ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍



ഇതുവരെ 11,706 പേര്‍ രോഗമുക്തരായി

Posted On: 04 MAY 2020 6:21PM by PIB Thiruvananthpuram




രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി ശ്രീ. നരോത്തം മിശ്രയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെയും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, നിരീക്ഷണം, വീടുതോറും പരിശോധന നടത്തി രോഗബാധയുള്ളവരെ കണ്ടെത്തല്‍, കോവിഡ് ബാധയില്ലാത്തവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഏപ്രില്‍ 17 മുതല്‍ രോഗം ഭേദമായവരും മരിച്ചവരും തമ്മിലുള്ള അനുപാതത്തില്‍ ആശാവഹമായ മാറ്റമാണ് ഉണ്ടായത്. നിലവില്‍ 90:10 ആണ് രോഗമുക്തരായവരും മരിച്ചവരും തമ്മിലുള്ള അനുപാതം. 2020 ഏപ്രില്‍ 17ന് മുമ്പ് ഇത് 80:20 ആയിരുന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 11,706 പേരാണ്. രോഗമുക്തി നിരക്ക് 27.52 ശതമാനം. ആകെ 42,533 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മുതല്‍ 2553 പേരുടെ വര്‍ധനയാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്.

രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ഫലപ്രദമായ ചികിത്സ ഒരുക്കുന്നതിനലും ശ്രദ്ധ ചെലുത്തണം.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോഴും നടപടിക്രമങ്ങളും ശാരീരിക അകലവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. കൈകഴുകല്‍, പരിസരം വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തരുത്.  കോവിഡ് 19 നെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും അവബോധവും ജാഗ്രതയും ഉണ്ടായിരിക്കുകയും വേണം. പൊതു ഇടങ്ങളില്‍ എപ്പോഴും മുഖാവരണങ്ങളോ മാസ്‌കുകളോ ധരിക്കണം. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങള്‍ അല്ലെങ്കില്‍പ്പോലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. അവശ്യവസ്തുക്കള്‍ വാങ്ങുമ്പോഴും  പൊതു സ്ഥലങ്ങളില്‍ പോകുമ്പോഴും തിക്കും തിരക്കും ഒഴിവാക്കുക.

കോവിഡ് - 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****



(Release ID: 1621009) Visitor Counter : 161