ആഭ്യന്തരകാര്യ മന്ത്രാലയം

കുടിയേറ്റ തൊഴിലാളികൾക്കായി കൂടുതൽ തീവണ്ടികൾ ഓടിക്കുന്നതിന് സംസ്ഥാനങ്ങളും റെയിൽവേയും തമ്മിൽ മികച്ച സഹകരണം ആവശ്യം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Posted On: 19 MAY 2020 11:43AM by PIB Thiruvananthpuram



ന്യൂഡൽഹി , മെയ് 19, 2020


കോവിഡ്ബാധയുണ്ടാകുമെന്ന പേടിയും, ജീവിതമാർഗം നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയുമാണ്, കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെയ്ക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾ ലഘൂകരിക്കണമെങ്കിൽ, സംസ്ഥാനഭരണകൂടങ്ങൾ കേന്ദ്രവുമായി ചേർന്ന് നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

നടപടികൾ താഴെപ്പറയുന്നു:

·
സംസ്ഥാനങ്ങളും, റെയിൽവേ മന്ത്രാലയവുമായുള്ള മികച്ച സഹകരണത്തിലൂടെ, കൂടുതൽ തീവണ്ടി സേവനങ്ങൾ

· കുടിയേറ്റ തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള കൂടുതൽ ബസ് സേവനങ്ങൾ; അന്തർസംസ്ഥാന അതിർത്തികളിൽ ഇത്തരം ബസുകൾക്ക് പ്രവേശനം അനുവദിക്കൽ

· ബസുകൾ, തീവണ്ടികൾ എന്നിവ പുറപ്പെടുന്നതിനെപ്പറ്റിയുള്ള വ്യക്തതയില്ലായ്മയും, ഊഹാപോഹങ്ങളും കുടിയേറ്റത്തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണം

· കുടിയേറ്റ തൊഴിലാളികൾ കാൽനടയായി സഞ്ചരിക്കുന്നു എന്നുറപ്പുള്ള പാതകളിൽ, വിശ്രമകേന്ദങ്ങൾ സജ്ജമാക്കണം. ശുചിമുറി, ഭക്ഷണം, ആരോഗ്യപാലനം എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഇവിടങ്ങളിൽ ഉറപ്പാക്കണം

· കാൽനടയായി സഞ്ചരിക്കുന്ന കുടിയേറ്റതൊഴിലാളികളെ വിശ്രമകേന്ദ്രങ്ങൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ ജില്ലാ ഭരണകൂടങ്ങൾ എത്തിക്കണം. ഇതിനായി പ്രത്യേക യാത്രാസംവിധാനം ഉറപ്പാക്കണം

· കുടിയേറ്റ തൊഴിലാളികളിൽ തന്നെ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം

· ക്വാറന്റീനെ സംബന്ധിച്ച് തൊഴിലാളികൾക്കുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ, വിശ്രമകേന്ദ്രങ്ങളിൽ ഗവൺമെന്റിതര സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം ജില്ലാഭരണകൂടങ്ങൾ ഉറപ്പാക്കണം. അതാത് സ്ഥലങ്ങളിൽ തന്നെ തുടരാൻ തൊഴിലാളികളെ പ്രേരിപ്പിക്കാനും ഇവർ ശ്രദ്ധിക്കണം


· കുടിയേറ്റതൊഴിലാളികളുടെ വിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കണം. ഭാവിയിൽ രോഗ സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതിന് ഇത് സഹായിക്കും.

ഒരു കുടിയേറ്റതൊഴിലാളിപോലും, റോഡ് മാർഗമോ, റെയിൽ പാതകൾ വഴിയോ കാൽനടയായി നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ജില്ലാഭരണകൂടങ്ങൾ ഉറപ്പാക്കണമെന്ന്, അറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ,ആവശ്യമെങ്കിൽ, തീവണ്ടി സേവനങ്ങൾ നടത്താൻ ഭരണകൂടങ്ങൾക്ക് റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിക്കാവുന്നതാണ്.

സംസ്ഥാനങ്ങൾക്കുള്ള ഔദ്യോഗിക അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://static.pib.gov.in/WriteReadData/userfiles/MHA%20DO%20Lr.%20Dt.%2018.5.2020%20to%20Chief%20Secretaries%20reg.%20measures%20to%20be%20taken%20in%20movement%20of%20stranded%20workers.pdf



(Release ID: 1625071) Visitor Counter : 151