ഉപരാഷ്ട്രപതിയുടെ കാര്യാലയം

ലോക്‌ ഡൗൺ കാലത്ത്‌ സാങ്കേതിക വിദ്യയുടെ പൂർണ സഹായത്തോടെ  അക്കാദമിക കലണ്ടറിന്റെ തുടർച്ച ഉറപ്പു വരുത്തണമെന്ന്‌ സർവകലാശാലകളോടു ഉപരാഷ്‌ട്രപതി  എം വെങ്കയ്യ നായിഡു

Posted On: 13 APR 2020 1:33PM by PIB Thiruvananthpuram

ന്യൂഡൽഹി , ഏപ്രിൽ 13 ,2020

ലോക്‌ ഡൗൺ കാലത്ത്‌ സാങ്കേതിക വിദ്യയുടെ പൂർണ സഹായത്തോടെ  അക്കാദമിക   കലണ്ടറിന്റെ തുടർച്ച ഉറപ്പു വരുത്തണമെന്ന്‌ ഉപരാഷ്‌ട്രപതി  എം വെങ്കയ്യ നായിഡു സർവകലാശാലകളോടും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും നിർദേശിച്ചു. ഡൽഹി, പുതുച്ചേരി, പഞ്ചാബ്, മഖൻലാൽ ചതുർവേദി സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ എന്നിവരുമായി  വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയായി രുന്നു  ഉപരാഷ്ട്രപതി. വിദ്യാർഥികളുമായി ബന്ധം സ്ഥാപിച്ച്‌  പരസ്‌പരം  സഹകരിച്ചുള്ള  പഠനവും സ്വയം പഠനവും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു .

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ അധ്യക്ഷനും നാല് സർവകലാശാലകളുടെ ചാൻസലറുമാണ് ഉപരാഷ്ട്രപതി. എല്ലാ വിദ്യാർത്ഥികളും പരസ്‌പര സംവേദ പഠനം ഉറപ്പാക്കുന്നതിനായി സാങ്കേതിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഉപരാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

അധ്യാപന -പഠന പ്രക്രിയ  മുടങ്ങാതിരിക്കാൻ മതിയായ നടപടികൾ സ്വീകരിച്ചതിന് ശ്രീ നായിഡു സർവകലാശാലകളെ അഭിനന്ദിച്ചു. ഓൺലൈൻ കോഴ്സുകൾ മുഖത്തോടു മുഖം നോക്കിയുള്ള പഠന മാര്ഗങ്ങള്ക്കു തുല്യം ആകുമെന്നും  പ്രതിസന്ധിയുടെ മൂർധന്യാവസ്ഥ കഴിഞ്ഞ ശേഷം ഇവയെല്ലാം പുതിയ സാധാരണ കാര്യങ്ങൾ ആയിത്തീരാൻ  സാധ്യത ഉണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനും കൃത്യമായ ശാരീരിക വ്യായാമം ചെയ്യാനും ഉദാസീനമായ ജീവിതശൈലി വെടിയാനും വിദ്യാർത്ഥികളെ ഉപദേശിച്ച  ശ്രീ നായിഡു പ്രകൃതി ജീവന പാഠത്തിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.

ലഭ്യമായ സമയം അർത്ഥപൂർണമായി വിനിയോഗിക്കാനും ഇ-ലേണിംഗ് വിഭവങ്ങൾ പ്രയോജനപ്പെടുത്താനും വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കണമെന്നും ശ്രീ നായിഡു സർവകലാശാലകളോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൺ കാലയളവിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളിൽ കുറച്ച് സമയം മാത്രം ചെലവഴിച്ച്‌,  പുതിയ ഭാഷകൾ പഠിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, വിദ്യാർഥികൾ കുടുംബാംഗങ്ങളുമായി ഇടപഴകാനും സമയം കണ്ടെത്തണം.

സന്നദ്ധ സംഘടനകൾ നടത്തുന്ന  സേവന പ്രവർത്തനങ്ങളിൽ പങ്കുചേരാനും ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.  സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 



(Release ID: 1613951) Visitor Counter : 198