റെയില്‍വേ മന്ത്രാലയം

കോവിഡ്-19: വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്കുമായി പ്രതിദിനം 1000 വ്യക്തിഗത സുരക്ഷാ കവചങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു
 
ആവശ്യത്തിന് അനുസൃതമായി മുഖ്യധാരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ശതമാനം ശരീര സംരക്ഷണ കവചങ്ങള്‍ നല്‍കുന്ന കാര്യവും പരിഗണനയില്‍

സുരക്ഷാ ഉപകരണങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചത് റെയില്‍വേയുടെ ജഗാധരിയിലുള്ള വര്‍ക്ക്‌ഷോപ്പില്‍; പതിനേഴോളം റെയില്‍വേ വര്‍ക്ക്‌ഷോപ്പുകളില്‍ കൂടി ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ

Posted On: 07 APR 2020 12:45PM by PIB Thiruvananthpuram

 


യുദ്ധകാലാടിസ്ഥാനത്തില്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തം നിലയില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. ജഗാധരി വര്‍ക്ക്‌ഷോപ്പില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഈയിടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ലാബില്‍ വിജയകരമായി പരിശോധന നടത്തിയിരുന്നു. അംഗീകൃത ഡിസൈനും സാമഗ്രികളും ഉപയോഗിച്ച് രാജ്യത്തെ വിവിധ റെയില്‍വേ സോണുകള്‍ക്ക് കീഴില്‍ ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് നിര്‍മിക്കപ്പെടുന്നത്. ആരോഗ്യരംഗത്തെ ജീവനക്കാര്‍ക്കായി പ്രതിദിനം 1000 സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരുന്നു.

പുതുതായി രൂപം നല്‍കിയ സുരക്ഷാ ഉപകരണങ്ങളില്‍ 50 ശതമാനം രാജ്യത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്ക്,  നല്‍കാനും റെയില്‍വേ പദ്ധതിയിടുന്നു. പഞ്ചാബിലെ നിരവധി പ്രമുഖ വസ്ത്ര വ്യവസായ സ്ഥാപനങ്ങള്‍ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന ജഗാധരിയിലാണ് നിലവില്‍ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ സംഭരിച്ചിട്ടുള്ളത്.

അടുത്ത ദിവസങ്ങളില്‍ സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഈ സംഭാവനയെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തു. .

സുരക്ഷാ ഉപകരണ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യയും വസ്തുക്കളും തയ്യാറായിട്ടുണ്ട്. സാമഗ്രികളുടെ വിതരണക്കാരും സജ്ജമാണ്. ഇപ്പോള്‍ ഏത് സമയത്തും ഉല്‍പ്പാദനം ആരംഭിക്കാനാകുന്ന നിലയിലാണുള്ളത്. സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുക വഴി കോവിഡ് 19 നെതിരെ  ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും നടത്തുന്ന പോരാട്ടങ്ങള്‍ ഊര്‍ജിതമാകും.

ഉല്‍പാദന കേന്ദ്രങ്ങളിലും വര്‍ക്ക്‌ഷോപ്പുകളിലും ആവശ്യമായത്ര ദിവസത്തേക്ക് ഒരു തുന്നല്‍ മെഷീന്‍ ഉപയോഗിച്ച് മണിക്കൂറില്‍ മൂന്ന് സെറ്റ് സുരക്ഷാ ഉപകരണങ്ങള്‍ എന്ന കണക്കില്‍ ഉല്‍പാദനം നടത്താന്‍ ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നു.
***



(Release ID: 1611973) Visitor Counter : 207