വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥയും നിർമ്മിതബുദ്ധിയും വഹിക്കുന്ന പങ്കിനെക്കുറിച്ച് 2026-ലെ യൂട്യൂബ് ഇംപാക്റ്റ് ഉച്ചകോടിയിൽ ഡോ. എൽ. മുരുകൻ എടുത്തുപറഞ്ഞു

പോസ്റ്റഡ് ഓണ്‍: 29 SEP 2026 7:46PM by PIB Thiruvananthpuram

നൂതനാശയങ്ങൾക്കും ശാക്തീകരണത്തിനുമുള്ള ഒരു ഉപാധിയായി നിർമ്മിതബുദ്ധിയെ പ്രയോജനപ്പെടുത്താൻ യുവ ഉള്ളടക്ക സ്രഷ്ടാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട്, കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു: "ഭാവി എന്നത് നിർമ്മിതബുദ്ധിയും ഉള്ളടക്ക സ്രഷ്ടാക്കളും തമ്മിലുള്ള പോരാട്ടമാകരുത്; മറിച്ച് ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുന്ന നിർമ്മിതബുദ്ധി ആയിരിക്കണം." "ധൈര്യത്തോടെ സൃഷ്ടിക്കുക, ഉത്തരവാദിത്തത്തോടെ സൃഷ്ടിക്കുക, വ്യക്തമായ ലക്ഷ്യബോധത്തോടെ സൃഷ്ടിക്കുക" എന്ന് യുവ സ്രഷ്ടാക്കളോട് ആഹ്വാനം ചെയ്ത അദ്ദേഹം, "സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോഴും ഭരണഘടനാപരമായ മൂല്യങ്ങൾ നിലനിൽക്കുന്നു” എന്നും ഊന്നിപ്പറഞ്ഞു.

“സ്വാധീനം സംയുക്തമായി സൃഷ്ടിക്കാം: ഇന്ത്യയുടെ ഡിജിറ്റൽ നേതൃത്വവും ഓറഞ്ച് സമ്പദ്‌വ്യവസ്ഥയും ” എന്ന പ്രമേയത്തിൽ ഇന്ന് ന്യൂഡൽഹിയിൽ നടന്ന '2026-ലെ യൂട്യൂബ് ഇംപാക്റ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, ആഗോള സാംസ്കാരിക വ്യാപനം എന്നിവ മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യയുടെ ഡിജിറ്റൽ-ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു. നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ദ്ധർ, ഉള്ളടക്ക സ്രഷ്ടാക്കൾ, സംരംഭകർ, നൂതനാശയക്കാർ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന ഈ ഉച്ചകോടിയിൽ ഡോ. എൽ. മുരുകൻ മുഖ്യപ്രഭാഷണം നടത്തി.

 

വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും കരുത്തേകുന്ന ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥ

ഉച്ചകോടിയിൽ പുറത്തിറക്കിയ 'യൂട്യൂബ് ഇംപാക്റ്റ് റിപ്പോർട്ട്' പ്രകാരം, 2025-ൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (ജിഡിപി) 18,000 കോടിയിലധികം രൂപ സംഭാവന നൽകാൻ യൂട്യൂബിൻ്റെ ക്രിയേറ്റീവ് ആവാസവ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ രാജ്യത്തുടനീളം 9.6 ലക്ഷത്തിലധികം മുഴുവൻ സമയ തൊഴിലുകൾക്ക് തുല്യമായ തൊഴിലവസരങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.

 

ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ഉള്ളടക്കത്തിൻ്റെ ആകെ വാച്ച് ടൈമിൽ 15 ശതമാനത്തിലധികം രാജ്യത്തിന് പുറത്തുനിന്നുള്ള പ്രേക്ഷകരിൽ നിന്നാണെന്നും, 18,000-ത്തിലധികം ഇന്ത്യൻ യൂട്യൂബ് ചാനലുകൾ ഇതിനകം പത്ത് ലക്ഷത്തിലധികം വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഡിജിറ്റൽ ഇന്ത്യയിൽ നിന്ന് ക്രിയേറ്റീവ് ഇന്ത്യയിലേക്ക്

ഡിജിറ്റൽ പണമിടപാടുകൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾ, നിർമ്മിതബുദ്ധി, താങ്ങാനാവുന്ന കണക്റ്റിവിറ്റി, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയിലൂടെ സാധ്യമായ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ച് ഡോ. മുരുകൻ എടുത്തുപറഞ്ഞു. കേവലം ഉപഭോക്താക്കൾ എന്നതിൽ നിന്ന് ഉള്ളടക്ക സ്രഷ്ടാക്കളായും, ഉപഭോക്താക്കളിൽ നിന്ന് നൂതനാശയക്കാരായും, ഉള്ളടക്കം ആസ്വദിക്കുന്നതിൽ നിന്ന് ബൗദ്ധിക സ്വത്തവകാശങ്ങൾ സൃഷ്ടിക്കുന്നതിലേക്കും മാറേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഡിജിറ്റൽ സാങ്കേതികവിദ്യ അവസരങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ മാറ്റിമറിച്ചുവെന്നും, എല്ലാ ജില്ലകളിൽ നിന്നും ഭാഷകളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള പ്രതിഭകൾക്ക് ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ഇത് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.

 

ഓറഞ്ച് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക" എന്ന കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് സ്തംഭങ്ങളായ ഉള്ളടക്കം, സർഗ്ഗാത്മകത, സംസ്കാരം എന്നിവയെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു.

 

സർഗ്ഗാത്മകത എന്നത് വിനോദത്തിനപ്പുറത്തേക്കും വ്യാപിക്കുന്നതാണെന്നും, തൊഴിലവസരങ്ങൾ, ബിസിനസ്സുകൾ, ബൗദ്ധിക സ്വത്തവകാശം, കയറ്റുമതി, സാംസ്കാരിക സ്വാധീനം എന്നിവ സൃഷ്ടിക്കാൻ അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

ഉള്ളടക്ക സ്രഷ്ടാക്കൾക്ക് പകരമാവാനല്ല, അവരെ ശാക്തീകരിക്കാനാണ് നിർമ്മിതബുദ്ധി

എഴുത്ത്, പരിഭാഷ, എഡിറ്റിംഗ്, ആനിമേഷൻ, കമ്പോസിഷൻ, ഡിസൈൻ, വിതരണം തുടങ്ങിയ മേഖലകളിൽ സ്രഷ്ടാക്കളെ സഹായിക്കാൻ നിർമ്മിതബുദ്ധിക്ക് സാധിക്കുമെന്നും, അതേസമയം സർഗ്ഗാത്മകതയുടെ കേന്ദ്രബിന്ദുവായി മനുഷ്യൻ്റെ ഭാവന നിലനിൽക്കുമെന്നും ഡോ. മുരുകൻ പറഞ്ഞു.

 

പുതിയ സാങ്കേതികവിദ്യകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഉപയോഗവും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സ്രഷ്ടാക്കളുടെ സ്ഥാനം അപഹരിക്കുകയല്ല, മറിച്ച് അവരെ ശാക്തീകരിക്കുകയാണ് നിർമ്മിതബുദ്ധി ചെയ്യേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസുമായി (IICT) സഹകരിച്ച് വികസിപ്പിച്ച “ക്രിയേറ്റ് വിത്ത് എഐ” ചലച്ചിത്രങ്ങളുടെ പ്രദർശനവും ഉച്ചകോടിയിൽ നടന്നു.

 

സർഗ്ഗാത്മക പ്രതിഭകൾക്കായുള്ള ഗവൺമെന്റ് സംരംഭങ്ങൾ

സർഗ്ഗാത്മക പ്രതിഭകളെ കണ്ടെത്തുന്നതിനും, അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും, അവരെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വേവ്സ്, ഐഐസിടി, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്, ജെംസ് ഓഫ് ഇന്ത്യ, വേവ്സ് ബസാർ, മൈ വേവ്സ് , ക്രിയേറ്റേഴ്‌സ് കോർണർ തുടങ്ങിയ വിവിധ സംരംഭങ്ങളെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു.

 

15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്) കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിനായി 2026-27-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2030-ഓടെ ഈ മേഖലയിൽ ഏകദേശം 20 ലക്ഷത്തോളം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

ഡിജിറ്റൽ യുഗത്തിലെ ഭരണഘടനാപരമായ മൂല്യങ്ങൾ

“സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ, ഭരണഘടനാപരമായ മൂല്യങ്ങൾ ശാശ്വതമായി നിലനിൽക്കുന്നു” എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ പ്രസക്തിയെക്കുറിച്ച് ഡോ. മുരുകൻ എടുത്തുപറഞ്ഞു.

 

ഭരണഘടന അനുശാസിക്കുന്ന ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായ അനുച്ഛേദം 19-ൽ പറയുന്ന അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഉള്ളടക്കം സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി.

 

ഡിജിറ്റൽ യുഗത്തിൽ ഉത്തരവാദിത്തത്തോടെയുള്ള ഉള്ളടക്ക നിർമ്മാണം, പങ്കുവെക്കൽ, വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തൽ, നൂതനാശയങ്ങൾ എന്നിവയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് അനുച്ഛേദം 51A പ്രകാരമുള്ള മൗലിക കർത്തവ്യങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

 

ഇന്ത്യയുടെ കഥകൾ ലോകത്തിന് മുന്നിലേക്ക്

സിനിമ, സംഗീതം, ഗെയിമിംഗ്, ആനിമേഷൻ, ഡിജിറ്റൽ കഥപറച്ചിൽ, ഡിസൈൻ, കരകൗശലവിദ്യകൾ, സാഹിത്യം എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഡോ. മുരുകൻ ചൂണ്ടിക്കാട്ടി.

 

ഭാഷയ്ക്കും സംസ്കാരത്തിനും കഥകൾക്കും ആഗോളതലത്തിൽ ശ്രദ്ധനേടാൻ സാധിക്കുമെന്ന് യുവ സ്രഷ്ടാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തിൽ ആത്മവിശ്വാസമർപ്പിച്ച് ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

 

സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യം എന്ത് സൃഷ്ടിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെന്ന് പറഞ്ഞ മന്ത്രി, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക്‌ മുന്നേറുന്നതിൽ തൊഴിലവസരങ്ങൾ, ബൗദ്ധിക സ്വത്തവകാശം, ആഗോള അവസരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.

 

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ ഡിജിറ്റൽ, സർഗ്ഗാത്മക വ്യവസായങ്ങൾ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കിനെ ഉച്ചകോടി അടിവരയിട്ടു. ഒപ്പം എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു ക്രിയേറ്റീവ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് മന്ത്രി ആഹ്വാനം ചെയ്തു. യൂട്യൂബ് ഇന്ത്യ കൺട്രി മാനേജിംഗ് ഡയറക്ടർ ഗുഞ്ജൻ സോണി, യൂട്യൂബ് ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് ആൻഡ് പബ്ലിക് പോളിസി വൈസ് പ്രസിഡൻ്റ് ലെസ്ലി മില്ലർ, കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ സെന്തിൽ രാജൻ എന്നിവരും ഉച്ചകോടിയിൽ സന്നിഹിതരായിരുന്നു.

****

 


( റിലീസ് ഐ.ഡി: 2316766) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Kannada