണ്. 


കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് ‌ technquery.covid19[at]gov[dot]inലും, മറ്റ് സംശയങ്ങൾക്ക്  ncov2019[at]gov[dot]in, @CovidIndiaSevaഎന്നിവയിലും ബന്ധപ്പെടാം.

കോവിഡ് -19 സംബന്ധിച്ച സംശയങ്ങൾക്ക്, ദയവായി ആരോഗ്യ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പർ ആയ +91-11-23978046 അല്ലെങ്കിൽ 1075 ൽ വിളിക്കുക. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കോവിഡ് -19 സംബന്ധിച്ച ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdfൽ ലഭ്യമാണ്.

***


(Release ID: 1631207) Visitor Counter : 259