പ്രധാനമന്ത്രിയുടെ ഓഫീസ്‌

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Posted On: 11 MAY 2020 10:22PM by PIB Thiruvananthpuram

2020 മാര്‍ച്ച് മുതല്‍ നടക്കുന്ന മുഖ്യമന്ത്രിമാരുമായുള്ള ഇത്തരത്തിലുള്ള അഞ്ചാമത്തെ യോഗം.
ഇനിയുള്ള പ്രയത്‌നം കോവിഡ്- 19 ഗ്രാമീണ മേഖലയില്‍ പടരാതിരിക്കാന്‍ ആയിരിക്കണമെന്നു പ്രധാനമന്ത്രി
കോവിഡിനു ശേഷമുള്ള കാലത്തെ അവസരങ്ങളില്‍നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കണം: നരേന്ദ്ര മോദി
പുതിയ ലോക യാഥാര്‍ഥ്യത്തിനായി നാം തയ്യാറെടുക്കണം: പ്രധാനമന്ത്രി

കോവിഡ്- 19നെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. 
യോഗത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: 'ഏറ്റവും മോശം സാഹചര്യമുള്ള ഇടങ്ങള്‍ ഉള്‍പ്പെടെ, ഇന്ത്യയില്‍ മഹാവ്യാധി പടരുന്ന പ്രദേശങ്ങളെ സംബന്ധിച്ച വ്യക്തമായ സൂചന നമുക്കുണ്ട്. അതിലുപരി, ഇത്തരം സാഹചര്യത്തെ ജില്ലാ തലം വരെ എങ്ങനെ കൈകാര്യംചെയ്യണമെന്നു കഴിഞ്ഞ ഏതാനും ആഴ്ചകള്‍കൊണ്ട് ഉദ്യോഗസ്ഥര്‍ പഠിക്കുകയും ചെയ്തു.'
കോവിഡ്- 19 പടരുന്നതു സംബന്ധിച്ച ഈ തിരിച്ചറിവു രോഗത്തിനെതിരെ കൂടുതല്‍ ശ്രദ്ധാപൂര്‍വം പൊരുതുന്നതിനു രാജ്യത്തെ സഹായിക്കും. 
'അതുകൊണ്ടുതന്നെ, കൊറോണ വൈറസിനെതിരായ ഈ യുദ്ധത്തില്‍ നമ്മുടെ തന്ത്രങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ സാധിക്കും. രണ്ടു വഴിക്കുള്ള വെല്ലുവിളികളാണു നമുക്കുള്ളത്- രോഗത്തിന്റെ വ്യാപനം തടയുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു പൊതുജീവിതം ക്രമേണ വര്‍ധിപ്പിക്കുക എന്നിവ. ഈ രണ്ടു ലക്ഷ്യങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി നമുക്കു പ്രവര്‍ത്തിക്കേണ്ടതുണ്ട്', അദ്ദേഹം പറഞ്ഞു. 
കോവിഡ്- 19 ഗ്രാമ പ്രദേശങ്ങളില്‍ പടരാതെ നോക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി ആവശ്യമെന്നു പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി. 
സമ്പദ്‌വ്യവസ്ഥ സംബന്ധിച്ചു സംസ്ഥാനങ്ങള്‍ നല്‍കിയ അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 
കോവിഡ്- 19നെതിരെ പോരാടുന്നതിനു പ്രധാനമന്ത്രി നല്‍കുന്ന നേതൃത്വത്തെ മുഖ്യമന്ത്രിമാര്‍ പ്രശംസിച്ചു. രാജ്യത്ത് വൈദ്യ, ആരോഗ്യ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാര്‍ തിരിച്ചെത്തുന്നതോടെ രോഗം പടരുന്നത് ഇല്ലാതാക്കുന്നതിനായി സാമൂഹ്യ അകലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗവും നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നു പല മുഖ്യമന്ത്രിമാരും ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലാണു കൂടുതല്‍ ജാഗ്രത ആവശ്യം. 
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ മടങ്ങിയെത്തുമ്പോള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പാക്കണമെന്നതും ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. സമ്പദ്‌വ്യവസ്ഥ സംബന്ധിച്ചു മുഖ്യമന്ത്രിമാര്‍ നല്‍കിയ അഭിപ്രായങ്ങളില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും പിന്‍തുണ നല്‍കണമെന്നും വായ്പകളുടെ പലിശനിരക്കു കുറയ്ക്കണമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിപണി ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
രാജ്യം കോവിഡ്- 19നെതിരായി നടത്തുന്ന പോരാട്ടത്തില്‍ പ്രതികരണാത്മകമായ പങ്കു വഹിച്ചതിനു മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. താഴെത്തട്ടില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടു നല്‍കിയ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞു. 
കോവിഡ്- 19നു ശേഷം ലോകത്തിന് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചു എന്നു നാം തിരിച്ചറിയണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോക മഹാ യുദ്ധങ്ങളുടെ കാര്യത്തിലെന്ന പോലെ ലോകം കൊറോണയ്ക്കു മുന്‍പും കൊറോണയ്ക്കു ശേഷവും എന്ന നിലയിലേക്കു മാറും. ഇതു നമ്മുടെ പ്രവൃത്തികളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കും. 
'ജന്‍സെ ലേകര്‍ ജഗ് തക്' എന്ന നിലയില്‍ വ്യക്തിയില്‍നിന്ന് ആകെ മാനവികതയിലേക്ക് എന്നതിലേക്കു ജീവിത ക്രമം സംബന്ധിച്ച ആദര്‍ശം മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
പുതിയ യാഥാര്‍ഥ്യത്തിനായി നാമൊക്കെ സജ്ജമാവണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 
'ലോക്ഡൗണ്‍ ക്രമേണ പിന്‍വലിക്കാനാണു ശ്രമിക്കുന്നതെങ്കിലും പ്രതിരോധ കുത്തിവെപ്പോ പരിഹാരമോ കണ്ടെത്തുന്നതുവരെ നാം എപ്പോഴും ഓര്‍ക്കേണ്ട കാര്യം വൈറസിനെതിരെ പോരാടുന്നതില്‍ ഏറ്റവും വലിയ ആയുധം സാമൂഹിക അകലം പാലിക്കലാണ് എന്നതാണ്', അദ്ദേഹം പറഞ്ഞു. 
ദോ ഗാസ് കീ ദൂരിയുടെ പ്രാധാന്യം ആവര്‍ത്തിച്ച പ്രധാനമന്ത്രി, നിശാ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നു പല മുഖ്യമന്ത്രിമാരും മുന്നോട്ടുവെച്ച നിര്‍ദേശം ജനങ്ങളില്‍ ജാഗ്രത നിലനിര്‍ത്തുന്നതിനു സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി. 
ലോക്ഡൗണ്‍ സംബന്ധിച്ച വ്യക്തമായ പ്രതികരണം നല്‍കാന്‍ അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിച്ചു. 
'നിങ്ങളുടെ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ എങ്ങനെ മുമ്പോട്ടു കൊണ്ടുപോകണമെന്നതു സംബന്ധിച്ച വിപുലമായ നയം മേയ് 15നകം പങ്കുവെക്കണമെന്നു നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളിലും തുടര്‍ന്നും വിവിധ കാര്യങ്ങള്‍ എങ്ങനെ ചെയ്യുമെന്ന രൂപരേഖ സംസ്ഥാനങ്ങള്‍ തയ്യാറാക്കണം', പ്രധാനമന്ത്രി പറഞ്ഞു. 
്അദ്ദേഹം തുടര്‍ന്നു: 'മുന്നിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനായി എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള സമീപനമാണ് ആവശ്യം. മണ്‍സൂണിന്റെ വരവോടെ കോവിഡ് ഇതര രോഗങ്ങള്‍ പലതും വ്യാപിക്കും. അതിനായി വൈദ്യ-ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നാം തയ്യാറെടുക്കണം'.
വിദ്യാഭ്യാസ മേഖലയില്‍ പുതിയ പഠന, പാഠന മാതൃകകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ചിന്തിക്കണമെന്നും നയരൂപീകരണം നിര്‍വഹിക്കുന്നവരോട് അദ്ദേഹം ആവശ്യപ്പെട്ടു. 
വിനോദസഞ്ചാരത്തെ കുറിച്ചു പരാമര്‍ശിക്കവേ, ആഭ്യന്തര വിനോദ സഞ്ചാരത്തിനു സാധ്യത കാണുന്നു എന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, അത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നു ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു.
'ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ കൈക്കൊള്ളേണ്ടിവന്ന നടപടികള്‍ രണ്ടാം ഘട്ടത്തില്‍ ആവശ്യമായി വന്നില്ല. അതുപോലെ മൂന്നാം ഘട്ടത്തില്‍ ആവശ്യമായി വന്നവ നാലാം ഘട്ടത്തില്‍ വേണ്ടിവന്നില്ല.'
തീവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വു പകരാന്‍ ഇത് ആവശ്യമാണെന്നു ചൂണ്ടിക്കാണിച്ചു. എന്നാല്‍, എല്ലാ റൂട്ടുകളിലും ഗതാഗതം പുനരാരംഭിക്കില്ലെന്നു വ്യക്തമാക്കി. ഏതാനും ചില തീവണ്ടികള്‍ മാത്രം ഓടാന്‍ അനുവദിക്കുമെന്നു വെളിപ്പെടുത്തി. 
ഒരു സംസ്ഥാനത്തിനു പോലും നിരാശയുണ്ടായില്ല എന്നതു ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ തന്നെ സഹായിക്കുന്നു എന്നും സംഘടിതമായ ഈ ദൃഢനിശ്ചയം കോവിഡ്- 19നെതിരെയുള്ള പോരാട്ടം വിജയിക്കുന്നതിന് ഇന്ത്യക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 
കോവിഡിനു ശേഷമുള്ള കാലം നല്‍കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.


(Release ID: 1623190) Visitor Counter : 397