57th International Film Festival of India 2026
20 – 28 Nov 2026

സർഗാത്മക ആശയങ്ങളിൽ നിന്ന് ആഗോള അവസരങ്ങളിലേക്ക്: വേവ്സ് ഫിലിം ബസാർ 2026 ഗോവയിൽ ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 20 NOV 2026 2:03PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339183Views: 8

വേവ്സ് ഫിലിം ബസാറിൻ്റെ   20-ാമത് പതിപ്പിന് ഇന്ന് ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസണിൽ തുടക്കമായി. ഇന്ത്യയുടെയും , അന്താരാഷ്ട്ര തലത്തിലെയും ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം രൂപപ്പെടുത്തിയ രണ്ട് ദശാബ്ദങ്ങളുടെ യാത്രയുടെ പുതിയ പതിപ്പിനാണ് ഇതോടെ തുടക്കമായത്. വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ (NFDC) സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഈ വിപണിയിൽ ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, എഴുത്തുകാർ, നിക്ഷേപകർ, വിതരണക്കാർ, മറ്റ് വ്യവസായ രംഗത്തെ പ്രൊഫഷണലുകൾ എന്നിവർ ഒത്തുചേരുന്നു. സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനും സർഗാത്മക പദ്ധതികളെ ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ വേദി ലക്ഷ്യമിടുന്നത്.

 

ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, 2007-ൽ 18 രാജ്യങ്ങളിൽ നിന്നുള്ള 204 പ്രതിനിധികളുമായി ആരംഭിച്ച ഫിലിം ബസാർ സമീപകാല പതിപ്പുകളിൽ 2,500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന തരത്തിൽ വളർന്നതിനെ ചൂണ്ടിക്കാട്ടി. സർഗാത്മക ആശയങ്ങളെ വാണിജ്യ അവസരങ്ങളാക്കി മാറ്റുന്ന വേദിയാണ് വേവ്സ് ഫിലിം ബസാറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 

2025-ലെ വേവ്സിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്ന കാഴ്ചപ്പാട് പരാമർശിച്ചുകൊണ്ട്, ഇന്ത്യൻ സർഗാത്മക പ്രതിഭകൾക്ക് അന്താരാഷ്ട്ര വിപണികളിലേക്കും അവസരങ്ങളിലേക്കും കൂടുതൽ പ്രവേശനം ലഭ്യമാക്കേണ്ടതിൻ്റെ   പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സഹകരണത്തിന്റെയും കണ്ടെത്തലിൻ്റെയും വേദിയായാണ് ഫിലിം ബസാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ ഈ വിപണിയെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇവിടെ കഥകൾക്ക് പങ്കാളിത്തങ്ങളായി വളരാനും സർഗാത്മകതയ്ക്ക് ദീർഘകാല സാമ്പത്തിക, സാംസ്കാരിക മൂല്യം സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ

 

മുഖ്യാതിഥിയായി ചടങ്ങിൽ സംസാരിച്ച ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ ആശുതോഷ് ഗോവാരികർ, ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെയും അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായ രംഗത്തെ പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഫിലിം ബസാറിനുള്ള സവിശേഷ പങ്ക് എടുത്തുപറഞ്ഞു.

 

ചലച്ചിത്ര പ്രവർത്തകരുടെ സർഗാത്മക യാത്രയിലെ ഓരോ ഘട്ടത്തിലും ഈ വേദി പങ്കാളിയാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമ പൂർത്തിയാകുന്നതുവരെ വേവ്സ് ഫിലിം ബസാർ കാത്തുനിൽക്കില്ലെന്നും, ഒരു ചലച്ചിത്ര പ്രവർത്തകൻ പദ്ധതിയുടെ ഏത് ഘട്ടത്തിലാണോ അതേ ഘട്ടത്തിൽ തന്നെ അവരുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂർത്തിയാകാത്ത തിരക്കഥയുമായി ഒരു ചലച്ചിത്ര പ്രവർത്തകൻ എത്തിയാലും, പൂർത്തിയായ സിനിമയുമായി പ്രേക്ഷകരെ തേടി എത്തിയാലും, ആ പദ്ധതിയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നവരെ ഈ വിപണി ഒരുമിച്ച് കൊണ്ടുവരുന്നു. പലപ്പോഴും ഒരു കപ്പ് കാപ്പി കുടിക്കാനുള്ള ക്ഷണത്തോടെ ആരംഭിക്കുന്ന ലളിതമായ സംഭാഷണം പോലും അർത്ഥവത്തായ സഹകരണങ്ങളിലേക്ക് വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു .

 

ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരികർ

 

സദസ്സിനെ സ്വാഗതം ചെയ്ത NFDC മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ്, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) അവിഭാജ്യ ഘടകമാണ് ഫിലിം ബസാറെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഈ ബന്ധം ഫിലിം ബസാർ നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിം ബസാർ ഇപ്പോൾ കൂടുതൽ വലുതും വിപുലവുമായ വേദിയായി വളർന്നതായും, ചലച്ചിത്ര വ്യവസായത്തിനുള്ള അതിൻ്റെ   പരിധിയും അവസരങ്ങളും വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു.

 

സിനിമയുടെ പരിവർത്തനാത്മക ശക്തി എടുത്തുപറഞ്ഞ അദ്ദേഹം, കാര്യങ്ങളെ വ്യത്യസ്തമായി കാണാൻ മനുഷ്യരെ പ്രാപ്തരാക്കുന്നത് ഒരു സമ്മാനമാണെന്ന് അഭിപ്രായപ്പെട്ടു. നാല് ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും, പങ്കെടുക്കുന്നവരുമായി സംവദിക്കാനും, പ്രത്യേകിച്ച് പൂർത്തിയാകാത്ത പദ്ധതികൾ ഉൾപ്പെടെയുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും, ഒരു ‘അതെ’ ലഭിക്കുമെന്ന പ്രതീക്ഷയോടെ അവസരങ്ങൾ തേടാനും അദ്ദേഹം പ്രതിനിധികളോട് ആഹ്വാനം ചെയ്തു.

വലതുവശത്ത് നിന്ന് – ശ്രീ പ്രഭാത്, അഡീഷണൽ സെക്രട്ടറി, വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം, ജി. കൃഷ്ണകുമാർ, ചെയർമാൻ, NFDC, ശ്രീ ചഞ്ചൽ കുമാർ, സെക്രട്ടറി, വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം, ശ്രീ അശുതോഷ് ഗോവാരികർ, ഫെസ്റ്റിവൽ ഡയറക്ടർ, ശ്രീ ധീരജ് സിംഗ്, മാനേജിംഗ് ഡയറക്ടർ, NFDC

 

വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് നന്ദിപ്രമേയം അവതരിപ്പിച്ചു. NFDC ചെയർമാൻ ജി. കൃഷ്ണകുമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

വേവ്സ് ഫിലിം ബസാർ രണ്ട് ദശാബ്ദങ്ങൾ പൂർത്തിയാക്കുമ്പോൾ, ചലച്ചിത്ര വ്യവസായത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഉപരിയായി കഥകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കുന്ന വേദിയായി അതിൻ്റെ   പങ്ക് വിശാലമാകുന്നു . ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ, എഴുത്തുകാർ, നിക്ഷേപകർ, വിതരണക്കാർ എന്നിവരുമായി ചലച്ചിത്ര പ്രവർത്തകരെ ബന്ധിപ്പിക്കുന്നതിലൂടെ, മികച്ച ആശയങ്ങൾക്ക് അനുയോജ്യമായ സഹപ്രവർത്തകരെ കണ്ടെത്താനും വൈവിധ്യമാർന്ന ഇന്ത്യൻ കഥകൾക്ക് അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരം ലഭ്യമാക്കാനും ഈ വിപണി ലക്ഷ്യമിടുന്നു. സംഭാഷണങ്ങൾ സഹകരണങ്ങളിലേക്കും സർഗാത്മക സാധ്യതകൾ വെള്ളിത്തിരയിലേക്കും വഴിതെളിക്കുന്ന വേദി സൃഷ്ടിക്കുന്നതിലാണ് പരിപാടി പ്രധാനമായും ഊന്നൽ നൽകുന്നത് .

 

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

Yahoo Mail: Search, Organize, Conquer

 

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339183
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026