ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 പുതിയ വിവരങ്ങള്‍
Posted On:
06 APR 2020 5:27PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കാബിനറ്റ് സെക്രട്ടറി വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി ജില്ലാ തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുകയും എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതികരണങ്ങളുടെ വെളിച്ചത്തില്‍ വേണ്ട വിധത്തില്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു. കോവിഡ് 19 നെ നേരിടാനായി ദുരന്ത പ്രതികരണ പദ്ധതികള്‍ എല്ലാ ജില്ലകളിലും സജ്ജമാക്കണമെന്നും നിര്‍ദേശം നല്‍കി.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്നവരെയും ഉയര്‍ന്ന രോഗ സാധ്യത ഉള്ളവരെയും ക്വാറന്റൈന്‍ ചെയ്യപ്പെട്ട മറ്റു വ്യക്തികളില്‍ നിന്ന് എത്രയും വേഗം മാറ്റി നിര്‍ത്തുന്നതിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/90542653311584546120quartineguidelines.pdf
കോവിഡ് 19 രോഗികളുടെ പരിചരണം, ചികിത്സ, ക്വാറന്റൈന്‍ സമയങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ അവ ലഭ്യമാണ്:
https://www.mohfw.gov.in/pdf/63948609501585568987wastesguidelines.pdf.
ഇതു കൂടാതെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന സമ്മര്‍ദങ്ങളും ആശങ്കകളും കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നു വിശദമാക്കുന്ന വീഡിയോകളും കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും കോവിഡ് 19 പരിശോധനയ്ക്കുള്ള പ്രത്യേക ആശുപത്രികളുടെയും നിര്‍മ്മാണം, ചികിത്സാ ഉപകരണങ്ങള്‍ക്കും രോഗികളുടെ ചികിത്സയ്ക്കുമുള്ള ചെലവ്, കോവിഡ് 19 കൈകാര്യം ചെയ്യാനുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ദേശീയ ആരോഗ്യ മിഷന്റെയും (എന്‍എച്ച്എം) സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെയും കീഴിലുള്ള തുക ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും 1100 കോടി രൂപ എന്‍എച്ച്എം അനുവദിച്ചിട്ടുണ്ട്. അധിക തുകയായി 3000 കോടി രൂപയും ഇന്ന് അനുവദിച്ചു. കൂടാതെ കേന്ദ്ര പൂളില്‍ നിന്നുള്ള എന്‍ 95 മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, ശരീര സുരക്ഷാ കവചങ്ങള്‍ എന്നിവ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.
നിലവില്‍ 4067 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചിട്ടുള്ളത്. 109 മരണവും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു. രോഗ മുക്തി നേടിയ 291 പേര്‍ ആശുപത്രി വിട്ടു.
നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തിലുള്ള വിശകലനം താഴെ സൂചിപ്പിക്കുന്നു:
സ്ത്രീ - പുരുഷ അനുപാതം
* 76 % പുരുഷന്മാര്‍
* 24 % സ്ത്രീകള്‍
വയസ് അനുപാതം
* 47 % പേര്‍ 40 വയസിനു താഴെ പ്രായമുള്ളവര്‍
* 34 % പേര്‍ 40 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍
* 19 % പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍
നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രോഗം ബാധിച്ച് മരിച്ച 109 പേരുടെ കാര്യത്തിലുള്ള വിശകലനം താഴെ സൂചിപ്പിക്കുന്നു:
സ്ത്രീ - പുരുഷ അനുപാതം
* 73 % പുരുഷന്മാര്‍
* 27 % സ്ത്രീകള്‍
വയസ് അനുപാതം
* മരിച്ച 63 % പേരും വയോധികരാണ്. (60 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍)
* 30 % പേര്‍ 40 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍
*? 7 % പേര്‍ 40 വയസിനു താഴെ പ്രായമുള്ളവര്‍
നിലവില്‍ കോവിഡ് ബാധിച്ചു മരിച്ച 86 % പേരും പ്രമേഹം, വൃക്കകള്‍ക്കുണ്ടാകുന്ന അസുഖം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയാല്‍ കഷ്ടപ്പെട്ടിരുന്നവരാണ്. പ്രായം കൂടിയവരില്‍ 19 ശതമാനം കോവിഡ് ബാധിതര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും അവരില്‍ 63 ശതമാനം പേര്‍ മരിച്ചു എന്നതിനാല്‍ പ്രായമായ ആളുകള്‍ ഉയര്‍ന്ന അപകട സാധ്യതയില്‍ തന്നെയാണുള്ളത്. ഇതു കൂടാതെ 60 വയസില്‍ താഴെ പ്രായമുള്ളവരില്‍ 37 ശതമാനം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇതില്‍ 86 ശതമാനം മരണവും മറ്റ് അസുഖങ്ങള്‍ കൂടി ബാധിച്ചവരിലാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ വിഭാഗത്തില്‍ ഉള്ളവരെയും ഉയര്‍ന്ന അപകട സാധ്യതയുള്ള തലത്തിലാണ് പെടുത്തിയിട്ടുള്ളത്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1611762)
Visitor Counter : 506
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada